1948 മാര്‍ച്ച് 10

സി.പി സൈതലവി

വംശഹത്യയുടെ കനലെരിയുന്ന നിലങ്ങളിലൂടെ മുസ്‌ലിംലീഗ് പ്രതിനിധി സംഘം നടന്നുനീങ്ങുമ്പോള്‍, നഗരപ്രാന്തങ്ങളില്‍ കാത്തിരിപ്പുണ്ട്; കത്തിയമര്‍ന്ന പ്രാണനും പ്രതീക്ഷകളുമായി ആലംബമറ്റ ഒരു ജനത. ഡല്‍ഹിയില്‍, യു.പിയില്‍, ഗുജറാത്തില്‍ മറ്റെവിടെയും വര്‍ഗീയവൈരത്തിന്റെ വെടിയുണ്ടകളും വാള്‍മുനയുമേറ്റ് ജീവനറ്റുവീണ മനുഷ്യരുടെ, മൃതപ്രായരായി തെരുവിലുപേക്ഷിക്കപ്പെട്ടവരുടെ ആശ്രയം നഷ്ടപ്പെട്ട രക്തബന്ധങ്ങളെ അന്നവും അഭയവും ആത്മബലവുമേകി ജീവിതത്തിലേക്കു കൈപിടിക്കുകയാണ് മുസ്‌ലിംലീഗ്.
എഴുപത്തിരണ്ടു വര്‍ഷം മുമ്പ് രാജ്യം ഇതുപോലെ കൂട്ടക്കൊലകളുടെ പേടിക്കാഴ്ചകളിലമര്‍ന്ന് ആശയറ്റുവിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് പ്രതീക്ഷയുടെ അവസാനത്തെ കൈകോര്‍ക്കലായി മദ്രാസിലെ ഗവണ്‍മെന്റ് ബാങ്ക്വറ്റ് ഹാളി (രാജാജി ഹാള്‍)ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കുന്നത്. വിഭജനത്തിന്റെ മുറിപ്പാടില്‍ നിന്നൊഴുകിയ ചോരപ്പുഴകളില്‍ മുങ്ങിത്താണുപോയ ജനതക്ക് പിറന്നമണ്ണില്‍ പുനര്‍ജനി നല്‍കുകയായിരുന്നു ആ ഹരിതക്കൊടിയുടെ ഉന്നം. ജനാധിപത്യ ഇന്ത്യയിലെ അവകാശങ്ങളുപയോഗിച്ച് ജന്മദേശത്ത് മനുഷ്യരായി ജീവിക്കാനും പലായനത്തിന്റെ ഭാണ്ഡമിറക്കിവെച്ച് ‘അഭിമാനകരമായ അസ്തിത്വം’ നേടാനുമുള്ള ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ആഹ്വാനമുള്‍ക്കൊള്ളാന്‍ അന്ന് ഏറെപ്പേരുണ്ടായില്ല. പൗരത്വവും പാക്കിസ്താനുമെല്ലാം സ്വതന്ത്ര ഇന്ത്യയുടെ ഒന്നാംനാള്‍ തൊട്ടുള്ള ഭീഷണികളായി ന്യൂനപക്ഷങ്ങളുടെ തലക്കുമീതെ തൂങ്ങി. വിഖ്യാത പത്രപ്രവര്‍ത്തകന്‍ ഖുശ്‌വന്ത് സിങിന്റെ കൃതിയായ ‘പാക്കിസ്താനിലേക്കുള്ള തീവണ്ടി’യില്‍ ആ കാലം ചുട്ടുപഴുത്തുകിടന്നു. ”1947ലെ വേനല്‍ക്കാലം മറ്റു ഇന്ത്യന്‍ വേനലുകളെപോലെയായിരുന്നില്ല. അക്കൊല്ലം ഇന്ത്യയില്‍ കാലാവസ്ഥപോലും വേറൊന്നായിരുന്നു. സാധാരണമല്ലാത്തവിധം ചൂടു കൂടുതലായിരുന്നു. മഴയില്ലായിരുന്നു. ചെയ്ത പാപങ്ങള്‍ക്കു ദൈവം തങ്ങളെ ശിക്ഷിക്കുകയാണെന്നു ജനം പറഞ്ഞുതുടങ്ങി. ഹിന്ദുക്കളും സിക്കുകാരും വീടുകള്‍ ഉപേക്ഷിച്ചു കിഴക്കോട്ട് പലായനം ചെയ്തു. യാത്രക്കിടയില്‍ പുഴക്കടവുകളില്‍, നാല്‍ക്കവലകളില്‍, റെയില്‍വെ സ്റ്റേഷനുകളില്‍ പടിഞ്ഞാറോട്ട് പലായനം ചെയ്യുന്ന ഭയചകിതരായ മുസ്‌ലിം സംഘങ്ങളെ അവര്‍ കണ്ടു. കലാപങ്ങള്‍ ജനതകളുടെ തുടച്ചുമാറ്റലുകളായി മാറി. 1947ലെ വേനല്‍ക്കാലത്ത് ഒരു കോടിയോളം ജനങ്ങള്‍- അവരില്‍ മുസ്‌ലിംകളും ഹിന്ദുക്കളും സിക്കുകാരും ഉണ്ടായിരുന്നു- പലായനത്തിലായിരുന്നു. കാലവര്‍ഷം പെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവരില്‍ പത്തു ലക്ഷത്തോളം ആളുകള്‍ മരിച്ചിരുന്നു. ഉത്തരേന്ത്യ മുഴുവനായി സായുധമായിരുന്നു. ഭയന്നോ ഒളിച്ചോ ശാന്തിയുടെ മരുപ്പച്ചകളായി ബാക്കിനിന്നത് അതിര്‍ത്തികളിലെ ചുരുക്കം വിദൂരഗ്രാമങ്ങള്‍ മാത്രമാണ്.”
വംശീയഉന്മൂലന ലക്ഷ്യത്തോടെ തെരുവിലിറങ്ങിയ കലാപകാരികള്‍ വേട്ടകഴിഞ്ഞു തിരിച്ചുകയറുംവരെ പിന്‍ബലം പകര്‍ന്ന് കണ്ണുംപൂട്ടിയിരിക്കുന്ന ഭരണാധികാരികളും പൊലീസിന്റെ തിര നിറച്ച തോക്കുകള്‍ സംഘ്പരിവാര്‍ ക്രിമിനലുകള്‍ നിര്‍ബാധമുപയോഗിക്കുന്നതും 2020ലെ ഡല്‍ഹി കാഴ്ചയാണ്. പക്ഷേ 1947ലെ ഡല്‍ഹിയും ഭരണനേതൃത്വം അക്രമികള്‍ക്കെതിരായിരുന്നുവെന്നതൊഴിച്ചാല്‍ സമാനസ്വഭാവം പുലര്‍ത്തി. പൊലീസും സൈന്യവും അക്രമികള്‍ക്ക് അകമ്പടിയായി.
അന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയും നെഹ്‌റുവിനു സമശീര്‍ഷനായ നേതാവുമായ മൗലാന അബുല്‍കലാം ആസാദ്തന്നെ രാജ്യഗാത്രത്തിന്റെ അകക്കാമ്പില്‍പടര്‍ന്നുപിടിച്ച വര്‍ഗീയവിഷത്തെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രനേതൃത്വത്തിന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. ”സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തരകാര്യമന്ത്രിയായിരുന്നതുകൊണ്ട് ഡല്‍ഹിയിലെ ഭരണം അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിന്‍ കീഴിലായിരുന്നു. തീ വെപ്പിന്റെയും കൊള്ളകളുടേയും സംഖ്യ ക്രമാതീതമായപ്പോള്‍ ഗാന്ധിജി പട്ടേലിന് ആളയച്ചു വരുത്തി. ഈ അക്രമങ്ങള്‍ക്ക് അന്ത്യം വരുത്തുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഗാന്ധിജി അദ്ദേഹത്തോട് ചോദിച്ചു. അതിശയോക്തിപരമായ റിപ്പോര്‍ട്ടുകളാണ് ഗാന്ധിജിക്കു കിട്ടിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞു പട്ടേല്‍ അദ്ദേഹത്തെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. മുസ്‌ലിംകള്‍ക്ക് ഭയപ്പെടേണ്ടതായോ പരാതിപ്പെടേണ്ടതായോ യാതൊന്നുമുണ്ടായിട്ടില്ലെന്നുംവരെ പട്ടേല്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നു പേരും ഗാന്ധിജിയോട് ഒന്നിച്ചിരുന്ന ഒരവസരം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. പട്ടികളേയും പൂച്ചകളേയും പോലെ ഡല്‍ഹിയില്‍ മുസ്‌ലിംകളെ കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നു എന്നതു തനിക്കു സഹിച്ചുകൊള്ളുവാന്‍ വിഷമമായിരിക്കുന്നു എന്ന് ജവഹര്‍ലാല്‍ വേദനയോടു കൂടി പറഞ്ഞു. അവരെ സഹായിക്കാന്‍ സാധിക്കാത്ത തന്റെ കഴിവുകേടില്‍ അദ്ദേഹം അപമാനിതനായപോലെ കാണപ്പെട്ടു. ഈ ഭയങ്കര സംഭവങ്ങളെ അടിസ്ഥാനമാക്കി ജനങ്ങള്‍ പരാതിപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് എന്തു വിശ്രമമാണു കിട്ടുക? സ്ഥിതിഗതികള്‍ അസഹ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നും അടങ്ങിയിരിക്കുവാന്‍ തന്റെ മനസ്സാക്ഷി ഒരു വിധത്തിലും സമ്മതിക്കുകയില്ലെന്നും അദ്ദേഹം പല പ്രാവശ്യം പറഞ്ഞു.’ സര്‍ദാര്‍ പട്ടേലിന്റെ പ്രതികരണമറിഞ്ഞപ്പോള്‍ ഞങ്ങള്‍ സ്തംഭിച്ചിരുന്നു പോയി. പട്ടാപ്പകല്‍പോലും ഡല്‍ഹിയില്‍ മുസ്‌ലിംകളെ കശാപ്പു ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തില്‍ ജവഹര്‍ലാലിന്റെ പ്രസ്താവങ്ങള്‍ വസ്തുസ്ഥിതിയുമായി പൊരുത്തപ്പെടാത്തവയാണെന്ന് പട്ടേല്‍ ശാന്തനായി ഗാന്ധിജിയെ അറിയിച്ചു. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ നടന്നിരിക്കുമെങ്കിലും മുസ്‌ലിംകളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്നതിന് ഗവര്‍മെന്റ് കഴിവുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതലായി ഒന്നും തന്നെ ചെയ്യുവാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായിരുന്നുകൊണ്ട് തന്റെ ഗവണ്‍മെന്റിന്റെ ചെയ്തികളെ തന്നെ ജവഹര്‍ലാല്‍ അപലപിച്ചതില്‍ അദ്ദേഹത്തിനുണ്ടായ അസംതൃപ്തിയേയും സര്‍ദാര്‍ പട്ടേല്‍ പ്രകടിപ്പിക്കാതിരുന്നില്ല. കുറച്ചുനേരത്തേക്ക് ജവഹര്‍ലാല്‍ ഒന്നും മിണ്ടിയില്ല (പുസ്തകം: ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു).
സ്വാതന്ത്ര്യത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളിലായി ഇരുപതു ലക്ഷത്തോളം മനുഷ്യര്‍ വധിക്കപ്പെടുകയും രണ്ടു കോടിയില്‍പ്പരം ജനം വീടും ജീവിതോപാധികളും നശിപ്പിക്കപ്പെട്ട് പെരുവഴിയിലാകുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ നാലു കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെ ഈ ദുരിതപാതാളത്തില്‍ നിന്നു കരകയറ്റാന്‍ ഖാഇദേമില്ലത്തും കെ.എം സീതിസാഹിബും രാജ്യത്തിന്റെ പല ദിക്കുകളിലുമെത്തി മുസ്‌ലിംലീഗിന്റെ പുനഃസംഘാടനത്തിനു ശ്രമിച്ചു. വിഭജനത്തിനു മുമ്പ് മുസ്‌ലിംലീഗിന്റെ ദേശീയ നേതൃത്വം വഹിച്ചവരും പ്രവിശ്യാ പ്രധാനമന്ത്രിമാരായിരുന്നവര്‍പോലും ഭയന്നുപിന്‍മാറി. മുസ്‌ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ ആവശ്യമില്ലെന്ന് പരസ്യപ്രസ്താവന ചെയ്തു. മറ്റു പാര്‍ട്ടികളില്‍ ഇടമന്വേഷിച്ചു. പലരും രാഷ്ട്രീയംവിട്ടു. മിക്കയിടത്തും പാര്‍ട്ടിഘടകങ്ങള്‍ അവസാനിപ്പിച്ചു.
ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു, 1948 ജനുവരി 29ന് മദ്രാസിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഖാഇദേമില്ലത്തിനെ ആദരപൂര്‍വം ക്ഷണിച്ചുവരുത്തി; മുസ്‌ലിംലീഗ് സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണമെന്നും പകരം താങ്കള്‍ക്കും താങ്കള്‍ നിര്‍ദേശിക്കുന്നവര്‍ക്കും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭ്യമാക്കാമെന്നും പ്രലോഭിപ്പിച്ചു. പിറ്റേന്ന് 1948 ജനുവരി 30; മഹാത്മാഗാന്ധി വധിക്കപ്പെട്ടു. ന്യൂനപക്ഷ സമുദായത്തിനു ആശ്വാസമേകിയിരുന്ന മഹാത്മജിയെപോലും ഉന്മൂലനം ചെയ്ത വര്‍ഗീയ ഭ്രാന്തന്മാര്‍ കൊലവാളുമായി തുള്ളുന്ന രാജ്യത്ത് പ്രസ്ഥാനം അനിവാര്യമാണെന്ന് സാഹചര്യങ്ങള്‍ നിരന്തരം ബോധ്യപ്പെടുത്തി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെ നിരുത്സാഹപ്പെടുത്തിയിട്ടും സര്‍ദാര്‍ പട്ടേലിന്റെ നിരോധനനീക്കങ്ങളുള്‍പ്പെടെ ഭരണകൂടം സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും ഫലിച്ചില്ല.
ഖാഇദേമില്ലത്ത് പ്രസിഡണ്ടും മഹ്ബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും ഹസനലി പി. ഇബ്രാഹിം ട്രഷററുമായി പ്രഥമ ദേശീയ സമിതി നിലവില്‍വന്നു. കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, കെ.എം മൗലവി വി, ബി. പോക്കര്‍ സാഹിബ്, കെ. ഉപ്പി സാഹിബ് തുടങ്ങിയ നേതൃനിരയാല്‍ സുശക്തമായ മലബാര്‍ പ്രാരംഭഘട്ടംതന്നെ മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായി നിലകൊണ്ടു. 1934 മാര്‍ച്ച് 26 മുതല്‍ പ്രസിദ്ധീകരണമാരംഭിച്ച ചന്ദ്രിക ദിനപത്രം സംഘടനയുടെ ആശയ പ്രചാരണത്തിന്റെ കരുത്തുറ്റ വേദിയായി. സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെ പോലുള്ള പുതുതലമുറ നേതാക്കള്‍ ജനലക്ഷങ്ങളെ സംഘടനയോടടുപ്പിച്ചു. തലമുറകള്‍ അഭിമാനപൂര്‍വം നെഞ്ചില്‍ ചേര്‍ത്തുപിടിക്കുന്ന ലോകത്തിനു മാതൃകയായ ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ മുസ്‌ലിംലീഗ് നിര്‍ണായക പങ്കുവഹിച്ചു. വ്യക്തിസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയെല്ലാം സുഭദ്രനിലപാടുകളായി രാജ്യത്തിന്റെ ഭരണഘടനയില്‍ രേഖപ്പെട്ടതില്‍ ബി. പോക്കര്‍ സാഹിബും ഖാഇദേമില്ലത്തുമുള്‍പ്പെടെ ഭരണഘടനാ നിര്‍മാണസമിതിയിലുണ്ടായിരുന്ന 14 മുസ്‌ലിംലീഗ് അംഗങ്ങളുടെയും നിതാന്ത ജാഗ്രതയുണ്ട്. ആസാമില്‍നിന്നുള്ള മുസ്‌ലിംലീഗ് പ്രതിനിധി മുഹമ്മദ് സഅദുല്ല ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയിലംഗമായിരുന്നു.
മഹ്ബൂബ് അലി ബേഗ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം, ഖാഇദേമില്ലത്ത്, ബി. പോക്കര്‍ സാഹിബ് (മദ്രാസ്), നാസറുദ്ദീന്‍ അഹമ്മദ് (പശ്ചിമബംഗാള്‍), നജ്മുല്‍ ഹുസൈന്‍, മുഹമ്മദ് താഹിര്‍ (ബിഹാര്‍), മുഹമ്മദ് സഅദുല്ല (ആസാം), ചൗധരി മാലി മുഹമ്മദ്, മുഹമ്മദ് ഇസ്മായില്‍ഖാന്‍, ഇസഡ്.എച്ച് ലാഹ്‌രി, ബീഗം ഐജാസ് റസൂല്‍ (യുണൈറ്റഡ് പ്രൊവിന്‍സ്), ഇബ്രാഹിം ഇസ്മായില്‍ ചുന്ദ്രിഗര്‍ (ബോംബെ), കെ.എന്‍ കരീമുദ്ദീന്‍ (സെന്‍ട്രല്‍ പ്രൊവിന്‍സ്) എന്നിവരായിരുന്നു ഭരണഘടനാ നിര്‍മാണ സഭയില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചത്.
രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ ഒരുതലത്തിലും ഇടപെടാനാവാത്ത പഞ്ചായത്ത് മെമ്പറാവാന്‍പോലും സാധ്യതയില്ലാത്ത പാര്‍ട്ടിയായി മുസ്‌ലിംലീഗ് അവസാനിക്കുമെന്നും, അത് രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് ന്യൂനപക്ഷങ്ങളെ അകറ്റുന്നതിനു കാരണമായിത്തീരുമെന്നുമുള്ള പ്രവചനങ്ങളും നിരീക്ഷണങ്ങളും കാലം അസ്ഥാനത്താക്കി. 1952 മുതല്‍ 2019 വരെ നിലവില്‍വന്ന എല്ലാ ലോക്‌സഭകളിലും നിയമനിര്‍മാണത്തില്‍ പങ്കുവഹിക്കാന്‍ മുസ്‌ലിംലീഗ് പ്രതിനിധികളുണ്ടായി.
ബി. പോക്കര്‍ സാഹിബ് (1952 മലപ്പുറം, 1957 മഞ്ചേരി), ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (1962, 1967, 1971 മഞ്ചേരി), സി.എച്ച് മുഹമ്മദ് കോയ (1962 കോഴിക്കോട്, 1973 മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (1967, 1971 കോഴിക്കോട്, 1977, 1980, 1984, 1989 മഞ്ചേരി, 1991 പൊന്നാനി), എസ്.എം ശരീഫ് (1967 രാമനാഥപുരം, 1971 പെരിയകുളം), അബുതാലിബ് ചൗധരി (1971 മുര്‍ഷിദാബാദ്), ജി.എം ബനാത്ത് വാല (1977, 1980, 1984, 1989, 1996, 1998, 1999 പൊന്നാനി), എ.കെ.എ അബ്ദുസ്സമദ് (1977 വെല്ലൂര്‍), ഇ. അഹമ്മദ് (1991, 1996, 1998, 1999 മഞ്ചേരി, 2004 പൊന്നാനി, 2009, 2014 മലപ്പുറം), പ്രൊഫ. കെ.എം ഖാദര്‍ മുഹ്‌യുദ്ദീന്‍ (2004 വെല്ലൂര്‍), എം. അബ്ദുറഹിമാന്‍ (2009 വെല്ലൂര്‍), ഇ.ടി മുഹമ്മദ് ബഷീര്‍ (2009, 2014, 2019 പൊന്നാനി), പി.കെ കുഞ്ഞാലിക്കുട്ടി (2017, 2019 മലപ്പുറം), കെ. നവാസ് ഗനി (2019 രാമനാഥപുരം) എന്നിവര്‍ ലോക്‌സഭയിലും ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (1952-1958 തമിഴ്‌നാട്), ഇബ്രാഹിം സുലൈമാന്‍ സേട്ട് (1960-1966 കേരളം), എ.കെ.എ അബ്ദുസ്സമദ് (1964-1976 തമിഴ്‌നാട്), ബി.വി അബ്ദുല്ലക്കോയ (1967-1998 കേരളം), എസ്.എ ഖാജ മുഹ്‌യുദ്ദീന്‍ (1968-1980 തമിഴ്‌നാട്), ഹമീദലി ശംനാട് (1970-1979 കേരളം), എ.കെ രിഫാഇ (1972-1978 തമിഴ്‌നാട്), എം.പി അബ്ദുസ്സമദ് സമദാനി (1994-2003 കേരളം), പി.വി അബ്ദുല്‍ വഹാബ് (2004-2010, 2015-) എന്നിവര്‍ രാജ്യസഭയിലും വിവിധ കാലങ്ങളില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു.
ഹോംഗാര്‍ഡില്‍ പോലും മുസ്‌ലിമിനു പ്രവേശനം നല്‍കില്ലെന്ന് പറഞ്ഞ പൊലീസ് മന്ത്രിമാരുടെ കണ്‍മുന്നില്‍ മുസ്‌ലിംലീഗുകാരനായ സി.എച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായി. മുഖ്യമന്ത്രിയായി. രണ്ടു തവണ സി.എച്ചും ഒരു തവണ അവുക്കാദര്‍കുട്ടി നഹയും ഉപമുഖ്യമന്ത്രി പദം വഹിച്ചു. തദ്ദേശസഭ മുതല്‍ ഐക്യരാഷ്ട്ര സഭ വരെ എത്തി മുസ്‌ലിംലീഗ് പ്രതിനിധി ഇ. അഹമ്മദ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെന്ന ഖ്യാതിക്കൊപ്പം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന പദവിയും ഇ. അഹമ്മദിനും മുസ്‌ലിംലീഗിനും സിദ്ധമായി.
സ്പീക്കര്‍മാരായ കെ.എം സീതി സാഹിബും സി.എച്ചും കെ. ബാവ ഹാജിയും ചാക്കീരി അഹമ്മദ്കുട്ടിയും കേരള നിയമസഭയെ നിയന്ത്രിച്ച മുസ്‌ലിംലീഗ് പ്രതിനിധികളാണ്. സി.എച്ച്, എം.പി.എം അഹമ്മദ്കുരിക്കള്‍, കെ. അവുക്കാദര്‍കുട്ടി നഹ, ചാക്കീരി അഹമ്മദ്കുട്ടി, യു.എ ബീരാന്‍, ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ.കെ ബാവ, സി.ടി അഹമ്മദലി, ഡോ. എം.കെ മുനീര്‍, ചെര്‍ക്കളം അബ്ദുല്ല, നാലകത്ത് സൂപ്പി, കെ. കുട്ടി അഹമ്മദ്കുട്ടി, വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി തുടങ്ങിയവര്‍ വിവിധ കേരള സര്‍ക്കാരുകളിലും അഡ്വ. എ.കെ.എ ഹസ്സനുസ്സമാന്‍ ഉള്‍പ്പെടെ മൂന്നു അംഗങ്ങള്‍ 1970ല്‍ പശ്ചിമബംഗാളിലെ അജയ്മുഖര്‍ജി സര്‍ക്കാരിലും മന്ത്രിമാരായി. പി. സീതി ഹാജി, കെ.പി.എ മജീദ് എന്നിവര്‍ ഗവ. ചീഫ് വിപ്പുമാരും എം.പി.എം ജാഫര്‍ഖാന്‍, കെ.എം ഹംസക്കുഞ്ഞ്, കൊരമ്പയില്‍ അഹമ്മദ് ഹാജി എന്നിവര്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരുമായി.
തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ഏഴ് എം.എല്‍.എമാര്‍ വരെ ഒരേസമയം നിയസഭയില്‍ മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ചു. മഹാരാഷ്ട്ര, ആസാം, യു.പി, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലും വിവിധ നിയമസഭകളില്‍ മുസ്‌ലിംലീഗ് പ്രതിനിധികളുണ്ടായി. സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കിയ ഏറ്റവുമധികം സര്‍വകലാശാലകളും വിദ്യാലയങ്ങളും സ്ഥാപിച്ച കേരളത്തിലെ വിപ്ലവകരമായ വിദ്യാഭ്യാസ മുന്നേറ്റങ്ങളുള്‍പ്പെടെ എണ്ണമറ്റ പുരോഗമന നടപടികള്‍ക്ക് മുസ്‌ലിംലീഗ് നേതൃത്വം നല്‍കി. രാജ്യത്തിന്റെ മതേതര, ജനാധിപത്യ വ്യവസ്ഥയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളുണ്ടാകുമ്പോഴെല്ലാം പ്രതിരോധകവചമൊരുക്കി മുസ്‌ലിംലീഗ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിക്കു കരുത്ത് പകര്‍ന്നു. 1969ല്‍ വി.വി ഗിരിയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്‌ലിംലീഗിന്റെ പിന്തുണ വിധിനിര്‍ണായകമായി. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ നിഗൂഢമായ അധികാരാരോഹണ നീക്കത്തിന് തന്ത്രപൂര്‍വം തടയിട്ടു അന്നു മുസ്‌ലിംലീഗ്. ദേശീയോദ്ഗ്രഥനം, മതമൈത്രി, രാജ്യത്തെ വികസന, പുരോഗമന, നിയമനിര്‍മാണങ്ങള്‍ എന്നിവയിലെല്ലാം മുസ്‌ലിംലീഗിന്റെ ആത്മാര്‍ത്ഥമായ സമര്‍പ്പണം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. വര്‍ഗീയതക്കും തീവ്രവാദത്തിനുംമെതിരെ മുസ്‌ലിംലീഗ് കൈക്കൊണ്ട ദീര്‍ഘവീക്ഷണപരമായ നയനിലപാടുകള്‍ രാജ്യത്ത് സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് അരങ്ങൊരുക്കി.
ഭരണകൂടങ്ങളാല്‍ നിരന്തരം അവഗണിക്കപ്പെട്ട മുസ്‌ലിംകളാദി ന്യൂനപക്ഷ, ദലിത്, പിന്നാക്ക സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിക്കാന്‍ മുസ്‌ലിംലീഗിനു കഴിഞ്ഞു. അവരില്‍ അക്ഷരവും അറിവും അവകാശബോധവും രാഷ്ട്രീയ പ്രബുദ്ധതയും പകര്‍ന്ന് ആ നിസ്വജനതയെ മുസ്‌ലിംലീഗ് അധികാരശക്തിയാക്കി.
ഖാഇദേമില്ലത്തിനു ശേഷം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത്‌വാല, ഇ. അഹമ്മദ് എന്നിവര്‍ സംഘടനയുടെ ദേശീയ അധ്യക്ഷ പദവി വഹിച്ചു. കെ.ടി.എം അഹമ്മദ് ഇബ്രാഹിം, കെ.എം സീതി സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, സി.എച്ച് മുഹമ്മദ്‌കോയ, ജി.എം ബനാത്ത്‌വാല, എ.കെ.എ അബ്ദുസ്സമദ്, ഇ. അഹമ്മദ്, പ്രൊഫ. ഖാദര്‍ മൊയ്തീന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി.
കേരള സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ടുമാരായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംഘടനയുടെ ജനകീയ അടിത്തറ സുശക്തമാക്കി ചരിത്രത്തിലിടം നേടി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പ്രസിഡണ്ടും പി.കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയുമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കമ്മിറ്റി 2018ല്‍ നിലവില്‍വന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും പി.വി അബ്ദുല്‍ വഹാബ് ട്രഷററുമാണ്. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, ദസ്തഖീര്‍ ആഗ വൈസ് പ്രസിഡണ്ടുമാരാണ്. മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ്, എസ്.ടി.യു തുടങ്ങി വിവിധ പോഷക ഘടകങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞു.
സംഘടനയുടെ ഏറ്റവും കരുത്തുറ്റ ഘടകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ കേരള സംസ്ഥാന കമ്മിറ്റിയാണ്. കെ.പി.എ മജീദ് ജനറല്‍ സെക്രട്ടറിയായ കേരള ഘടകം സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനങ്ങളിലൊന്നാണ്. ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിംലീഗ് കേരള നിയമസഭാ കക്ഷിയില്‍ 18 അംഗങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ അംഗത്വമുള്ള ജില്ലാ ഘടകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ മലപ്പുറമാണ്.
സഹസ്രാബ്ദത്തിലേറെയായി ഇന്ത്യന്‍ മണ്ണിന്റെ ആഴങ്ങളില്‍ വേരുപിടിച്ച സംസ്‌കൃതിയായി, എണ്ണമറ്റ തലമുറകളിലൂടെ ഈ മണ്ണില്‍ വസിക്കുന്ന ഒരു ജനസമുദായത്തിന്റെ രാജ്യസ്‌നേഹവും പൗരത്വവും മനുഷ്യാവകാശങ്ങളും വര്‍ഗീയതയുടെ മുഴക്കോലില്‍ അളന്നെടുക്കുന്നവര്‍ക്കായി അര നൂറ്റാണ്ടോളം മുമ്പ് ഖാഇദേമില്ലത്ത് നല്‍കിയ മറുപടിയുണ്ട്:
‘ഈ സമൂഹത്തിനൊരു അന്തസ്സ് ലഭിക്കുന്നുവെങ്കില്‍ അത് അവര്‍ മുസ്‌ലിംകളാണെന്ന ഒറ്റക്കാരണം കൊണ്ടാണ്. ലോകചരിത്രത്തിലേക്കു കണ്ണോടിക്കുക. ഓരോ താളും ഓരോ വരിയും ശ്രദ്ധയോടെ വായിക്കുക. മുസ്‌ലിം സമുദായം ഒറ്റിക്കൊടുത്തതിന്റെ പേരില്‍ ഒരു രാജ്യത്തിനും ഹാനി സംഭവിച്ചിട്ടില്ല. ഇന്ത്യാ ചരിത്രവും ഇതിനു തെളിവ് നല്‍കുന്നുണ്ട്. ചൈന ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മുസ്‌ലിം സമുദായം മാതൃഭൂമിയുടെ മാനം രക്ഷിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു. പാക്കിസ്താന്‍ ഇന്ത്യയെ ആക്രമിച്ചപ്പോഴും ജീവന്‍ ബലികൊടുക്കാന്‍ സന്നദ്ധരായികൊണ്ടാണു മുസ്‌ലിംകള്‍ ശത്രുവിനെതിരെ അണിനിരന്നത്.
പാക്കിസ്താന്റെ പാറ്റന്‍ ടാങ്കുകള്‍ക്കു മുമ്പില്‍ അവസാന ശ്വാസംവരെ യുദ്ധം ചെയ്ത് വീരമൃത്യു വരിച്ച ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിനെ ഇന്ത്യാ ഗവണ്‍മെന്റ് മരണാനന്തര ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. കാശ്മീരില്‍ ബ്രിഗേഡിയര്‍ ഉസ്മാന്റെ വീരമൃത്യു കണക്കിലെടുത്തു ഇന്ത്യാ ഗവണ്‍മെന്റ് മെഡല്‍ നല്‍കിയിട്ടുണ്ട്. മാതൃരാജ്യമായ ഇന്ത്യയുടെ അഭിമാന സംരക്ഷണാര്‍ഥം നൂറുകണക്കില്‍ മുസ്‌ലിം സൈനികര്‍ പാക്കിസ്താനെ എതിര്‍ത്ത് യുദ്ധം ചെയ്തു മരണമടഞ്ഞിട്ടുണ്ട്. അന്ന് പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഒട്ടുവളരെ പേരില്‍ ഒരൊറ്റ മുസ്‌ലിം പോലുമുണ്ടായിരുന്നില്ലെന്ന ചരിത്രസത്യം ഞാന്‍ ഓര്‍മിപ്പിക്കട്ടെ. ഇന്ത്യയുടെ പ്രാചീന ചരിത്രത്തിലേക്കു ശ്രദ്ധിക്കുക- ഇബ്രാഹിം ഘോറി മറാട്ടക്കാരെ ആക്രമിച്ചപ്പോള്‍ മറാട്ടക്കാരുടെ സൈന്യാധിപനായിരുന്ന അഹമ്മദ് ഷാ അബിദാലി, ഘോറിയുമായി കൂട്ടുചേര്‍ന്നിരുന്നില്ല. ശത്രു സൈന്യം അഹമ്മദ് ഷാ അബിദാലിയോട്, ദൗത്യസംഘത്തെ അയച്ചു സഹായം തേടിയപ്പോള്‍ അത് നിസ്സങ്കോചം നിരസിച്ചു ഇബ്രാഹിം ഘോറിക്കെതിരെ പടപൊരുതി വീരമരണം പ്രാപിക്കുകയായിരുന്നു. വിശ്വാസവഞ്ചന അദ്ദേഹം കാണിച്ചില്ല. മുഗള്‍ സാമ്രാജ്യത്തെ എതിര്‍ത്തു ഛത്രപതി ശിവജി യുദ്ധം തൊടുത്തപ്പോഴൊക്കെ സൈന്യത്തില്‍ ഗണ്യമായ തോതില്‍ മുസ്‌ലിംകളുണ്ടായിരുന്നു. ആ മുസ്‌ലിം സൈന്യം ശിവജിയോട് നന്ദികേട് കാണിച്ചില്ല. അവസാനം വരെ മുഗള്‍ സാമാജ്യത്തിനെതിരെ ശിവജിയോട് കൂറുപുലര്‍ത്തിക്കൊണ്ടുതന്നെ അവര്‍ യുദ്ധം ചെയ്യുകയായിരുന്നു. ശിവജിയുടെ സൈന്യത്തില്‍ മുഖ്യപടനായകനായി ഒരു മുസ്‌ലിം ഉണ്ടായിരുന്നു. ഔറംഗസീബ് ചക്രവര്‍ത്തി അദ്ദേഹത്തെ വലയിടാന്‍ നോക്കി. സ്വത്തും സ്വര്‍ണവും നല്‍കാമെന്നും മുസ്‌ലിമായിരുന്നുകൊണ്ട് മുസ്‌ലിംകളെ എതിര്‍ക്കുന്നത് ഉചിതമല്ലെന്നും ദൂതന്‍മാര്‍ മുഖേന ബോധ്യപ്പെടുത്താന്‍ നോക്കി. ശിവജിയുടെ മുഖ്യ മുസ്‌ലിം സൈന്യാധിപന്‍ അനങ്ങിയില്ല. പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ ശിവജിയുടെ കൂടെ നിന്ന് മുഗള്‍ സാമ്രാജ്യത്തിനെതിരെ യുദ്ധരംഗത്ത് തന്നെ നിലകൊണ്ടു. ഒരു വഞ്ചനയും അദ്ദേഹം കാണിച്ചില്ല. ശിവജിയും മുഗളരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആ മുസ്‌ലിം സൈന്യാധിപന്‍ സ്വശരീരത്തില്‍ എഴുപതു മുറിവുകളേറ്റുവാങ്ങിയാണു ജീവന്‍ വെടിഞ്ഞത്. ശിവജിയോടൊപ്പം വിശ്വസ്തതയോടെ യുദ്ധം ചെയ്തു തന്റെ കൂറ് അദ്ദേഹം ലോകത്തിനു മുമ്പില്‍ തെളിയിച്ചു.
അലാവുദ്ദീന്‍ ഖില്‍ജി എന്ന മഹാരാജാവ് ഡല്‍ഹി വാണിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സൈനിക കമാന്റര്‍ മാലിക്കാപൂര്‍ തമിഴ്‌നാട്ടിലെ മധുരയുടെ നേര്‍ക്കു യുദ്ധത്തിനായി ചെന്നു. മധുരാ ചക്രവര്‍ത്തിയുടെ കീഴില്‍ ഇരുപതിനായിരം മുസ്‌ലിം ഭടന്‍മാരടങ്ങിയ ഒരു സൈന്യമുണ്ടായിരുന്നു. മാതൃരാജ്യത്തിനു നേര്‍ക്കു യുദ്ധം പ്രഖ്യാപിച്ചു വരുന്ന മാലിക്കാപൂരിനെ നേരിട്ടു രാജ്യത്തെ സംരക്ഷിക്കാന്‍ മധുരയിലെ മുസ്‌ലിം ഭടന്‍മാര്‍ സന്നദ്ധരായിരിക്കെ മധുര മുസ്‌ലിം സൈന്യാധിപനു മാലിക്കാപൂരിന്റെ സൈന്യത്തെ നേരിട്ടു വിജയം കാണാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് മുസ്‌ലിംകളായ നിങ്ങളുടെ ജീവന്‍ അപഹരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ നിങ്ങള്‍ മധുരാ സൈന്യത്തില്‍നിന്നുവിട്ടു തന്റെ സൈന്യത്തോടൊപ്പം ചേരുക എന്ന സന്ദേശമയക്കുകയായിരുന്നു. ആ സന്ദേശം ലഭിച്ച മധുര മുസ്‌ലിം സേനാധിപന്‍ മാലിക്കാപൂരിനയച്ച മറുപടി എന്തായിരുന്നുവെന്നറിയേണ്ടേ?
ആ മറുപടിക്കത്ത് മുസ്‌ലിംകളുടെ രാജ്യസ്‌നേഹത്തിനും വിശ്വാസ്യതക്കും അനശ്വര സാക്ഷ്യപത്രമായി ചരിത്രത്തിന്റെ താളുകളില്‍ ഇന്നും തിളക്കമാര്‍ന്നു നില്‍ക്കുന്നു. താങ്കള്‍ക്കു മധുരയെ കീഴ്‌പ്പെടുത്തണമെങ്കില്‍ ആദ്യം മധുരാ സൈന്യത്തിലുള്ള മുസ്‌ലിംകളുടെ മൃതശരീരങ്ങളിലൂടെ ചവിട്ടിക്കടന്നിട്ടേ അത് നടപ്പാക്കാനാകൂ. ഞങ്ങളുടെ മാതൃരാജ്യം ഞങ്ങള്‍ക്കു ജീവനിലുപരി വലുതാണ്. മാതൃരാജ്യത്തിന്റെ വിശ്വസ്തരായ മക്കളാണു ഞങ്ങള്‍. അതിനെ തകര്‍ക്കാന്‍ ഒരിക്കലും സമ്മതിക്കുന്ന പ്രശ്‌നമേയില്ല. മാതൃഭൂമിയെ സംരക്ഷിക്കാനുള്ള ധര്‍മസമരത്തില്‍ ചോരയൊഴുക്കി വീരമരണം പ്രാപിക്കേണ്ടി വന്നാലും താങ്കളുടെ സൈന്യവുമായി സഹകരിക്കുന്ന പ്രശ്‌നമേയില്ലെന്നാണു മാലിക്കാപൂരിനു മധുരാ സൈന്യത്തിന്റെ പടനായകന്‍, എഴുതി അയച്ച മറുപടിക്കത്ത്. അന്നാണെങ്കിലും ഇന്നാണെങ്കിലും ഇനി എന്നാണെങ്കിലും ശരി, മുസ്‌ലിംകള്‍ അവരുടെ രാജ്യത്തോട് വഞ്ചന കാണിച്ച ചരിത്രമേയില്ല. ഇത്തരം കൂറ്റന്‍ സത്യങ്ങളെ അപവാദങ്ങളുടെ കാര്‍മേഘം കൊണ്ട് മറച്ചുപിടിക്കാന്‍ എത്രകാലം കഴിയും? കാര്‍മേഘങ്ങള്‍ നീങ്ങി ആ വലിയ സത്യം സൂര്യതേജസ്സ് പോലെ സ്വയം പ്രകടമാവുന്ന കാലം ഒട്ടും വിദൂരമല്ല.

SHARE