വര്‍ഗീയ കോമരങ്ങള്‍ കണ്ണുതുറന്നുകാണുക ഇതാണ്, ഇങ്ങനെയാണ് മലപ്പുറം

ഷംല ഷൗക്കത്ത് പഴയലെക്കിടി
ദേശീയ തലത്തില്‍ തന്നെ സംഘപരിവാര്‍ പ്രചാരകര്‍ നടത്തുന്ന നുണപ്രചരണങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ തീവ്രവാദവും വര്‍ഗീയതയും. മലപ്പുറം ജില്ലയിലെ ഹിന്ദുസഹോദരങ്ങള്‍ ഇവര്‍ പറയുന്നത് ഏത് മലപ്പുറത്തെക്കുറിച്ചാണെന്ന് മൂക്കത്ത് വിരല്‍വെച്ചിട്ടും സംഘപരിവാര്‍ പ്രചരണം കൂടുതല്‍ ശക്തിപ്രാപിക്കുന്നതാണ് കണ്ടുവരുന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ചുട്ടമറുപടിയാണ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് മലപ്പുറത്തുകാര്‍ കാണിച്ച സേവന മനോഭാവവും, സമഭാവനയും വ്യക്തമാക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍. കോവിഡ് ഭീഷണിക്കിടയിലും സ്വന്തം ജീവനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കാന്‍ നില്‍ക്കാതെ അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താന്‍ അവര്‍ കാണിച്ച ധീരമായ നിലപാട് രാജ്യത്തിനാകെ അഭിമാനകരമാണ്.
മലപ്പുറത്തുകാരുടെ സേവനമനോഭാവം മാത്രമല്ല, വിമാനത്തിലെ ഒരു ചെറുലഗ്ഗേജ് പോലും നഷ്ടമാകാന്‍ അനുവദിക്കാതെ അപകടത്തില്‍പെട്ടവരെ ശ്രദ്ധിച്ച രക്ഷാപ്രവര്‍ത്തനത്തെ നുണപ്രചാരകര്‍ ഏത് സ്‌കെയില്‍ വെച്ചാണ് അളക്കുക. 190 യാത്രക്കാരുമായി വിമാനം അപകടത്തില്‍ പെട്ടിട്ടും മരണനിരക്ക് കുറഞ്ഞത് നാട്ടുകാരുടെ യഥാസമയമുള്ള ഇടപെടലിലൂടെയാണ്.
കേരളം കണ്ട ഏറ്റവും വലിയ വിമാനദുരന്തമാണ് വെള്ളിയാഴ്ച രാത്രി കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായത്. 1998 ജൂലൈ 30ന് കൊച്ചിയിലുണ്ടായ വിമാന അപകടമാണ് കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ വിമാനാപകടം. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിവഴി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്ന് എട്ടുപേരാണ് അന്ന് മരണപ്പെട്ടത് .
ഇപ്പോഴത്തെ പൊതു സ്വഭാവം അനുസരിച്ച് ഒരു ദുരന്തമുണ്ടായാല്‍ ആദ്യം വരുക ആളുകള്‍ മൊബൈലില്‍ എടുക്കുന്ന വിഷ്വല്‍സ് / വിഡിയോകള്‍ ആയിരിക്കും . കരിപ്പൂരില്‍ വിമാനം തകര്‍ന്നപ്പോള്‍ കോവിഡും, കണ്ടൈന്‍മെന്റും , മഴയും എല്ലാം മറന്നു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മനുഷ്യരെ പുറത്തെടുത്ത് കിട്ടിയ (ഔദ്യോഗികമായി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പ് ) വണ്ടികളില്‍ എല്ലാം മനുഷ്യരെ കയറ്റി, റോഡെല്ലാം ഒതുക്കി അപകടത്തിലായ മനുഷ്യരെ ആശുപത്രികളില്‍ എത്തിച്ച മനുഷ്യരുടെ മനസ്സാന്നിധ്യം അവഗണിക്കാന്‍ ആര്‍ക്കാണ് കഴിയുക. തകര്‍ന്ന വിമാനം പൊട്ടിത്തെറിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും എല്ലാ മനുഷ്യരെയും അതി വേഗത്തില്‍ സമചിത്തതയോടെ പുറത്ത് എത്തിച്ച മനുഷ്യര്‍, മൊബൈല്‍ ഓഫ് ചെയ്ത അതില്‍ പോലും ജാഗ്രത പുലര്‍ത്തിയത് കൊണ്ടും, വീഡിയോ എടുക്കുന്നത് പരിഗണനയില്‍ പോലും ഇല്ലാത്തത് കൊണ്ടുമാണ് നമുക്കീ ജീവനുകള്‍ തിരികെ കിട്ടിയത്.
കോവിഡ് ഭീതിയും വിമാനത്തിന് തീപിടിക്കാനുള്ള സാധ്യതയും പ്രതികൂല കാലാവസ്ഥയുമെല്ലാം ഉണ്ടായിട്ടും ഔദ്യോഗിക രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പേ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തിരുന്നു. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് സൗകര്യങ്ങളുടെ കുറവുകളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപകടസ്ഥലത്തുനിന്ന് പരുക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ അവര്‍ക്കുകഴിഞ്ഞു. ആശുപത്രികളിലും അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പ്രദേശവാസികള്‍ മുന്നിലുണ്ടായിരുന്നു. ഒരു മടിയും കൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ പച്ച മനുഷ്യര്‍. കരിപ്പൂര്‍ സ്വദേശികള്‍… ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം അവരും രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്നില്‍ത്തന്നെ നിന്നു. അപകടത്തില്‍പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ അവര്‍ കാത്തിരുന്നു. തന്നാലാവുന്നത് ചെയ്യാന്‍. ആശുപത്രികളിലെ രക്ത ബാങ്കിന് മുന്നില്‍ അവര്‍ ഉറങ്ങാതെ കാത്തിരുന്നു. രക്തം നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ അവര്‍ക്കാവുന്നത് ചെയ്യാന്‍… ആശുപത്രികളില്‍ അഡ്മിറ്റായ രോഗികളുടെ കൂട്ടിരിപ്പുകാര്‍ വരെയുണ്ടായിരുന്നു ഇങ്ങനെ കാത്ത് നിന്നവരില്‍. മുന്‍പ് കടലുണ്ടി അപകടത്തിലും വെട്ടിച്ചിറ പടക്ക നിര്‍മ്മാണ ശാല തീപിടിത്തത്തിലും പരുക്കേറ്റവരെ രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്തും മലപ്പുറത്തുകാര്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. അപകടത്തില്‍ ഒറ്റപ്പെട്ടുപോയ ഭീതിയിലായ കുട്ടികള്‍ക്ക് അവര്‍ സാന്ത്വനത്തിന്റെ, കരുതലിന്റെ കരസ്പര്‍ശമായി. ഫയര്‍ഫോഴ്സിനും പൊലിസിനുമൊപ്പം നാട്ടുകാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് 190 യാത്രക്കാരെ മണിക്കൂറുകള്‍ക്കകം പുറത്തെത്തിക്കാന്‍ സഹായിച്ചത്. ഇടുങ്ങിയവഴികളില്‍ ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ അവര്‍ വഴിയൊരുക്കി.
കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കേണ്ടതുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കേരളം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന, ഈ മഹാമാരിയുടെ ഭീതിക്കിടയിലും മറ്റൊന്നും പ്രതീക്ഷിക്കാതെ, മനുഷ്യര്‍ സഹജീവികള്‍ക്കുവേണ്ടി മുന്നോട്ടുവരുന്ന ഈ ഘട്ടത്തെയും വിദ്വേഷ പ്രചരണത്തിനുള്ള സുവര്‍ണാവസരമാക്കിമാറ്റാന്‍ നുണപ്രചാരകര്‍ ശ്രമിക്കുന്നത് ഖേദകരം തന്നെ. കരിപ്പൂരില്‍ സംഭവിച്ച വിമാനാപകടത്തെ തുടര്‍ന്ന് കേരളത്തോടും, മലയാളികളോടും സ്വതവേ തുടര്‍ന്ന് പോരുന്ന, അതിലുപരി ഇസ്‌ലാമോഫോബിയ മുദ്രാവാക്യം എന്നപോലെ നിരന്തരം ഛര്‍ദ്ദിക്കുന്ന മലപ്പുറം അഥവാ ജിഹാദിസ്ഥാന്‍ എന്ന ഉത്തരേന്ത്യന്‍ സംഘ് നരേറ്റീവ് വെള്ളിയാഴ്ച രാത്രി മുതല്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. ആ നൂറ്റി മുപ്പത് കോടിയില്‍ ഞങ്ങള്‍ ഇല്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞതിന് ലഭിച്ച ശിക്ഷയാണ് ഇതെന്ന് പോലും ഈ നെറികെട്ട കൂട്ടര്‍ പടച്ചു വിടുന്നുണ്ട്. കോവിഡ് കാലത്ത് ക്ലീനിംഗ് ജോലി ചെയ്യുന്ന സ്ത്രീകളെ ഫ്ളാറ്റിന്റെ ഗെയ്റ്റിന് പുറത്ത് നിര്‍ത്തി പരസ്യമായി അധിക്ഷേപിക്കുന്ന, ജാതി വിവേചനം കാണിക്കുന്ന, ചത്ത പശുവിന്റെ മാംസത്തിന് നല്‍കുന്നതിന്റെ നൂറില്‍ ഒരംശം ജീവിച്ചിരിക്കുന്ന മനുഷ്യന് നല്‍കാത്തവരുടെ ജല്പനങ്ങളാണിതെന്നുകൂടി ഓര്‍ക്കണം. ഇസ്‌ലാമോഫോബിയ ചേര്‍ത്ത് കേരളത്തിനും, മലപ്പുറത്തിനും എതിരെ കിട്ടുന്ന തക്കത്തില്‍ എല്ലാം ദേശീയ തലത്തില്‍ ഹെയ്റ്റ് ക്യാംപെയ്ന്‍ നടത്തുന്ന കൂട്ടര്‍ക്ക് ഒരിക്കലും, മനസിലാക്കാന്‍ കഴിയാത്ത, തിരിച്ചറിയാന്‍ കഴിയാത്ത ജീവിതരീതിയുടെ, ഇടപെടലുകളുടെ അടയാളപ്പെടുത്തലാണ് മേല്‍പ്പറഞ്ഞ മനുഷ്യര്‍, മലപ്പുറം അഥവാ മനുഷ്വത്വം.

SHARE