കോവിഡ് കാലത്തെ പരിസ്ഥിതിചിന്തകള്‍

സലീം കുരുവമ്പലം

ജൂണ്‍ 5; ലോകം മുഴുവന്‍ പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുകയും പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതിനുള്ള ദിനമാണ്. എന്നാല്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തെ പ്രവര്‍ത്തനത്തിലും ചിന്തയിലും ഒതുങ്ങേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം. അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് പ്രപഞ്ചം. അതിലെ എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ മഹനീയ നിര്‍മ്മിതികള്‍ക്ക് ഉത്തമ ഉദാഹരണമാണ്. അല്ലാഹുവെ നമിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പ്രപഞ്ചവസ്തുക്കളെ സ്നേഹിക്കുകയെന്നത് ദൈവസ്നേഹത്തിന്റെ തന്നെ ഭാഗമാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെയും പ്രകൃതി പ്രതിഭാസങ്ങളെയും പറ്റി സുവ്യക്തദൃഷ്ടാന്തങ്ങളെന്ന നിലയില്‍ ചിന്തിക്കാനുള്ള ആഹ്വാനമാണ് പരിശുദ്ധഖുര്‍ആന്‍ നല്‍കുന്നത്.

വിശ്വാസി ആര്‍ജ്ജിക്കേണ്ട തഖ്വ (സൂക്ഷ്മത) നേടിയെടുക്കേണ്ടത് സ്രഷ്ടാവിനോടുള്ള നിരന്തര ബന്ധത്തിലൂടെയാണ്. പ്രകൃതിയിലൂടെ സ്രഷ്ടാവിനെ കണ്ടെത്താന്‍ അവന് കഴിയണം. അതിന് പ്രകൃതിയുമായി നമുക്കുണ്ടാവേണ്ടത് ഉന്നതവും സുകൃതവും ആത്മീയവുമായ ഒരു ബാന്ധവമാണ്. ബന്ധങ്ങളെ അതിന്റെ പരിപാവനതയില്‍ കാത്ത് സൂക്ഷിക്കുവാനും ആദരിക്കാനും ഇസ്‌ലാം വിശ്വാസിയോട് കല്‍പ്പിച്ചിട്ടുണ്ട്. ഇത്തരം എല്ലാ ബന്ധങ്ങളെയും കുറിച്ചുള്ള ചിന്തയും പ്രവര്‍ത്തനവുമാണ് പരിസ്ഥിതി ദര്‍ശനം. ബന്ധങ്ങളെയും മൂല്യങ്ങളെയും ആദരിച്ചും സ്നേഹിച്ചുമല്ലാതെ സ്രഷ്ടാവുമായി അടുക്കാനുള്ള മറ്റൊരു വഴിയും നമുക്ക് മുന്നിലില്ല. മനുഷ്യര്‍ പരസ്പരമുള്ള ബന്ധം നിലനിര്‍ത്തണമെങ്കിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചിന്ത ആവശ്യമാണ്.

ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും ഇനി വരാനുള്ളവര്‍ക്കുമുള്ള വിഭവങ്ങള്‍ ദൈവം ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട്. അത് സംരക്ഷിച്ച് നിലനിര്‍ത്തുക എന്നത് പരിസ്ഥിതി പരിപാലന ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യന്റെ ഉത്തരവാദിത്വമാണ്. ”അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു, വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു” (വി.ഖു. സൂറ ഹൂദ് : 61). ”പിന്നെ അവര്‍ക്ക്ശേഷം നിങ്ങളെ നാം ഭൂമിയില്‍ പിന്‍ഗാമികളാക്കി. നിങ്ങള്‍ എങ്ങിനെ നോക്കുവാന്‍ വേണ്ടി” (വി.ഖു. സൂറ യൂനസ്:14). ദൈവം ഏല്‍പ്പിക്കപ്പെട്ട പരിപാലന ചുമതല നിര്‍വ്വഹിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? നമ്മുടെ ധൂര്‍ത്തും ആര്‍ത്തിയും കാരണം പ്രകൃതിക്കുണ്ടാകുന്ന പ്രഹരങ്ങളെക്കുറിച്ച് ഇനി എപ്പോഴാണ് നാം ചിന്തിക്കുന്നത്? ബന്ധങ്ങളെയും മൂല്യങ്ങളെയും നിരന്തരം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള കിടമത്സരവും അനാരോഗ്യകരമായനിലപാടുകളും മറ്റു ജനവിഭാഗങ്ങളുടെയും ജീവികളുടെയും അവകാശങ്ങള്‍ക്ക് മേലുള്ള അധിനിവേശവും പരിസ്ഥിതിയുടെ നാശത്തിന് ആക്കംകൂട്ടുകയാണ്. പരിസ്ഥിതിയുടെ നാശം മനുഷ്യന്റെയും നാശമാണ്. പ്രകൃതിപരമായ തന്റെ ചുറ്റുപാടുകളെ നിലനിര്‍ത്തിക്കൊണ്ടല്ലാതെ മനുഷ്യന് നിലനില്‍പ്പില്ലെന്ന കാര്യം അവനറിയുന്നില്ല.
തന്റെ ദുര്‍നടപ്പിന് മനുഷ്യന്‍ മറപിടിക്കുന്നത് വികസനമെന്ന പ്രയോഗമാണ്. വികസനത്തെക്കുറിച്ചുള്ള ഇടുങ്ങിയതും കുടുസ്സായതുമായ കാഴ്ചപ്പാടുകളാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. ഇതാകട്ടെ ബന്ധങ്ങളുടെ നനവ് നഷ്ടപ്പെടുത്തി, മനുഷ്യ മനസ്സുകളെ വെറും കണക്കുകൂട്ടല്‍ യന്ത്രങ്ങളാക്കി മാറ്റി. ചെറിയൊരു ന്യൂനപക്ഷത്തിന് ഗുണകരമാകുന്നതും ബാക്കി സമൂഹത്തിനാകമാനം ആജീവനാന്തം ദ്രോഹകരമാകുന്ന ഒന്നായി വികസനം മാറിയിരിക്കുന്നു. മനുഷ്യന്‍ അഭിമാനപൂര്‍വ്വം പറഞ്ഞുകൊണ്ടിരിക്കുന്ന അവന്റെ സാങ്കേതിക നാഗരിക പുരോഗതികളാണ് അവനുള്‍ക്കൊള്ളുന്ന മാനവിക സമൂഹത്തെ ഇന്ന് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആത്മസുഖത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുമപ്പുറം ഒരു വിചാരവും ആധുനികവികസന വാക്താക്കള്‍ക്കില്ല. ”ഭൂമിയില്‍ നന്മയുണ്ടാക്കിയതിന് ശേഷം നിങ്ങളവിടെ നാശമുണ്ടാക്കരുത്. ” (വി.ഖു. അല്‍ അഅ്റാഫ്: 56)

ആണവ ശിശിരമൊരുക്കിക്കൊടുക്കുന്നതും മാരക സംഹാരശേഷിക്കുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടിമാത്രമാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായുള്ള ഇത്തരം വൈജ്ഞാനിക പുരോഗതിയെ വന്‍ വികസനപുരോഗതിയായി നവമാധ്യമങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. നാഗരികതയുടെ മുന്നേറ്റം അങ്ങേയറ്റം സംഹാരാത്മകമായി മാറിയിരിക്കുന്നു. വ്യവസായ വല്‍ക്കരണവും വനനശീകരണവും കാരണം ഭൗമോപരിതലത്തിലെ ചൂടില്‍ വ്യതയാനങ്ങള്‍ സംഭവിക്കുന്നു. ചൂടിന്റെ അളവിനെ സന്തുലിതമായി നിര്‍ത്തുന്നതിന് സഹായിക്കുന്നവയാണ് മരങ്ങളും മറ്റു പാരിസ്ഥിതിക ഘടകങ്ങളും. വാതകങ്ങളുടെ അളവിലുണ്ടായ വര്‍ദ്ധനവാണ് നാം ഇന്നനുഭവിക്കുന്ന അത്യുഷ്ണം. ഈ ആഗോളതാപനംമൂലം മഞ്ഞുരുകി സമുദ്രനിരപ്പും ഉയരുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സമുദ്രനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ലോകത്തിലെ പല പട്ടണങ്ങളും, ദ്വീപുകളും സമുദ്രം വിഴുങ്ങുമെന്നാണ് പറയപ്പെടുന്നത്. വായുമലിനീകരണം വഴി വര്‍ഷംതോറും ഇരുപത്തിയൊന്ന് ലക്ഷത്തില്‍പരം പേര്‍ മരിക്കുന്നുവെന്ന് ശാസ്ത്രലോകത്തുള്ളവര്‍ പറയുന്നു. ഇവിടെയാണ് കോവിഡ് കാലത്തെ പരിസ്ഥിതി ചിന്തയിലേക്ക് നമ്മെ കൊണ്ടുപോകുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകം ഒരു മാസക്കാലം പൂര്‍ണമായും നിശ്ചലമായപ്പോള്‍ വായു, വെള്ളം എന്നിവയുടെ മലിനീകരണത്തിന്റെ തോതില്‍ വന്ന വത്യാസം ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. നമുക്കെന്ന പോലെ പ്രകൃതിയിലെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളില്‍ നമ്മുടെ കയ്യേറ്റം എത്ര ഭയാനകരമാണ്?

പരിസ്ഥിതി സംരക്ഷിക്കേണ്ട ബാധ്യത മറ്റാരേക്കാളും മനുഷ്യനാണ്. പരിസ്ഥിതിയുടെ ജൈവമെന്നും അജൈവമെന്നുമുള്ള രണ്ട് ഘടകങ്ങളുയെും പരസ്പരാശ്രിതിത്വം നമുക്ക് കാണാനാകും. മണ്ണ്, വായു, കാലാവസ്ഥ, വെള്ളം തുടങ്ങിയ അജൈവ ഘടകങ്ങളും, പ്രാഥമിക ഭക്ഷ്യോത്പാദകരായ സസ്യങ്ങളും ഉപഭോക്താക്കളായ ജന്തുക്കളുമടങ്ങുന്ന ജൈവഘടകങ്ങളും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഈ ഘടകങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ചും ഖുര്‍ആന്‍ വിവരിക്കുന്നത് നമുക്ക് കാണാം. ”അല്ലാഹുവിന്റെ ഉത്തരവ് അവന്‍ ശക്തിയുക്തം നല്‍കിയതിന്ശേഷം അതിന് വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ കല്‍പ്പിച്ചതിനെ മുറിച്ച് വേര്‍പ്പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അധര്‍മ്മകാരികള്‍) അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍” (വി.ഖു. സൂറാ അല്‍ബഖറ: 27) എന്ന ഖുര്‍ആന്റെ പ്രഖ്യാപനം പ്രകൃതി സംരക്ഷണത്തിന് വേണ്ടിയുള്ള മനുഷ്യന്റെ പ്രവര്‍ത്തനം പുണ്യകരമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

ആവാസവ്യവസ്ഥയുടെ സന്തുലനം ഗൗരവമേറിയ ഒന്നാണ്. ”ആകാശത്തെ അവന്‍ ഉയര്‍ത്തുകയും (എല്ലാ കാര്യവും തൂക്കിഅളക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍ വേണ്ടിയാണത്”. (വി.ഖു. സൂറാ അര്‍ റഹ്മാന്‍ : 7,8) മനുഷ്യര്‍ പരസ്പരം നീതിയോടെ പ്രവര്‍ത്തിക്കുന്നതോടൊപ്പം പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധം ഏത് വിധമാക്കണമെന്ന താക്കീത് കൂടിയാണിത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാനുള്ള മനുഷശ്രമത്തിന്റെ ഫലമാണ് അടുത്തകാലത്ത് നമുക്ക് നേരിടേണ്ടി വന്ന മഹാപ്രളയങ്ങളെന്ന് കാണാനാകും.

പ്രകൃതിയിലെ സകല ജീവജാലങ്ങളെയും ഓരോ സമൂഹം (ഉമ്മത്ത്) ആയിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പ്രവാചകന്‍ നൂഹ് നബി (അ)ന്റെ കാലത്ത് മഹാപ്രളയമുണ്ടായപ്പോള്‍ സകല ജീവികളില്‍ നിന്നും ഓരോ ജോഡിയെ പേടകത്തിലാക്കി സംരക്ഷിക്കാന്‍ കല്‍പ്പിക്കപ്പെട്ടതായി ഖുര്‍ആന്‍ പറയുന്നു. വിശ്വാസി സമൂഹത്തിന്റെ നിലനില്‍പ്പിനോളം പ്രാധാന്യം ജൈവസമൂഹങ്ങളുടെ നിലനില്‍പ്പിനുമുണ്ടെന്നതിന്റെ തെളിവായി നമുക്കിതിനെ മനസ്സിലാക്കാം. സമൂഹങ്ങളെ നശിപ്പിക്കുക എന്നത് മഹാ പാതകമാണ്. വംശനാശം സംഭവിക്കുന്നതില്‍ നിന്ന് ജീവ സമൂഹങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതകളും നാം മനുഷ്യര്‍ക്കാണ്.

പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും മതമാണ് ഇസ്ലാം എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. പ്രകൃതിയോട് ഒരു വിശ്വാസിക്കുണ്ടാകേണ്ട നിലപാട് സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേതുമാണ്. ദൈവത്തിന്റെ സൃഷ്ടികളായ പ്രകൃതിയോടും മനുഷ്യനോടും പരിപാലകന്‍, യജമാനന്‍ എന്നീനിലകളില്‍ ദൈവം നിരന്തരം ബന്ധം പുലര്‍ത്തുന്നു. രണ്ടിനും അവന്‍ നിശ്ചയിച്ച വ്യവസ്ഥയും മാര്‍ഗ്ഗനിര്‍ദ്ദേശവും ഒന്നു തന്നെയാണ്. ഈ ഉന്നതമായ അറിവാണ് ഒരു വിശ്വാസിക്ക് ഉണ്ടാകേണ്ടത്. മനുഷ്യനാകട്ടെ അല്ലാഹുവിന്റെ പ്രതിനിധിയെന്ന നിലയില്‍ ഭൂമിയുടെ പരിപാലന ചുമതലകൂടി ഉള്ളവനാണ്. എങ്കില്‍ ഈ സംവിധാനങ്ങള്‍ക്ക് കോട്ടം വരുത്താന്‍ അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യന് കഴിയുമോ? ഇതരജീവികള്‍ക്ക്കൂടി അവകാശപ്പെട്ട പ്രകൃതിവിഭവങ്ങളായ മണ്ണ്, ജലം, വായു, വെള്ളം എന്നിവ നശിപ്പിക്കാനും മലീമസമാക്കാനും സാധിക്കുമോ? പ്രകൃതിയെ അടിയറവ് പറയിപ്പിക്കുന്നതിനുള്ള ദിവ്യമായ അവകാശമാണ് തനിക്ക് കിട്ടിയതെന്ന് സങ്കല്‍പ്പിച്ച് പരിസ്ഥിതി നശീകരണത്തിന് നേതൃത്വം കൊടുക്കുന്നത് എങ്ങിനെയാണ്?

മിതവ്യയശീലമാണ് വിശ്വാസി കൈക്കൊള്ളേണ്ടത്. അതിര്കവിയല്‍ ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. ഒഴുകുന്ന നദിയുടെ സമീപത്താണെങ്കില്‍ പോലും ദുര്‍വ്യയം സൂക്ഷിക്കണമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. വിഭവങ്ങള്‍ വളരെയേറെക്കണ്ടാലും ഉപയോഗം സൂക്ഷിച്ച് വേണമെന്ന് അര്‍ത്ഥം. പ്രകൃതിയില്‍ നിന്നും അവരവര്‍ക്ക് ആവശ്യമുള്ളത് മാത്രമേ എടുക്കാവൂ എന്നാണ് ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. അതിര് കവിയല്‍ ഭൂമിയില്‍ നാശമുണ്ടാക്കും.

ലോകത്താകമാനം വിനാശങ്ങളുനണ്ടാക്കുന്നത് മനുഷ്യന്റെ ദുര്‍വൃത്തികളാണെന്നത് കൊണ്ട് അവന്‍ നിഷ്‌ക്രിയനാകണമെന്ന വാദം ശരിയല്ല. അതേസമയം മൂല്യങ്ങള്‍ സ്ഥാപിക്കാനും പരിപോഷിപ്പിക്കാനും ബാധ്യസ്ഥനായ ഖലീഫ (പ്രതിനിധി)യാകുന്നു അവന്‍. നശീകരണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനും മനുഷ്യന് കഴിയണം. പ്രകൃതി നശീകരണം അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ അലങ്കോലപ്പെടുത്തലാണ്. അതാകട്ടെ പൈശാചികമാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു.
ഇസ്ലാം പ്രകൃതിയോട് താദാത്മ്യപ്പെടുന്ന പ്രകൃതി മതമാണ്. മുസ്ലിമാകട്ടെ പ്രകൃതി തന്നെയാണ് എന്ന് പറയാം. സഹജീവികള്‍ക്കെല്ലാം തണലും ഫലവും നല്‍കുന്ന പടര്‍ന്ന് നില്‍ക്കുന്ന പ്രകൃതി. മനസ്സിനെ വിശാലമാക്കാന്‍ തക്കവണ്ണം ശക്തമായ ധാര്‍മ്മികബോധങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് സമൂഹത്തിന് ലഭിക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങള്‍ ഓരോരുത്തരും എത്രവീതം ഉപയോഗിക്കാം, ഒരാള്‍ ഭക്ഷണം കഴിക്കുന്നത് പോലും എത്രവരെയാകാം എന്നുവരെ പ്രവാചകന്‍ (സ) പഠിപ്പിച്ചതായി കാണാം. ഈ പാഠങ്ങളുടെ പൊരുള്‍ മനസ്സിലാക്കി പ്രവാച നിര്‍ദ്ദേശങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ പിന്‍പറ്റുമെന്ന് പ്രതിജ്ഞയെടുക്കാന്‍ ഈ കോവിഡ് കാലത്തെപ്പോലെ മറ്റൊരു സമയം നമുക്ക് ലഭിക്കാനില്ല.

നാം കാണുന്നതും കാണാത്തതുമായ ചെറുതും വലുതുമായ ഓരോ ജീവിക്കും ഇന്ന് ലോകം ഭയപ്പെട്ട് കൊണ്ടിരിക്കുന്ന കോവിഡിന് പോലും അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട്. ഈ ധര്‍മ്മനിര്‍വ്വഹണത്തിന്റെ താളമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്. പ്രകൃതിയുടെയും ഭൂമിയുടെയും നാം മനഷ്യരുടെയും നിലനില്‍പ്പ്.
(മുസ്ലിംലീഗ് പരിസ്ഥിതിസംരക്ഷണ സമിതി സംസ്ഥാന കണ്‍വീനറാണ് ലേഖകന്‍)

SHARE