പി.കെ.ഷറഫുദ്ദീന്‍
ലൈഫ് പദ്ധതി പ്രകാരം കേരളത്തിലെ ഭവനരഹിതരായ രണ്ടു ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി എന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളാണ് നടന്നുവരുന്നത്. സമാനതകളില്ലാത്ത പദ്ധതി എന്ന വിശേഷണം നല്‍കിയാണ് അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് തദ്ദേശ സ്ഥാപന, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ കുടുംബ സംഗമങ്ങള്‍ പൊടിപൊടിച്ചത്. ഈ സാഹചര്യത്തില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒരു പരിശോധന ആവശ്യമാണ്.
ഭവനരഹിതരില്ലാത്ത കേരളം എന്ന പ്രഖ്യാപനത്തോടെ 2017ല്‍ ആരംഭിച്ച ലൈഫ് മിഷന്‍ വന്‍ വിജയമെന്നും ചരിത്രപരമെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രേഖകളും കണക്കുകളും ഈ അവകാശവാദത്തെ പൊളിക്കുന്നു. ഒരു പാര്‍പ്പിട നിര്‍മ്മാണ പദ്ധതിക്കപ്പുറം ഒരു സമഗ്ര വികസന പദ്ധതി (LIVELIHOOD INCLUSION AND FINANCIAL EMPOWERMENT) എന്ന പേരില്‍ അവതരിപ്പിച്ച ലൈഫിന് പ്രാഥമിക ലക്ഷ്യം പോലും കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമ്മതിക്കുന്നു.
നാലില്‍ മൂന്ന് പേരും ലിസ്റ്റിന് പുറത്ത്
കേരളത്തില്‍ ഭവനനിര്‍മ്മാണത്തിന് ശേഷിയില്ലാത്ത 5 ലക്ഷത്തിലേറെ ഭൂമിയുള്ള ഭവന രഹിത കുടുംബങ്ങള്‍ ഉണ്ട് എന്നാണ് കണക്കാപ്പെട്ടിരുന്നത്. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് ഉറപ്പാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. എന്നാല്‍ അര്‍ഹതയുള്ള പരമാവധി കുടുംബങ്ങള്‍ക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിന് പകരം വിചിത്രമായ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വെട്ടിച്ചുരുക്കുന്നതിനാണ് മിഷന്‍ ശ്രമിച്ചത്. ഇതിനായി സങ്കീര്‍ണ്ണമായ മാനദണ്ഡങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു സ്വന്തമായ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമെ ലൈഫ് പദ്ധതിക്ക് അര്‍ഹതയുള്ളു എന്ന നിബന്ധന.
ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗത്തിന് വീട് ഉണ്ടെങ്കില്‍ ആ കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റൊരു കുടുംബത്തിനും ആനുകൂല്യം ലഭിക്കില്ല. വാടക വീടുകളിലും ഷെഡ്ഡുകളിലൂം താമസിക്കുന്ന കുടുംബങ്ങളില്‍ ഭൂരിഭാഗവും സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായിരുന്നു. ഇത് പരിഗണിക്കാതെയാണ് ലൈഫ് മിഷന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കിയത്. തന്മൂലം സര്‍വ്വെ ഘട്ടത്തില്‍ തന്നെ നാല് ലക്ഷത്തോളം കുടുംബങ്ങള്‍ ഇക്കാരണത്താല്‍ ലിസ്റ്റിന് പുറത്തായി. ഇവരത്രയും പിന്നീട് സ്വന്തമായി റേഷന്‍കാര്‍ഡ് ലഭ്യമാക്കിയെങ്കിലും ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. തുടര്‍ന്ന് 99,963 കുടുംബങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018 ഏപ്രിലില്‍ പുറത്തിറക്കിയ ഗുണഭോക്താക്കള്‍ക്കുള്ള കൈപുസ്തകത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത് 2,50,000 ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നല്‍കും എന്നാണ്. ഇതാണ് 99,963ലേക്ക് ചുരുങ്ങിയത്. ലൈഫ് പ്രകാരം 5 വര്‍ഷം കൊണ്ട് 99,963 ഭൂമിയുള്ള ഭവനരഹിതര്‍ക്ക് മാത്രമാണ് വീട് ലഭിക്കുക. എന്നാല്‍ ലൈഫ് പദ്ധതിക്ക് തൊട്ടുമുമ്പുള്ള 5 വര്‍ഷക്കാലയളവില്‍ ഭവനനിര്‍മ്മാണത്തിന് സഹായം ലഭിച്ച കുടുംബങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴാണ് ലൈഫ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന് വ്യക്തമാവുക.
ലൈഫ് പദ്ധതി ആരംഭിക്കുന്നത് 2017ലാണ്. ലൈഫ് പദ്ധതി പ്രാവര്‍ത്തികമായതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഭവനപദ്ധതി നടപ്പാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വകുപ്പുകളുടെ പദ്ധതികളും മരവിച്ച സ്ഥിതിയിലാണ്. വകുപ്പുകള്‍ പദ്ധതി നടപ്പാക്കുകയാണെങ്കിലും ലൈഫ് ഗുണഭോക്തൃ ലിസ്റ്റ് പ്രകാരമാണ് ആനുകൂല്യം നല്‍കേണ്ടത് എന്നും നിര്‍ദ്ദേശമുണ്ട്. തന്മൂലം നാല് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിക്കുന്ന സംവിധാനങ്ങളെ ഇല്ലാതാക്കുകയും പകരം കൊണ്ട് വന്ന ലൈഫ് അതിന്റെ നാലിലൊന്ന് പേര്‍ക്ക് മാത്രം സഹായം ലഭിക്കുന്നതിലേക്ക് പരിമിതപ്പെടുകയും ചെയ്തു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കെല്ലാം അതത് വകുപ്പുകള്‍ മുഖേന ഓരോ വര്‍ഷവും ഭവനസഹായം ലഭിച്ചിരുന്നതാണ്. ലൈഫിന്റെ പേരില്‍ ഇവ നിലയ്ക്കുകയും ലൈഫ് ഗുണഭോക്തൃ പട്ടിക ഇവര്‍ക്ക് നിര്‍ബന്ധമാക്കുകയും ചെയ്തതോടെ ദുര്‍ബല വിഭാഗത്തിലെ അര്‍ഹരായ ആയിരങ്ങള്‍ക്കാണ് സഹായം തടയപ്പെടുന്നത്. വകുപ്പിന്റെ പക്കല്‍ ഇതിനാവശ്യമായ ഫണ്ട് നീക്കിയിരിപ്പുണ്ട്. അര്‍ഹരായവര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ചെയ്യുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കാതെ സഹായം അനുവദിക്കാനാവാത്ത അവസ്ഥയാണുള്ളത്.
പെരുപ്പിച്ച് കാണിക്കാന്‍
വെറും 99,963 പേര്‍ക്ക് മാത്രമാണ് ലൈഫ് ഭവന പദ്ധതി പ്രകാരം പുതുതായി വീട് ലഭിച്ചത്. എന്നാല്‍ കണക്കുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയെയും നിലവിലുള്ള വീട് പൂര്‍ത്തീകരണത്തെയും ലൈഫ് പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. പി.എം.എ.വൈ പദ്ധതി പ്രകാരം 75964 പേര്‍ക്കാണ് ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചത്. അതൊടൊപ്പം പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീരണം എന്ന പേരില്‍ 54,351 വീടുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള് നടപ്പാക്കിവരുന്ന വീട് അറ്റകുറ്റപ്പണിക്ക് സമാനമായ ഈ പ്രവൃത്തിയെയും ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്.
യു.ഡി.എഫ് സര്‍ക്കാറില്‍
4 ലക്ഷത്തിലേറെ പേര്‍ക്ക്
2016 ഫെബ്രുവരി 24ന് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നല്‍കിയ മറുപടി ഉയര്‍ത്തിക്കാണിച്ച് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ആകെ 6469 പേര്‍ക്ക് മാത്രമാണ് വീട് ലഭിച്ചത് എന്നാണ് ‘ ദേശാഭാനി’ വാര്‍ത്ത. ഇത് തീര്‍ത്തും വസ്തുതകള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചായിരുന്നു ചോദ്യം. പൂര്‍ണ്ണമായും സര്‍ക്കാര്‍ വിഹിതം ഉപയോഗിച്ചുള്ള എം.എന്‍.ലക്ഷം വീട് പുനര്‍നിര്‍മ്മാണം , സുരക്ഷ , ഗൃഹശ്രീ , പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവന നിര്‍മ്മാണ സബ്‌സിഡി എന്നിവയുടെ എണ്ണം മാത്രമാണ് ഈ മറുപടിയില്‍ ഉള്‍പ്പെടുത്തിയത്. വിവിധ വകുപ്പുകള്‍ മുഖേനയും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും നടപ്പാക്കുന്ന പദ്ധതി പ്രകാരം വീട് ലഭിച്ചവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല.
2011-12 മുതല്‍ 2015-16 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍!ഷത്തിനിടെ 4,14,552 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചിട്ടുണ്ട് എന്ന കാര്യം വിവിധ വകുപ്പുകള്‍ വിവരാവകാശ പ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ 71710 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകളും 12938 കുടുംബങ്ങള്‍ക്ക് മുനിസിപ്പാലിറ്റികളും 12815 കുടുംബങ്ങള്‍ക്ക് കോര്‍പ്പറേഷനുകളും സ്വന്തമായി ഭവനപദ്ധതി തയ്യാറാക്കി വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഇന്ദിരാആവാസ് യോജന പദ്ധതി പ്രകാരം 274616 കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചു. പട്ടികജാതി വികസന വകുപ്പ് മുഖേന 24887 കുടുംബങ്ങള്‍ക്കും പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന 17588 കുടുംബങ്ങള്‍ക്കും ഭവനപദ്ധതി ആനുകൂല്യം ലഭിച്ചു. ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ഭവന പദ്ധതി, എം.എന്‍ ലക്ഷം വീട് പുനര്‍നിര്‍മ്മാണം, ഗൃഹശ്രീ, സുരക്ഷ എന്നീ ഭവന പദ്ധതികള്‍ കൂടി ചേര്‍ത്താല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വീട് ലഭിച്ചവരുടെ എണ്ണം 439387 ആയി ഉയരും.ഈ പദ്ധതികളെല്ലാം നിര്‍ത്തലാക്കി അവതരിപ്പിച്ച ലൈഫ് പദ്ധതിയില്‍ ഇതിന്റെ മുന്നില്‍ ഒന്ന് പേര്‍ക്ക് പോലും സഹായം ലഭിച്ചിട്ടില്ല.
ഭവനസമുച്ചയത്തിന് ഭൂമി
കണ്ടെത്താനാവാതെ
ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം ഒരുക്കുക എന്നതാണ് ലൈഫ് മിഷന്റെ അന്തിമഘട്ട പ്രവര്‍ത്തനം. ലൈഫ് സര്‍വ്വെയില്‍ 3,37,416 കുടുംബങ്ങളെയാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയത്. ഇവരുടെ രേഖകള്‍ പരിശോധിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമി ഇല്ല എന്നും കുടുംബസ്വത്ത് ഓഹരി ചെയ്താല്‍ ഭൂമി ലഭിക്കില്ല എന്നുമുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ ഗുണഭോക്താക്കള്‍ ഏറെ പണിപ്പെട്ട് സമര്‍പ്പിച്ചതാണ്. രേഖകള്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശിച്ചതോടെ തങ്ങളുടെ ഭവനസ്വപ്‌നം പൂവണിഞ്ഞു എന്ന പ്രതീക്ഷയിലാണിവര്‍. എന്നാല് 3.37 ലക്ഷം ഗുണഭോക്താക്കളില്‍ വെറും 217 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തീകരിച്ചത്.
അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവില്‍ നിര്‍മ്മിച്ച ഈ ഫ്‌ലാറ്റിന് പുറമെ മറ്റൊരു ഭവനസമുച്ചയത്തിന്റെയും നിര്‍മ്മാണം സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല എന്ന് ലൈഫ് മിഷന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ലൈഫ് മിഷന്‍ ആരംഭിച്ചത് മുതല്‍ ഭവനസമുച്ചയ നിര്‍മ്മാണത്തിന് ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇതെ വരെ 156.51 ഏക്കര്‍ ഭൂമി മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതില്‍ പരമാവധി 7500 കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭവനസമുച്ചയം മാത്രമാണ് നിര്‍മ്മിക്കാന്‍ സാധിക്കുക എന്ന് ലൈഫ് മിഷന്‍ വിവരവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമായി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വിവരം മറച്ചുവെച്ചാണ് 3.37ലക്ഷം ഗുണഭോക്താക്കളോട് രേഖകള്‍ ഹാജരാക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ളത്.
പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍
പദ്ധതിയോ ?
ലൈഫ് പദ്ധതി പ്രകാരം ഒരു വീട് നിര്‍മ്മാണത്തിന് 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. 80,000 രൂപ തദ്ദേശ സ്ഥാപനങ്ങളും 2,20000 രൂപ ഹഡ്‌കോ വായ്പയുമാണ്. വായ്പാ തുക തദ്ദേശ സ്ഥാപനങ്ങളാണ് തിരിച്ചടക്കേണ്ടത്. പി.എം.എ.വൈ ലൈഫ് (അര്‍ബണ്‍)പദ്ധതിക്ക് 50,000 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം. 1,50,000 രൂപ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 2,00,000 രൂപ തദ്ദേശ സ്ഥാപനം ചെലവഴിക്കണം. ഇതില്‍ ആവശ്യമായ തുക നഗരസഭക്ക് ഹഡ്‌കോയില്‍ നിന്നും വായ്പ എടുക്കാം. പി,എം.എ.വൈ ( റൂറല്‍ ) പദ്ധതിക്ക് 48000 മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം.കേന്ദ്രസര്‍ക്കാര്‍ വിഹിതം 72000 രൂപയാണ്. 1,12,000 രൂപ ബ്ലോക്ക് പഞ്ചായത്ത് ,98000 രൂപ ജില്ലാ പഞ്ചായത്ത് ,70000 രുപ ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ് വഹിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും സര്‍ക്കാര്‍ തുക തന്നെയാണ് എന്ന ദുര്‍ബലവാദവുമായും ചിലര്‍ രംഗതെത്തിയിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി അനുവദിക്കുന്ന വിഹിതത്തിന് പുറമെ ഭവന പദ്ധതിക്ക് മാത്രമായി സര്‍ക്കാര്‍ പ്രത്യേക വിഹിതം അനുവദിച്ചിട്ടില്ല എന്നതാണ് വസ്തുത. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അനുവദിച്ചു വന്നിരുന്ന വിഹിതത്തില്‍ പോലും 20 ശതമാനം വരെ വെട്ടിച്ചുരുക്കാനാണ് കഴിഞ്ഞ 2 വര്‍ഷങ്ങളിലായി സര്‍ക്കാര്‍ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന പി.എം.എ.വൈ പദ്ധതിയേയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ മിഷന്‍ തീര്‍ത്തും അപ്രസക്തമാണെന്ന് വ്യക്തമാണ്.
വികേന്ദ്രീകരണം തകര്‍ക്കുന്ന
സമീപനം
തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന ചുമതലകളില്‍ ഉള്‍പ്പെട്ടതാണ് ഭവനനിര്‍മ്മാണം. ഇതിനായി അപേക്ഷ സ്വീകരിച്ച് ഗ്രാമസഭ ചേര്‍ന്നാണ് മുന്‍ഗണന ക്രമം നിശ്ചയിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന ഭവനപദ്ധതികള്‍ക്കും വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കും ഗുണഭോക്താക്കളെ പരിഗണിച്ചിരുന്നത് ഗ്രാമസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായുന്നു. എന്നാല്‍ ലൈഫ് മിഷന്‍ ഗ്രാമസഭയെയും പ്രാദേശിക ഭരണകൂടങ്ങളെയും അപ്രസക്തമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഭവനപദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഗ്രാമസഭകളില്‍ നിന്നും പ്രാദേശികസര്‍ക്കാറുകളില്‍ നിന്നും എടുത്തു മാറ്റി അവ സംസ്ഥാന തലത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് മിഷന്‍ ചെയ്തത്.
2017 അവസാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ലൈഫ് മിഷന്‍ നേരിട്ട് പ്രത്യേക സര്‍വ്വെ നടത്തിയത്. വിചിത്രമായ മാനദണ്ഡങ്ങള്‍ മൂലം അര്‍ഹരായവരില്‍ ഭൂരിഭാഗവും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതിനാല്‍ മിഷന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ തന്നെ വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയെങ്കിലും തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലിസ്റ്റില്‍ ഉള്‍പ്പെടാത്തത് സംബന്ധിച്ച അപ്പീലുകളിലും കാര്യമായ തീരുമാനമുണ്ടായില്ല. ലൈഫ് മിഷന്‍ അംഗീകരിച്ച ഈ ലിസ്റ്റിലും നിര്‍വ്വഹണ ഘട്ടത്തില്‍ വ്യാപകമായ വെട്ടിച്ചുരുക്കല്‍ നടക്കുകയുണ്ടായി. മിഷന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടികള്‍.
പി.എം.എ.വൈ പദ്ധതിയും ബി.ജെ.പി വാദവും
കേന്ദ്ര സര്‍ക്കാര്‍ ഇതാദ്യമായി നടപ്പാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതിയാണ് പി.എം.എ.വൈ എന്ന രീതിയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചരണം. നാല് വര്‍ഷത്തിനിടെ കേരളത്തില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീട് യാഥാര്‍ത്ഥ്യമാക്കി എന്നും അവര്‍ കൊട്ടിഘോഷിക്കുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വന്നിരുന്ന ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ പേര് മാറ്റി അവതരിപ്പിക്കുക മാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത് എന്നതാണ് വസ്തുത. 2016 17ലാണ് പദ്ധതിക്ക് തുടക്കമാവുന്നത്.
നാല് വര്‍ഷത്തിനിടെ പി.എം.എ.വൈ പദ്ധതി പ്രകാരം 75964 പേര്‍ക്കാണ് സംസ്ഥാനത്ത് ഭവനനിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചത്. എന്നാല്‍ ഇതിന് തൊട്ടുമ്പുള്ള നാല് വര്‍ഷം 2,74,084 പേര്‍ക്ക് ഐ.എ.വൈ പദ്ധതി പ്രകാരം ഭവനനിര്‍മ്മാണം നടത്തുന്നതിന് ധനസഹായം ലഭിച്ചിരുന്നു എന്ന കണക്ക് പി.എം.എ.വൈ പദ്ധതിയെ കുറിച്ചുള്ള ബി.ജെ.പി വാദത്തെ പൊളിക്കുന്നതാണ്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വന്നിരുന്ന ഭവന പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം നാലിലൊന്നായി ചുരുക്കുകയാണ് പി.എം.എ.വൈ പദ്ധതിയിലൂടെ മോദി സര്‍ക്കാര്‍ ചെയ്തത് എന്ന് ഈ കണക്കുകകള്‍ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങളില്‍ 1,50,000 രൂപയും ഗ്രാമങ്ങളില്‍ 72000 രൂപയുമാണ് പി.എം.എ.വൈ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം.
ധൂര്‍ത്തിന്റെ മിഷന്‍
പ്രത്യേക മിഷന്‍ രൂപീകരിക്കാതെയാണ് മുന്‍ സര്‍ക്കാറുകളുടെ കാലഘട്ടങ്ങളില്‍ ഭവനപദ്ധതി നടപ്പാക്കിയിരുന്നത്. അതിനാല്‍ തന്നെ ഗുണഭോക്താവിന് അനുവദിക്കുന്ന തുക മാത്രമെ ഈ ഇനത്തില്‍ ചെലവ് വന്നിരുന്നുള്ളു. എന്നാല്‍ ലൈഫ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് 5,52,22,772 രൂപയാണ്. വീട് നിര്‍മ്മാണത്തിനും ഭൂമി കണ്ടെത്തുന്നതിനുമല്ലാതെയുള്ള ചെലവാണിത്. പരസ്യം ഇനത്തില്‍ 33,63,074 രൂപ, ജീവനക്കാരുടെ ശമ്പളത്തിന് 3,5491,639 രൂപ, പരിശീലനത്തിന് 3,00,128 രൂപ, ഓഫീസ് ചെലവുകള്‍ക്കായി 1,45,27,876 രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്.
ഇതിന് പുറമെ വീട് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല കുടുംബസംഗമങ്ങള്ക്ക് 20,000 രൂപയും ജില്ലാ തലസംഗമങ്ങള്‍ക്ക് 5000 രൂപയും വീതം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തല സംഗമത്തിലും സംസ്ഥാന തല സംഗമത്തിലും വേറെയും തുക ചെലവഴിച്ചു. ആഘോഷവുമായി ബന്ധപ്പെട്ട് ചെലവഴിച്ച ആകെ തുക അഞ്ച് കോടിയോളം വരും. ഇത്രയും തുക മുടക്കി ഒരു മിഷന്‍ പ്രവര്‍ത്തിക്കാതെ തന്നെ മുമ്പ് ഇതിന്റെ മൂന്നിരട്ടിയിലേറെ പേര്‍ക്ക് വീട് ലഭിച്ചിരുന്നു എന്ന് വ്യക്തമാകുന്നിടത്താണ് മിഷന്‍ പ്രവര്‍ത്തനത്തിലെ ധൂര്‍ത്ത് പ്രകടമാവുക. പ്രാദേശിക വിഭവസമാഹരണവും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലുള്ള വിഭവസമാഹരണവുമെല്ലാം ലക്ഷ്യമിട്ടെങ്കിലും ഈ രീതിയില്‍ ഒരു രൂപ പോലും സമാഹരിക്കാന്‍ ലൈഫ് മിഷന് സാധിച്ചിട്ടില്ല. പരസ്യം നല്‍കലും പരീശീലനവും അവലോകനവും മാത്രമായി മിഷന്റെ പ്രവര്‍ത്തനം ചുരുങ്ങി.
ഏറെ കൊട്ടിഘോഷിച്ച് ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച നാല് മിഷനുകളില്‍ പ്രധാനമാണ് ലൈഫ് മിഷന്‍. അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് 5 വര്‍ഷത്തിനിടെ വീടും തീരെ പാവപ്പെട്ടവര്‍ക്ക് ജീവിതോപാധിയും ലഭ്യമാക്കുന്ന പദ്ധതി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പദ്ധതിയെ വിശേഷിപ്പിച്ചത്. ഈ ലക്ഷ്യത്തിന്റെ അടുത്തെത്താന്‍ പോലും പദ്ധതിക്ക് സാധിക്കുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.