ആര്‍.സി.ഇ.പി കരാര്‍ കര്‍ഷകരെ തകര്‍ക്കും

വി.എസ് സുനില്‍കുമാര്‍
(കൃഷി മന്ത്രി)

ദശാബ്ദങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിന് ചെറുകിടനാമമാത്ര കര്‍ഷകരാണ് ഭാരതത്തില്‍ ആത്മഹത്യ ചെയ്തത്. നവഉദാരവത്കരണ, ആഗോളീകരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി സംഭവിച്ച സാമൂഹ്യസമ്മര്‍ദ്ദമാണ് കര്‍ഷക ആത്മഹത്യകളിലേക്ക് പാവപ്പെട്ട മനുഷ്യരെ നയിച്ചത് എന്ന് കാണാന്‍ കഴിയും. ഭാരതത്തിന്റെ കാര്‍ഷിക രംഗത്ത് ഉത്പാദനവും ഉത്പാദനക്ഷമതയും ഗണ്യമായി വര്‍ധിച്ച സന്ദര്‍ഭങ്ങളിലും കര്‍ഷക ആത്മഹത്യകളുണ്ടായി. ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതും ഉത്പാദനോപാധികളുടെ വിലക്കയറ്റവും കര്‍ഷകരെ നില്‍ക്കകളിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുന്നതിന് ഇടയാക്കി. ആത്മാഹുതി മാത്രമായി അതിനെ കാണാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ എല്ലാ വഴികളും അടഞ്ഞുപോയ കര്‍ഷകരുടെ അവസാനത്തെ പ്രതിഷേധരൂപമാണ് അത്. രാജ്യം ഇടയ്ക്കിടെ ഒപ്പുവെയ്ക്കുന്ന രാജ്യാന്തര കരാറുകള്‍ മൂലം ദുരിതത്തിലാകുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളാണ്. വമ്പന്‍ കുത്തകകള്‍ക്ക് യാതൊരു പരിക്കും ഏല്‍ക്കുന്നില്ല. ഇത്തരം കരാറുകളുടെ ഭാഗമായി ഉണ്ടാകുന്ന ഇറക്കുമതികയറ്റുമതി നയങ്ങളുടെ വൈകല്യങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് മുന്നിലുള്ളത്. കരാറുകളില്‍ ഒപ്പുവെക്കുന്ന അന്യരാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തികസ്ഥിതിയും നിലനില്‍പ്പും സുരക്ഷിതമാക്കുന്നതിന് ആവശ്യമായ ഉപാധികളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിക്കുന്നതിന് തയ്യാറാകുന്നതും കാണാതിരുന്നുകൂടാ.

കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യങ്ങളുടെ ദുരിതം പേറേണ്ടിവരുന്ന കര്‍ഷകര്‍ക്കുവേണ്ടി എന്തെങ്കിലും തരത്തിലുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ഭരണകൂടം തയ്യാറായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം, സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ട കോര്‍പറേറ്റുകളെ സഹായിക്കാന്‍ പ്രത്യേക ഉത്തേജക പാക്കേജുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡോ. എം.എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തതുപോലെ, വിലത്തകര്‍ച്ച നേടിരുന്ന സന്ദര്‍ഭങ്ങളിലെങ്കിലും കാര്‍ഷികവിളകള്‍ക്ക് ഉപാധികളില്ലാതെ മിനിമം താങ്ങുവില നല്‍കുന്നതിനും നടപടികളുണ്ടാകുന്നില്ല. ഇതുമൂലം കര്‍ഷകര്‍, കിട്ടിയ വിലക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റൊഴിക്കുന്നതിന് നിര്‍ബന്ധിതരായി മാറുന്നു. ഈ കാലത്തുതന്നെയാണ് പാലിന് വിലയില്ലാതായതില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് ക്ഷീരകര്‍ഷകര്‍ പാല്‍ തെരുവിലൊഴിച്ച് പ്രതിഷേധിക്കുന്നത്. ന്യായവില കിട്ടാതായതിനെ തുടര്‍ന്ന് ഉരുളക്കിഴങ്ങ്, സവാള, തക്കാളി തുടങ്ങിയവയൊക്കെ കൃഷി ചെയ്യുന്നവര്‍ ആ ഉത്പന്നങ്ങള്‍ തെരുവില്‍ കൊണ്ടുവന്ന് തള്ളി പ്രതിഷേധിക്കുന്നത് കാണുന്നു.

രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി പ്രത്യേകിച്ചും കര്‍ഷകവിരുദ്ധ നിലപാടുകളാണ് കേന്ദ്ര ഭരണകൂടങ്ങള്‍ കൈക്കൊണ്ടുവരുന്നത്. ഇത്തരം കര്‍ഷകവിരുദ്ധ നിലപാടുകളും നയങ്ങളും മൂലം പാതാളത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്ന കര്‍ഷകരെ വീണ്ടും ചവിട്ടിത്താഴ്ത്തുന്നതിനും അവരുടെ ശവക്കുഴി തോണ്ടുന്നതിനുമാണ് രാജ്യാന്തര വ്യാപാരക്കരാറുകള്‍ വഴി ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സമീപഭാവിയില്‍ തന്നെ ഒപ്പുവെക്കാന്‍ പോകുന്ന ആര്‍.സി.ഇ.പി കരാര്‍ ഇത്തരം കര്‍ഷകവിരുദ്ധ നിലപാടുകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

യാതൊരു ചര്‍ച്ചകളും അഭിപ്രായ രൂപീകരണവും കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെക്കുന്ന പ്രാദേശിക സംയോജിത ഉത്പന്ന കൈമാറ്റ ഉടമ്പടി രാജ്യത്തിന്റെ കാര്‍ഷിക മേഖലയിലും ക്ഷീര മേഖലയിലും ഉള്‍പ്പെടെ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പ്രതീക്ഷിച്ചതിലും വലുതാണ്. മത്സ്യ മേഖലയും വ്യവസായ രംഗവും തകര്‍ന്നടിയാന്‍ ഇത് വഴിയൊരുക്കും. സ്വതന്ത്രഭാരതം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും കാര്‍ഷിക പ്രതിസന്ധിയുമാണ് ആര്‍.സി.ഇ.പി കരാര്‍ മൂലം സംജാതമാകുന്നത്. കാര്‍ഷിക മേഖലയിലുള്‍പ്പെടെ വിദേശനിക്ഷേപം നടത്തുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കുന്നതിനും തൊഴിലാളികളെയും കര്‍ഷകരെയും കൂടുതല്‍ പാപ്പരാക്കുന്നതിനുമുള്ള വ്യവസ്ഥകളും തീരുമാനങ്ങളും ജനാധിപത്യ സംവിധാനത്തിനകത്ത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയുന്നതല്ല. രാജ്യത്ത് സുലഭമായ ഉത്പന്നങ്ങളുടെ അന്യ രാജ്യങ്ങളില്‍നിന്നുള്ള കുത്തൊഴുക്ക് തടയുന്നതിനുള്ള അവകാശം അംഗീകരിച്ചുതരാന്‍ അംഗരാജ്യങ്ങള്‍ തയ്യാറല്ല എന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നോട്ടുവച്ച പ്രകടനപത്രികയിലെ സുപ്രധാനമായ വാഗ്ദാനമായിരുന്നു കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് നടപടി സ്വീകരിക്കും എന്നത്. എന്നാല്‍, ആര്‍.സി.ഇ.പി കരാര്‍ ഒപ്പുവെക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയല്ല, ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

രാജ്യത്തിനാകെ ബാധകമാകുന്ന കരാര്‍ നവംബറില്‍ തന്നെ ഒപ്പുവെക്കുമെന്നാണ് മനസ്സിലാക്കുന്നത്. അത് സംബന്ധിച്ചുള്ള പങ്കാളിത്ത രാജ്യങ്ങളിലെ വാണിജ്യ കാര്യവകുപ്പ് മന്ത്രിമാരുടെ നിര്‍ണായക ചര്‍ച്ചകള്‍ ബാങ്കോക്കില്‍ നടന്നുകഴിഞ്ഞു. എന്നാല്‍, ഏറ്റവും തന്ത്രപ്രധാനമായ കരാര്‍ സംബന്ധിച്ചോ കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ചോ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ രാജ്യത്തിനകത്ത് വിവിധ തലങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് ആശങ്കാജനകമാണ്. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ, വേണ്ട ഗൃഹപാഠം ചെയ്യാതെ തിടുക്കത്തിലെടുക്കുന്ന തീരുമാനം ആത്മഹത്യാപരമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സ്വതന്ത്ര വ്യാപാരകരാറുകള്‍ സൃഷ്ടിക്കുന്ന ദുരന്തം വളരെ കാലമായി നേരിടുന്നവരാണ് ഇന്ത്യന്‍ കര്‍ഷക സമൂഹം. അപ്പോഴാണ് സാമ്പത്തികഭദ്രതക്കും കാര്‍ഷിക പുരോഗതിക്കുംമേല്‍ ഡമോക്ലിസിന്റെ വാള്‍ പോലെ ആര്‍.സി.ഇ.പി കരാര്‍ നില്‍ക്കുന്നത്. എതിര്‍ക്കാനുള്ള അവകാശത്തെ, കൂട്ടായി വിലപേശാനുള്ള അവകാശത്തെപ്പോലും കവര്‍ന്നെടുക്കുന്ന കരാര്‍ കര്‍ഷകരുടെ ‘അന്തകവിത്താണ്’ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളി ചൈനയാണ്. ലോക വിപണിയുടെ കുത്തക കൈക്കലാക്കാന്‍ അവര്‍ കാലങ്ങളായി കിണഞ്ഞുശ്രമിച്ചുവരികയുമാണ്. 2004 മുതല്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തില്‍ 26 ശതമാനത്തിലധികം വര്‍ധനയുണ്ടായപ്പോള്‍, ചൈനയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കേവലം 13 ശതമാനമാണ് വര്‍ധിച്ചത്. ആഗോള ഇറക്കുമതിയുടെ കാര്യത്തില്‍ 15 ശതമാനവും ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളാണ്. വെറും നാല് ശതമാനമാണ് ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. ചൈനയുമായി ബന്ധപ്പെട്ട് 60 ശതമാനമാണ് ഇന്ത്യയുടെ വ്യാപാരക്കമ്മി എന്ന കാര്യവും മറന്നുപോകരുത്.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള ട്രാന്‍സ് പസഫിക് പാര്‍ടണ്‍ഷിപ്പ് കരാറിന് ട്രംപ് ഭരണകൂടം തടസ്സം സൃഷ്ടിച്ചതിനാല്‍, ആര്‍.സി.ഇ.പി കരാറിന്റെ ആഗോളതലത്തിലുള്ള പ്രസക്തി വര്‍ധിച്ചിരിക്കുകയാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് പാശ്ചാത്യ വികസിത രാജ്യങ്ങളുടെ വ്യാപാര ആധിപത്യത്തിന് ആക്കം കൂട്ടുമെങ്കില്‍, ആര്‍.സി.ഇ.പി കരാര്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ വ്യാപാരമേല്‍ക്കോയ്മയെ ഊട്ടിയുറപ്പിക്കുന്നതിനാണ് സഹായിക്കുക.

നേരത്തെയുണ്ടായിരുന്ന കരാറുകളില്‍ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കില്‍, ആര്‍.സി.ഇ.പി കരാറില്‍ ഇറക്കുമതി തീരുവ പൂജ്യം ആക്കണമെന്നതാണ് പല രാജ്യങ്ങളുടെയും ആവശ്യം. രാജ്യത്തിന്റെ ഉത്പാദന മേഖലയെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു ഉപാധിയെന്ന നിലയിലാണ് ഇറക്കുമതി തീരുവയെ കാണേണ്ടത്. ഇറക്കുമതി തീരുവ പൂജ്യമാക്കുക എന്നതിനോട് ഇന്ത്യ തത്വത്തില്‍ യോജിച്ചിട്ടില്ലെങ്കിലും പങ്കാളിത്തസ്വഭാവമുള്ളതിനാല്‍ മറ്റു രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാനും അതുവഴി നിലവിലെ നിരക്കില്‍നിന്ന് ഗണ്യമായി ഇറക്കുമതി തീരുവ കുറക്കാനുമാണ് സാധ്യത കാണുന്നത്. ഈയിടെ ഓസ്‌ട്രേലിയ, ന്യൂസിലന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ ചില പ്രസ്താവനകള്‍ ഇന്ത്യ തീരുവകള്‍ കുറയ്ക്കും എന്ന സൂചനകള്‍ നല്‍കുന്നുണ്ട്. ഇനിയും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ വ്യാപാരക്കമ്മി കുത്തനെ കൂടുന്നതിനും തദ്വാര സമ്പദ്ഘടനയെ തകര്‍ക്കുന്നതിനും വഴിയൊരുക്കും.

ആര്‍.സി.ഇ.പി രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 93 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നുവെന്നത് മറന്നുകൂടാ. ഇതേവര്‍ഷം തന്നെ, കാര്‍ഷിക കയറ്റുമതിയുടെ കുത്തകക്കാരായ ചൈനയുമായി ഇന്ത്യക്ക് 48 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണുണ്ടായിരുന്നത്. 2018 ആയപ്പോള്‍ ഇന്ത്യചൈന വ്യാപാരം 87.07 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചപ്പോള്‍, ആ രാജ്യവുമായുള്ള വ്യാപാരക്കമ്മി 53.56 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ആര്‍.സി. ഇ.പി.യില്‍ അംഗങ്ങളാകാന്‍ പോകുന്ന രാജ്യങ്ങളില്‍ മ്യാന്മര്‍, ഫിലിപ്പൈന്‍സ്, കംബോഡിയ, ലാവോ പി.സി.ആര്‍ എന്നീ രാജ്യങ്ങളോട് മാത്രമാണ് വ്യാപാരത്തില്‍ ഇന്ത്യക്ക് നിലവില്‍ കമ്മിയില്ലാത്തത്. ഈ രാജ്യങ്ങളില്‍ ഫിലിപ്പൈന്‍സ് ഒഴികെയുള്ള രാജ്യങ്ങളുമായി വലിയതോതില്‍ വ്യാപാരമില്ലാത്തതാണ് ഇതിന് കാരണം. എന്നാല്‍, ഈ രാജ്യങ്ങളുമായി വ്യാപാരം വര്‍ധിക്കുന്ന പക്ഷം ഉണ്ടാകാവുന്ന ഗുരുതരസ്ഥിതി പ്രവചനാതീതമാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ കമ്പോളമായ ഇന്ത്യയില്‍ കണ്ണുംനട്ട് ആര്‍.സി.ഇ. പി.യില്‍ അംഗങ്ങളാകുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യ വമ്പന്‍ കൊള്ളക്കുള്ള അവസരങ്ങള്‍ നല്‍കുമ്പോള്‍ കരാറുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു.

ക്ഷീരമേഖലയുടെ നടുവൊടിക്കുന്നതായിരിക്കും ആര്‍.സി.ഇ.പി കരാര്‍. പങ്കാളിത്ത രാജ്യങ്ങളായ ന്യൂസിലന്റും ഓസ്‌ട്രേലിയയുമെല്ലാം പാല്‍, പാല്‍ ഉത്പന്ന കയറ്റുമതിയുടെ കുത്തകക്കാരാണ്. അവിടങ്ങളില്‍നിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ, ഏറ്റവും കുറഞ്ഞ ഇറക്കുമതി തീരുവയില്‍ നാട്ടിലേക്ക് പാലും പാലുത്പന്നങ്ങളും ഒഴുകാന്‍ തുടങ്ങിയാല്‍ ഇന്നാട്ടിലെ പാവപ്പെട്ട ക്ഷീരകര്‍ഷകരുടെ സ്ഥിതിയെന്താകും? സോയാബീന്‍ എണ്ണ, ഗോതമ്പ്, മത്സ്യം തുടങ്ങിയവയുടെ മികച്ച കയറ്റുമതി രാജ്യമാണ് ഓസ്‌ട്രേലിയ. വിയറ്റ്‌നാമില്‍ നിന്നുള്ള പൗള്‍ട്രി ഉത്പന്നങ്ങളും കര്‍ഷകര്‍ക്ക് കൂടുതല്‍ ഭീഷണിയുയര്‍ത്താന്‍ പര്യാപ്തമാണ്. ആര്‍.സി.ഇ.പി കരാര്‍ നടപ്പിലാകുന്നതോടെ തകര്‍ന്നടിയാന്‍ പോകുന്ന മറ്റൊരു മേഖല വ്യവസായരംഗമാണ്. ആഗോളീകരണനയങ്ങളുടെ പ്രത്യാഘാതമെന്ന നിലയില്‍ രാജ്യം ഇപ്പോള്‍ത്തന്നെ വലിയ വ്യാവസായിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.