‘മൗലാന മുഹമ്മദലി ജൗഹര്‍’ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവസൂര്യന്‍

‘മൗലാന മുഹമ്മദലി ജൗഹര്‍’ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവസൂര്യന്‍

സൽമാൻ ഹനീഫ്

ഓരോ ഭാരതീയന്റെയും ഹൃദയാന്തരങ്ങളിൽ ആവേശത്തിന്റെ അലമാലകൾ ഉയർത്തുന്ന നാമമാണ് “മൗലാന മുഹമ്മദലി ജൗഹർ”

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിപ്ലവസൂര്യൻ മൗലാന മുഹമ്മദലി 1878 ഡിസംബർ 10ന് രാംപൂരിലെ പ്രസിദ്ധമായ പത്താൻ കുടുംബത്തിൽ ജനിച്ചു. സഹോദരൻ മൗലാന ഷൗക്കത്തലിയും പ്രസിദ്ധനാണ്.
ബാല്യത്തിൽ തന്നെ പിതാവ് നഷ്ടമായ മൗലാനയെ വളർത്തിയതും കൈപിടിച്ചുയർത്തിയതും മാതാവ് അബാദി ബാനു ബീഗമാണ്.
ഭാരതത്തിന്റെ വിമോചനത്തിനായി തന്റെ രണ്ട് മക്കളെയും സമർപ്പിച്ച മഹതി അബാനു ബീഗത്തിന്റെ നിശ്ചയദാർഢ്യവും സ്വരാജ്യസ്നേഹവും ധീരവും ഉദാത്തവുമായിരുന്നു…..

സ്വത്തുകൾ മുഴുവൻ വിറ്റ് അവർ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി. മൗലാന മുഹമ്മദലിയെ മുഹമ്മദൻ ഒറിയന്റൽ കോളേജിലേക്ക് (അലീഗർ സർവ്വകലാശാല) പഠനത്തിനായി പറഞ്ഞയച്ചു.
ബുദ്ധികൂർമ്മതയിലും വിജ്ഞാനസമ്പാദനത്തിലും മികച്ചു നിന്ന മൗലാന അലഹാബാദ് സർവ്വകലാശാലയിൽ നിന്നും ബി.എ ബിരുദം കരസ്ഥമാക്കി.
1898ൽ ഉന്നത പഠനങ്ങൾക്കായി ലണ്ടനിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രശസ്തമായ ലിൻകൺ കോളേജിൽ ചേർന്നു.അവിടെ നിന്നും “ആധുനിക രാഷ്ട്രീയത്തിൽ”പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ മൗലാന ഇസ്ലാമിക ചരിത്രത്തിലും അവഗാഹം നേടി…..

രാംപുർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായ മൗലാന മുഹമ്മൗലി പിന്നീട് ബറോഡ ഗവൺമെന്റിന്റെ ഉന്നത പദവികളും അലങ്കരിച്ചു.
മികച്ച എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന അദ്ദേഹം “The Times”, The observer” ,”The Manchestor Guardian” തുടങ്ങിയ പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിലും,ഉറുദു ,ഹിന്ദി വാരികകളിലും നിരന്തരമായി ലേഖനങ്ങൾ എഴുതി.
മൗലാനയുടെ വാക്കുകൾ ചിന്തനീയവും ആകർഷകവുമായിരുന്നു. ആശയങ്ങൾ ദാർശനികത പ്രസരിക്കുന്നവയായിരുന്നു…..

ചെറുപ്പം മുതൽ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന മൗലാനയുടെ രോഷം നാൾക്ക് നാൾ വർദ്ധിക്കുകയായിരുന്നു.ബാൽക്കൺ യുദ്ധവും 1913ലെ കാൻപൂർ മസ്ജിദ് ആക്രമണവും മൗലാനയുടെ ഹൃദയത്തിലെ സമരാവേശം ആളിപടർത്തി……

സ്വാതന്ത്ര്യ സമര പോരാട്ട വീഥികളിൽ സജീവമായ മൗലാന മുഹമ്മദലി ചുരുങ്ങിയ നാൾ കൊണ്ട് നേതൃനിരയിൽ എത്തി.ഗാന്ധിജിയുടെ ഏറ്റവും അടുത്ത സ്നേഹിതനും സഹപ്രവർത്തകനുമായി മാറി…..

ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ പരാധീനതകളിലും പിന്നോക്കാവസ്ഥയിലും ഏറെ വേദനിച്ച മൗലാന മുഹമ്മദലി സർ സയ്യിദ് അഹമ്മദ് ഖാന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിച്ചു.1906 ഡിസംബർ 30ന് മുസ്ലിം സമൂഹത്തിന് പുതുവെളിച്ചമായി “മുസ്ലിം ലീഗ്” രൂപീകരിക്കുന്നതിന് അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.
മുസ്ലിം ലീഗിന്റെ ഭരണഘടനയായ “Green Book” എഴുതി തയ്യാറാക്കിയതും മൗലാന മുഹമ്മദലി ജൗഹറായിരുന്നു.1918ൽ മുസ്ലിം ലീഗ് അധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.മുസ്ലിം ലീഗിന്റെ വളർച്ചയിലും പ്രചരണത്തിലും മൗലാന വഹിച്ച പങ്ക് നിസ്തുലമാണ്…..

1910ൽ നാഗ്പൂരിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനമാണ് ആദ്യമായി ഇന്ത്യക്ക് സ്വയംഭരണം ആവിശ്യപ്പെട്ടത്.
ഈ ചരിത്ര പ്രഖ്യാപനം നടത്തിയത് മൗലാന മുഹമ്മദലിയായിരുന്നു….

1920ൽ ജാമിഅ മില്ലിയ സർവ്വകലാശാലയുടെ സ്ഥാപനത്തിനും മൗലാന മുഹമ്മദലി നേതൃത്വം നൽകി…..

സ്വാതന്ത്ര സമരത്തിൽ ഒരു തീപന്തമായി രാജ്യം മുഴുവൻ സഞ്ചരിച്ച മൗലാന ജനങ്ങളിൽ സമരാവേശവും ദേശസ്നേഹവും പകർന്നു.നിരവധി തവണ ജയിൽവാസം അനുഭവിച്ചു.
ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകി.1919ൽ ലണ്ടനിൽ ചെന്ന് അധികാരികളോട് തുർക്കിയെ ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃത്വമായി അംഗീകരിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു.മൗലാനയുടെ നേതൃത്വത്തിൽ ഖിലാഫത്ത് പ്രക്ഷോഭം രാജ്യത്തെ വൈദേശിക നേതൃത്വത്തെ വിറപ്പിച്ചു.പക്ഷേ തുർക്കിയുടെ ഖിലാഫത്ത് നിലനിർത്താൻ ബ്രിട്ടന് തയ്യാറായില്ല….

കോൺഗ്രസിന്റെ നേതൃപദവിയും മൗലാന അലങ്കരിച്ചിരുന്നു (അന്ന് പല നേതാക്കന്മാർക്കും മുസ്ലിം ലീഗിലും കോൺഗ്രസിലും ഒരേസമയം അംഗത്വമുണ്ടായിരുന്നു)
1928ലെ മോട്ടിലാൽ നെഹ്റു റിപ്പോർട്ട് ന്യൂനപക്ഷ വിരുദ്ധമാണെന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു.കോൺഗ്രസിന്റെ ഭൂരിപക്ഷ പ്രീണനത്തിനെതിരെ മൗലാന ശക്തമായി പ്രതികരിച്ചു.കോൺഗ്രസ് നേതൃത്വത്തിന്റെ ഹുങ്കും ധാർഷ്ട്യവും അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. കോൺഗ്രസുമായുള്ള ബന്ധങ്ങൾ അദ്ദേഹം അവസാനിപ്പിച്ചു.
ഖാഇദെ അസം മുഹമ്മദലി ജിന്നാ സാഹിബ് തയ്യാറാക്കിയ 14 ഇന നിർദ്ദേശങ്ങളെ മൗലാന മുഹമ്മദലി ഉയർത്തിപ്പിടിച്ചു.
ഇന്ത്യയിലെ മുസ്ലിംകളുടെ ആശ്രയവും പ്രതീക്ഷയും മുസ്ലിം ലീഗ് മാത്രമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു…..

1930ൽ സർ ആഗാ ഖാന്റെ നേതൃത്വത്തിൽ മൗലാന മുഹമ്മദലിയും ലണ്ടനിലെ വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപൻ ജോർജ്ജ് ചക്രവർത്തിയുടെ മുഖത്ത് നോക്കി മൗലാന മുഹമ്മദലി ജൗഹർ എന്ന ഭാരതത്തിന്റെ വീരപുത്രൻ ഗർജജിച്ചു,
“മിസ്റ്റർ ജോർജ്ജ്, എന്റെ നാടിന് സ്വാതന്ത്ര്യം തരൂ, അല്ലെങ്കിൽ എന്റെ മയ്യത്ത് അടക്കം ചെയ്യാൻ സ്വാതന്ത്ര്യമുള്ള ആറടിമണ്ണ് തരൂ”
മൗലാനയുടെ വാക്കുകൾ കാരിരുമ്പിന് കരുത്തുള്ള കൊട്ടാരഭിത്തികളെ പോലും പ്രകമ്പനം കൊള്ളിച്ചു……

വിശ്രമമില്ലാത്ത പ്രവർത്തനങ്ങളും പോരാട്ടങ്ങളും മൗലാനയുടെ ആരോഗ്യം ക്ഷയിപ്പിച്ചു.1931 ജനുവരി 4ന് ലണ്ടനിൽ വെച്ച് ആ മഹാരഥൻ നാഥന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി….

അധിനിവേശ ശക്തികൾ അടക്കിവെച്ചിരിക്കുന്ന സ്വാതന്ത്ര്യമില്ലാത്ത ഭൂമിയിൽ തന്നെ മറവ് ചെയുന്നത് മൗലാനക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ ലണ്ടനിൽ നിന്നും വിമാനത്തിൽ മയ്യത്ത് പലസ്തീനിൽ എത്തിച്ചു.അവിടെ പരിപാവനമായ ബൈത്തുൽ മുഖദ്ദിസിന്റെ ഖബർസ്ഥാനിൽ അനേകം പ്രവാചകവര്യന്മാരുടെ ചാരത്ത് ഇന്ത്യൻ മുസൽമാന്റെ അഭിമാനതാരകത്തെ ഖബറടക്കി……..

മൗലാനയുടെ സഹധർമ്മിണിയായിരുന്നു അംജദി ബാനു ബീഗം.ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടത്തിൽ സ്ത്രീ സമൂഹത്തെ ഭാഗമാക്കുന്നതിൽ ആ ധീരവനിത വഹിച്ച പങ്ക് മഹത്വരമാണ്.മഹാത്മാഗാന്ധി തന്റെ “യങ്ങ് ഇന്ത്യയിൽ” ബീഗത്തെ കുറിച്ച് ഇപ്രകാരം എഴുതി “ധീരനായ ഭർത്താവിന്റെ ധീരയായ ഭാര്യ”
മുസ്ലിം ലീഗിന്റെ സമുന്നതയായ നേതാവായിരുന്ന അംജദി ബാനു ബീഗം ദേശിയ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു.1937ൽ മുസ്ലിം ലീഗ് വാർഷിക സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.1938ൽ മുസ്ലിം വുമൺസ് ലീഗിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.1946ലെ ജനറൽ ഇലക്ഷനിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.1947 മാർച്ച് 28ന് ആ ധീരവനിതയും വിടപറഞ്ഞു…..

സത്യത്തിൽ സ്വന്തമായി ഒന്നും നേടാതെ, സർവ്വതും ത്യജിച്ച്, ഈ രാജ്യത്തിനായി സമുദായത്തിനായി ജീവിതം സമർപ്പിച്ച ഒരു കുടുംബം. ഭാരത മണ്ണിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ത്യാഗത്തിന്റെ തുല്യതയില്ലാത്ത ചരിതം…..

“മൗലാന മുഹമ്മദലി ജൗഹർ” ഇന്നും ഒരോ ഇന്ത്യൻ മുസൽമാന്റെയും മനസ്സെന്ന മാണിക്ക കൊട്ടാരത്തിലെ സുൽത്താനായി ജീവിക്കുന്നു…..

രാജ്യത്തെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള “സംഘപരിവാരം” സ്പോൺസർ ചെയ്യുന്ന വർത്തമാനകാല ഇന്ത്യൻ ഭരണകൂടം മുസ്ലിം സമൂഹത്തിന്റെ അസ്തിത്വതെ ചോദ്യം ചെയ്യുകയാണ്….

ആരാണ് ഇന്ത്യൻ മുസ്ലിംകൾ,
രാജ്യത്തിനായി ജീവിതം സമർപ്പിച്ച മുഹമ്മദലി ജൗഹറിന്റെ മഹിതമായ പാരമ്പര്യം അവകാശപ്പെടുന്നവർ…..

ആരാണ് സംഘപരിവാരം,
ബ്രിട്ടീഷ്കാരന് മാപ്പ് എഴുതി നൽകി അവന് പാദസേവ ചെയ്ത സവർക്കറിന്റെ അനുയായികൾ….

ഒന്നേ പറയാനുള്ളു,
ഭാരതം ഞങ്ങൾക്കും അവകാശപ്പെട്ടതാണ്,
മൗലാന മുഹമ്മദലിയുടെ പിന്മുറക്കാരുടെ പൗരത്വം രേഖയിലല്ല, രക്തത്തിലാണ്,
അത് തെളിയിക്കാൻ ഞങ്ങൾക്ക് മനസ്സില്ല,
ഇവിടെ ജനിച്ചവർ,
ഇവിടെ വളർന്നവർ,
ഇവിടെ തന്നെ മരിക്കും ഞങ്ങൾ……

ഇന്ത്യൻ മുസൽമാന്റെ,
ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്…….

NO COMMENTS

LEAVE A REPLY