സ്‌കൂള്‍ തുറക്കുന്നത് എന്തിനു ഭയക്കണം

നിസാര്‍ ഒളവണ്ണ

കോവിഡ് 19 ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യം ഉയരുന്നതിന് അനുസരിച്ചുള്ള ഇളവുകള്‍ക്ക് പുറമെ മറ്റുപല മേഖലകളിലും ഇളവ് വന്നുകൊണ്ടിരിക്കുന്നു. അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വവും ആശങ്കയും നിലനില്‍ക്കുകയാണ്. ആവശ്യം ഉയരാത്തതുകൊണ്ട് മാത്രമല്ല സ്‌കൂള്‍ തുറക്കുന്നത് വൈകിക്കുന്നത് എന്നൊന്നും കരുതുകവയ്യ. എന്നാല്‍ ആവശ്യം ഉന്നയിച്ചു രംഗത്തുവരേണ്ട വിദ്യാര്‍ത്ഥികളോ അദ്ധ്യാപക – അനധ്യാപകരോ മുന്നിട്ട് ഇറങ്ങുമെന്ന് കരുതാനും വയ്യ. പിന്നെ രക്ഷിതാക്കളുടെ ഇക്കാര്യത്തിലുള്ള താല്പര്യവും ചേര്‍ത്ത് വായിക്കണം. മഴ കനക്കുമ്പോള്‍ ലീവ് പ്രഖ്യാപിക്കുന്ന ജില്ലാ കലക്ടര്‍മാരെ അഭിനന്ദിക്കുകയും അവധി പറയാത്തവരെ അധിക്ഷേപിക്കുകയും ചെയ്യുന്നവരാണ് രക്ഷിതാക്കള്‍ പലരും. ഇവരാരും സ്‌കൂള്‍ തുറക്കുന്ന ആവശ്യവുമായി പെട്ടെന്നൊന്നും സര്‍ക്കാറിനെ സമീപിക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ല.
കോവിഡ് മുന്‍കരുതല്‍ ഉറപ്പാക്കി സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് ആലോചിച്ചുകൂടാ. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എസ് എസ് എല്‍ സി – ഹയര്‍സെക്കന്ററി പരീക്ഷ എഴുതുകയുണ്ടായി. കുറ്റമറ്റരീതിയില്‍തന്നെ പരീക്ഷ അവസാനിച്ചു. സ്വാഭാവികമായും ഉണ്ടാകേണ്ട ആശങ്കകള്‍ പലരും തുടക്കത്തില്‍ പങ്കുവെച്ചുവെങ്കിലും കാര്യങ്ങള്‍ എളുപ്പത്തില്‍ തന്നെ പൂര്‍ത്തിയായി. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രണ്ടാഴ്ച കൂടിയോ അനിവാര്യമെങ്കില്‍ ഒരുമാസമോ മാത്രം വൈകി സ്‌കൂള്‍ തുറക്കാനുള്ള നടപടിയിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. എന്നാല്‍ വരുന്ന അക്കാദമിക വര്‍ഷത്തെ താളപിഴ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ യു പി മുതല്‍ ഹൈസ്‌കൂള്‍ വരെ പരിഗണിക്കണം. രണ്ടാംഘട്ടം പ്രൈമറി, തുടര്‍ന്ന് പ്രീപ്രൈമറി എന്നിങ്ങനെയാവാം. കോവിഡ് സമ്പൂര്‍ണ നിയന്ത്രണം കൈവരിക്കുന്നവരെ കുട്ടികളുടെ വരവുംപോക്കും ക്ലാസ്സിലെ ഇരുത്തവും പൂര്‍ണ്ണമായും നിയന്ത്രിക്കാവുന്നതാണ്. ഇതിന് ഒന്നിടവിട്ട ക്രമമ്പര്‍ എന്ന രീതി നടപ്പിലാക്കാം.
ഉദാഹരണത്തിന്, ഓരോ ക്ലാസ്സിലെയും രജിസ്റ്ററിലെ ഒറ്റ അക്ക നമ്പറിലുള്ള വിദ്യാര്‍ത്ഥികള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സ്‌കൂളില്‍ വരട്ടെ. ഇരട്ട അക്ക നമ്പറിലുള്ളവര്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും ഹാജരാവട്ടെ. ഇങ്ങനെ വരുമ്പോള്‍ പകുതി പേര്‍മാത്രമേ ഒരുവേള വരേണ്ടതുള്ളൂ. ക്ലാസ്സ് മുറിക്ക് പുറമെ സ്‌കൂള്‍ വാഹനം, പരിസരം, കളിസ്ഥലം, ലാബ്, ശൗച്യാലയം എന്നിവിടങ്ങളിലൊക്കെ അവശ്യംവേണ്ട അകലവും സൂക്ഷ്മതയും പാലിക്കാന്‍ സാധിക്കും.
രാവിലെ മുതല്‍ വൈകുന്നേരം വരെ എന്നതിന് പകരം ക്ലാസ്സ് സമയം അല്പം കുറക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇങ്ങനെ ഉച്ചയോടെ ക്ലാസ്സ് അവസാനിപ്പിക്കുകവഴി ഉച്ച ഭക്ഷണനേരത്തുള്ള തിരക്കും കൂടിചേരലും മറ്റും ഒഴിവാക്കാന്‍ സാധിക്കും. ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് മറ്റു പാഠ്യേതര കാര്യങ്ങള്‍ എന്നിവ സ്‌കൂള്‍ പ്രവര്‍ത്തനം പൂര്‍ണാര്‍ത്ഥത്തില്‍ സജ്ജമാകുന്നത് വരെ ലഘൂകരിക്കുന്നതോ ഒരു പരിധിവരെ മാറ്റിവെക്കുന്നതോ ആലോചിക്കാം.
കുട്ടികളെ മാസ്‌ക് ഉപയോഗം ഉള്‍പ്പടെ കാര്യങ്ങള്‍ ശീലിപ്പിക്കണം. ഇതിന് സ്‌കൂളും വീടും സജ്ജരാകണം. വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുന്ന ഘട്ടത്തിലും സാനിറ്റൈസര്‍ ഉപയോഗം ഉറപ്പാക്കാം. ക്ലാസ്സ് മുറിയില്‍ ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ഇരുത്തം ഉറപ്പാക്കാം. ലോക്ക്ഡൗണ്‍ പ്രഖ്യാപനംവന്ന ദിവസങ്ങള്‍ക്കകം തന്നെ കേരളത്തിലെ സി ബി എസ് ഇ ഉള്‍പ്പെടെയുള്ള അണ്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ നിരവധിയായ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുകയുണ്ടായി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാകുമാറ് വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. പുതിയ അധ്യയനവര്‍ഷം പരമാവധി ഫീസ് വര്‍ധനയും യൂണിഫോം മാറ്റവും വേണ്ടെന്ന് വെക്കണമെന്നുള്ള ആഹ്വാനം ഏറെ പ്രശംസിക്കപ്പെട്ടതാണ്.
സ്‌കൂള്‍ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിക്കുകയാണ്. നല്ലത് തന്നെ, പക്ഷെ ഇത് എത്രത്തോളം ഫലപ്രദം എന്നത് പ്രധാന ചോദ്യമായി ഉയരുന്നു. കേരളത്തില്‍ ഇരുപത് ലക്ഷത്തില്‍പരം കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം പോലും ഇല്ലെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ പ്രായോഗികത പ്രധാനമാണ്. മാത്രവുമല്ല, എട്ടാംക്ലാസിന് താഴെയുള്ള കുട്ടികള്‍ക്ക് എത്രത്തോളം ഓണ്‍ലൈന്‍ ക്ലാസ്സ് ഫലപ്രദമാണെന്നും കണ്ടറിയണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഖാമുഖ വിദ്യാഭ്യാസ രീതിക്കുപകരം ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നതിലേക്ക് എത്തുന്നത് എത്രത്തോളം സ്വീകാര്യമാകുമെന്നു കണ്ടറിയണം.
(പ്രൈവറ്റ് മാനേജ്‌മെന്റ് സ്‌കൂള്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍ )

SHARE