പേരിലൊതുങ്ങുന്ന കര്‍ഷക ക്ഷേമനിധി ബോര്‍ഡ്

കുറുക്കോളി മൊയ്തീന്‍

ഞങ്ങളും കര്‍ഷകരെ സഹായിക്കുന്നുവെന്ന് പറയാന്‍ മാത്രമാണോ ഇടതുസര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ ബോര്‍ഡിന്റെ രൂപീകരണം. സര്‍ക്കാരിന് ഒന്നര കൊല്ലം മാത്രം സമയമുള്ളപ്പോഴാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. കേരളത്തില്‍ ക്ഷേമ ബോര്‍ഡുകള്‍ക്ക് ഒരു പഞ്ഞവുമില്ല. രണ്ടുഡസനോളം ബോര്‍ഡുകള്‍ വിവിധ മേഖലകളിലായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി രൂപീകരിച്ചുവെന്നല്ലാതെ കര്‍ഷകര്‍ പ്രതീക്ഷിച്ചതോ സംഘടനകള്‍ ആവശ്യപ്പെട്ടതോ ആയ പ്രാധാന്യം ഇതിനു കൈവന്നിട്ടില്ല. ബോര്‍ഡില്‍നിന്നും കര്‍ഷകര്‍ക്ക് ലഭിക്കാനിടയുള്ള ആനുകൂല്യങ്ങളെപറ്റി ഇനിയും തീരുമാനവുമായിട്ടില്ല. ഇനിയും ആറുമാസം കാത്തിരിക്കണം. അതിനുവേണ്ടി സമിതിയെ നിയോഗിക്കാനിരിക്കയാണ്. അവര്‍ക്ക് ചിലപ്പോള്‍ ഇനിയും കാലാവധി നീട്ടാനുമായേക്കാം.

പ്രീമിയം എത്രകണ്ട് കര്‍ഷകര്‍ കൂട്ടി അടക്കുന്നുവോ അതിനനുസരിച്ച് ആനുകൂല്യങ്ങള്‍ കൂടുകയും ചെയ്യും. ചുരുങ്ങിയ പ്രീമിയം 100 രൂപയാണെന്നും വ്യക്തമാക്കിയിരിക്കുന്നു. യു.ഡി.എഫിന്റെ കഴിഞ്ഞ സര്‍ക്കാര്‍ 2016ലെ ബജറ്റില്‍ കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പ് ചട്ടം നേരത്തെ നിലവില്‍ വന്നതിനാല്‍ മറ്റു നടപടികളൊന്നും പൂര്‍ത്തീകരിക്കാനായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതുമാണ്. എന്നാല്‍ മൂന്നരക്കൊല്ലം കഴിഞ്ഞാണ് അങ്ങനെയൊരു ബോര്‍ഡിന്റെ രൂപീകരണം നടക്കുന്നത്. കര്‍ഷക ക്ഷേമ ബോര്‍ഡുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? അറുപത് വയസ്സ് കഴിയുമ്പോള്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങള്‍ മാത്രമാണോ? കര്‍ഷകര്‍ക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് ആദ്യമായി പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ 400 രൂപയും പിന്നീട് 600 രൂപയുമായി ഉയര്‍ത്തി. 2016ലെ ബജറ്റില്‍ 1000 രൂപയായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും ഉത്തരവിറക്കാന്‍ കഴിയാതെ പോയതിനാല്‍ കര്‍ഷകര്‍ക്കത് ലഭിച്ചതുമില്ല. മാറിവന്ന ഇടതു സര്‍ക്കാര്‍ ആ തീരുമാനം അംഗീകരിച്ചതുമില്ല. ഒരു വര്‍ഷം കഴിഞ്ഞ് പുതിയ തീരുമാനമുണ്ടാക്കി. ഞങ്ങളാണ് അനുവദിച്ചത് എന്നു വരുത്താന്‍വേണ്ടി ഒരു വര്‍ഷത്തെ തുക ഇടതു സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നഷ്ടപ്പെടുത്തി.

മൂന്നര വര്‍ഷത്തിനിടക്ക് ഇടതുസര്‍ക്കാര്‍ 200 രൂപ വര്‍ധിപ്പിച്ചു. 1200 രൂപയാക്കി. കര്‍ഷക ക്ഷേമ ബോര്‍ഡ് മുഖേന ഇടതുസര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കാന്‍ പോകുന്നത് ഈ പെന്‍ഷന്‍ അല്‍പംകൂട്ടി വിതരണം ചെയ്യുമെന്നുള്ളതാണ.് അതിന് കര്‍ഷകര്‍ മാസംതോറും പ്രീമിയം ചുരുങ്ങിയത് 100 രൂപ വീതം അടക്കുകയും വേണം. മരണമടയുകയോ അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ചില ആനുകൂല്യങ്ങളും ഉണ്ടെന്നുള്ളത് നിഷേധിക്കുന്നില്ല. മറ്റൊരു ആനുകൂല്യം യു.ഡി.എഫ് സര്‍ക്കാര്‍ കാര്‍ഷിക നയം പ്രഖ്യാപിച്ചപ്പോള്‍ വ്യക്താമാക്കിയ അവകാശ ലാഭം നല്‍കുമെന്നതും ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവന്നിട്ടുണ്ട് എന്നതും സന്തോഷം തന്നെ. ഇതിനേക്കാളേറെ മെച്ചപ്പെട്ട തൊഴിലാളി ക്ഷേമ ബോര്‍ഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവക്കു സമാനപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. കര്‍ഷക ക്ഷേമം എന്നാല്‍ തൊഴിലാളി ക്ഷേമ പരിപാടികളോടല്ല താരതമ്യപ്പെടുത്തേണ്ടത്. രാജ്യത്ത് പല സേവന മേഖലകളുണ്ട്.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പട്ടാളക്കാര്‍ അങ്ങനെ പല തലങ്ങളും. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട ജീവല്‍ പ്രധാന സേവന മേഖലയാണ് കാര്‍ഷിക രംഗം. ആ പ്രാധാന്യവും മഹത്വവും വകവെച്ചുകൊടുക്കാന്‍ സര്‍ക്കാരുകള്‍ മടിക്കുന്നുവെന്നത് വിസ്മരിക്കാനാവില്ല. കര്‍ഷകരെ സംരക്ഷിക്കാനും കൃഷിയെ രക്ഷിക്കാനും ഉതകുന്നതാവണം കര്‍ഷക ക്ഷേമ ബോര്‍ഡ്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കര്‍ഷക ക്ഷേമ പെന്‍ഷന്‍ പരിഷ്‌ക്കരിച്ചു വിതരണം ചെയ്യാനുള്ള ഏര്‍പ്പാടല്ല കര്‍ഷക ക്ഷേമ ബോര്‍ഡ്. വലിയ പ്രതിസന്ധികളെ തരണം ചെയ്തു നഷ്ടങ്ങള്‍ സഹിച്ചും ഒരാരാധനപോലെ കൃഷിയെ പുല്‍കി അനവധി പേര്‍ കേരളത്തില്‍ കഴിഞ്ഞുവരുന്നു. എണ്‍പതു വയസ് കഴിഞ്ഞവര്‍ പോലും ധാരാളം പേര്‍ വളരെ സജീവമായി കാര്‍ഷിക രംഗത്തുണ്ട്. ഒരു പുരുഷായുസ് മുഴുക്കെ തന്റെ സംസ്‌കാരത്തിന്റെ ഭാഗമായി കാര്‍ഷിക ജീവിതം നയിച്ചവര്‍ക്കെല്ലാം കര്‍ഷക ക്ഷേമ ബോര്‍ഡില്‍ നിന്നും എന്തു സഹായമാണ് ലഭിക്കുക. അറുപത് കഴിഞ്ഞവര്‍ക്കുതന്നെ ഒരാനുകൂല്യങ്ങളും ബോര്‍ഡിന്റെ വ്യവസ്ഥകളില്‍ പരാമര്‍ശിക്കുന്നില്ല. കൃഷിയുമായി അകന്നുപോകുന്ന യുവാക്കളെ ചേര്‍ത്തുനിര്‍ത്താന്‍ പര്യാപ്തമായ പദ്ധതികളും പേരിനുപോലുമില്ല. ക്ഷേമനിധിയില്‍ അംഗമാകുന്ന കര്‍ഷകര്‍ക്കു പതിനെട്ടു വയസ്സുമുതല്‍ പ്രീമിയം അടക്കാം.

തിരിച്ച് ആനുകൂല്യങ്ങള്‍ ചെറുതാണെങ്കിലും ലഭിക്കാന്‍ 42 വര്‍ഷം കാത്തിരിക്കണം. നിത്യ ജീവിതത്തില്‍ കൃഷി ഭാരമാകാതെ നീങ്ങാനോ പ്രതിസന്ധികളിലകപ്പെട്ടാല്‍ രക്ഷാമാര്‍ഗങ്ങളോ ഒന്നുമില്ല. ഒരു ലക്ഷം യുവതീ യുവാക്കളെ കൃഷിയുമായി അടുപ്പിച്ചുനിര്‍ത്താന്‍ 1994ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചതും മാറി വന്ന സര്‍ക്കാര്‍ അട്ടിമറിച്ചതുമായ പദ്ധതി ഈ ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുകപോലും ചെയ്തിട്ടില്ല. കര്‍ഷകന്റെ ചെലവുകള്‍ അടിക്കടി പെരുകി വരികയാണ്. വരുമാനവും വിളവും ഉത്പാദന ക്ഷമതയും നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. ഇത്തരം ഒരവസ്ഥ കര്‍ഷകരല്ലാതെ സമൂഹത്തില്‍ മറ്റൊരു വിഭാഗവും അനുഭവിക്കുന്നില്ല. കോര്‍പറേറ്റുകളുടെ വരുമാനവും എക്‌സിക്യുട്ടീവിന്റെ ശമ്പളവും മറ്റുദ്യോഗസ്ഥരുടെ വേതനവും തൊഴിലാളികളുടെ കൂലിയും 25 വര്‍ഷത്തിനിടക്ക് പത്തിരട്ടിയിലധികമായാണ് വര്‍ധിച്ചത്. എന്നാല്‍ കര്‍ഷകന്റെ വരുമാനത്തില്‍ സാരമായ കുറവ് ഒരോ വര്‍ഷവും അനുഭവിക്കുന്നു. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ക്ഷോഭങ്ങള്‍, വന്യമൃഗശല്യം, വിലയിടിവ്, വിനിമയം നടത്തുന്നതില്‍ വന്ന തളര്‍ച്ച തുടങ്ങിയവ കാരണം വലിയ വരുമാന ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനെല്ലാമുള്ള പരിഹാരമാണ് കര്‍ഷകര്‍ക്ക് ആവശ്യം.

കര്‍ഷകര്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്‍കുന്നതാവണം കര്‍ഷക ക്ഷേമ പദ്ധതികള്‍. അതിനു നിയമ സഭ അംഗീകരിച്ച കര്‍ഷക ക്ഷേമ ബോര്‍ഡില്‍ ചില ഭേദഗതികള്‍ ആവശ്യമാണ്. 1. കര്‍ഷകര്‍ക്ക് മാന്യമായി ജീവിക്കാന്‍ വരുമാനം ഉറപ്പുവരുത്തണം, ക്ലാസ് ഫോര്‍ ജീവനക്കാരന്റെ വേതനത്തിന് തുല്യമായ വരുമാനം ഉറപ്പുവരുത്തുക. 2. കാര്‍ഷിക മേഖലയില്‍ പ്രവേശിച്ച ഒരാള്‍ക്കും അതുവിട്ടുപോകാന്‍ കാരണമാകുന്ന ദുരിതങ്ങള്‍, നാശങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ സംഭവിച്ചാല്‍ സംരക്ഷണം നല്‍കാന്‍ പദ്ധതികള്‍ വേണം. 3. അറുപത് വയസ്സു കഴിഞ്ഞാല്‍ മാന്യമായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ക്ലാസ്‌ഫോര്‍ ജീവനക്കാരന്റെ പെന്‍ഷനു തുല്യമായ പെന്‍ഷന്‍ ലഭ്യമാക്കണം. 4. കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ പണം സര്‍ക്കാര്‍ ലഭ്യമാക്കണം, വിത്തും വളവും വെള്ളവും വൈദ്യുതിയും സൗജന്യമായി ലഭ്യമാക്കണം. 5. കര്‍ഷകന്റെ ഉത്പന്നങ്ങള്‍ മുന്തിയ വിലക്കു സര്‍ക്കാര്‍ സംഭരിക്കണം, ലാഭം കര്‍ഷകര്‍ക്ക് നല്‍കണം. 6. സര്‍ക്കാര്‍ സേവകര്‍ക്കു ലഭിക്കുന്ന തരത്തിലുള്ള എല്ലാ സംരക്ഷണവും പ്രാധാന്യവും കര്‍ഷകര്‍ക്ക് ലഭിക്കണം. 7. അഭ്യസ്ത വിദ്യരായ യുവാക്കളെ തൊഴില്‍ മേഖലകളിലെക്കെന്നപോലെ കാര്‍ഷിക രംഗത്തേക്കും ആകര്‍ഷിക്കപ്പെടണം. അതിനു പ്രചോദനമാകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും വേണം. 8. കാര്‍ഷിക വൃത്തിയെ മാത്രം അവലംഭിച്ച് കഴിയുന്ന കര്‍ഷകര്‍ക്ക് 25, 40, 50, 60, 70 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പ്രത്യേക പട്ടവും പദവിയും നല്‍കി ആദരിക്കണം.

SHARE