ട്രംപ് ഇസ്രാഈലിന്റെ സുഹൃത്ത്, അറബികളുടെ………!!

കെ. മൊയ്തീന്‍കോയ

അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ഇംപിച്ച്‌മെന്റ് നടപടിക്ക് വിധേയനാകാന്‍ പോകുമ്പോഴും ട്രം പിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും കുറവൊന്നുമില്ല.2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ണ് വച്ച് തന്നെയാണ് നീക്കം. അമേരിക്കയിലെ ജൂത വോട്ട് ലക്ഷ്യമാക്കി ഫ്‌ലോറിഡയില്‍ നടത്തിയ പ്രസംഗം വന്‍ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.’താന്‍ ഇസ്രാഈലിന്റെ അടുത്ത സുഹൃത്ത് ‘ എന്ന് അദ്ദേഹം അവകാശപ്പെട്ട് ജൂതരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. തന്ത്രപരമായ ഈ നീക്കത്തില്‍ ഇസ്രാഈലിന് നല്‍കിയ സേവനം വിശദീകരിക്കുന്നുണ്ട്.ഇവയൊന്നും അറബ് ലോകം അറിയില്ലെന്നായിരിക്കും ട്രംപിന്റെ വിശ്വാസം. അറബ് ലോകം അറിഞ്ഞാല്‍ ‘ഗൗരവ ‘മേറിയ പ്രതിഷേധം പ്രകടിപ്പിച്ച് അവസാനിപ്പിക്കും എന്നും അമേരിക്കന്‍ നേതൃത്വത്തിന്നറിയാം! അതിനാല്‍ അവരുടെ പ്രതിഷേധം അവഗണിക്കുന്നു.!

ജറൂസലം ഇസ്രാഈലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നതും അമേരിക്കയുടെ എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റിയതും തന്റെ കാലത്താണെന്ന് ജൂതവോട്ടര്‍മാരെ ഡൊണാള്‍ഡ് ട്രം പ് ഓര്‍മ്മിപ്പിച്ചു.1967ലെ യുദ്ധത്തില്‍ സിറിയയില്‍ നിന്ന് പിടിച്ചടക്കിയ ജുലാന്‍കുന്ന് പ്രദേശം ഇസ്രാഈലിന്റെത് ആണെന്ന് അംഗീകരിച്ചതും തന്റെ നടപടിയാണ്.’ യു.എന്‍ രക്ഷാസമിതി യുടേയും ലോക സമൂഹത്തിന്റെ തന്നെയും എതിര്‍പ്പ് അവഗണിച്ച് അധിനിവേശ വെസ്റ്റ്ബാങ്കിലെ ജുതരുടെ അനധികൃത കുടിയേറ്റത്തിന് കഴിഞ്ഞ മാസം അമേരിക്ക പിന്തുണ നല്‍കിയത് ഫലസ്തീനികളെ നടുക്കിയെങ്കിലും അവഗണിക്കുകയായിരുന്നു. .അനധികൃത കുടിയേറ്റത്തിനുള്ള ഇസ്‌റായേല്‍ നടപടി നിയമവിരുദ്ധമായി കാണാന്‍ കഴിയാല്ലെന്നാണ് അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടരി.മൈക് പോം പിയോവിന്റെ വിചിത്രമായ അവകാശവാദം!

ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധി സഭ വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ച ശേഷം സെനറ്റിലേക്ക് അയച്ചിട്ടുണ്ട്’. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കമുള്ള സെനറ്റ് പ്രമേയം നിരാകരിക്കുകയാണെങ്കില്‍ തന്നെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രം പിന് ഇംപീച്ച്‌മെന്റ് വലിയ വെല്ലുവിളിയാകും.എതിരാളിയാകുമെന്ന് പ്രതീക്ഷിയുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡ്‌നേയും മകനേയും കള്ളക്കേസില്‍ കുടുക്കാന്‍ ഉക്രൈന്‍ , പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയ നീക്കം അന്വേഷണ സമിതി മുമ്പാകെ തെളിയിക്കപ്പെട്ടതോടെ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. സ്വന്തം പാര്‍ട്ടിക്കാരും സഹ ഉദ്യോഗസ്ഥരും തെളിവ് നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്തുവാന്‍ അടവുകള്‍ പയറ്റുകയാണ് പക്ഷെ, അവയൊന്നും പിടിച്ച് നില്‍ക്കാന്‍ ശേഷിയുള്ളതായി കരുതാനാവില്ല.

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഇസ്രാഈലും അഗ്രഹിക്കുന്നു. ഇസ്രാഈലി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിജയം ഉറപ്പാക്കാന്‍ ട്രംപ് പല നിലയ്ക്കും സഹായം നല്‍കി.ജറൂസലം കാര്യമൊക്കെ അമേരിക്ക തീരുമാനിക്കുമ്പോള്‍ നെതന്യാഹുവിനെ സഹായിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ഇസ്രാഈലി ജനത അംഗീകരിച്ചില്ല. സപ്തംബറിലെ തെരഞ്ഞെടുപ്പ് ഫലം തൂക്കുസഭ സൃഷ്ടിച്ചു. പ്രധാന പ്രതിപക്ഷമായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി’ക്ക് 33 സീറ്റ് നല്‍കി ഒന്നാമത് എത്തിച്ചപ്പോള്‍ നെതന്യാഹു വിന്റെ ലി ക്യുഡ് പാര്‍ട്ടിക്ക് 32 സീറ്റുകള്‍ മാത്രവും. പാര്‍ലമന്റില്‍ 120 അംഗങ്ങള്‍. ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം.2019 ഏപ്രിലില്‍ നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ ഇരുപക്ഷത്തിനും 35 വീതവും !! 2020 മാര്‍ച്ച് രണ്ടിന് മൂന്നാമതും തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സാഹചര്യം അപൂര്‍വം. രാഷ്ട്രീയ അനിശ്ചിതത്വം ഇസ്രാഈലിനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമ്പോള്‍ അവ തടയാനും അടുത്ത സുഹൃത്തായ നെതന്യാഹുവിന്റെ അധികാരം നിലനിര്‍ത്താനും സഹായിക്കുകയാണ് ട്രംപും അമേരിക്കയും……

സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള പോരാട്ടം ദിവാസ്വപ്‌നമായി തീരുമോ എന്നാണ് അറബ്മുസ്‌ലിം ലോകസമൂഹത്തിന്റെ ആശങ്ക. എല്ലാം നഷ്ടപ്പെട്ട് ഫലസ്തീന്‍ പോരാട്ടം അവസാനിക്കുകയാണോ എന്നുള്ള ഉല്‍കണ്ഠയും പരക്കേയുണ്ട്. അധിനിവിഷ്ടഫലസ്തീന്‍ ഭൂമിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അധികാരം മാത്രം അനുവദിച്ചു ഓസ്ലോകരാറിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഫലസ്തീന്‍ അതോറിട്ടി പിരിച്ച് വിടാനാണ് ഇസ്രായേല്‍ നീക്കം. ഇസ്‌റായേല്‍ മന്ത്രി ബെസലല്‍ സ്‌മോട്രിച്ച് ഈ നീക്കം പരസ്യമാക്കി. ഫലസ്തീനികള്‍ക്ക് എതിരെയുള്ള ഇസ്രാഈല്‍ സൈന്യത്തിന്റെ പൈശാചിക നടപടി ചരിത്രത്തിലാദ്യമായി യു.എന്‍.അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്നതാണ് ഇസ്രാഈലിനെ അസ്വസ്ഥമാക്കുന്നത്. 2018ല്‍ അതോറിട്ടി നല്‍കിയ പരാതിയിന്മേലാണ് യു.എന്‍ .കോടതി തീരുമാനം. ഇസ്രാഈലി ന്റെ യുദ്ധക്കുറ്റകൃത്യം അന്വേഷിക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അവര്‍ വിലയിരുത്തുന്നു .യു എന്ന് നല്‍കിയ പരാതി 48 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ അതോറിട്ടി പിരിച്ച് വിടണമെന്നാണ് മന്ത്രി പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ എന്തും സംഭവിക്കാം. അതാണ് ചരിത്രം.1948ല്‍ ഫലസ്തീന്‍ രണ്ട് രാഷ്ട്രങ്ങള്‍ ( ഫലസ്തീനും ഇസ്രാഈലും) എന്ന നിലക്ക് വിഭജിക്കുമ്പോള്‍ ഇസ്രാഈലിന്റെ വിസ്തൃതി 5300 ചതുരശ്ര നാഴികയായിരുന്നു.

5 ലക്ഷം ജൂതരും 5.06ലക്ഷം അറബികളുമായിരുന്നു ജനസംഖ്യ. ഇപ്പോള്‍ പഴയ ഫലസ്തീന്‍ ഒന്നടങ്കം അവരുടെ കീഴിലായി.1947 നവമ്പര്‍ 29ന് യു.എന്‍.പൊതു സഭയില്‍ അമേരിക്കയും റഷ്യയും സംയുക്തമായി അവതരിപ്പിച്ച വിഭജനപദ്ധതി പ്രകാരം ജറൂസലവും പരിസരവും ഉള്‍പ്പെടുന്ന 289 .ച മൈല്‍ പ്രദേശം യു.എന്നിന് കീഴിലും നിലനിര്‍ത്തിയതാണ്. പക്ഷെ, എല്ലാം യുദ്ധങ്ങളിലൂടെ ഇസ്രാഈല്‍ കയ്യടക്കി. പ്രമേയം അവതരിപ്പിച്ച അമേരിക്ക പഴയതൊക്കെ മറന്ന് എല്ലാ ധിക്കാരത്തിനും ഇസ്രാഈലിന് കൂട്ടുനില്‍ക്കുന്നു. നിരവധി യുദ്ധങ്ങള്‍ ഇരുപക്ഷവും നടത്തി. ലോകാഭിപ്രായത്തെ മാനിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറില്ല.’ നിരവധി സമാധാന സംഭാഷണങ്ങള്‍. തീരുമാനങ്ങളില്ല. ഈ ധാര്‍ഷ്ട്യത്തിന് എതിരെ ലോകാഭിപ്രായമുണ്ട്. പക്ഷെ, യു.എന്‍.രക്ഷാസമിതിയിലെത്തിയാല്‍ അമേരിക്ക രക്ഷക്ക് എത്തും.വീറ്റോ പ്രയോഗിച്ചാല്‍ ഇസ്രാഈലിന് ഭയപ്പെടാന്‍ ഒന്നുമില്ല. റഷ്യ നട്ടെല്ല് നിവര്‍ത്തി ഇസ്രാഈലി ധിക്കാരത്തെ ചെറുക്കാന്‍ മുന്നോട്ട് വരുന്നുമില്ല. 1967ല്‍ ആറ് ദിവസം നീണ്ടു നിന്ന യുദ്ധ ഘട്ടത്തില്‍ ഇസ്രാഈലിനെ അമേരിക്ക പരമാവധി സഹായിച്ചപ്പോള്‍ റഷ്യയെ രംഗത്ത് കണ്ടില്ല. അതിന് ശേഷംഅറബ് ലോകം റഷ്യയെ വിശ്വസിച്ചില്ല. കമ്മ്യൂ. ഭരണം പോയി വഌഡ്മീര്‍ പുട്ടിന്റെ ഭരണം വന്നിട്ടും നിലപാടില്‍ പറയത്തക്ക മാറ്റം സംഭവിച്ചില്ല. ഗത്യന്തരമില്ലാതെ പല അറബ് രാഷ്ട്രങ്ങളും അമേരിക്കയുടെ പക്ഷത്ത് തിരിച്ചെത്തി!.’സര്‍വ പിന്തുണയും ഇസ്രാഈലിന് നല്‍കുകയും അറബ് രാഷട്രങ്ങള്‍ക്കിടയില്‍ ഭിന്നത വിതക്കുകയുംചെയ്യുന്നതില്‍ വൈദഗ്ദ്യം ‘കാണിക്കുന്ന അമേരിക്കയെ പിണക്കാന്‍ അറബ് നാടുകള്‍ക്ക് കഴിയുന്നില്ല. മേഖലയില്‍ വര്‍ദ്ധിച്ച് വരുന്ന ഇറാന്റെ ഭീഷണി ഉയര്‍ത്തി കാണിച്ചാണ് ഇപ്പോഴത്തെ അമേരിക്കന്‍ തന്ത്രം. ഫലസ്തീന്‍ പ്രശന പരിഹാരത്തിന് ദ്വിരാഷട്ര ഫോര്‍മുല എല്ലാവരും അംഗീകരിച്ചതില്‍ നിന്ന് അമേരിക്ക പിന്‍മാറിയിട്ടും പ്രതികരണം ശക്തമായില്ല .ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് ക്വാലാലംപൂരില്‍ ദൃശ്യമായത്.ഒ.ഐ.സി.ക്ക് ബദല്‍ അല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതികരണ ശേഷിയില്ലാത്ത സംഘടനകള്‍ക്ക് നിലനില്‍പില്ലെന്ന താക്കീത് കൂടിയാണ് ക്വാലാലംപൂര്‍ ഉച്ചകോടി.

SHARE