തണല്‍ മരങ്ങള്‍ ഇല പൊഴിക്കുമ്പോള്‍

ഖാലിദ് കൂളിയങ്കാല്‍

വിശേഷഭാഗ്യം സിദ്ധിച്ച ചെറിയൊരു ന്യൂനപക്ഷമൊഴികെ ഗള്‍ഫിലെ അവിദഗ്ധ തൊഴില്‍മേഖലയില്‍ കുറഞ്ഞ വേതനത്തിന് കാലം കഴിച്ചു കൊണ്ടിരുന്നവരാണ് ലക്ഷോപലക്ഷം സാധാരണക്കാര്‍. സ്വദേശിവല്‍ക്കരണം സര്‍വ്വമേഖലയിലുള്ളവരെയും സാരമായി ബാധിച്ചുവെങ്കില്‍ കോവിഡ് 19 പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത് ചെറുകിട കച്ചവടക്കാരെയും അവിദഗ്ധ തൊഴിലാളികളെയുമാണ്. മാസങ്ങളായി ജോലിയും കൂലിയുമൊന്നുമില്ലാതെ സന്നദ്ധ സംഘടനകളുടെയും ഉദാരമതികളുടെയും ദയാവായ്പ്പിനാല്‍ ജീവന്‍നിലര്‍ത്തിയ ഇവര്‍ വടിച്ചെടുത്തും കടം വാങ്ങിയും ഭീമമായ വിമാനക്കൂലിയുണ്ടാക്കിയെടുക്കുന്നതോടെ കാലിയായിപ്പോയ പോക്കറ്റുകളും ഒത്തിരി വ്യാകുലതകളൂം ഇത്തിരി അപകര്‍ഷതാ ബോധവും മനസ്സിന്റെ ലഗ്ഗേജ് മുറിയില്‍ നിറച്ചാണ് വിമാനമിറങ്ങുന്നത്.

പ്രതിസന്ധിയില്‍ പ്രതീക്ഷ നഷപ്പെട്ടു വിട്ടെറിഞ്ഞു വരുന്നവരും, ഒരിക്കലും ശരിവരാത്ത ജീവിതത്തിന്റെ കണക്കുക്കൂട്ടലുകള്‍ മാത്രം കൂട്ടായുള്ളവരും, ജോലിനഷ്ടപ്പെവരും കൂട്ടമായി തിരികെയെത്തുമ്പോള്‍ ചുവന്ന പരവതാനിയോ താലപ്പൊലിയോ പുഷ്പവൃഷ്ടിയോ ഒന്നും ആരെയും കാത്തിരിക്കുന്നില്ല . മാനസിക പിരിമുറുക്കങ്ങളുടെയും, ഇന്നലെവരെ കഴിഞ്ഞു വന്ന ദിനചര്യകളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും തികച്ചും വിഭിന്നമായ പ്രതികൂല കുടുബ-സാമൂഹ്യ-സാമ്പത്തിക അന്തരീക്ഷത്തിലേക്കുള്ള പൊടുന്നനെയുള്ള പറിച്ചു നടലാണ് നടക്കുന്നത്. അറിഞ്ഞും അറിയാതെയും അനുഭവിക്കേണ്ടിവന്ന വേദനാജനകമായ അനുഭവങ്ങളില്‍ മനം മടുത്ത് ജീവിതത്തിന്റെ സായംസന്ധ്യയിലും പ്രവാസത്തിലേക്ക് പുനപ്രവേശനം നേടിയ പരശ്ശതം ഹതഭാഗ്യരുടെ നാട്ടിലേക്കാണ് തിരിച്ചെത്തുന്നതെന്ന അനിഷ്ടകരമായ സത്യം മനസ്സിനെ പറഞ്ഞു മനസ്സിലാക്കണം ഓരോ പ്രവാസിയും.

ഒളിയമ്പുകളുടെ, ഒടുങ്ങാത്ത കുറ്റപ്പെടുത്തലുകളുടെ, കപട അനുകമ്പകളുടെ തുടര്‍ക്കഥകളായിരിക്കും തിരിച്ചെത്തുന്ന ഓരോ പ്രവാസിയും നേരിടേണ്ടിവരുന്ന പ്രധാന ദുരിതം. പ്രവാസികള്‍ ഏറ്റവും ആദ്യം മനോവിശ്ലേഷണം ചെയ്യേണ്ട പരമപ്രധാനമായ കാര്യവും കാത്തിരിക്കുന്ന ഈ മാനസിക വെല്ലുവിളി തന്നെയാണ്. നിങ്ങളുടെ അഭാവത്തില്‍ കാര്യകര്‍ത്താവായിരുന്നവര്‍ ഇനിയങ്ങോട്ട് അതല്ലാതാവുന്നയൊരു പരിണാമം സ്വന്തം വീട്ടില്‍ സംഭവിക്കാനുണ്ട്. അടുത്തു നിന്ന് താലോലിക്കാന്‍ കഴിയാതിരുന്ന നഷ്ടബോധത്തില്‍ നിന്നും ഉത്ഭവിച്ച അധിക ലാളന മൂലം ഒരുപാട് പരിഗണന കിട്ടിയ മക്കള്‍ക്ക് പെട്ടെന്നൊരുനാള്‍ അത് നഷ്ട്ടമാകുമ്പോഴുണ്ടാകുന്ന പരിവര്‍ത്തനം, സാമ്പത്തികമായൊരു അത്താണിയായിരുന്നവന്‍ അതല്ലാതാകുമ്പോള്‍ സഹോദരങ്ങളിലും ബന്ധു മിത്രാദികളിലും ഉടലെടുക്കുന്ന നിരാശയിലൂന്നിയ അകല്‍ച്ച, നാട്ടിലെ സര്‍വ്വ കാര്യങ്ങളിലും കയ്യൊപ്പു ചാര്‍ത്തിയവനെ പ്രതികൂല സാഹചര്യത്തില്‍ ബുദ്ധിമുട്ടിക്കരുതെന്ന തിരിച്ചറിവില്‍ നാട്ടുകാരുടെ ‘ഒഴിവാക്കല്‍’. ഇതെല്ലം തന്നെ മാറിയ സാഹചര്യത്തിലെ സ്വാഭാവിക പ്രവണതകളാണെന്ന് മനസ്സിലാക്കിയുള്ള സമീപനം കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമായ കാര്യം. കുറഞ്ഞ കാലം നാട്ടിലുള്ളയാളെന്ന പരിഗണനയില്‍ അവധിക്കാലത്ത് കിട്ടിയ പ്രത്യേക പരിഗണന ഇനിയുള്ള കാലവും തനിക്ക് ലഭിക്കേണമെന്ന് വാശി പിടിച്ചാല്‍ നിരാശ കൊണ്ട് സ്വയം തളര്‍ന്നു പോവുകയേ ഉള്ളൂ.

ചിലവും കഴിഞ്ഞു ബാക്കിയാവുന്നതിന്റെ മൂന്നും നാലും ഇരട്ടി സംഖ്യ നാട്ടിലേക്കയച്ചു കാര്യങ്ങള്‍ സാധിക്കുന്ന നിത്യ കമ്മി ബഡ്ജറ്റിന്റെ ജാലവിദ്യക്കാരാണ് പ്രവാസികള്‍. ചിട്ടികളും കടം വാങ്ങലും കൊടുക്കലും റോളിങ്ങും കൊണ്ട് സമൃദ്ധമായ ‘പ്രവാസി എക്കണോമിക്‌സ്’ പക്ഷെ സ്ഥിരവരുമാനമുള്ളിടത്തേ പ്രാവര്‍ത്തികമാവുകയുള്ളു. ആ മിടുക്ക് മറ്റൊരു തരത്തില്‍ പയറ്റേണ്ടുന്ന കാലം വരുന്നു, ജീവിതത്തിന്റെ പഞ്ഞകാലം. ദൈനം ദിന ചിലവുകളില്‍ ഏറിയ പങ്കും പഴയത് പോലെ നിലനില്‍ക്കുകയും വരുമാനം തീരെയില്ലാതാവുകയും ചെയ്യുന്നതാണ് കാത്തിരിക്കുന്ന പ്രതിസന്ധിയുടെ സാമ്പത്തിക വശം. അനാവശ്യവും ആഡംബരവുമായ ചിലവുകള്‍ നിര്‍ബന്ധപൂര്‍വ്വം ഒഴിവാക്കുകയും അറിയാവുന്ന ജോലിയോ, കൃഷിയോ, ബിസിനസ്സോ ഒരു നാള്‍ നേരത്തെ തുടങ്ങുക എന്നതാണ് ബുദ്ധിപൂര്‍വമായ കരുനീക്കം. അത്യാവശ്യം ബാങ്ക് ബാലന്‍സുള്ളവര്‍ക്കും വരുമാനമില്ലാത്ത ചെലവ് മാത്രമായാല്‍ അധികം വൈകാതെ പിടിച്ചു നില്‍ക്കല്‍ പ്രയാസമാകും.

ചുരുക്കേണ്ട ചെലവുകളുടെ കാര്യത്തില്‍ പരസ്പരം ചര്‍ച്ച ചെയ്‌തൊരു ധാരയിലെത്തിയാല്‍ ഒരു ടീംവര്‍ക്കിനാല്‍ പ്രയാസങ്ങളുടെ കാഠിന്യം കുറക്കുവാനും തദ്വാരാ ഗൃഹനാഥന്റെ മേലുള്ള മാനസിക സമ്മര്‍ദ്ദം കുറയുവാനും സഹായകമാകും.
ജീവിത കാലം മുഴുവന്‍ തനിക്കു ചുറ്റുമുള്ളവരുടെ വിജയത്തിനായി സ്വയം തോറ്റുകൊടുത്തവരാണ് പ്രവാസികള്‍. പെങ്ങന്മാരെ കെട്ടിക്കലൂം അനിയന്മാരുടെ പഠിത്തവും കാര്‍ന്നോന്‍മാരുടെ കട തുടങ്ങലും കുടുംബത്തിന് വീട് പണിയലും ഒരു വിധം കഴിഞ്ഞു കിട്ടിയാല്‍ അടുത്ത ടാസ്‌ക് സ്വന്തം കല്ല്യാണം,മക്കളുടെ പഠിപ്പ് , വീട് പണി, മക്കളെ കെട്ടിക്കല്‍. എല്ലാം കഴിഞ്ഞുവെന്നാശ്വസിച്ചിരിക്കുമ്പോള്‍ ഭക്ഷണ ക്രമമോ ചിട്ടയായ ജീവിത ശൈലിയോ പാലിക്കാതെ അമിതാധ്വാനം ചെയ്ത ത്യാഗങ്ങളുടെ നിത്യസ്മരണക്കായ് കൊളസ്ട്രോളിന്റെയും പ്രഷറിന്റെയും ഷുഗറിന്റെയുമൊക്കെ അസ്‌കിത കടന്നു വരും .

ഒരു ആവറേജ് മലയാളി പ്രവാസിയുടെ ജീവിത ചക്രം തിരിയുന്നത് ഏറെക്കുറെ ഒരേ ദിശയില്‍. ഒരുപുരുഷായുസ്സില്‍ സഹിക്കാവുന്ന ത്യാഗത്തിന്റെ അഗാധ തലം വരെ അനുഭവിചിട്ടാണ് ഈ മനുഷ്യന്‍ തിരിച്ചെത്തിയിരിക്കുന്നതെന്ന് ഒരു ഒരു വട്ടമെങ്കിലും വീട്ടുകാരും നാട്ടുകാരും അറിയുക തന്നെ വേണം.
ഗള്‍ഫ് സ്വപ്‌നങ്ങളില്‍ പടര്‍ന്നു കിടക്കുന്ന കരിനിഴല്‍ നീങ്ങില്ലെന്നോ, കൊറിയയോ, ജപ്പാനോ, മലേഷ്യയോ, യൂറോപ്പ്യന്‍, അമേരിക്കന്‍ രാജ്യങ്ങളോ പുതിയ പുതിയ അവസരങ്ങളുടെ വാതായനങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കില്ലെന്നോ, അതല്ല ഇന്ത്യയില്‍ തന്നെ പുതിയ മേച്ചില്‍ പുറങ്ങള്‍ വളര്‍ന്നു വരില്ലെന്നോ ചിന്തിക്കാന്‍ ഏത് പ്രതിസന്ധികളെയും സധൈര്യം നേരിടാനുള്ള മനക്കരുത്തും ഉത്തരവാദിത്വങ്ങളോട് സമര്‍പ്പണ മനോഭാവവുമുള്ള ഒരിക്കലൂം ശുഭാപ്തി വിശ്വാസം കൈവിടാത്ത മലയാള മനസ്സിന് കഴിയില്ല. വേരുകള്‍ ആഴങ്ങളില്‍ സുരക്ഷിതമാവുകയും, കൊഴിഞ്ഞയിലകള്‍ക്ക് പകരം നിറങ്ങള്‍ ചാലിച്ച പുതുനാമ്പുകള്‍ തളിര്‍ക്കുകയും അങ്ങിനെ സമൃദ്ധിയുടെ പൂക്കാലം വീണ്ടും വിരുന്നു വരികയും ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.

SHARE