ഇടതുപക്ഷം നന്ദ്യാലിനെ മാതൃകയാക്കൂ; രാഹുല്‍ നിങ്ങളുടെ കൂടി നേതാവാണ്ഏഴു പതിറ്റാണ്ടിനിടെ, തെരഞ്ഞെടുപ്പില്‍ ഒരിക്കൽപ്പോലും കേരളത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കിട്ടിയിട്ടില്ല; തീര്‍ച്ചയായും കര്‍ണാടകയും തമിഴ്‌നാടും അത് അര്‍ഹിക്കുന്നുണ്ടെങ്കിലും, ദക്ഷിണേന്ത്യ എന്ന വേര്‍തിരിവ് പലപ്പോഴും പ്രകടമാണ്. പി വി നരസിംഹറാവുവും ദേവഗൗഡയും അപ്രതീക്ഷിതമായ് പ്രധാനമന്ത്രി പദത്തിലെത്തിയവരാണ്.

രാഹുലിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും മുമ്പ് അദ്ദേഹം പ്രമുഖ ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ‘രണ്ട് ഇന്ത്യ’ എന്ന വേര്‍തിരിവിനെപ്പറ്റി പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന സ്ഥിതിക്ക് നമുക്ക് സങ്കുചിതമായ രാഷ്ട്രീയം മാറ്റിവെച്ച് ചിന്തകളുടെ വിശാല സാധ്യകളെ തിരയാമെന്ന് തോന്നുന്നു.

ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെയും മതനിരപേക്ഷ ചേരി അവിടെ നിന്ന് തങ്ങളുടെ നായകരില്‍ ഒരാള്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കും. അത് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. മോദിയ്‌ക്കെതിരെ രാഹുല്‍ എന്ന ദ്വിമുഖ രാഷ്ട്രീയ ചേരി ശക്തമായത് ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ്. സീതാറാം യെച്ചൂരിയെയും അരവിന്ദ് കെജ്രിവാളിനെയും പോലെ ദേശീയ താത്പര്യം ഉള്‍ക്കൊള്ളുന്നവരും മമത, അഖിലേഷ്, മായാവതി, ലാലുപ്രസാദ് യാദവ്, കുമാരസ്വാമി, എം കെ സ്റ്റാലിന്‍, ചന്ദ്രബാബു നായിഡു, ഫറൂഖ് അബ്ദുള്ള, ശരത് യാദവ്, ശരത് പവാര്‍ തുടങ്ങി സങ്കുചിത പ്രാദേശിക താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവരും ഉള്ളപ്പോള്‍ തന്നെയാണ് രാഹുല്‍ രാജ്യവ്യാപകമായ് മോദി വിരുദ്ധ ചേരിയുടെ കുന്തമുനയായത്. പ്രധാനമന്ത്രി പദവിയിലേക്കുള്ള സ്വാഭാവിക സ്ഥാനാര്‍ത്ഥിയുമാണ് അദ്ദേഹം.

പ്രഖ്യാപനം വന്ന സ്ഥിതിക്ക് രാഹുല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെയാണ് മത്സരിക്കുന്നതെന്ന ഒറ്റവാദത്തില്‍ പിടിച്ചുതൂങ്ങുന്നത് ശരിയല്ലെന്ന് തോന്നുന്നു. സി പി എമ്മിനും സി പി ഐക്കും ഇക്കാര്യത്തില്‍ മാതൃകയാക്കാന്‍ രണ്ട് ചരിത്രം മുമ്പിലുണ്ട്. ഒന്ന് 1991-ല്‍ ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്. അപ്രതീക്ഷിതമായ് പ്രധാനമന്ത്രി പദത്തിലെത്തിയ പി വി നരസിംഹറാവു നന്ദ്യാലില്‍ മത്സരിച്ചപ്പോള്‍, കോണ്‍ഗ്രസ് വിരോധത്താല്‍ പിറവികൊണ്ട തെലുങ്ക്‌ദേശം പാര്‍ട്ടി അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. ആന്ധ്രയ്ക്ക് ഒരു പ്രധാനമന്ത്രിയെ ലഭിക്കട്ടെ എന്നാണ് അന്ന് രാഷ്ട്രീയ പ്രതാപിയായ എന്‍ ടി രാമറാവു പ്രഖ്യാപിച്ചത്. ഫലം വന്നപ്പോള്‍ അഞ്ച് ലക്ഷത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് റാവു തെരഞ്ഞെടുക്കപ്പെട്ടത്.

മഹാസഖ്യം യാഥാര്‍ത്ഥ്യമായില്ലെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധിയും രാഹുലും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചത് ദേശീയ തലത്തില്‍ കൈകോര്‍ക്കാന്‍ സാധ്യതയുള്ള സമാജ്‌വാദി പാര്‍ട്ടിയും ബി എസ് പിയുമാണ്. ഈ രണ്ട് മാതൃകയും പിന്തുടരാന്‍ എല്‍ ഡി എഫ് ശ്രമിച്ചെങ്കില്‍ എന്ന് വെറുതെ ആഗ്രഹിക്കുന്നു.

മത്സരം ബി ജെ പിക്കെതിരെ:
*****************
ദേശീയ തലത്തില്‍ ബി ജെ പിക്കെതിരായ ഏറ്റവും കരുത്തുള്ള പോരാട്ടം നയിക്കുന്ന നേതാവാണ് രാഹുല്‍. രാഹുലിനെ ‘ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീക’മെന്ന് വിശേഷിപ്പിച്ചതും രാജ്യത്തെ രക്ഷിക്കാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അഭിപ്രായപ്പെട്ടതും സി പി എം പോളിറ്റ് ബ്യൂറോ അംഗവും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ മുഹമ്മദ് സലീമാണ്. അങ്ങനെ തങ്ങള്‍ക്ക് പ്രിയപ്പെട്ട രാഹുല്‍ എന്തിനാണ് കേരളത്തില്‍ വന്ന് മത്സരിക്കുന്നതെന്നാണ് ചോദ്യം. രാഹുല്‍ ബി ജെ പിക്കെതിരെ അമേഠിയില്‍ മത്സരിക്കുമ്പോള്‍ തന്നെയാണ് കേരളം തെരഞ്ഞെടുത്തത്. അത് അമേഠിയില്‍ പരാജയഭീതി കൊണ്ടല്ല. 2014ല്‍ ബി എസ് പി അമ്പതിനായിരത്തിലേറെ വോട്ട് നേടുകയും ചുറ്റും മോദി തരംഗം ആഞ്ഞുവീശുകയും ചെയ്തിട്ടും ഒരു ലക്ഷത്തിലേറെ വോട്ടിന് അദ്ദേഹം അവിടെ ജയിച്ചതാണ്. അന്ന് വെല്ലുവിളി ഉയര്‍ത്തിയ ആം ആദ്മി പാര്‍ട്ടിയും ചിത്രത്തിലില്ല. അവിടെ കാലാവസ്ഥ അനുകൂലമാണ്.

എന്തുകൊണ്ട് ദക്ഷിണേന്ത്യ: 
*******
രണ്ട് ഇന്ത്യ എന്ന വിവേചനം അവസാനിപ്പിക്കാനാണ് താന്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബി ജെ പിക്കെതിരായ പോരോട്ടം അമേഠിയില്‍ മത്സരിച്ച് തന്നെ നടത്തുമ്പോളാണ് മറ്റൊരു രാഷ്ട്രീയ ദൗത്യവുമായ് അദ്ദേഹം ദക്ഷിണേന്ത്യയിലെത്തുന്നതെന്ന് സാരം.

തമിഴ്‌നാട് 39, കര്‍ണാടക 28, ആന്ധ്രാ 25, കേരളം 20, തെലങ്കാന 17, ഗോവ രണ്ട്, പുതുച്ചേരിയിലും ലക്ഷദ്വീപിലും ഓരോന്ന് വീതമുള്ള ദക്ഷിണേന്ത്യയിലെ സീറ്റുകളില്‍ ബി ജെ പിക്ക് വലിയ സാധ്യതകളില്ല. ഈ സീറ്റുകളില്‍ അനുകൂല തരംഗം ഉണ്ടാക്കി നൂറെണ്ണമെങ്കിലും സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് യു പി എയ്ക്കുള്ളത്. മതേതര വോട്ട് ഭിന്നിച്ച് പോകാതിരിക്കാനാണ് സി പി എമ്മിനും സി പി ഐയ്ക്കും തമിഴ്‌നാട്ടിലെ സഖ്യത്തില്‍ ഇടം നല്‍കിയത്. ആന്ധ്ര വിഭജനത്തോടെ ആന്ധ്രയില്‍ കോൺഗ്രസ് ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സ്ഥിതിയാണ്. തമിഴ്‌നാട്ടില്‍ മത്സരിക്കാന്‍ പരിഗണിച്ച ശിവഗംഗയിയില്‍ കഴിഞ്ഞ തവണ ബഹുദൂരം പിന്നിലാണ്.

പിന്നെ പരിഗണിക്കാവുന്നത് കേരളവും കര്‍ണാടകയും മാത്രം. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം ശക്തമാണെങ്കിലും പല സീറ്റിലും പാലം വലി ഉറപ്പാണ്. കര്‍ണാടകയില്‍ രാഹുലിനായി പരിഗണിച്ച രണ്ട് സീറ്റുകളും മഹാരാഷ്ട്ര അതിര്‍ത്തിയോട് ബന്ധപ്പെട്ട് നില്‍ക്കുന്നു. പൂര്‍ണാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയായി അത് മാറില്ല. പ്രഖ്യാപനം വൈകിയത് ഇക്കാര്യമെല്ലാം ചര്‍ച്ച ചെയ്താണെന്ന് തീര്‍ച്ച. 
വയനാട് തെരഞ്ഞെടുത്താല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളെയും സ്വാധീനിക്കുമെന്ന വിലയിരുത്തലിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. അത് കേരളത്തിൽ ഇടതുപക്ഷമുന്നണിയെ ഇല്ലാതാക്കാനുള്ള സർജിക്കൽ സ്ട്രൈക്കായി വ്യാഖ്യാനിക്കേണ്ട.

മത്സരം ഇടതിനെതിരെ? 
*******
നന്ദ്യാല്‍ മോഡലില്‍ സംസ്ഥാനത്തിന് ഒരു പ്രധാനമന്ത്രി എന്നോ അമേഠി മോഡലില്‍ ‘രാഷ്ട്രീയ മര്യാദ’യോ പിന്തുടര്‍ന്നാല്‍ വയനാട്ടിലെ മത്സരത്തില്‍ നിന്ന് എല്‍ ഡി എഫ് പിന്തിരിയേണ്ടതാണ്. എന്നാല്‍ രാഹുലിനെ പരാജയപ്പെടുത്താന്‍ നോക്കുമെന്നാണ് നേതാക്കളുടെ പ്രഖ്യാപനം. അങ്ങനെ വരുമ്പോള്‍ മത്സരം സ്വാഭാവികമായും എല്‍ ഡി എഫിനോടും കൂടിയാവും. ഇടതുപക്ഷമാണോ മുഖ്യ രാഷ്ട്രീയ ശത്രുവെന്നാണ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെ ചോദിക്കുന്നത്. കോണ്‍ഗ്രസാണോ ഇടതുപക്ഷത്തിന്റെ മുഖ്യരാഷ്ട്രീയ ശത്രുവെന്നും കോണ്‍ഗ്രസിനെതിരെ എന്തിന് മത്സരിക്കുന്നുവെന്നും കേരളത്തിലെ ചില കോണ്‍ഗ്രസുകാരും തിരിച്ച് ചോദിക്കുന്നു.

രാജസ്ഥാനിലെ സിക്കാര്‍, ബിക്കാനിര്‍, ചുരു മണ്ഡലങ്ങളിലുള്‍പ്പെടെ സി പി എം ശക്തരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബി ജെ പി വിരുദ്ധ വോട്ട് ഭിന്നിപ്പിക്കുകയാണ്. മഹാരാഷ്ട്രയിലും ബീഹാറിലും സി പി എമ്മും സി പി ഐയും ചോദിച്ച സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസിും സഖ്യകക്ഷിളും തയ്യാറായില്ല. കനയ്യകുമാറിന് ഉള്‍പ്പെടെ പുറത്തു നില്‍ക്കേണ്ട നിര്‍ഭാഗ്യകരമായ അവസ്ഥ വന്നത് അങ്ങനെയാണ്. ധാരണയ്ക്ക് ഭംഗം വരുത്തിയത് പ്രാദേശിക നേതാക്കള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ പ്രാദേശിക നേതാവല്ല മത്സരിക്കുന്നതെന്ന കാര്യം മറന്നുകൂട.

എന്തുകൊണ്ട് വയനാട്?
**************
ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം ന്യൂനപക്ഷ-പിന്നാക്ക-ആദിവാസി വിഭാഗങ്ങള്‍ അധിവസിക്കുന്ന മണ്ഡലമാണ് വയനാട്. ജനസംഖ്യയില്‍ ഏറെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരാകുമ്പോള്‍ അവരെ പ്രതിനിധീകരിക്കുകയെന്നത് വലിയൊരു രാഷ്ട്രീയ സന്ദേശം കൂടിയാണ്. നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പ്പാത, കര്‍ഷക ആത്മഹത്യ, ആദിവാസി ഭൂപ്രശ്‌നം, കാര്‍ഷിക കടം തുടങ്ങി വയനാട് അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം തേടാന്‍ വയനാടിന്റെ താരപദവി സഹായിച്ചേക്കും. 
വയനാട് നിലനിര്‍ത്തി സഹോദരിക്കുവേണ്ടി രാഹുല്‍ അമേഠി ഒഴിഞ്ഞുകൊടുക്കുമെന്ന വിവരവും വിശ്വസനീയ കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നു. വയനാടിനും ദക്ഷിണേന്ത്യയ്ക്കും രാഹുല്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നെന്ന് ഇത് വ്യക്തമാക്കുന്നു.

രണ്ട് മണ്ഡലം ഒളിച്ചോട്ടമോ?
***************
ആന്ധ്രപ്രദേശിന്റെ ഭാഗമായ മേടക്കാണ് ഇന്ദിരാഗാന്ധി ദക്ഷിണേന്ത്യയില്‍ ആദ്യമായ് മത്സരിച്ച മണ്ഡലം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയോടപ്പമാണ് 1980 ല്‍ ഇന്ദിര മേടക്കില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജയിച്ചു കയറിയത്. റായ്ബറേലി ഒഴിഞ്ഞ് ദക്ഷിണേന്ത്യ നിലനിര്‍ത്തുകയാണ് അവര്‍ ചെയ്തത്. 1999ല്‍ സോണിയാഗാന്ധി ബെല്ലാരിയിലും അമേഠിയിലും മത്സരിച്ചു. 1978 ലെ ഇടക്കാല തെരഞ്ഞെടുപ്പിലും ഇന്ദിരാ ഗാന്ധി ചിക്കമംഗ്ളൂരില്‍ മത്സരിച്ചിരുന്നു. വാജ്‌പേയിയും എല്‍ കെ അദ്വാനിയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. 2014ല്‍ വാരാണസിയിലും വഡോദരയിലും നരേന്ദ്രമോദി മത്സരിച്ചപ്പോള്‍ ഒളിച്ചോട്ടം എന്ന് ആരും ആരോപിച്ചില്ല.

നേപ്പാളിന് 6000 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച മോദി സര്‍ക്കാര്‍ പ്രളയം ബാധിച്ച കേരളത്തെ അവഗണിച്ചതുള്‍പ്പെടെ എത്രയോ ദുരനുഭവങ്ങളിലൂടെയാണ് നാം അഞ്ച് വര്‍ഷം കടന്നുപോയത്. കേന്ദ്രത്തില്‍ ശക്തമായ രാഷ്ട്രീയ ബദല്‍ ഉരുത്തിരിഞ്ഞുവരുമെന്നും അതിന്റെ താക്കോല്‍ സ്ഥാനത്ത് രാഹുലിനെപോലൊരു നേതാവ് സ്വാഭാവികമായും ഉണ്ടാവുമെന്നുമുള്ള പ്രതീക്ഷയ്ക്കിടയിലാണ് കേരളത്തിലേക്കുള്ള വരവ്. ഈ അവസരം കേരളത്തിനുവേണ്ടി എങ്ങനെ ഉപയോഗിക്കാം എന്ന്, സങ്കുചിതത്വം മാറ്റിവെച്ച് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു.