ഖാസിം സുലൈമാനിയുടെ വധം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഖാസിം സുലൈമാനി ഇറാഖില്‍ അമേരിക്കന്‍ േവ്യാമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇറാനെയും അവരെ പിന്തുണക്കുന്ന ശിയാസായുധ സംഘങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഖുദ്‌സ് സേനയെ നയിച്ചിരുന്ന സുലൈമാനി ഇറാനികളുടെ വീരനായകനായിരുന്നു. ശിയാ പരമോന്നത നേതാവ് അലി ഖാംനഇ കഴിഞ്ഞാല്‍ ഏറ്റവും വലിയ ആദരവ് സുലൈമാനിക്കായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുവന്ന വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന ലക്ഷങ്ങളില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടത്. ഇറാഖ്, ലബനോന്‍, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന്‍ മത രാഷ്ട്രീയ വ്യവസ്ഥ നടപ്പിലാക്കാന്‍ മുന്നില്‍നിന്ന വ്യക്തിയുടെ കൊല ഇറാനികളെ കരയിപ്പിക്കുകയെന്നത് സ്വാഭാവികം. പക്ഷെ ഈ രാജ്യങ്ങളില്‍ സുന്നി ഉന്മൂലനത്തിനു നേതൃത്വം നല്‍കിയ സുലൈമാനി മുസ്‌ലിം ലോകത്തിന് അനഭിമതനായിരുന്നു. അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു കുറെ ക്കാലമായി സുലൈമാനി. ഇറാഖിലെ അമേരിക്കന്‍ എംബസിയില്‍ ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തുകയും അമേരിക്കന്‍ പൗരന്മാരെ വധിക്കുകയും ചെയ്തതിനുപിന്നില്‍ സുലൈമാനിക്കു പങ്കുണ്ടെന്ന് കരുതുന്നു. കുറെ കാലമായി ഇറാഖില്‍ ശിയാവത്കരണം അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്. യമനിലും സിറിയയിലും പിടഞ്ഞു മരിച്ച നിരപരാധികളുടെ ചോരയില്‍ സുലൈമാനിയുടെ പങ്ക് നിഷേധിക്കാനാവില്ല. ഇറാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് സുലൈമാനിയുടെ കൊലയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. സുലൈമാനിയുടെ വധം ഇറാനുനേരെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അറബ് ഇസ്‌ലാമിക ലോകത്ത് ഇറാന്‍ ചെയ്തുകൊണ്ടിരിക്കുന്ന അന്യായ ഇടപെടലുകളെകുറിച്ചു മനസ്സിലാക്കേണ്ടതുണ്ട്.

അറബ് ഇസ്‌ലാമിക ലോകത്തെ ഒട്ടു മിക്ക പ്രശ്‌നങ്ങളുടെയും വേരുകള്‍ നീളുന്നത് ശിയാ രാഷ്ട്രമായ ഇറാനിലേക്കാണ്. യമന്‍, ലബനോന്‍, ഇറാഖ് എന്നീ രാഷ്ട്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളും ആഭ്യന്തര യുദ്ധങ്ങളും അറബി ഇസ്‌ലാമിക ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്തുകയാണ്. മറ്റുള്ളവരുടെ സ്വസ്ഥത കളയാനും അയല്‍ രാജ്യങ്ങളെ അരാജകത്വത്തിലേക്ക് തള്ളി വിടാനും കുതന്ത്രങ്ങള്‍ മെനയുന്നതിനിടയില്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നതും ജനങ്ങള്‍ ഭരണകൂടത്തിനുനേരെ വിരല്‍ചൂണ്ടി ആക്രോശിക്കുന്നതും തടയാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് ഇപ്പോള്‍ ഇറാന്‍ അകപ്പെട്ടിരിക്കുന്നത്. ലബനോന്‍ മുതല്‍ ഇറാഖ് വരെയുള്ള രാഷ്ട്രങ്ങളില്‍ ഛിദ്രതയും ഭിന്നതയും വളര്‍ത്താന്‍ പരിശ്രമിക്കുന്നതിനിടയില്‍ രാഷ്ട്രീയപരവും ഭൂമിശാസ്ത്രപരവുമായ തീരാകുരുക്കുകളിലാണ് ഇറാന്‍ വീണത്. അപരിഹാര്യമായ രോഗാവസ്ഥയിലേക്ക് ഈ രാജ്യം എങ്ങനെ എത്തിപ്പെടുന്നുവെന്ന ചിന്ത പ്രസക്തമാണ്.

ശിയാ രാഷ്ട്രീയ മത വ്യവസ്ഥക്ക് നേരെയുള്ള പ്രതിഷേധം ഇറാന്‍ കാലങ്ങളായി ഭയപ്പെടുന്ന അഗ്‌നി പര്‍വത സ്‌ഫോടനമാണ്. ആണവ കരാറിനെകുറിച്ചും എണ്ണ വ്യാപാരത്തെ സംബന്ധിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെ കുറിച്ചും വലിയ വായില്‍ പ്രസംഗിച്ചത്‌കൊണ്ട് ഇറാന്‍ ജനതയുടെ വിശപ്പ് മാറില്ലെന്ന യാഥാര്‍ത്ഥ്യമാണ് തെരുവുകളില്‍ കാണുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ഇറാന്‍. എത്ര കാലമാണ് ഇതെല്ലാം മൂടിവെക്കാന്‍ കഴിയുക. സഊദി അറേബ്യ, യു.എ.ഇ എന്നീ രാഷ്ട്രങ്ങള്‍ക്ക് നേരെ നടത്തുന്ന ഭീഷണികൊണ്ട് എന്ത് നേടുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ രാഷ്ട്രം കണ്ടെത്തേണ്ടത്. പ്രത്യേകിച്ച് ഇറാന്റെ പരിഹാസത്തിനും അക്രമത്തിനും വിധേയമാകുന്ന ഈ രാഷ്ട്രങ്ങള്‍ കൂടുതല്‍ സാമ്പത്തിക ഭദ്രത നേടി സ്വന്തം ജനതയെ സംതൃപ്തമായ ജീവിതത്തിന് പ്രാപ്തമാക്കുകയാണ്. തെരുവുകളില്‍ പതഞ്ഞുപൊങ്ങുന്ന പ്രക്ഷോഭങ്ങളെ ക്രൂരമായി നേരിട്ടത്‌കൊണ്ട് മാത്രം നടുവൊടിഞ്ഞ അവസ്ഥയില്‍ നിന്ന് മോചനം ലഭിക്കില്ല. സമൂഹവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെ അത് സാരമായി പരിക്കേല്‍പ്പിക്കുകയാണെന്ന യാഥാര്‍ത്ഥ്യംപോലും സുന്നി വിരുദ്ധതകൊണ്ട് ഇറാന്‍ മറക്കുകയാണ്.

ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പ്രതിഷേധമല്ല ഇറാന്‍ ഏറ്റുവാങ്ങുന്നത്, ജനതയുടെ വലിയൊരു ഭാഗത്തിന്റെ കടുത്ത എതിര്‍പ്പുകളാണ് നേരിടേണ്ടിവരുന്നത്. രാഷ്ട്രം നിലവില്‍വന്നത് മുതലുള്ള ചരിത്രം നിരീക്ഷിക്കുമ്പോള്‍ ശിയാ വിപ്ലവവും വ്യവസ്ഥയും രാഷ്ട്രവും ജനതയും വലിയ പ്രതിസന്ധിയിലായ കാലം ഇതുപോലെ മുമ്പുണ്ടായിട്ടില്ല എന്നു കാണാം. ആദ്യകാലങ്ങളില്‍ ജനത ശിയാ മതരാഷ്ട്രീയ വ്യവസ്ഥയില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസ്യതക്ക് കുറവ് വന്നിരിക്കുന്നു. വലിയൊരു വിഭാഗം ഇറാനിലെ മത രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറയില്‍ വിശ്വസിക്കാത്തവരാണെന്ന യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയേണ്ടത്.

1979ല്‍ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട വിലായത്തെ ഫക്കീഹ് എന്ന വ്യവസ്ഥ അംഗീകരിക്കുന്ന ശിയാ രാഷ്ട്രമാണ് പ്രക്ഷോഭംകൊണ്ട് ആടിയുലയുന്നത്. ഒരുപക്ഷേ ഈ പ്രക്ഷോഭവും ചോരയില്‍ മുക്കി ഇല്ലാതാക്കി അയല്‍ രാജ്യങ്ങളില്‍ ഛിദ്രത കൂടുതല്‍ വളര്‍ത്താന്‍ ശ്രമിച്ചേക്കാം. ഭീകരവേട്ടയുടെ പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വം കാണിക്കുന്ന നുണപ്രചാരണവും തന്ത്രങ്ങളും തന്നെയാണ് ഇറാനും പകര്‍ത്തുന്നത്. സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ സഊദി അറേബ്യക്കുനേരേയും അവരുടെ എണ്ണ കപ്പലുകള്‍ക്ക് നേരെയും ആക്രമണം നടത്തി പ്രതിഷേധം ശമിപ്പിക്കാനാണ് ശ്രമിക്കുന്നത്. തീവ്ര ദേശീയതയുടെ മറവില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മറച്ചുവെക്കുന്ന ഒട്ടനവധി രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും കാണാം.

ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന അഹ്‌വാസില്‍ ഇറാന്‍ വംശീയ ശുദ്ധീകരണമാണ് നടത്തുന്നത്. ശിയാ വിശ്വാസം പേറുന്നവര്‍പോലും അതില്‍നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ശിയാ മതരാഷ്ട്രീയ വ്യവസ്ഥകള്‍ തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുമ്പോള്‍ ബദല്‍ വ്യവസ്ഥയെകുറിച്ചുള്ള ശക്തമായ ചിന്ത ഇറാന്‍ മതരാഷ്ട്രീയ പണ്ഡിതരിലും ബുദ്ധിജീവികളിലും ഉയര്‍ന്നുവരുന്നു എന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇസ്‌ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമായ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട ഇത്തരം വ്യവസ്ഥകള്‍ക്ക് നിലനില്‍പ്പില്ല. മാനവിക വിരുദ്ധമായതിനും ദീര്‍ഘായുസ്സ് ഇല്ലെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. ഇപ്പോള്‍ ശക്തമായ പ്രക്ഷോഭങ്ങളും പ്രതിസന്ധികളും ഉള്ള ഇറാഖ്, ലബനോന്‍ എന്നീ രാഷ്ട്രങ്ങളില്‍ രാഷ്ട്രീയ താല്‍പര്യമാണ് ഇറാനുള്ളത്.

ഇറാഖില്‍ ശിയാ പ്രക്ഷോഭത്തിന് വലിയ പിന്തുണയാണ് ഇറാന്‍ നല്‍കുന്നത്. നജഫില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പിന്നില്‍ ഇറാന്റെ രാഷ്ട്രീയ താല്‍പര്യങ്ങളാണുള്ളത്. ഇറാഖ് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയില്‍ വീഴണം എന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് ഇറാനാണ്. അതിനിടയിലാണ് അവരുടെ മുന്നണി പോരാളി സുലൈമാനി കൊല്ലപ്പെടുന്നത്. ഭൂമിശാസ്ത്രപരമായും വിശ്വാസപരവുമായ താല്‍പര്യങ്ങളാണ് ഇറാന് ഇറാഖിലുള്ളത്. സദ്ദാം ഹുസൈന്റെ വീഴ്ചക്ക് ശേഷമാണ് വ്യാപകമായ ശിയാവത്കരണം ആരംഭിക്കുന്നത്. അവസരം ഏറ്റവുമധികം മുതലെടുത്തത് ഇറാനാണ്. ഇറാഖിന്റെ സാമൂഹിക ജീവിതത്തില്‍തന്നെ വലിയ പ്രത്യാഘാതമാണ് ഇതുവഴി ഉണ്ടായത്. ശിയാപരിസരം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നതിന്റെ ഫലമാണ് ഇപ്പോള്‍ ഇറാന്‍ കൊയ്‌തെടുക്കുന്നത്. ഇറാന്‍ ഇടപെട്ട രാജ്യങ്ങളിലെല്ലാം ഉണ്ടായ പ്രതിസന്ധികള്‍ അതിന്റെ ഏറ്റവും നികൃഷ്ടമായ രൂപത്തില്‍ ഇറാഖില്‍ കാണാം.

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ നിയോഗിച്ചത് വെറുയായിരുന്നില്ല. ഇറാനിലെ വിപ്ലവത്തിന്റെ തലയായാണ് ഇറാഖിനെ അവര്‍ കാണുന്നത്. ഇറാനിലും സിറിയയിലും ഇറാന്‍ വ്യവസ്ഥക്കെതിരെ നില്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ കഴിഞ്ഞ ഖാസിം സുലൈമാനിക്ക് ഇറാഖില്‍ അത്ര എളുപ്പം ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
സിറിയയില്‍ സമ്പൂര്‍ണ്ണ ശിയാവത്കരണം സാധ്യമാകുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒട്ടുമിക്ക സുന്നി ഏരിയകളിലും വംശീയ ശുദ്ധീകരണത്തിന് വിധേയമാക്കി കഴിഞ്ഞു. സുന്നി വിരുദ്ധതയാണ് ഭരണകൂടത്തിന്റെ ഓരോ നീക്കത്തിനു പിന്നിലും. ദുരന്ത ഭൂമിയായി സിറിയ ലോകത്തിനുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ആഭ്യന്തരയുദ്ധം, കൂട്ടപലായനം, വംശീയശുദ്ധീകരണം എന്നിവയുടെയെല്ലാം പര്യായമായി സിറിയ നിലകൊള്ളുമ്പോള്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്തവരെല്ലാം കരഞ്ഞുപോകും. ശിയാ പരീക്ഷണത്തിന്റെ മറ്റൊരു ദുരന്ത ഭൂമിയാണ് യമന്‍. ഇറാന്റെ പൂര്‍ണ്ണ സഹായത്തോടെ ഹൂഥികള്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ ഞെട്ടിക്കുന്നതാണ്. യമന്‍ ജനതയെ രക്ഷിക്കാനും അവിടെ ശരിയായ ഭരണവ്യവസ്ഥ തിരികെകൊണ്ടുവരാനും ശ്രമിക്കുന്നവരെ ക്രൂരന്‍മാരായി ചിത്രീകരിച്ച് യഥാര്‍ത്ഥ അക്രമികള്‍ വിമോചകരായി മാറുന്ന വിചിത്ര ദൃശ്യങ്ങളാണ് യമനില്‍ കാണാനാവുന്നത്.

ശിയാ മത, രാഷ്ട്രീയ വ്യസ്ഥയുടെ ആര്‍ത്തിയുടെയും അതിമോഹത്തിന്റെയും അറവുശാലകളാണ് ഇന്ന് മധ്യപൗരസ്ത്യ ദേശം. ശിയാവത്കരണത്തിന് ആക്കം കൂട്ടുന്നതിനുവേണ്ടി അറബ് ഇസ് ലാമിക ലോകത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും സാംസ്‌കാരികത്തനിമ ഇല്ലാതാക്കാനും ഇറാന്‍ നടത്തുന്ന ശ്രമങ്ങളെ വൈജ്ഞാനികമായും രാഷ്ട്രീയമായും ചെറുത്തുതോല്‍പ്പിക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ അറബ് ഇസ്‌ലാമിക ലോകം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇറാഖ്, ലെബനോന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഒരിക്കലും ഇറാന്‍ ഭരിക്കാന്‍ പോകുന്നില്ല. പിന്നെ എന്തിനാണ് ബില്യന്‍ കണക്കിന് ഡോളര്‍ അരാജകത്വവും ഛിദ്രതയും വ്യാപിപ്പിക്കാന്‍ മാത്രം ഇറാന്‍ ചെലവിടുന്നത്. 2013 മുതല്‍ 16 ബില്യന്‍ ഡോളര്‍ ഇറാഖ്, ലെബനോന്‍, യമന്‍ എന്നീ രാജ്യങ്ങളിലെ ഇറാന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രം ചെലവിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സിറിയയില്‍ മാത്രം 10 ബില്യണ്‍ ചെലവിട്ടു. ലെബനോനിലെ ഹിസ്ബുല്ലക്ക്‌വേണ്ടി ഓരോ വര്‍ഷവും 700 മില്യണ്‍ ഡോളറാണ് ശിയാ രാഷ്ട്രം ചെലവഴിക്കുന്നത്. എങ്ങനെയാണ് ഇറാന്‍ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമര്‍ന്നത് എന്നതിനുള്ള വ്യക്തമായ ഉത്തരമാണ് ഈ കണക്കുകള്‍.

അമേരിക്കയുമായി നടത്തിക്കൊണ്ടിരിക്കുന്ന ‘കാണായുദ്ധങ്ങള്‍ക്കും’ ബില്യന്‍ കണക്കിന് ഡോളറുകള്‍ ആണ് ചെലവിടുന്നത്. സ്വന്തം ജനതക്ക് റൊട്ടി വാങ്ങാന്‍ പോലും വകയില്ലാത്ത സന്ദര്‍ഭത്തിലാണ് ശിയാ അഹങ്കാരം എന്നതാണ് മനസ്സിലാക്കേണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇറാന്‍ പ്രക്ഷോഭം സാമ്പത്തികമാന്ദ്യം കൊണ്ടുമാത്രമല്ല, ശിയാ മുല്ല ഭരണത്തിന്റെ കെടുതികളാണ് രാഷ്ട്രം ഇത്രമേല്‍ പാപ്പരാകാന്‍ കാരണമെന്ന ഇറാന്‍ ജനതയുടെ തിരിച്ചറിവിന്റെകൂടി പ്രതിഫലനമാണ് തെരുവില്‍ കാണുന്നത്. അറബ് ഇസ്‌ലാമിക ലോകത്തെ വിമത ശബ്ദങ്ങള്‍ക്ക് വളവും വെള്ളവും നല്‍കി കൊണ്ടിരിക്കുന്ന ഇറാന്‍ ഇപ്പോള്‍ ഉപ്പു വെള്ളം കുടിക്കുകയാണ്. ഇറാനിലെ പ്രക്ഷോഭകാരികളെ ‘മുര്‍ത്തസിക്ക’ എന്ന് പരിഹസിച്ചത് കൊണ്ടൊന്നും കാര്യങ്ങള്‍ ശരിയായ രീതിയിലേക്ക് വരുമെന്ന് തോന്നുന്നില്ല. നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തിയാല്‍പോലും പാപ്പരായ ബാങ്കുകളെ പുനര്‍ ജീവിപ്പിക്കാന്‍ എന്തു മായാജാലമാണ് ഇറാന്റെ കയ്യിലുള്ളത്. സിറിയയിലെയും ഇറാഖിലെയും യമനിലെയും നിരപരാധികളുടെ കണ്ണീരിന്റെ ചൂടുകൊണ്ട് ഇറാന്‍ ഒരുനാള്‍ വെന്തുരുകുമെന്ന് വിവേകമതികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സുലൈമാനിയെ ഇറാന് നഷ്ടപ്പെട്ടതിന്റെ കാരണങ്ങള്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ല.

SHARE