സൂക്ഷിക്കുക നിങ്ങള്‍ അവരുടെ നിരീക്ഷണത്തിലാണ്

ദിബിന്‍ രമ ഗോപന്‍

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്.സമൂഹമാധ്യമങ്ങള്‍ തീര്‍ച്ചയായും പുതിയ കാലത്ത് ആവശ്യം തന്നെയാണ്, എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വരുത്തിവെക്കുന്ന വിപത്തും അത്രത്തോളം വലുതാണ്. സമൂഹവുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ക്ക് പലപ്പോഴും വീട്ടിലുള്ള മാതാപിതാക്കളോട് സംവദിക്കാന്‍ സമയം ലഭിക്കാറില്ല. അത് തന്നെയാണ് നമ്മളെ പടുകുഴിയില്‍ ചാടിക്കുന്നതും. സോഷ്യല്‍മീഡിയ വഴി വഞ്ചിക്കപ്പെടുന്നവരില്‍ കൂടുതല്‍ ശതമാനവും പെണ്‍കുട്ടികളാണ്. വഞ്ചിക്കപ്പെട്ട എല്ലാവര്‍ക്കും പറയാനുള്ളത് ‘വിശ്വാസത്തിന്റെ’ കഥയാണ്. ഇതുവരെ നേരില്‍ കാണാത്ത ഒരാളോട് തോന്നുന്ന വിശ്വാസം കുറേയധികം വര്‍ഷമായി കൂടെയുള്ള മാതാപിതാക്കളോട് തോന്നാത്തത് ഉത്തരമില്ലാത്ത ചോദ്യം മാത്രമായി അവശേഷിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ പരിധി

പുതിയതലമുറ പ്രധാന പ്രശ്‌നം സ്വാതന്ത്ര്യം തന്നെയാണ്.മാതാപിതാക്കള്‍ വേണ്ടത്ര സ്വാതന്ത്ര്യം നല്‍കാത്തതിന്റെ പേരില്‍ കാണിക്കുന്ന പ്രവൃത്തികള്‍ പലപ്പോഴും പേടിപ്പെടുത്താറുണ്ട്.മക്കളുടെ സ്വാതന്ത്ര്യത്തെ പൂര്‍ണമായി അവഗണിക്കുന്നതും വലിയ വിപത്താണ്. കാര്യങ്ങള്‍ എന്തും പറഞ്ഞ് മനസ്സിലാക്കി നല്‍കാന്‍ മാതാപിതാക്കളേക്കാള്‍ മികച്ച അധ്യാപരില്ല എന്ന കാര്യം മാതാപിതാക്കള്‍ മറക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് വഴിവെക്കാറുള്ളത്.

ഭയത്തില്‍ നിന്ന് പീഡനത്തിലേക്കുള്ള ദൂരം

കുറച്ചുകാലമായി നമ്മളുടെ മാധ്യമങ്ങളില്‍ കേള്‍ക്കുന്ന പീഡനവാര്‍ത്തകളിലെല്ലാം പീഡനത്തില്‍ അകപ്പെട്ടയാള്‍ ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടിരിക്കും. ഇത്രയും തവണ പീഡിപ്പിക്കപ്പെട്ടപ്പോള്‍ പീഡനത്തിലകപ്പെട്ടയാള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്നാണ് ആളുകളുടെ സംശയം. ഭയമാണ് പലപ്പോഴും പീഡനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. തന്റെ കുടുബത്തെ കുറിച്ചോര്‍ത്ത് സ്വന്തം ജീവിതം നശിപ്പിക്കുമ്പോള്‍ അവര്‍ ഓര്‍ക്കാറില്ല തന്നെ ഭീഷണിപ്പെടുത്തുന്നവന് ഇതൊരു ഊര്‍ജമാണെന്ന്.

കൊലപാതകങ്ങളിലേക്കെത്തുന്ന തുറന്ന് പറച്ചിലുകള്‍

പീഡനത്തിലകപ്പെട്ടയാള്‍ കാര്യം തുറന്ന് പറഞ്ഞാല്‍ കുടുംബത്തോടെ ഇല്ലാതാവുന്നത് നമ്മള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കഠ്‌വ സംഭവം ഇന്ത്യന്‍ ജനത അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. നീതിയേക്കാളും കുടുംബത്തിന്റെ ജീവന് പ്രാധാന്യം നല്‍കുമ്പോള്‍ പീഡനങ്ങളും തുടര്‍ക്കഥയായി മാറികൊണ്ടിരിക്കും

മൊബൈല്‍ റിപ്പയര്‍ വരുത്തിവെക്കുന്ന ആപത്ത്

മൊബൈല്‍ ഇന്ന് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് എന്നാല്‍ പലരീതിയിലും നമ്മളെ ആപത്തിലേക്ക് തള്ളിയിടാന്‍ കഴിയുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. എല്ലാ മൊബൈല്‍ ഷോപ്പുകളുടെയും കാര്യമല്ലെങ്കിലും പല ഷോപ്പുകളും നമ്മുടെ സ്വകാര്യതയെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കാറുണ്ട്. തന്റേതല്ലാത്ത കാരണത്താല്‍ തന്റെ കുടുംബം ക്രൂശിക്കപ്പെടാതിരിക്കാന്‍ ആത്മഹത്യ എന്ന മാര്‍ഗത്തിലേക്ക് എത്തിപ്പെടുന്നവര്‍ വളരെയധികമാണ്. നൂതന സാങ്കേതിക വിദ്യയുടെ കാലത്ത് നിരവധി സോഫ്റ്റവെയറുകളാണ് നിങ്ങളുടെ സ്വകാര്യതയെ ഊറ്റിയെടുക്കാനായി കാത്തിരിക്കുന്നത്. നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ മറ്റൊരാളും വായിക്കുന്നുണ്ടെന്ന വിശ്വാസം നിങ്ങളിലുണ്ടാവണം, കാരണം നിങ്ങള്‍ അവരുടെ നിരീക്ഷണത്തിലാണ്.

മാറേണ്ട മനസ്സുകള്‍

ഡല്‍ഹിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയും സൗമ്യയെ ഇല്ലാതാക്കിയ ഗോവിന്ദചാമിയും പൊലീസിനോട് ചോദിച്ച ചോദ്യം വളരെ പ്രസ്‌ക്തമാണ്. ‘എന്തിന് അസമയത്ത് അവര്‍ പുറത്തിറങ്ങി നടന്നു’. സ്ത്രീകള്‍ക്ക് സമൂഹം നല്‍കിയ സമയത്തിനപ്പുറം നടക്കാന്‍ ആരാണ് അനുവാദം നല്‍കിയത്. രാത്രി പുറത്തിറങ്ങി നടക്കുന്ന സ്ത്രീകളെ മോശക്കാരായി കാണുന്ന സമൂഹത്തെയല്ലേ ശരിക്കും ഗോവിന്ദചാമിയെ പോലെയുള്ള പ്രതികളെ ശിക്ഷിക്കുന്നതിന് മുന്‍പ് ശിക്ഷിക്കേണത്. നിയമം മാറുകയോ മാറാതിരിക്കുകയോ ചെയ്യട്ടെ ആദ്യം മാറേണ്ടത് ഓരോരുത്തരുടെയും മനസ്സാണ്.