ഇ.ടി മുഹമ്മദ് ബഷീര്‍
അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി കറുത്ത വര്‍ഗക്കാരില്‍പെട്ട ജോര്‍ജ് ഫ്‌ളോയിഡിനെ ക്രൂരമായി പൊലീസ് കസ്റ്റഡിയില്‍ കൊന്നിട്ടുള്ള നടപടിക്ക് എതിരായി പ്രതിഷേധം ആഞ്ഞുവീശുകയാണ്. പ്രതിഷേധം തീകൊടുക്കല്‍ വരെയുള്ള നടപടിയില്‍ വന്നുനില്‍ക്കുകയാണ്. ഈ സമയത്ത് വന്ന ഒരു വാര്‍ത്തയാണ് ക്രമസമാധാനം പാലിക്കുന്ന കാര്യത്തില്‍ എവിടെയെങ്കിലും പൊലീസിന് പരാജയം ഉണ്ടാകുകയാണെങ്കില്‍ അവിടെ അമേരിക്കന്‍ മിലിട്ടറിയെ അയക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന. ട്രംപ് വളരെ ക്ഷുഭിതനായി പറഞ്ഞുവത്രെ. ഏതെങ്കിലും സിറ്റിയോ സ്റ്റേറ്റോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പരാജയപ്പെടുകയാണെങ്കില്‍ ഞാന്‍ യു.എസിന്റെ സൈനിക ശക്തിയെ അങ്ങോട്ടയക്കും എന്ന്. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ സമനില തെറ്റിയ സ്വഭാവത്തിലായിരുന്നുവെന്ന്‌പോലും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ ചില പത്രങ്ങളില്‍ വന്ന മറ്റൊരു വാര്‍ത്തയുടെ ചുരുക്കം ഇപ്രകാരമാണ്.
വായടക്കൂ: ട്രംപിനോട് പൊലീസ് മേധാവി എന്നാണ് തലക്കെട്ട്. ഉപകാരപ്രദമായ കാര്യങ്ങള്‍ പറയാനില്ലെങ്കില്‍ വായടക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് ഹൂസ്റ്റണ്‍ പൊലീസ് മേധാവി ആര്‍ട്ട് അസെവെ. സി.എന്‍.എന്‍ ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ട്രംപിനെതിരെ ആഞ്ഞടിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്രംപ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റിനോട് രാജ്യത്തെ പൊലീസ് മേധാവികളെ പ്രതിനിധീകരിച്ച്് എനിക്കൊരു കാര്യം പറയാനുണ്ട്. ഉപകാരപ്രദമായ കാര്യങ്ങള്‍ പറയാനില്ലെങ്കില്‍ ദയവുചെയ്ത് വായടക്കണം, സി.എന്‍.എന്‍ വാര്‍ത്താ അവതാരക ക്രിസ്റ്റ്യന്‍ അമന്‍പൗര്‍ പങ്കുവെച്ച വീഡിയോയില്‍ ആര്‍ട്ട് പറയുന്നു. അധികാരം പ്രയോഗിക്കുന്നതിലല്ല, ഹൃദയങ്ങള്‍ കീഴടക്കുന്നതിലാണ് കാര്യം. രാജ്യത്തെ യുവാക്കളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും അദ്ദേഹം ട്രംപിനോട് അപേക്ഷിച്ചു.
ലോകത്തിലെ എല്ലാവരുടെയും ശബ്ദം നിശ്ചലമാക്കാന്‍ തനിക്ക് കഴിയുമെന്ന ട്രംപിന്റെ അഹങ്കാരത്തിന്റെ മുഖത്ത് നോക്കി ഷട്ടപ്പ് എന്നു പറയുന്നതിന് തുല്യമാകുന്ന രീതിയിലാണ് പൊലീസ് മേധാവി ട്രംപിനോട് സംസാരിച്ചത്. അതിനിടയില്‍ മറ്റൊരു വാര്‍ത്ത പുറത്തുവന്നത് നമ്മള്‍ കണ്ടു. പ്രതിഷേധം വൈറ്റ് ഹൗസിന് മുമ്പില്‍ വളരെ വലിയ തോതില്‍ ആഞ്ഞടിച്ചപ്പോള്‍ വൈറ്റ് ഹൗസ് ദിവസങ്ങളോളം അടച്ചിടുകയും ട്രംപിന് തന്നെ എന്തെങ്കിലും പറ്റുമോ എന്ന് ഭയപ്പെട്ട് അദ്ദേഹത്തെ ബങ്കറിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. ഈ കാര്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കുന്ന ഒരു കാര്യമുണ്ട്. എത്രയെത്ര രാജ്യങ്ങളെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ എന്തെല്ലാം നീചകൃത്യങ്ങള്‍ ചെയ്ത ഒരു ഭരണാധികാരിയാണ് ട്രംപ്. അമേരിക്ക ഏത് കാലത്തും ലോക പൊലീസ് എന്നുള്ള നിലയിലാണ് ലോകത്തിന് മുമ്പില്‍ നിന്നത്. ഒരോ രാജ്യത്തെയും എത്രയോ ജനാധിപത്യ നീക്കങ്ങളെ തകര്‍ത്ത് തരിപ്പണമാക്കുകയും ലോകത്തിലെ ഭീകരതക്കെതിരായി തന്റെ ദിവ്യസാന്നിധ്യം വെളിപ്പെടുത്തുകയും ചെയ്ത ആളാണ് ട്രംപ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളും ഒട്ടും മോശമുണ്ടായിരുന്നില്ല. ഒരു പെരുന്നാള്‍ ദിനത്തിന്റെ പുലര്‍കാലത്താണ് സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും അത് അമേരിക്കന്‍ ഭരണകൂടം ആഘോഷിച്ചതുമൊക്കെ.
ഭരണകൂട ഭീകരതയുടെ ഈ ഭൂമിയിലെ വികൃതരൂപമായ ഇസ്രാഈലിനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു ലോക സമാധാനം പ്രസംഗിക്കുന്ന ആള്‍ക്കൂടിയായിരുന്നല്ലോ ഈ ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ എങ്ങനെയൊക്കെയായിരുന്നാലും അമേരിക്കന്‍ ഭരണാധികാരികളുടെ ഹുങ്കിന് എതിരായി പ്രതിഷേധിക്കുന്ന ഒരു സമൂഹം അമേരിക്കയില്‍ ഉണ്ടായിരുന്നുവെന്നതും നേരാണ്. ഏതൊരഹങ്കാരിക്കും ലോകത്തോട് മറുപടി പറയേണ്ട ഒരു സാഹചര്യം ഉണ്ടാകും എന്ന ട്രംപ് പഠിക്കാത്ത പാഠം സ്വന്തം നാട്ടിലെ ജനതയില്‍ നിന്നും പൊലീസില്‍ നിന്നുമൊക്കെ അദ്ദേഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു.