മോദി കാലഘട്ടത്തിലെ പരാജയത്തിന്റെ കണക്കെടുപ്പ്

സോഷ്യല്‍ ഓഡിറ്റ് /ഡോ. രാംപുനിയാനി

ഇയ്യിടെ ലോക്‌സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച മോദി സര്‍ക്കാറിന്റെ നയങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു. അഴിമതി നിയന്ത്രിക്കുന്നതിലും വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിലും മുഴുവന്‍ പൗരന്മാരുടെയും എക്കൗണ്ടുകളില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിലും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിലക്കയറ്റം നിയന്ത്രിക്കുന്നതിലും കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും തുടങ്ങി എല്ലാ നിലയിലും പരാജയപ്പെട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. ചര്‍ച്ച നയിച്ച രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാറിന്റെ തലയില്‍ ആണിയടിക്കുന്നതായിരുന്നു. സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷവും അക്രമവും ഉയര്‍ത്തിക്കാട്ടേണ്ടതിന്റെ ആവശ്യകതയും പ്രത്യേകിച്ചും, വര്‍ധിച്ചുവരുന്ന ഭയപ്പെടുത്തലുകളും മതന്യൂനപക്ഷങ്ങളെ പാര്‍ശ്വവത്കരിക്കുന്നതുമുള്‍പ്പെടെയുള്ള മറ്റു പ്രശ്‌നങ്ങളും ശ്രദ്ധേയമായിരുന്നു.

മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ച ഇക്കാര്യങ്ങള്‍ ഒരു റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക വേളയില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍ ഇത് പരാമര്‍ശിക്കുന്നു. ജോണ്‍ ദയാല്‍, ലീന ദബിറു, ശബ്‌നം ഹാഷ്മി തുടങ്ങിയവര്‍ എഡിറ്റ് ചെയ്ത ‘വിദ്വേഷത്തിന്റെ ഇന്ത്യ’ എന്ന ഉചിതമായ തലക്കെട്ടോടെയുള്ള പുസ്തകം ശ്രദ്ധേയമാണ്. ദേശീയോദ്ഗ്രഥനവും സാമുദായിക സൗഹാര്‍ദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുത്തുകാരും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് ലേഖനങ്ങളെഴുതിയതിനാല്‍ ഈ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമാണ്. ഭരണകക്ഷിയായ മോദി സര്‍ക്കാറിനെ അതിസൂക്ഷ്മമായി വിമര്‍ശിക്കുന്ന 22 എഴുത്തുകാരുടെ കൃത്യമായ രേഖപ്പെടുത്തലാണിത്.

മോദി സര്‍ക്കാറിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ സംഭവവികാസങ്ങള്‍ വിശാലമായ ക്യാന്‍വാസില്‍ വരച്ചുവെക്കുന്നതാണ് റിപ്പോര്‍ട്ട്. ആശങ്കയുടെ പ്രശ്‌നം, കാലാള്‍ പടയാളികള്‍ (ആള്‍ക്കൂട്ട ആക്രമണം) എന്നിവ വളരെ സജീവമാണെന്നും നശീകരണത്തിന്റെ സൃഷ്ടിപ്പും നന്നായി രേഖപ്പെടുത്തുന്നുണ്ട്. ഈ ജനക്കൂട്ടം സ്വാഭാവികമാണെന്ന് തോന്നുമെങ്കിലും അവര്‍ വിദഗ്ധമായി സംഘടിപ്പിക്കപ്പെട്ടവരാണ്. അവരെ നിഗൂഢമായി സജീവമാക്കുകയും ഭരണാധികാരികളില്‍ നിന്ന് ശക്തമായ പ്രോത്സാഹനം ലഭിക്കുകയും ചെയ്യും. അവര്‍ നിയമങ്ങള്‍ കൈയിലെടുക്കുന്നു. അവര്‍ക്കറിയാം അവരതില്‍ നിന്ന് അകലെയാണെന്ന്. പക്ഷപാതപരമായ ഘടനകളെ പ്രോത്സാഹിപ്പിക്കുന്ന മിത്തുകള്‍ നിയമം കയ്യിലെടുക്കാനും അക്രമം അഴിച്ചുവിടാനും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഭയപ്പെടുത്താനും ആള്‍ക്കൂട്ടത്തെ ധൈര്യവാന്‍മാരാക്കുന്ന മോദി സര്‍ക്കാറിന്റെ നയം റിപ്പോര്‍ട്ടില്‍ എഡിറ്റര്‍മാര്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

‘ഇന്ത്യയുടെ ആശയം’ സംരക്ഷിക്കുന്നതിന് എഴുത്തുകാരുടെ അത്യധികം സെന്‍സിറ്റീവും ആഴത്തിലുള്ളതുമായ ഉത്കണ്ഠ പ്രകടമാക്കുന്നതാണ് റിപ്പോര്‍ട്ട്. പൗരാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഭീതിയുടെയും സ്ഥിതിവിവര കണക്കുകള്‍ ഇതിലുണ്ട്. നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭിന്നതയുടെ ഹിന്ദുത്വ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിന്റെയും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരത്തിന്റെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എതിര്‍ക്കുന്നതിന്റെയുമൊക്കെ സര്‍വവശങ്ങളും ലേഖനത്തില്‍ പ്രതിപാദിക്കുന്നു. ‘ആള്‍ക്കൂട്ടക്കൊലയും വിദ്വേഷത്തിന്റെ മറ്റ് അനന്തരഫലങ്ങളും’ എന്ന ജോണ്‍ ദയാലിന്റെ ലേഖനം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ നേര്‍സാക്ഷ്യം വരച്ചുകാണിക്കുന്നതാണ്. അക്രമം സ്വാഭാവികമല്ല, തെറ്റിദ്ധാരണകള്‍ പരക്കുന്നതിന്റെ അനന്തരഫലമാണത്. ഇതിന്റെ ആകെത്തുക സമൂഹത്തില്‍ വിദ്വേഷം പരത്തുകയെന്നതാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതെങ്ങനെയായിരുന്നെന്ന് നമ്മോട് പറയുന്ന ലേഖനങ്ങളുണ്ട്. സാമൂഹ്യ ഇടം ആഴത്തില്‍ വര്‍ഗീയവത്കരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന അവസ്ഥ വിശദീകരിക്കുകയാണ് ഹര്‍ഷ് മന്ദറിന്റെ ‘വിദ്വേഷത്തിന്റെ രാഷ്ട്രം’.

പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി (മനുഷ്യ ശരീരത്തില്‍ ആനയുടെ തലയുള്ള ഗണപതിയെ ഉദ്ദേശിച്ച്) നിലവിലുണ്ടായിരുന്നുവെന്ന് നമ്മുടെ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ ഭാവനയില്‍ കാണേണ്ടത് ഭരണനിര്‍വഹണം നടത്തുന്നവര്‍തന്നെ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുകയും കഴിഞ്ഞകാലത്തെ മഹത്വപ്പെടുത്തുകയുമാണെന്നാണ്. ഈ മഹത്വപ്പെടുത്തല്‍ നമ്മോട് പറയുന്നത് പുഷ്പക വിമാനത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും വൈഫൈ, ടെലിവിഷന്‍ തുടങ്ങി നിങ്ങള്‍ക്കെന്തുണ്ട് അതിനെക്കുറിച്ചൊക്കെയാണ്. എഴുത്തുകാരായ ജൗഹര്‍ റാസ, ഡോ. സുര്‍ജിത് സിങ് എന്നിവര്‍ നമ്മുടെ നേതാക്കളുടെ ഇത്തരം രസകരമായ ഔദ്യോഗിക പ്രഖ്യാപനങ്ങളുടെ ലിസ്റ്റ് തന്നെ തയാറാക്കിയിട്ടുണ്ട്. ഇത് നമ്മോട് പറയുന്നത് ഇക്കാര്യങ്ങള്‍ വെറും പ്രസ്താവനയുടേത് മാത്രമല്ല, നമ്മുടെ ശാസ്ത്ര നയം, ശാസ്ത്ര ഗവേഷണ വിഷയങ്ങളിലെ ധനവിനിയോഗം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ മേഖലകളില്‍ നിന്ന് വഴിതിരിച്ചുവിടുകയുമാണ്. പഞ്ചഗവ്യ (പശുവിന്റെ ചാണകം, മൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയുടെ ഒരു മിശ്രിതം) യുടെ ഗവേഷണത്തിനായി ഉന്നതതല സമിതിയുടെ കീഴില്‍ വലിയ തുക ചെലവഴിക്കുകയാണ്. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തിപ്പിടിച്ചതും ഭരണഘടനയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതുമായ ശാസ്ത്രീയതയുടെ മുഴുവന്‍ പാരമ്പര്യവും ഈ സര്‍ക്കാറിന്റെ ഹാസ്യാത്മക നയങ്ങളിലൂടെ മുന്നോട്ടുപോകുകയാണ്.

വിദ്യാഭ്യാസ സമ്പ്രദായം വളരെ വേഗത്തിലാണ് വര്‍ഗീയവത്കരിച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ രാജാക്കന്മാരെ മഹത്വവത്കരിക്കുന്നതും മറ്റുള്ളവരെ പൈശാചികരായി കാണുന്നതുമായ മോദി സര്‍ക്കാറിന്റെ അജണ്ടയുടെ ഭാഗമായുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതി സമൂഹത്തില്‍ ഒരു ഭ്രാന്തന്‍ വീക്ഷണം പ്രോത്സാഹിപ്പിക്കുകയാണ്. കെരാന്‍ ഗബ്രിയേല്‍ ഇതേക്കുറിച്ച് വ്യക്തമായ രേഖ നല്‍കുന്നുണ്ട്. തന്റെ ‘ദി ഐഡിയ ഓഫ് ഇന്ത്യ: ദി കെയ്‌സ് ഓഫ് പ്ലൂരാലിറ്റി’യില്‍ നമ്മുടെ ബഹുമുഖ പാരമ്പര്യങ്ങള്‍ ഊന്നിപ്പറഞ്ഞ് രാജ്യത്തിന്റെ വൈവിധ്യത്തെ ഉയര്‍ത്തിപ്പിടിച്ചതിന് കെ സച്ചിതാനന്ദനെ ആക്രമിക്കുകയുണ്ടായി. ‘ഫാസിസ്റ്റ് ഭരണത്തിലെ ആദിവാസികള്‍’ എന്ന തലക്കെട്ടില്‍ ഗോള്‍ഡി ജോര്‍ജ് വളരെ അവഗണിക്കപ്പെട്ട വിഭാഗമായ ആദിവാസികളുടെ അവസ്ഥ വരച്ചിടുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെയാണ് കവിതാ കൃഷ്ണന്‍ വിശദീകരിക്കുന്നത്. അതേസമയം, മാധ്യമങ്ങളുമായും ജുഡീഷ്യറിയുമായും ബന്ധപ്പെട്ട നയങ്ങള്‍ നമ്മുടെ ദേശീയ ധാര്‍മ്മികതയുടെ സ്വാധീനം വളരെയേറെ അസ്വസ്ഥമാക്കുന്ന വായനയാണ്.

ഇതുമാത്രമല്ല, ആവിഷ്‌കാര സ്വാതന്ത്ര്യം, വിദ്യാഭ്യാസ മേഖലയിലെ കടന്നുകയറ്റം, വിദ്വേഷം, മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള ആക്രമണം, ക്രിസ്ത്യാനികള്‍ക്കും ദലിതര്‍ക്കും നേരെയുള്ള അതിക്രമം, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍, സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം തുടങ്ങി പൗര സമൂഹത്തിനു നേരെയുണ്ടാകുന്ന നിര്‍ണായക ആക്രമണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പത്രാധിപന്മാര്‍ കഠിന ജോലിയാണ് നടത്തുന്നത്. നമ്മുടെ രാജ്യത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍ മനസ്സിലാക്കുന്നതിന്റെ വിലപ്പെട്ട വിഭവമാണ് സംഭവങ്ങളുടെ ഈ സംഗ്രഹം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആഴത്തിലുള്ള ഒരു ചിത്രം അവതരിപ്പിക്കുന്നു ഈ റിപ്പോര്‍ട്ട്. ‘വ്യത്യസ്തമായൊരു പാര്‍ട്ടിയാണ് ബി.ജെ.പി’ എന്ന വസ്തുത റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നു. അവരുടെ മാതൃ സംഘടനയായ ആര്‍.എസ്.എസ് പ്രഖ്യാപിച്ചതുപോലെ ഹിന്ദു ദേശീയതയുടെ രാഷ്ട്രീയമാണ് അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ബി.ജെ.പി ഭരണത്തില്‍ സംരക്ഷണവും പ്രോത്സാഹനവും ആവശ്യമായ ‘ഇന്ത്യ എന്ന ആശയ’ത്തിന് വ്യാപകമായ നാശം വരുത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഈ പതിപ്പ് മനുഷ്യാവകാശവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കുന്നതിലും മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം നടപ്പിലാക്കാനും പ്രതിജ്ഞാബദ്ധരായവരെല്ലാം വായിച്ചിരിക്കേണ്ടതാണ്.

SHARE