ഡല്‍ഹി തെരഞ്ഞെടുപ്പും ഇന്ത്യന്‍ രാഷ്ട്രീയവും

എന്‍.പി ആഷ്‌ലി

2020 ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പ് 2015ലെ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണെന്നു വിശ്വസിക്കാന്‍ തെരഞ്ഞെടുപ്പുഫലം മാത്രമല്ല തിരഞ്ഞെടുപ്പിന് മുമ്പ് തലസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തിലെ സാമ്യതയും ഒരു കാരണമാണ്.
2015 ഡല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പ് 2014 ല്‍ ഡല്‍ഹിയില്‍ ത്രിലോക്പുരി അടക്കം നാലിടങ്ങളില്‍ ചെറിയ വര്‍ഗീയസംഘട്ടനങ്ങളുണ്ടായി. ചേരിപ്രദേശങ്ങളില്‍ നടന്ന സംഘട്ടനം പ്രധാനമായും ഹിന്ദു ദളിത് വിഭാഗമായ വല്മീകികളും മുസ്‌ലിംകളും തമ്മില്‍ ആയിരുന്നു. രണ്ടു വിഭാഗവും ആം ആദ്മി പാര്‍ട്ടിയുടെ കോര്‍ വോട്ടര്‍മാരാണ് എന്നതായിരുന്നു സ്വതവേ മനസ്സിലാക്കിപ്പോന്നിരുന്നത്. ഈ കലാപങ്ങളില്‍ ബി ജെ പി വാല്മീകി പക്ഷം ചേരും; സ്വാഭാവികമായി ആം ആദ്മി പാര്‍ട്ടി മുസ്‌ലിം പക്ഷവും. ഇതോടെ ആം ആദ്മിനപാര്‍ട്ടിക്ക് ഒരു മുസ്‌ലിം പാര്‍ട്ടി എന്ന പേര് കിട്ടും. അങ്ങിനെ അവര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് തോല്‍ക്കുകയും ചെയ്യും. അതായിരുന്നു പറഞ്ഞു കേട്ടത്.
അരവിന്ദ് കെജ്‌രിവാള്‍ അങ്ങോട്ട് വന്നതേയില്ല (അക്കാര്യത്തില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തു). ആം ആദ്മി പാര്‍ട്ടി വര്‍ഗീയകലാപം ഉണ്ടാക്കാനുള്ള അജണ്ടയെക്കുറിച്ചു സംസാരിച്ചതേയില്ല. വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യരംഗം എന്നീ വിഷയങ്ങള്‍ തന്നെ പറഞ്ഞു കൊണ്ടിരുന്നു. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ത്രിലോക്പുരി സന്ദര്‍ശിച്ച് സാമുദായികസൗഹാര്‍ദ്ദത്തെക്കുറിച്ചു സംസാരിച്ചു. ഫലം: സംഘട്ടനം നടന്ന ഒരിടത്തുപോലും ബി.ജെ.പി ജയിച്ചില്ല.
ഈ തെരഞ്ഞെടുപ്പും വ്യത്യസ്തമായില്ല. സി.എ.എ, എന്‍.അര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഇടയിലേക്കാണ് തെരഞ്ഞെടുപ്പ് വരുന്നത്. ജാമിയയില്‍ ഡിസംബര്‍ 15 നു നടന്ന പോലീസ് നരനായാട്ട് നടന്ന അന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഓഖ്‌ല എം.എല്‍.എ അമാനത്തുല്ലാ ഖാനും സ്ഥലത്തുണ്ട്. ഉടന്‍ തന്നെ വന്നു ബി.ജെ.പി യുടെ ആരോപണം: ജാമിയ പ്രക്ഷോഭം ആം ആദ്മി പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തതാണ്. പിന്നീട് ജെ.എന്‍ .യുവിലും ‘ദേശവിരുദ്ധ ശക്തികള്‍ക്ക്’ പിന്നില്‍ അരവിന്ദ് കെജ്‌രിവാള്‍ ആണെന്നും വന്‍തോതില്‍ ആരോപണമുണ്ടായി. ഈ ആരോപണങ്ങളെല്ലാം അവഗണിക്കപ്പെട്ടു.
സി.എ.എ, എന്‍.അര്‍.സിയെ അനാവശ്യവും അന്യായവും ആയ നിയമം എന്ന് വ്യക്തമാക്കിയതില്‍ അധികം കെജ്‌രിവാള്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് തികച്ചും പ്രാദേശികമായ ഒരു തെരഞ്ഞെടുപ്പാണെന്നും അതില്‍ ദേശീയ വിഷയങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഉള്ള നിലപാടാണ് സ്വീകരിച്ചത്. ടൈംസ് നൗവിനു നല്‍കിയ അഭിമുഖത്തില്‍ ‘പാകിസ്താനില്‍ നിന്ന് വരുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ് അഭയാര്‍ത്ഥികള്‍ നിങ്ങളുടെ വിഷയേമേയല്ലെ’ എന്ന ചോദ്യത്തിന് ഡല്‍ഹിയിലെ ഹിന്ദു,സിഖ്,ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, മുസ്‌ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങളാണ് തന്റെ പ്രശ്‌നം എന്ന മറുപടിയാണ് കെജ്‌രിവാള്‍ നല്‍കിയത്.
ജലമാഫിയയില്‍ നിന്ന് വെള്ളവിതരണം തിരിച്ചു പിടിച്ചു, വൈദ്യുതി വിതരണത്തിലെ സ്വകാര്യ കമ്പനിയുടെ വന്‍നിരക്ക് കുറക്കുക മാത്രമല്ല കുറഞ്ഞ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമാക്കി, സ്‌കൂളുകളില്‍ കൂടുതല്‍ ക്ലാസ് മുറികള്‍ ഉണ്ടാക്കി, മാനേജ്മന്റ് തലത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു ഫലം വളരെ മെച്ചപ്പെടുത്തി, മൊഹല്ല ക്ലിനിക്കുകള്‍ ഡല്‍ഹിയില്‍ വ്യാപകമായി സ്ഥാപിച്ചു, സ്ത്രീകള്‍ക്ക് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസുകളില്‍ യാത്ര സൗജന്യമാക്കി, അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നത് വ്യക്തികള്‍ ചെയ്യുന്നതിന് പകരം യന്ത്രങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നതിനുള്ള സന്നാഹം തുടങ്ങി, അംബേകറിനെയും ഭരണഘടനയെയും കുറിച്ചുള്ള പാഠ്യപദ്ധതി ആവിഷ്‌കരിച്ചു. ഇതൊക്കെ ചെയ്തിട്ടും അഴിമതി കുറക്കാനായതിനാല്‍ ബജറ്റ് കമ്മിയില്‍ നിന്ന് മാറി മിച്ചബജറ്റ് ആയി എന്നീ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനായിരുന്നു ആം ആദ്മി പാര്‍ട്ടിക്കാര്‍ ശ്രമിച്ചത്. ബജറ്റ് മിച്ചമാക്കി എന്നതൊഴിച്ചാല്‍ ഷീല ദീക്ഷിത് ചെയ്തത് പോലെ വലിയ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ പ്രൊജെക്ടുകള്‍ ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടേയില്ല. തങ്ങളുടെ വോട്ടു ബാങ്കായ ഡല്‍ഹിയിലെ നാഗരിക ദരിദ്രര്‍ക്കും (ൗൃയമി ുീീൃ) സ്ത്രീകള്‍ക്കുമുള്ള ധനം പുനര്‍വിതരണം നടത്താനാണ് ആപ് ശ്രമിച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
കെജ്‌രിവാളിനു ഡല്‍ഹി അസംബഌ തലത്തില്‍ കൃത്യമായി അറിയാവുന്ന ഒരു കാര്യം തെരഞ്ഞെടുപ്പിന്റെ അജണ്ട നിര്‍ണ യിക്കാനാണ്. ബി.ജെ.പി യുടെ തെറ്റായ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ക്കു പോയി ഉത്തരം പറഞ്ഞാല്‍ ഉത്തരങ്ങള്‍ എന്തായാലും തെറ്റുമെന്നു ബോധ്യം ഉള്ള പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. അതിവിടെ എഴുപതില്‍ അറുപത്തിമൂന്ന് സീറ്റ് നേടാന്‍ മാത്രം പ്രവര്‍ത്തനക്ഷമവുമാണ്.
കെജ്‌രിവാളിന്റെ ഈ നയം പലപ്പോഴും മൃദു ഹിന്ദുത്വമായി വ്യാഖാനിക്കപ്പെടാവുന്നതാണ്. രാമജന്മഭൂമി പ്രശ്‌നം വന്നപ്പോള്‍ അമ്പലവും പള്ളിയുമല്ല, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആണ് വേണ്ടത് എന്ന നിലപാട് വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്തപ്പോള്‍ അതിനെ അനുകൂലിക്കുകയാണ് കെജ്‌രിവാള്‍ ചെയ്തത്.
തീവ്രവാദിയും ഷഹീന്‍ ബാഗില്‍ പണം കൊടുത്തു സ്ത്രീകളെ നിര്‍ത്തുന്നതിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും ഹിന്ദു വിരുദ്ധനും എന്ന ആരോപണം നേരിട്ടപ്പോള്‍ തനിക്കു ഹനുമാന്‍ മന്ത്രങ്ങള്‍ ചൊല്ലാന്‍ മടിയില്ലെന്നു കാണിക്കേണ്ട ആവശ്യം വന്നപ്പോള്‍ അത് പൊതുസ്ഥലത്തു ചൊല്ലാനും കെജ്‌രിവാള്‍ തയാറായി എന്നത് ലിബറലുകളുടെ വലിയ വിമര്‍ശനത്തിനിടയാക്കി.
തീര്‍ച്ചയായും പ്രത്യയശാസ്ത്രവ്യക്തത ആം ആദ്മി പാര്‍ട്ടിക്ക് ഒരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ടു കശ്മീര്‍ കാര്യത്തില്‍ എടുത്ത നിലപാട് വിമര്‍ശിക്കപ്പെടേണ്ടതും ആണ്. പക്ഷെ ആം ആദ്മി പാര്‍ട്ടി ഒരു മൃദു ഹിന്ദുത്വപാര്‍ട്ടിയാണ് എന്ന് ഒട്ടും വിചാരിക്കുന്നില്ല. ഹിന്ദുത്വ അജണ്ടയെ പിന്‍പറ്റുമ്പോളാണ് ഒരു പാര്‍ട്ടിയെ മൃദു ഹിന്ദുത്വപാര്‍ട്ടി എന്നൊക്കെ വിളിക്കാനാവുന്നത്. ഹിന്ദുത്വ അജണ്ടയെ തള്ളിക്കളയുന്നതിനെ ഹിന്ദുത്വ വിരുദ്ധം എന്ന് തന്നെപറയണം. സാമൂഹ്യവികസനം ഭൂരിപക്ഷതാവാദത്തിന്റെ ശരിയായ പരിഹാരമാണ്. കാരണം ആഗോളവല്‍ക്കരണം കാരണമുണ്ടായ ദാരിദ്ര്യത്തിനും തന്മൂലമുള്ള ദുരിതങ്ങള്‍ക്കും കാരണം അഭയാര്‍ത്ഥികള്‍, ഇതര സമുദായക്കാര്‍ ആണ് എന്ന പ്രചാരണത്തിലാണ് ലോകമാസകലം ഭൂരിപക്ഷതാവാദം പിടിമുറുക്കിയിരിക്കുന്നത്. ജീവല്‍പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് ഹിന്ദുത്വക്കാരെ ദുര്‍ബലമാക്കുകയെ ഉള്ളു.
കെജ്‌രിവാള്‍ പ്രാദേശികമാക്കി നിര്‍ത്തിയ തിരഞ്ഞെടുപ്പിനെ ബി. ജെ.പി ദേശീയമാക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്തു. ഉള്ള പണവും മാധ്യമമുതലാളിത്തവും (ഹിന്ദി മാധ്യമങ്ങളാണ് ഏറ്റവും വലിയ തീവ്രവാദ ആരോപണങ്ങളുമായി എത്തിയത്) പോലീസും സര്‍ക്കാര്‍ സംവിധാനവും മൊത്തമായി ഉപയോഗിച്ചിട്ടും അവര്‍ പരാജയപ്പെട്ടു. കെജ്‌രിവാള്‍ ജയിച്ചത് കൊണ്ട് ഇന്നത്തെ പ്രക്ഷോഭങ്ങള്‍ എത്ര മുന്നോട്ടു പോവുമെന്ന് പറഞ്ഞുകൂടാ. എങ്കിലും കെജ്‌രിവാളും ആപും തോറ്റിരുന്നെങ്കില്‍ ബി.ജെ.പിയുടെ പൗരത്വ ബില്ലിനെതിരെയുള്ള എല്ലാ സമരങ്ങളുടെയും ആത്മവിശ്വാസം കെടുത്താന്‍ അവര്‍ അതുപയോഗിച്ചേനെ. അതുണ്ടായില്ല എന്നത് വലിയ ഊര്‍ജം നല്‍കുന്നുണ്ട് താനും.

SHARE