പുതിയ ഇന്ത്യ ഗാന്ധിയില്‍ പിറക്കുന്നു

സി.പി സൈതലവി

”ഭയത്തിന്റെ ശവക്കച്ചകളില്‍ പൊതിഞ്ഞുനിന്ന മനസ്സുമായി; തീര്‍ഥാടകര്‍ അപ്പോള്‍ അന്യോന്യം ചോദിച്ചു: നമ്മെ ഇനി ആരാണ് നയിക്കുക? കിഴക്കുനിന്നുംവന്ന വൃദ്ധന്‍ പറഞ്ഞു: നാം ഇപ്പോള്‍ ആരെയാണോ വധിച്ചത്? അയാള്‍!”
ഇന്ത്യയുടെ ദേശീയഗാനം രചിച്ച വിശ്വപ്രതിഭ രബീന്ദ്രനാഥ് ടാഗോറിന്റെ ഈ വരികള്‍ ഗാന്ധിജിയെക്കുറിച്ചല്ല. മഹാത്മജിയുടെ വേര്‍പാടിനും ഏഴു വര്‍ഷം മുമ്പേ ഈ ലോകത്തോട് വിടപറഞ്ഞിരുന്നല്ലോ മഹാകവി. പക്ഷേ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ 1915ല്‍ ‘മഹാത്മാ’ എന്നാദ്യം വിളിച്ച ആ കവി മനസ്സ് തെറ്റിയില്ല. സ്വാതന്ത്ര്യത്തിന്റെ ആഘോഷരാവുകള്‍ക്ക് ആറുമാസം മൂപ്പെത്തുംമുമ്പേ കൊന്നുകളഞ്ഞു രാഷ്ട്രപിതാവിനെ. എന്നിട്ടും 72 വര്‍ഷമപ്പുറത്തെ ആ രക്തസാക്ഷി നയിക്കുന്നു ഇപ്പോഴും ഇന്ത്യയെ. ആരെയാണോ വധിച്ചത്. അയാള്‍ തന്നെ നായകന്‍!
മഹാത്മജിയുടെ ഊന്നുവടി ഇത്രമേല്‍ ശക്തിയോടെ നിലത്തൂന്നിയുയര്‍ന്ന മറ്റൊരു മുഹൂര്‍ത്തവും ചരിത്രത്തില്‍ കടന്നുപോയിട്ടില്ല. ഗാന്ധിജി ഇത്രയും തലയെടുപ്പോടെ മുന്നില്‍വന്നുനിന്ന മറ്റൊരു സമരരംഗവുമില്ല.

ദണ്ഡിയും ചൗരിചൗരയും ചമ്പാരനും നവഖാലിയുമെല്ലാം ഗാന്ധിജി നയിക്കുകയായിരുന്നു. ഉപവാസങ്ങളില്‍ ആ ദേഹമുലയുകയായിരുന്നു. ഗാന്ധിജി വസിക്കുന്നതിന്റെ ചുറ്റിലുമായിരുന്നു അലയൊലി ഏറെയും. പക്ഷേ, പുതിയ ഇന്ത്യ ഗാന്ധിജിയാല്‍ നയിക്കപ്പെടുകയാണ്. കശ്മീരിനും കന്യാകുമാരിക്കും മധ്യെ മഹാത്മാഗാന്ധി എന്നുരുവിടാത്ത, ഗാന്ധി മാര്‍ഗത്തില്‍ ഉപവസിക്കാത്ത, ഗാന്ധിവേഷം ധരിക്കാത്ത, ഗാന്ധിത്തൊപ്പി അണിയാത്ത ഒരു ദിവസവും കലണ്ടറില്‍ മറിയുന്നില്ല പുതിയനൂറ്റാണ്ടിന്റെ വക്കില്‍. ശ്വാസംനിലച്ച് എഴുപത്തിരണ്ടാണ്ടു പൂര്‍ത്തിയാകുന്ന ഈ ജനുവരി 30ല്‍ മഹാത്മജി, പ്രതിരോധത്തിന്റെ ഏറ്റവും മികച്ചതും നൂതനവുമായ ആയുധമാവുകയാണ്. രാജ്യം തിരികെ നടക്കുകയാണ്; ഗാന്ധിയില്‍ ലയിക്കുകയാണ്. ഇന്ത്യക്കു മാത്രമല്ല; ലോകമാകെയും മഹാത്മ ഒരു മാതൃകയായിരിക്കുന്നു. പുതിയ കാലത്തിന്റെ മാസ്മരപ്രഭയില്‍ കണ്ണഞ്ചിനില്‍ക്കുന്ന ഇളമുറക്കാര്‍ക്കുപോലും നിശ്ചയമാണ് ഇനി ഗാന്ധിജി നയിക്കുമെന്ന്.


വേട്ടയാടിക്കൊലപ്പെടുത്തിയ സ്വന്തം ഘാതകരാല്‍ തന്നെ മഹത്വം പറയിക്കാന്‍ കഴിഞ്ഞ മറ്റേത് ഇരയുണ്ട്. ഗാന്ധിമാഹാത്മ്യം പാടിയില്ലെങ്കില്‍ വഴിനടക്കാനാവില്ല പുതിയ ഇന്ത്യയിലെന്ന് ഏറ്റവുമധികം തിരിച്ചറിഞ്ഞവരിപ്പോള്‍ ആര്‍.എസ്.എസും സംഘ്പരിവാറുമാണ്. തത്വത്തിലും പ്രയോഗത്തിലും ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ ആര്‍.എസ്.എസ് പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ പേരില്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ മഹാത്മജിയുടെ 150-ാം ജന്മവാര്‍ഷികദിനത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ടില്‍പോലുമുണ്ട് ആ കാപട്യം. ‘ഇന്ത്യയ്ക്കും ലോകത്തിനും എന്തുകൊണ്ട് ഗാന്ധിജിയെ ആവശ്യമാണ്’ എന്ന തലവാചകത്തില്‍ തുടങ്ങുന്ന ലേഖനം ‘മനുഷ്യ സമൂഹത്തിന്റെ വൈരുധ്യങ്ങള്‍ക്കിടയിലെ പാലമായി’ വര്‍ത്തിച്ചു ഗാന്ധിജി എന്നു വാഴ്ത്തുന്നു. ഗാന്ധിജിയും ആര്‍.എസ്.എസും അടുപ്പത്തിലായിരുന്നു എന്നു സമര്‍ത്ഥിക്കുന്നിടത്തുവരെ എത്തിയിരിക്കുന്നു സംഘ്പരിവാറിന്റെ ഗാന്ധിഭയം.

ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ഒരു മലയാള പത്രത്തിലെ പംക്തിയില്‍ ആര്‍.എസ്.എസ് നേതാവ് എഴുതിയത്: ”സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ആര്‍.എസ്.എസ് സ്വീകരിച്ച പ്രൊ-ആക്ടീവ് നിലപാടുകള്‍ക്കൊപ്പമായിരുന്നു ഗാന്ധിജി. ദേശഭക്തി വളര്‍ത്തുന്നതില്‍ ആര്‍.എസ്.എസിനു വലിയ പങ്കുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഗാന്ധിജി തന്റെ ജീവിതകാലത്ത് ഒരിക്കലും ആര്‍.എസ്.എസിനെ വിമര്‍ശിച്ചിരുന്നില്ല. കോണ്‍ഗ്രസ് പിരിച്ചുവിട്ട് പുതിയൊരു പ്രസ്ഥാനം തുടങ്ങണമെന്നദ്ദേഹം ആഗ്രഹിച്ചു. അതിലേക്കദ്ദേഹത്തെ നയിച്ചത് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് ഗോള്‍വാള്‍ക്കറുമായുള്ള ചര്‍ച്ചകളാണ്. ഗാന്ധിജി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കില്‍ മറ്റൊരു ദേശീയ പ്രസ്ഥാനം രൂപമെടുക്കുമായിരുന്നു. അത് ആര്‍.എസ്.എസുമായി കൈകോര്‍ത്തിരുന്നെങ്കില്‍ അതിശയിക്കാനുമില്ലായിരുന്നു. എന്നാല്‍ ഗാന്ധിവധത്തിന്റെ പേരില്‍ അതേത്തുടര്‍ന്നു നടന്ന കള്ളത്തരത്തിന്റെ പേരില്‍ വിഷമം അനുഭവിച്ചത് ആര്‍.എസ്.എസും” എന്നാണ്.


മോദിയും മോഹന്‍ഭാഗവതും മുതല്‍ മലയാളി ആര്‍.എസ്.എസുകാരന്‍വരെ ഇന്നു സ്ഥാപിച്ചെടുക്കാന്‍ കിണയുന്ന നിരപരാധിത്വത്തിന്റെയും നിഷ്‌കളങ്കതയുടെയും അസ്സല്‍ രൂപം വാള്‍ട്ടര്‍ ആല്‍ഫ്രഡ് എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അനുഭവ സാക്ഷ്യത്തിലൂടെ ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ വെളിപ്പെടുത്തി. ‘ഗാന്ധിജി വെടിയേറ്റു മരിച്ചു’ എന്ന വാര്‍ത്ത പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലൂടെ ലോകത്തെ തല്‍ക്ഷണം അറിയിക്കാന്‍ ചുമതലപ്പെട്ട പി.ടി.ഐയുടെ മുന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്.

ഗാന്ധി വധത്തിലെ ആര്‍.എസ്.എസ് ബന്ധവും കൊലയാളി ഗോഡ്‌സെ അറസ്റ്റിലായതും മാധ്യമങ്ങളില്‍ വന്നതിന്റെ പിറ്റേന്ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ചെന്നതിനെക്കുറിച്ച് വാള്‍ട്ടര്‍ ആല്‍ഫ്രഡ് ഗാന്ധിജിയുടെ 150-ാം ജന്മദിനത്തില്‍ പറഞ്ഞു: ‘ഗാന്ധിജി മരിച്ചതിലുള്ള അവരുടെ സന്തോഷംകണ്ട് അമ്പരന്നുപോയി. അവര്‍ക്കവരുടെ ആഹ്ലാദം ഒളിപ്പിച്ചുവെക്കാന്‍ കഴിഞ്ഞിരുന്നില്ല. നെഹ്‌റുവിനെയും ഗാന്ധിജിയെയും അവര്‍ക്കു വെറുപ്പായിരുന്നു. എങ്കിലും ഗാന്ധിജി വധിക്കപ്പെട്ടതോര്‍ത്ത് ലോകം നടുങ്ങുമ്പോള്‍ ഇവ്വിധം സന്തോഷത്തോടെ അതിശയിപ്പിക്കുന്ന തരത്തില്‍ അവര്‍ പ്രതികരിക്കുമെന്ന് കരുതിയില്ല.’ തിരുവനന്തപുരത്ത് ആര്‍.എസ്.എസുകാര്‍ ഗാന്ധിവധത്തില്‍ ആഹ്ലാദിച്ച് മധുരപലഹാരം വിതരണം ചെയ്തതിനെക്കുറിച്ച് കവി ഒ.എന്‍.വി കുറുപ്പ് തന്റെ ബാല്യസ്മരണയില്‍ എഴുതിയിട്ടുണ്ട്.


നാഥുറാം വിനായക് ഗോഡ്‌സെ, നാരായണ്‍ ദത്താത്രയ ആപ്‌തെ, വിഷ്ണു കര്‍ക്കറെ, മദന്‍ലാല്‍ പഹ്വ, ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, വിനായക ദാമോദര്‍ സവര്‍ക്കര്‍, ദത്താത്രയ പര്‍ച്യുരെ എന്നീ പ്രതികളിലൊരാള്‍പോലും ആര്‍.എസ്.എസ് ബന്ധം സ്വയം നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല; അവരുടെ ആയുസ്സിലെ മോഹനകാലഘട്ടമായി കണ്ടതും ജീവിതം തന്നെ സമര്‍പ്പിച്ചതും ആര്‍.എസ്.എസിനാണ്. ചെങ്കോട്ടയിലും സിംലയിലുമായി എട്ടു മാസം നീണ്ടുനിന്ന വിചാരണക്കൊടുവില്‍ ശിക്ഷിക്കപ്പെട്ട ഒന്നും രണ്ടും പ്രതികളായ ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും പഞ്ചാബിലെ അംബാല ജയിലില്‍ 1949 നവംബര്‍ 15ന് പുലര്‍ച്ചെ തൂക്കിലേറ്റപ്പെട്ടു. വിഷ്ണു കര്‍ക്കറെ, മദന്‍ലാല്‍ പഹ്വ, ഗോപാല്‍ഗോഡ്‌സെ എന്നിവര്‍ ജീവപര്യന്തം തടവിലായി. വാര്‍ധക്യമെത്തിയിരുന്ന വി.ഡി സവര്‍ക്കറെ തെളിവു പോരെന്നു പറഞ്ഞ് കോടതി വിട്ടയച്ചു. മുംബൈ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുടെ സഹായം ഈ കേസില്‍നിന്ന് ഊരിപ്പോരാന്‍ ആവശ്യത്തിലധികം ലഭിച്ച സവര്‍ക്കര്‍, ഗാന്ധിജി വധത്തിന്റെ പേരില്‍ പശ്ചാത്തപിച്ചതായി കേട്ടിട്ടില്ല.

എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ മഹാത്മജിക്കഭിമുഖമായി വീര്‍സവര്‍ക്കറുടെ ഛായചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് ഗാന്ധിഘാതകര്‍ക്കുള്ള പ്രഥമ പാരിതോഷികം നല്‍കി.
നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ചവര്‍, രാഷ്ട്രപിതാവ് വധിക്കപ്പെട്ട ജനുവരി 30 രാജ്യം രക്തസാക്ഷി ദിനമാചരിക്കുന്നതിനു പകരം ഘാതകന്‍ ഗോഡ്‌സെ തൂക്കിലേറ്റപ്പെട്ട നവംബര്‍ 15 ബലിദാന (രക്തസാക്ഷിത്വ) ദിനമായി കൊണ്ടാടണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു. ‘മാതൃരാജ്യത്തിനുവേണ്ടി ജീവത്യാഗം സഹിച്ച ധീരദേശാഭിമാനിയാണ് ഗോഡ്‌സെ’ എന്ന് അനൂപ്‌സര്‍ദേശായ് ”നാഥുറാം ഗോഡ്‌സെയുടെ കഥ”യിലെഴുതുന്നു: ‘മഹത്തായ ഒരാദര്‍ശത്തിനുവേണ്ടി നടത്തുന്ന കൊലപാതകം ഒരു കുറ്റകൃത്യമല്ലെന്ന്’ ഗാന്ധിവധത്തെ ചൊല്ലി വി.എച്ച്.പിയുടെ ആചാര്യമദനന്‍ പ്രസ്താവിക്കുന്നു.


”ഗാന്ധിയുടെ അഹിംസ സിദ്ധാന്തം ഹിന്ദുക്കളെ ഒന്നടങ്കം നിഷ്‌ക്രിയരാക്കുകയും അവരെ അക്രമിക്കാന്‍ മുസ്‌ലിംകള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നതിനാല്‍, 32 വര്‍ഷമായി ഗാന്ധി നടത്തുന്ന മുസ്‌ലിം പ്രീണനത്തിനു അന്ത്യം കുറിക്കേണ്ടത് തന്റെ ജീവിതധര്‍മമായതിനാല്‍ ഗാന്ധിജിയെ വധിക്കേണ്ടിവന്നു എന്നാണ് നാഥുറാം ഗോഡ്‌സെയുടെ മൊഴി. മുസ്‌ലിം അക്രമത്തില്‍നിന്നു ഹിന്ദുക്കളെ രക്ഷിക്കാന്‍ എന്റെ മുന്നില്‍ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയെ ഈ ലോകത്തുനിന്നു നിഷ്‌കാസിതനാക്കുക. ”അദ്ദേഹം പാക്കിസ്താന്റെ പിതാവാണ്. ഈ കാരണത്താലാണ് ഭാരതമാതാവിന്റെ പുത്രനെന്ന നിലയില്‍ ഞാന്‍ ഈ ‘രാഷ്ട്രപിതാവിന്റെ’ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പാക്കിസ്താന് കൊടുക്കാനുള്ള 55 കോടി രൂപയ്ക്കുവേണ്ടിയാണ് ഗാന്ധിജി ഉപവാസം നടത്തിയത്. അത് രാജ്യത്തിന്റെ സമ്പത്ത് കൈമാറാനുള്ള നടപടിയാണ്. അതു തടയാന്‍ ഞാന്‍ ആ കൃത്യം നിര്‍വഹിച്ചു.”

വെടിവെക്കുന്നതിനു മുമ്പ് സത്യത്തില്‍ ഞാനദ്ദേഹത്തെ വന്ദിക്കുകയും തല കുനിക്കുകയും ചെയ്തു. പക്ഷേ ഇങ്ങനത്തെ ഒരു കുറ്റവാളിയെ ശിക്ഷിക്കാന്‍ യാതൊരു നിയമസംവിധാനവും ഇല്ലാതിരിക്കെ എനിക്കു ചെയ്യാവുന്ന ഒരേയൊരു കൃത്യം ഞാന്‍ ചെയ്തു.” എന്നിങ്ങനെ തെല്ലും കുറ്റബോധമില്ലാതെ കോടതി മുമ്പാകെ നാഥുറാം ഗോഡ്‌സെ മൊഴി നല്‍കുകയാണ്. ഹിന്ദു-മുസ്‌ലിം ഐക്യത്തിനു വാദിച്ചു, പാക്കിസ്താനു വേണ്ടി നിലകൊണ്ടു എന്നതാണ് ഗാന്ധിജി ചെയ്ത അപരാധമെന്ന് ഗോഡ്‌സെ സ്ഥാപിക്കുന്നു. പക്ഷേ പാക്കിസ്താനുണ്ടാകുന്നത് 1947ലാണ്. മുസ്‌ലിമിനും ഹിന്ദുവിനും വെവ്വേറെ രാഷ്ട്രം കൂടിയേ തീരൂവെന്ന്, ഇന്ത്യ വെട്ടിമുറിക്കണമെന്ന് ഗാന്ധിവധ പ്രതി കൂടിയായ ‘ഹിന്ദുത്വ’യുടെ ആചാര്യന്‍ സവര്‍ക്കര്‍ മുതല്‍ ആര്‍.എസ്.എസ് വരെ 1920കളില്‍ തന്നെ ആവശ്യപ്പെട്ട് ജോലി തുടങ്ങിയതാണ്. 1948 ജനു. 13ന് ഗാന്ധിജി നിരാഹാരമാരംഭിച്ചത് പാക്കിസ്താന് 55 കോടി രൂപ കൊടുക്കാനാവശ്യപ്പെട്ടായിരുന്നില്ല. ജനുവരി 13ലെ ഉപവാസമാണ് പ്രകോപനമെന്ന് കൊലയാളികളുടെ ന്യായം കപടമായിരുന്നു. 1934 മുതല്‍ ഗാന്ധിജിക്കുനേരെ ഗോഡ്‌സെ അടക്കമുള്ളവര്‍ നടത്തിയ വധശ്രമങ്ങള്‍ ഏതായാലൂം പാക്കിസ്താന്‍വാദം ഉയര്‍ന്നുവരുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്.


അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട് ദളിത് ഉദ്ധാരണശ്രമങ്ങളുടെ ഭാഗമായി 1934 ജൂണ്‍ 25ന് പൂനെയിലെ മുനിസിപ്പല്‍ ഹാളില്‍ പ്രസംഗിക്കാനെത്തിയ ഗാന്ധിജിക്കുനേരെ ബോംബെറിഞ്ഞു. സ്‌ഫോടനത്തില്‍ മറ്റു പലര്‍ക്കും പരിക്കേറ്റെങ്കിലും കാറിലായതിനാല്‍ ഗാന്ധിജി രക്ഷപ്പെട്ടു. സംഭവത്തില്‍ നാഥുറാം ഗോഡ്‌സെക്കും നാരായണ്‍ ആപ്‌തെക്കും പങ്കുണ്ടെന്ന് സൂചിപ്പിക്കപ്പെട്ടിരുന്നു. 1948 ജനു. 20ന് പ്രാര്‍ഥനാ സദസ്സിലേക്ക് ഇതേ പ്രതികള്‍ എറിഞ്ഞ ബോംബ് ഉന്നംപിഴച്ച് പന്തലിന്റെ തൂണില്‍ തട്ടിത്തെറിച്ചു വലിയ സ്‌ഫോടനമുണ്ടായി. ഗാന്ധിജി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. താന്‍ ഏഴുതവണ മരണത്തിന്റെ വായില്‍നിന്ന് ദൈവാധീനംകൊണ്ട് രക്ഷപ്പെട്ടിട്ടുണ്ടെന്ന് പ്യാരേലാലിനോട് ഗാന്ധിജി പറഞ്ഞതിലുണ്ട് സംഘ് പരിവാറിന്റെ ഗാന്ധി ഉന്മൂലനശ്രമങ്ങള്‍ വളരെ നേരത്തെ തുടങ്ങിയിട്ടുണ്ടെന്ന്. ഗാന്ധിജിക്കെതിരായ ഓരോ വധശ്രമവും ദരിദ്രന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും പക്ഷത്ത് നിലകൊണ്ടതിന്റെ പകപോക്കലായിരുന്നു.

അത് ചമ്പാരനിലെ കര്‍ഷകര്‍ക്കും നിരന്തരം വോട്ടയാടപ്പെട്ട രാജ്യത്തെ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെല്ലാം വേണ്ടി നിലകൊണ്ടതിനാണ്. മനുസ്മൃതിയുടെ ഭരണഘടനയുള്ള രാജ്യമായി ഇന്ത്യ മാറാതിരിക്കാന്‍, ബ്രാഹ്മണ്യത്തിനു കീഴില്‍ നിസ്വജനത പുഴുക്കളെപോലെ നരകിക്കാതിരിക്കാന്‍, വര്‍ണവും ജാതിയും മതവും പറഞ്ഞ് മതില്‍കെട്ടാതെ മനുഷ്യ മഹത്വത്തെ ഉയര്‍ത്തിക്കാട്ടാന്‍ പ്രയത്‌നിച്ചതിനായിരുന്നു. പാവപ്പെട്ടവന്റെ കയ്യില്‍ ആധിപത്യം വരാന്‍ ആശിച്ചതിന്. കക്കൂസ് മാലിന്യം വെടിപ്പാക്കുന്ന തോട്ടിയും രാജാവും ദൈവത്തിനു മുന്നില്‍ സമമാണെന്ന് സ്വധര്‍മത്താല്‍ രാജ്യത്തെ ബോധ്യപ്പെടുത്തിയതിന്. തന്റെ രാമനും റഹീമും ഒന്നാണെന്ന് പറഞ്ഞതിന്. രാമരാജ്യത്തിന്റെ അര്‍ത്ഥം ഹിന്ദു രാജ്യം എന്നല്ല; അത് സദ്ഭരണവും ദൈവരാജ്യവുമാണെന്നും സത്യത്തിന്റെയും ധര്‍മത്തിന്റെയും ഏകദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും ഞാന്‍ അംഗീകരിക്കുന്നില്ല. (19.09.1929 യങ് ഇന്ത്യ) എന്നും വിളംബരം ചെയ്തതിന്. വധിക്കപ്പെടുന്നതിന്റെ തലേവര്‍ഷം (1947) ‘ഹരിജന്‍’ മാസികയില്‍ ഗാന്ധിജി എഴുതി: ‘ഈ രാജ്യത്ത് ജനിക്കുകയും ഇതു സ്വന്തം മാതൃഭൂമിയാണെന്നവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും അവര്‍ ഹിന്ദുവോ മുസ്‌ലിമോ പാര്‍സിയോ ജൈനനോ സിക്കുകാരനോ ആവട്ടെ ഈ മാതൃഭൂമിയുടെ മക്കളാണ്. അതുകൊണ്ടുതന്നെ രക്തബന്ധത്തെക്കാള്‍ പ്രബലമായ ഒരു കണ്ണിയില്‍ യോജിപ്പിക്കപ്പെട്ട സഹോദരന്‍മാരുമാണ്.’ ഇതെല്ലാമായിരുന്നു സംഘ്പരിവാറിനു മുന്നിലെ മഹാത്മാഗാന്ധി എന്ന മാര്‍ഗതടസ്സം.


ഗാന്ധിജി പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കൊരു മന്ത്രം പറഞ്ഞുതരാം. നിങ്ങള്‍ക്കു സംശയങ്ങള്‍ തോന്നുമ്പോള്‍, നിങ്ങളില്‍ അഹന്ത ഉണരുമ്പോള്‍, ഈ മന്ത്രം പരീക്ഷിക്കുക. നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദരിദ്രനായ ഏറ്റവും നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കല്‍പിച്ചു നോക്കുക. എന്നിട്ട് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുമോ എന്ന് സ്വയം ചോദിച്ചുനോക്കുക. അതിന് ഉത്തരം കിട്ടുമ്പോള്‍ സംശയങ്ങള്‍ ഇല്ലാതാകുന്നതായും അഹന്ത അലിഞ്ഞു പോകുന്നതായും അനുഭവപ്പെടും.


”ആരും തന്നെ തൊട്ടുകൂടാത്തവനായി പിറക്കുന്നില്ല. എല്ലാവരും ഒരേയൊരു അഗ്‌നിയില്‍ നിന്നും പൊട്ടി ഉതിരുന്ന സ്ഫുലിംഗങ്ങളാണ്. ചില മനുഷ്യരെ മാത്രം ജന്മനാതന്നെ തൊട്ടുകൂടാത്തവരെന്ന് കരുതുന്നത് തെറ്റാണ്.”
”ഇന്നത്തെ ആവശ്യം ഒരൊറ്റ മതമല്ല, ഭിന്നമതക്കാരുടെ പരസ്പര ബഹുമാനവും സഹിഷ്ണുതയുമാണ്. നിര്‍ജീവമായ ഐകരൂപ്യമല്ല നാനാത്വത്തിന്റെ ഏകത്വമാണ് നമുക്കാവശ്യം. മതങ്ങളുടെ ആത്മാവ് ഒന്നാണ്. എങ്കിലും പല രൂപങ്ങളിലാണ് അത് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. അറിവുള്ളവര്‍ ഈ ബാഹ്യരൂപങ്ങള്‍ മറന്ന് അവയ്ക്ക് പിന്നിലുള്ള ഒരേയൊരു ആത്മാവിനെ രക്ഷിക്കും. ലോകത്തിലെയെല്ലാ ശ്രേഷ്ഠ മതങ്ങളുടേയും മൗലിക സത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവയെല്ലാം ഈശ്വരദത്തങ്ങളാണെന്നും ഞാന്‍ വിശ്വസിക്കുന്നു.”


”ബിര്‍ലാമന്ദിരത്തിലെ ടവര്‍ക്ലോക്കില്‍ അഞ്ചുമുട്ടുമ്പാള്‍ ഗാന്ധിജി വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടും. ഒരുനിമിഷം പോലും തെറ്റാതെ. എന്നാല്‍ ഇന്നു വൈകിയിരിക്കുന്നു. ബാപ്പുവിനെ എന്നും നടപ്പാതയുടെ വഴിയോരത്തില്‍ കാത്തുനില്‍ക്കുന്ന മറ്റൊരു പതിവുകാരനുണ്ട്. ഗുര്‍ബച്ചന്‍ സിംഗ്. ഗാന്ധിജി പ്രാര്‍ത്ഥനാമണ്ഡപത്തിന്റെ പ്ലാറ്റ്‌ഫോമിലേക്കു കയറാറുള്ള അര്‍ധവൃത്താകൃതിയിലുള്ള ചവിട്ടുപടികള്‍ക്കടുത്ത് അയാള്‍ നില്‍ക്കുന്നു. പടവുകള്‍ കയറുമ്പോള്‍ ബാപ്പുവിന്റെ കാലുകള്‍ തെന്നിപ്പോവുന്നത് ശ്രദ്ധിക്കാന്‍. ഇന്ന് സമയം തെറ്റിയതില്‍ ഗുര്‍ബച്ചന്‍സിംഗിനും വിസ്മയം. അപ്പോള്‍ ഗുര്‍ബച്ചനോട് രഘുനാഥ് വിളിച്ചുപറഞ്ഞു: അകത്ത് സര്‍ദാര്‍ജിയും മകളും സംസാരിച്ചിരിക്കുകയാണ്. നേരം പോയതറിഞ്ഞിരിക്കില്ല.


ടവര്‍ക്ലോക്കിലെ സമയം അഞ്ചു മണി കഴിഞ്ഞ് ഏഴ്, എട്ട്, ഒമ്പതു പത്തു മിനിട്ട്. മുത്തച്ഛനും ദൗഹിത്രികളും ദുരെ നടപ്പാതയില്‍ പ്രത്യക്ഷ പ്പെട്ടു. കൊച്ചുമക്കളുടെ തോളില്‍ കൈവച്ചുകൊണ്ടുള്ള ആ പതിവുകാഴ്ച. മനുവിന്റെ ഇടതുകൈയില്‍ മുത്തച്ഛന്റെ കൊച്ചു തുപ്പല്‍കോളാമ്പിയും ജപമാലയും. ക്ഷീണിതനാണ് ഗാന്ധിജി എന്നു നടത്തം ശ്രദ്ധിക്കുന്നവര്‍ക്ക് മനസ്സിലാവും. മനസ്സിനും വേണ്ടത്ര ഉണര്‍വില്ലാത്തതുപോലെ.
ബാപ്പു അരികിലെത്തി. രഘുനാഥും ഗുര്‍ബച്ചന്‍ സിംഗും കൈകൂപ്പിനിന്നു. ഇത്തിരി വൈകിയതിനെപ്പറ്റി ഗുര്‍ബച്ചന്‍സിംഗ് എന്തോ സൂചിപ്പിച്ചു. ഗാന്ധിജി പുഞ്ചിരിച്ചു. ‘വൈകിവരുന്നവന്‍ അതിനുള്ള ശിക്ഷയും വാങ്ങേണ്ടിവരുമെന്ന്’ തമാശ പറഞ്ഞു. ആളുകള്‍ ഗാന്ധിജിയെകണ്ട് സ്വയം വകഞ്ഞു മാറിക്കൊടുത്തുകൊണ്ട് വഴിയുണ്ടാക്കി.


നടന്നുചെന്ന് പ്രാര്‍ഥനാവേദിയിലേക്കുള്ള പടവുകള്‍ കയറാനെത്തുമ്പോഴേക്കും പതിവുകാരനായ ഗുര്‍ബച്ചന്‍സിംഗിന്റെ കൈകള്‍ മഹാത്മാവിനു താങ്ങായി നീണ്ടു. പടവുകള്‍ കയറി ബാപ്പു പിന്നെയും നാലഞ്ചടി നടന്നു. നടന്നടുക്കുന്ന ഗാന്ധിജിയെ നിര്‍ന്നിമേഷനായി നോക്കിക്കൊണ്ട് നാഥുറാം ഗോഡ്‌സെ ഒന്നാംനിരയുടെ മറവില്‍ നിന്നു. ആളുകളെ വകഞ്ഞുമാറ്റിക്കൊണ്ടിരിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് നാഥുറാം ഒരു ശല്യമായിത്തീര്‍ന്നു. അവരുടെ വകഞ്ഞുമാറ്റലുകളില്‍നിന്നും അയാള്‍ വഴുതിക്കളിച്ചു. മഹാത്മാവിന്റെ പാദം സ്പര്‍ശിച്ചു സായൂജ്യമടയാനുള്ള ത്വരയാണ് അയാള്‍ക്കും എന്നു മാത്രമെ പെരുമാറ്റം കണ്ടാല്‍ തോന്നുമായിരുന്നുള്ളൂ. എന്നാലും ഇങ്ങനെയുണ്ടോ ഒരു മനുഷ്യന്‍ എന്ന് തോന്നിത്തുടങ്ങിയ മനു അയാളോട് പറഞ്ഞു: എന്താണിത്? ദയവായി മാറിനില്‍ക്കൂ. അല്ലെങ്കില്‍ത്തന്നെ വൈകി!
നാഥുറാം കേട്ടതായി നടിച്ചില്ല. അയാള്‍ വീണ്ടും മുന്നിലേക്കു തെന്നിനടന്നു. അപ്പോള്‍ മനു അയാളുടെ കൈത്തണ്ടയില്‍ പിടിച്ചു. നാ ഥുറാം മുതുകുകൊണ്ട് തട്ടി. മനു തെറിച്ചുപോയി. കൈയിലെ തുപ്പല്‍ കോളാമ്പിയും ജപമാലയും താഴെ വീണു. ഇതിനിടയില്‍, മുട്ടറ്റം ആഴത്തില്‍ കൈചെലുത്താവുന്ന ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും ഘാതകന്‍ തോക്ക് വലിച്ചെടുത്തു. വലതു കൈയില്‍ തോക്ക് അടക്കിപ്പിടിച്ചുകൊണ്ടും കൈപ്പത്തികള്‍ മുകുള രൂപത്തില്‍ നിര്‍ത്തിക്കൊണ്ടും ഘാതകന്‍ ഗാന്ധിജിയെ നോക്കി ‘നമസ്‌തേ!’ പറഞ്ഞു. കൂടെയുള്ള പെണ്‍കുട്ടികള്‍ക്ക് വെടിയുണ്ടയേല്‍ക്കാതിരിക്കാന്‍ അവരെ ഊക്കില്‍ തട്ടിമാറ്റി.

കൈത്തോക്കിന്റെ കാഞ്ചിവലിച്ചു. എല്ലാം ഞൊടിയിടനേരംകൊണ്ട്.
വെടിശബ്ദംകേട്ട് പരിസരം നടുങ്ങി. ഒരുപിടി ശരീരം മാത്രമുള്ള ആ വലിയ മനുഷ്യന്‍ അതിനിടെത്തന്നെ കുഴഞ്ഞു തുടങ്ങിയിരുന്നു. വിശ്വത്തെ വിസ്മയിപ്പിച്ച ഭാരതത്തിന്റെ ആ ഔന്നത്യം മെല്ലെ മെല്ലെ ചെരിഞ്ഞു. വീണേടത്തുനിന്നു തട്ടിപ്പിടഞ്ഞെഴുന്നേറ്റ മനുവും ആഭയും അപ്പൂപ്പനെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചു. ഫലമുണ്ടായില്ല. ഉറക്കത്തിലേയ്ക്കു വഴുതി വീഴുന്ന കൊച്ചുകുഞ്ഞിനെപ്പോലെ ആ വിശ്വപൗരന്‍ ഭൂമിയുടെ മടിത്തട്ടിലേയ്ക്കു മെല്ലെ മെല്ലെ ചാഞ്ഞു.” (ജനുവരി മുപ്പത്: കെ. തായാട്ട്)
ഹൈന്ദവധര്‍മപ്രകാരം യഥാസമയം നിമജ്ജനം ചെയ്യപ്പെടാത്ത ഗോഡ്‌സെയുടെ ചിതാഭസ്മം ഹിന്ദു രാജ്യം വരുന്നതുംകാത്ത് ഏഴു പതിറ്റാണ്ടായി കലശത്തില്‍ സൂക്ഷിച്ചുവെച്ചതിനാല്‍ അത് പ്രേതാത്മാവായി കാവിയിലും കാക്കിയിലും പരകായ പ്രവേശം ചെയ്തിരിക്കുന്നു.

പൗരത്വമെന്ന ജന്മാവകാശത്തിനായി ജാമിഅഃ മില്ലിയ്യയിലും ജെ.എന്‍.യുവിലും അലിഗഡിലും മറ്റു കാമ്പസുകളിലും ഷാഹീന്‍ ബാഗിലും ഇന്ദ്രപ്രസ്ഥത്തിന്റെ ഇതര തെരുവുകളിലും ഗാന്ധിമാര്‍ഗത്തില്‍ ഉപവാസമിരിക്കുന്നവര്‍ക്കുനേരെ പ്രേതാത്മാക്കള്‍ കാക്കിയണിഞ്ഞ് വെടിയുണ്ടകളുമായെത്തുമ്പോള്‍ അതു പിടിച്ചെടുത്ത് പകരം പൂക്കള്‍ കൊടുത്ത് തിരിച്ചയക്കുന്നു ഇന്ത്യയുടെ പെണ്‍മക്കള്‍. ഗാന്ധി ജയിക്കുന്നു. പുതിയ ഇന്ത്യ ഗാന്ധിയില്‍ പിറക്കുന്നു. ഗാന്ധിജി ബാക്കിയാവുന്നു.

SHARE