യുദ്ധവെറി മാധ്യമങ്ങളുടെ ദേശീയ കരിക്കുലം

മുജീബ് കെ താനൂര്‍
അമേരിക്കന്‍ പത്ര വ്യവസായി വില്ല്യംറാന്‍ഡേല്‍ഫ് ഹെഴ്സ്റ്റ് ഒരിക്കല്‍ തന്റെ റിപ്പോര്‍ട്ടറെ ക്യൂബയിലെ സ്പാനിഷ് അരാജകത്വവും യുദ്ധ ഭീതിയും മറ്റും സംബന്ധിച്ച് ഫീച്ചര്‍ തയ്യാറാക്കാന്‍ പറഞ്ഞയച്ചു. ക്യൂബയിലെത്തിയ റിപ്പോര്‍ട്ടര്‍, ഇവിടെ യുദ്ധാന്തരീക്ഷം കാണുന്നില്ല, വളരെ സമാധാനമാണ് എന്ന് റാന്‍ഡേല്‍ഫ് ഹെഴ്സ്റ്റിനെ വിളിച്ചറിയിച്ചപ്പോള്‍, താങ്കള്‍ ഫോട്ടോ അയക്കൂ യുദ്ധം ഞാന്‍ സജ്ജീകരിച്ചുകൊള്ളാം എന്നു പറഞ്ഞ പത്രമുടമയുടെ പ്രതികരണം പ്രസിദ്ധമാണ്. ഹെഴ്സ്റ്റ് തന്റെ ന്യൂയോര്‍ക്ക് ജേണലും ജോസഫ് പുലിസ്റ്ററുടെ ന്യൂയോര്‍ക്ക് വേള്‍ഡും തമ്മിലുള്ള പത്ര മാല്‍സര്യത്തില്‍ ഭാവനകളും ഊഹങ്ങളും വാര്‍ത്തയാക്കല്‍ പതിവായിരുന്നു. ഇന്ന് ഇന്ത്യയില്‍ യുദ്ധപ്രിയരായ മാധ്യമങ്ങള്‍ ഇതേവിധം രാജ്യത്ത് ഒരു യുദ്ധ ഭീതി നിലനിര്‍ത്താന്‍ ശ്രമിച്ചു വരികയാണ്.
പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുള്ള ഇന്ത്യയുടെ ബാലാക്കോട്ട് തിരിച്ചടിയുമാണ് വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുന്നത്. അതിര്‍ത്തികടന്നുള്ള ഇന്ത്യയുടെ തിരിച്ചടി ഇന്ത്യക്കാര്‍ക്കു ഏറെ ആഹ്ലാദം നല്‍കുന്ന വാര്‍ത്തയായിരുന്നു. ബാലാക്കോട്ട് കേന്ദീകൃതമായ ഭീകരതാവളവും പാക് സൈനിക താവളവും ഇന്ത്യന്‍ സേന തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങളും അറിയിക്കുകയുണ്ടായി. എന്നാല്‍ പുല്‍വാമ ഭീകരാക്രമണം ശരിയും ഇന്ത്യയുടെ ബാലാക്കോട്ട് തിരിച്ചടിയിലെ വര്‍ണപ്പൊലിമ നുണയുമെന്ന് വിദേശ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതുബന്ധമായി വിവാദത്തിനു തിരികൊളുത്തിയത് ദി സ്റ്റ്രാറ്റജിസ്റ്റ് മാഗസിനണ്. ഓസ്‌ട്രേലിയയിലെ ഇന്റര്‍ നാഷണല്‍ സൈബര്‍ പോളിസി സെന്റ്‌റിലെ റിസേര്‍ച്ചറായ നത്താന്‍ റൂസര്‍ സ്റ്റ്രാറ്റജിസ്റ്റ് മാഗസിനില്‍ ഇന്ത്യയുടെ വാദങ്ങളെ ചോദ്യം ചെയ്യുന്നു.
ഫെബ്രുവരി 26നു ഇന്ത്യന്‍ സേന അതിര്‍ത്തി രേഖയും കടന്ന് പാക്കധീന കശ്മീരിലും ജാബാ പട്ടണത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലും കനത്ത നഷ്ടവും നൂറുകണക്കിനു സൈനികരെ വധിക്കുകയും ചെയ്തുവെന്നത്, പ്ലാനറ്റ് ലാബ്‌സിന്റെ സാറ്റലൈറ്റ് ഇമേജറിയുടെ പിന്‍ബലത്തില്‍ നത്താന്‍ റൂസര്‍ നിഷേധിധിക്കുന്നു. ഈ പ്രദേശങ്ങളിലൊന്നും ബോംബിങിന്റെ ഒരു തെളിവും കാണുന്നില്ലെന്നും ഇവിടെയുള്ള വയലേലകളില്‍ ഭൂമി നിരപ്പിന്റെ അവസ്ഥ പൂര്‍വസ്ഥിതിയില്‍ തന്നെയാണുള്ളതെന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ വെളിപ്പടുത്തുന്നതായി മാഗസിന്‍ പറയുന്നു. ഇന്ത്യയുടെ തിരിച്ചടിയെ ചോദ്യം ചെയത് ദി ഗാര്‍ഡിയന്‍, ദി ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, റോയിട്ടര്‍, ഡെയ്‌ലി ടെലിഗ്രാഫ്, ജോണ്‍സ് ഇന്‍ഫര്‍മേഷന്‍ ഗ്രൂപ്പ്‌സ് തുടങ്ങിയ അന്താരാഷ്ട്ര പത്രങ്ങളും രംഗത്ത് വന്നതോടെ ബാലാക്കോട്ട് തിരിച്ചടി സംശയത്തിന്റെ നിഴലിലായി.
ബാലാക്കോട്ട് ആക്രമണത്തിന്റെ സത്യാവസ്ഥ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്നും 250 പാക് സൈനികരെ വധിച്ചതായ അമിത്ഷായുടെ പ്രസ്താവന പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണമാണോ എന്നു വ്യക്തമാക്കമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍ രംഗത്തെത്തിയയോടെ ഇന്ത്യയിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഇതിനെതിരെ അമിത്ഷാ പ്രതികരിച്ചത് വിമര്‍ശകര്‍ പാക് അനുകൂലികളാണെന്നായിരുന്നു. ദി ഗാര്‍ഡിയന്‍, ദി ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, റോയിട്ടര്‍, ഡെയ്‌ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളും പാക് അനുകൂലികളാണോ എന്ന് ഷാ വ്യക്തമാക്കണമെന്ന് കബില്‍ സിബല്‍ തിരിച്ചടിക്കുകയുണ്ടായി.
പ്രമുഖ പ്രതപ്രവര്‍ത്തകന്‍ എന്‍.ഡി.ടി.വിയിലെ രവിഷ് കുമാര്‍ പുല്‍വാമ ആക്രമണത്തിനു ശേഷം ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ നടത്തിയ പ്രഭാഷണം ദേശീയ ശ്രദ്ധ നേടുകയുണ്ടായി. ഇന്ന് രാജ്യത്ത് ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നത് മുഖ്യധാരാ മധ്യമങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. അഞ്ചു വര്‍ഷമായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു ദേശീയ കരിക്കുലമുണ്ട്. സമൂഹത്തിന് അസ്വീകാര്യമായതും അസാന്‍മാര്‍ഗികവുമായ വാര്‍ത്തകള്‍ സ്വീകാര്യതയും ധാര്‍മ്മിക പരിവേഷവും നല്‍കി അവതരിപ്പിച്ച് ആഘോഷിച്ചുവരികയാണ്. തത്തയുടെ വര്‍ത്തമാനം പോലെ, ആരോ പറഞ്ഞുറപ്പിച്ച കരിക്കുലം രാത്രിയും പകലും നിറച്ചുവിടുന്നു. പുല്‍വാമ ആക്രമണം കഴിഞ്ഞിട്ടും ദിവസങ്ങളോളം പ്രധാനമന്ത്രി എന്ത്‌കൊണ്ട് നിശബ്ദനായി എന്നു ചോദിക്കേണ്ട ചാനലുകള്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ ഈ ആക്രമണത്തെകുറിച്ച് മൗനം പാലിക്കുന്നതെന്ത് എന്നാണ് ആശങ്കപ്പെടുന്നത്. മുഖ്യ ധാരാമാധ്യമങ്ങള്‍ സംസ്‌കാരത്തിന് പ്രാകൃതത്വം എന്ന നിര്‍വചനമാണ് നല്‍കിയിരിക്കുന്നത്. അന്യായവും അസഭ്യതയും തെരുവുകളിലും ചാനല്‍ സ്റ്റുഡിയോകളിലും നിത്യക്കാഴ്ചയാണ്. ഇവയില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന നിര്‍ഭയനായ ഒരാളെങ്കിലും കാണും. അയാള്‍ തിന്‍മയുടേയും മഹത്വവത്കരണത്തിന്റെയും ദുഷിച്ച മൂല്യങ്ങളുടേയും പതാക വാഹകനല്ല എന്നു തറപ്പിച്ചു പറയാം. തങ്ങളുടെ രാഷ്ട്രീയ യജമാന ഭക്തി കാണിക്കുന്ന ചാനല്‍ സംവിധാനം തരം താണ രാഷ്ട്രീയ നിലപാടുകളേക്കാള്‍ മോശമാണ്. ഇങ്ങനെയുള്ള മുഖ്യധാരാമാധ്യമങ്ങള്‍ കളങ്കിത വൃത്താന്ത കവര്‍ച്ചാസംഘമാണ്. സമൂഹത്തിന്റെ വേദനകളും രോദനങ്ങളും ഇവര്‍കാണുന്നില്ല. തെരുവുകളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇവര്‍ കേള്‍ക്കുന്നില്ല. വിജ്ഞാനത്തിനു പകരം അജ്ഞത വന്നത് ചിരിച്ചു തള്ളേണ്ട ഒന്നല്ല; രവിഷ് കുമാര്‍ അടിവരയിടുന്നു.
56 ഇഞ്ച് നെഞ്ചളവുള്ള നമ്മുടെ പ്രധാനമന്ത്രി പാകിസ്താനെ വെല്ലുവിളിക്കുന്നതിനുമുമ്പ് ഒരു പത്തു മിനുട്ട് രവിഷ് കുമാറുമായി ഇന്റര്‍വ്യു നടത്താന്‍ ധൈര്യം കാണിക്കുമോയെന്ന് ദക്ഷിണേന്ത്യന്‍ സിനിമാതാരം പ്രകാശ് രാജ് വെല്ലുവിളിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇത് പുല്‍വാമ ആക്രമണത്തിനും രണ്ടു വര്‍ഷം മുമ്പായിരുന്നു എന്നത് ശ്രദ്ധേയമാണ്
അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഇന്ത്യാ പാക് നിവാസികളായ 140 വിദ്യാര്‍ത്ഥികളും അധ്യാപകരും യുദ്ധത്തിനെതിരെ രംഗത്തെത്തുകയുണ്ടായി. ഇരു രാജ്യങ്ങളിലെ ഗവണ്‍മെന്റിനോടും ജനങ്ങളോടും മാധ്യമങ്ങളോടും സമാധാനത്തിനായി മുന്നിട്ടിറങ്ങാന്‍ ആവശ്യപ്പട്ടു. ഒരു ചെറിയ തെരഞ്ഞെടുപ്പ് ലാഭത്തേക്കാള്‍ ദീര്‍ഘകാലത്തേക്കുള്ള സമാധാനമാണ് വേണ്ടതെന്ന് അവര്‍ ആവശ്യുപ്പെട്ടു. കര്‍ണാടകയിലെ വിജയപുരയില്‍ ഹലഗാട്ടി എഞ്ചിനീയറിങ് കോളജ് പ്രഫസര്‍ സന്ദീപ് വത്തര്‍ ഫെയ്‌സ് ബുക്കില്‍ സമാധാനം ആവശ്യപ്പെട്ടതിന് എ.ബി.വി.പി വിഭാഗം അദ്ദേഹത്തെ മുട്ടിലിഴഞ്ഞു മാപ്പു ചോദിക്കണമെന്നാവശ്യപ്പെട്ടു സംഘര്‍ഷമുണ്ടാക്കി. സമാധാനം ആവശ്യപ്പെട്ട ഹാര്‍വാഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും അമേരിക്കയിലായത് അവരുടെ ഭാഗ്യം. ഇതിനിടയില്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് തീവെച്ച സംഭവം ബയോ പിക്ചര്‍ ഡോക്യുമെന്ററിയാക്കി വീണ്ടും പുറത്തിറക്കുന്നു. ഇന്ത്യന്‍ റെയില്‍വെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2002 ഫെബ്രുവരി 27ലെ ഈ സംഭവത്തെ തുടര്‍ന്നാണ് ഗുജറാത്ത് കലാപം ഉണ്ടായത്. കലാപം മുതലെടത്താണ് അന്ന് നരേന്ദ്രമോദി ഗുജറാത്തില്‍ അധികാരത്തിലെത്തിയതെന്ന പ്രചാരണം ഇന്നും കത്തിനില്‍ക്കുകയാണ്. പുതിയ പതിപ്പ് 2019ലെ തെരഞ്ഞെടുപ്പാണ് ഉന്നമെന്ന് രാഷ്ടീയ മാധ്യമ നിരൂപകരും ആണയിടുന്നു.

SHARE