ഗ്രീന്‍ സല്യൂട്ട്, കെ.എം.സി.സി

ആര്‍ദ്രത അനിര്‍വചനീയമായ വികാരമാണ്. മനസ്സിന്റെ അഗാധതല യാത്രയിലെ ചെറുകണികയാണത്. ജീവിതത്തെ നേര്‍മുഖം കാണുമ്പോള്‍ ഉയരുന്ന അലയൊലി. മനസ് ആര്‍ദ്രമാവണമെങ്കില്‍ കാമ, ക്രോധ, ലോപ മോഹാദികള്‍ പാടില്ല. അസൂയയും വിദ്വേഷവും വെറുപ്പും, അസഹിഷ്ണുതയുമുള്ള ലോകത്തില്‍ ആര്‍ദ്രതക്ക് സ്ഥാനമില്ല. സ്‌നേഹവും ദയയും അലിവും സഹാനുഭൂതിയും കാരുണ്യവുമെല്ലാം ചേരുന്ന മനുഷ്യത്വത്തിന്റെ ബഹിര്‍സ്ഫുരണമാണ് ആര്‍ദ്രത. കലി കാലമാണിത്. മഹാമാരികളുടെ ഈ കാലത്ത് മുഖകവചവും ശാരീരിക അകലവുമെല്ലാം പാലിച്ച് നമ്മള്‍ നടക്കുമ്പോള്‍ ആര്‍ദ്രതയെന്ന വികാരത്തെ തള്ളിമാറ്റി മനസ്സിലേക്ക് വരുക ഞാന്‍ എന്ന ഭാവവും അതിന്റെ സന്തതികളായ വിദ്വേഷവും വെറുപ്പും അസഹിഷ്ണുതയുമെല്ലാമാണ്.

കോവിഡ് കാലത്ത് നമ്മുടെ വീടിന്റെ ഗേറ്റുകള്‍ അടഞ്ഞ് കിടക്കുകയാണ്. സമൂഹമെന്ന സത്യത്തില്‍ നിന്നുമകന്ന് വൈറസിനെ പേടിച്ചുള്ള ഭയവിഹ്വല താല്‍കാലിക സാമ്രാജ്യത്തിലാണ് നമ്മളെല്ലാം. ഒന്ന് സ്വതന്ത്രമായി തുമ്മാന്‍ കഴിയുന്നില്ല, ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയുന്നില്ല-എവിടെയും നിയന്ത്രണത്തിന്റെ വേലികള്‍ ഉയര്‍ത്തുന്നവര്‍ പറയുന്നത് ഇത് നിങ്ങള്‍ക്ക് വേണ്ടിയാണെന്നാണ്. ശരിയായിരിക്കാം. പക്ഷേ അന്യതാബോധം വളര്‍ത്തുന്ന ഈ ലോകത്ത് നമുക്ക് നഷ്ടമാവുന്നത് നന്മയുടെ നല്ല വികാരങ്ങളാണ്. വേദനിക്കുന്നവരെ കാണുമ്പോള്‍ ആലങ്കാരിക സഹതാപമായി മാറുന്ന മനുഷ്യര്‍ക്ക് നടുവില്‍ നിന്ന് കോവിഡ് സമ്മാനിച്ച നീലാകാശത്തേക്ക് നോക്കിയാല്‍ കാണുന്ന സുന്ദരമായ മുഖങ്ങളുണ്ട്- അവര്‍ക്കൊരു സല്യൂട്ട് നല്‍കി തുടങ്ങാം.

നാളെ നമ്മുടെ ആകാശം തുറക്കുകയാണ്. കോവിഡില്‍ കുരുങ്ങിയ നമ്മുടെ സഹോദരങ്ങള്‍ ജന്മനാട്ടിലേക്ക് വരുന്നു. അവരെ സ്വീകരിക്കാന്‍ നമ്മളെല്ലാം ഒരുങ്ങി നില്‍ക്കുമ്പോള്‍ മഹാമാരിയുടെ ദിവസങ്ങളില്‍ അവര്‍ക്ക് തണലായി നിന്ന ആര്‍ദ്ര-സ്‌നേഹ മുഖങ്ങളെ മറക്കരുത്. അവരെ നമുക്ക് കെ.എം.സി.സി എന്ന് വിളിക്കാം. ജീവിതമെന്നത് പലപ്പോഴും സ്വാര്‍ത്ഥതയാണ്. ഞാന്‍ കയറിയ ബസ് മറ്റൊരു സ്ഥലത്തും നിര്‍ത്തരുത് എന്ന് മനസ് പറയുന്നതിലെ സ്വാര്‍ത്ഥത പോലെ തന്നെയാണല്ലോ ജീവിതവും. ആ ജീവിതം തേടിയുള്ള സഞ്ചാരത്തില്‍ പലരും പല വഴിക്ക് തിരിയുന്നു. രാജ്യാതിര്‍ത്തികള്‍ വിട്ട് അന്യഭൂമിയിലെത്തുന്നവരുടെ മുന്നില്‍ നാളെ എന്നത് നിലനില്‍പ്പിന്റെ സമ്പാദ്യമാവുമ്പോള്‍ അവരുടെ മനസിനെ വേട്ടയാടുന്ന വികാരം കുടുബം എന്ന ചിത്രമാണ്.

ചോരയും നീരുമൊഴുക്കി പ്രവാസത്തിന്റെ നൊമ്പരം പേറുന്നവരുടെ വലിയ ആശ്വാസം ഒരു നാള്‍ വീട്ടില്‍ പോവാമെന്നതാണ്. ആ ആശ്വാസ ദിവസത്തേക്കായുള്ള സമ്പാദ്യപ്പട്ടികയില്‍ കിട്ടാവുന്നതെല്ലാം അവര്‍ ചേര്‍ക്കും. പ്രവാസത്തിന്റെ വിലാസം പലപ്പോഴും വേദനയായാണ് നമ്മുടെ മുന്നില്‍ വരാറുള്ളത്. വായനയിലും സിനിമകളിലും മാധ്യമങ്ങളിലും വര്‍ണനകളിലുമെല്ലാം പ്രവാസമെന്നത് വേദനയാണ്. എല്ലാം നുള്ളിപ്പെറുക്കി വിസ സമ്പാദിച്ച് മരുഭൂമിയുടെ വേനലില്‍ ഉരുകിയൊലിക്കുന്ന വിയര്‍പ്പില്‍ നിന്നും പക്ഷേ മനുഷ്യനെന്ന സത്യം പിറക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാം. വേദനയില്‍ നിന്നാണ് നമ്മള്‍ ജീവിതത്തെ പഠിക്കുന്നത്. ആ പഠനത്തില്‍ നിന്നുമാണ് ആര്‍ദ്രതയും സ്‌നേഹവും ദയയും അലിവുമെല്ലാം നമ്മുടെ സുഹൃത്തുക്കളായി മാറുന്നത്.

കേരളാ മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മനസിലേക്കുയരുന്നത് കേവലമായ രാഷ്ട്രീയമല്ല. വിശാല മാനുഷികതയാണ്. കലുഷിത കാലത്ത്, പ്രകൃതി കോപിച്ച വേളകളില്‍, മഹാമാരികളുടെ വേട്ടകളില്‍, പരിശുദ്ധ ഹജ്ജ് സമയങ്ങളില്‍ സ്‌നേഹത്തിന്റെ, ആശ്വാസത്തിന്റെ തണലായി അവര്‍ വരും. അവര്‍ക്കിടയില്‍ ജാതിയില്ല, മതമില്ല, വര്‍ണമില്ല, വര്‍ഗമില്ല. എല്ലാവരും ഒന്നാവുന്ന വിശ്രുതമായ ആഗോള കാഴ്ച്ചയാണത്. കോവിഡില്‍ തളര്‍ന്ന ലോക രാജ്യങ്ങളുടെ പട്ടിക നോക്കിയാല്‍ മണലാരണ്യ രാജ്യങ്ങളെയും കാണാം. അവിടെയാണല്ലോ നമ്മുടെ പ്രവാസത്തിന്റെ ഭീമശേഷിയുള്ളത്.

പ്രതികൂലമായ കാലാവസ്ഥയിലും ആശങ്കയുളവാക്കുന്ന സാഹചര്യങ്ങളിലും മുന്നില്‍ നിരക്കുന്ന മരവിച്ച ശരീരങ്ങള്‍ക്കുമിടയിലും കെ.എം.സി.സി യുടെ വോളണ്ടിയര്‍മാര്‍ തളരാതെ നിന്നു. വൈറസ് കൊലയാളിയാണെന്ന് ശാസ്ത്ര ലോകവും ആരോഗ്യ വിദഗ്ദ്ധരും ഉച്ചത്തില്‍ പറഞ്ഞു. സുരക്ഷയുടെ ഏത് കവചത്തിലും വൈറസ് നിങ്ങളിലേക്ക് ചങ്ങാത്തം കൂടാന്‍ വരുമെന്ന മുന്നറിയിപ്പില്‍ എല്ലാവരും മുഖം മറച്ച് സ്വന്തം സുരക്ഷയിലേക്ക് നീങ്ങിയപ്പോള്‍ യു.എ.ഇ എന്ന കൊച്ചു രാജ്യത്ത് ആശ്വാസത്തിന്റെ ക്വാറന്റൈന്‍ തീര്‍ത്തത് കെ.എം.സി.സി വോളണ്ടിയര്‍മാരായിരുന്നു. എല്ലാവരും ഓടിയൊളിച്ച വേളയിലും അവര്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തേടി. ഉടമകളെ കണ്ട് സ്‌നേഹാഭ്യാര്‍ത്ഥന നടത്തി. ചൈനക്കാര്‍ അതിവേഗതയില്‍ കോവിഡ് ആസ്പത്രികള്‍ സ്ഥാപിച്ചത് പോലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളും ചികില്‍സാ കേന്ദ്രങ്ങളുമെല്ലാം വേഗത്തിലൊരുക്കി. ഇടുങ്ങിയ കൊച്ചുമുറികളില്‍ പത്തും പതിനഞ്ചും പേര്‍ ജിവിക്കുമ്പോള്‍ വൈറസിനത് എളുപ്പ സഞ്ചാരപഥമാണെന്ന സത്യം മനസ്സിലാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയതെങ്കില്‍ അതുകണ്ട് അറബികല്‍ പോലും കൈകള്‍ കോര്‍ത്തു.

സഊദി അറേബ്യയിലും കുവൈറ്റിലും ഖത്തറിലും ബഹറൈനിലും ഒമാനിലും ബ്രിട്ടനിലും, മലേഷ്യയിലും, അയര്‍ലാന്‍ഡിലും- എവിടെയെല്ലാം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുണ്ടോ അവിടെയെല്ലാം സാന്ത്വനത്തിന്റെ മുഖരമായി അവരെത്തി. എല്ലാവര്‍ക്കും നല്ല ഭക്ഷണം. എല്ലാവര്‍ക്കും നല്ല മരുന്നുകള്‍. എല്ലാത്തിനുമുപരി രോഗബാധിതരുടെ മനസ്സിന് ധൈര്യം പകരുന്ന സമീപനവും.ഈ സ്‌നേഹത്തിന്റെ വില കൃത്യമായി നമുക്കറിയില്ല. പക്ഷേ കോവിഡില്‍ തളര്‍ന്ന മനസുമായി വിദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് കെ.എം.സി.സി സ്‌നേഹമെന്നത് ഏറ്റവും വലിയ മരുന്നായിരുന്നു. ജാതിയും മതവുമെല്ലാം മനുഷ്യനെ വേര്‍തിരിക്കുന്ന അതിര്‍ത്തികളായി നില്‍ക്കുമ്പോഴാണ് ഭൂമിയുടെ അവകാശികളുടെ മുഖമുദ്രാവാക്യം നിലനില്‍പ്പാണെന്ന് ഈ വോളണ്ടിയര്‍മാര്‍ വിളിച്ചുപറയുന്നത്. അവര്‍ക്കും കുടുംബമുണ്ട്. അവരും ജീവിതമെന്ന കപ്പലില്‍ കയറിയാണ് എത്തിയത്. അവര്‍ക്കിടില്‍ വലിയ ഉദ്യോഗസ്ഥരുണ്ട്. ഡോക്ടര്‍മാരും എഞ്ചിയിനര്‍മാരും ഐ.ടി പ്രൊഫഷണലുകളും മാധ്യമ പ്രവര്‍ത്തകരുമെല്ലാമുണ്ട്.

പക്ഷേ സേവനത്തിന്റെ വഴിയില്‍ അവര്‍ സ്വന്തം കസേരകളെ മറക്കുന്നു. വാങ്ങുന്ന വലിയ ശമ്പളത്തെ, ചെറിയ ശമ്പളത്തെ മറക്കുന്നു. വേദനിക്കുന്നവര്‍ക്ക് മുന്നില്‍ അവരെത്തുന്നത് സ്‌നേഹത്തിന്റെ മാലാഖമാരായാണ്.മാറി നില്‍ക്കാന്‍ എളുപ്പമാണ്. ഞാനൊന്നും കണ്ടിട്ടില്ല, കാണാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞ് പിന്മാറുന്നവരാണ് എല്ലാവരും. നമ്മുടെ മുന്നില്‍ ഒരപകടം നടന്നാല്‍ കണ്ണുപൊത്തി അതിവേഗതയില്‍ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കുന്നവരാണ് എല്ലാവരും. അപകട മുഖത്തേക്ക് ഓടിയെത്തി പരുക്കേറ്റവരെ സഹായിക്കാനുള്ള മനസ് നമുക്കുണ്ടാവുമ്പോഴാണ് മനുഷ്യര്‍ എന്ന പദത്തില്‍ നമ്മളെത്തുന്നതും മനുഷ്യത്വം എന്ന വികാരം നമ്മളിലേക്ക് വരുന്നതും. കോവിഡില്‍ മരിച്ച പ്രവാസികളുടെ എണ്ണം വലുതാണ്. അവര്‍ക്ക് അന്തിമ ശുശ്രുഷ നല്‍കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലും ആ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അവ മതാചാരപ്രകാരം തന്നെ സംസ്‌കരിക്കാനുളള മനസിനെ നമ്മള്‍ എന്ത് പേരിട്ട് വിളിക്കും. വൈറസ് ബാധിച്ച് മുറിയില്‍ അകപ്പെട്ടവര്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ജനലരികില്‍ വന്ന് വാവിട്ടു കരയുമ്പോള്‍ അവര്‍ക്കായി വലിയ ത്യാഗം സഹിച്ച് ഭക്ഷണം നല്‍കുന്നവരെ നമ്മള്‍ എന്ത് വിളിക്കും.

ആസ്പത്രിയില്‍ പോവാന്‍ വാഹനമില്ലാതെ, സ്വന്തം മുറിയുടെ പുറത്ത് നിന്ന് അരികിലൂടെ അകന്ന് പോവുന്ന വാഹനങ്ങള്‍ക്ക് കൈ കാട്ടി നിരാശരായി കരഞ്ഞ് നില്‍ക്കുന്നവരുടെ മുന്നില്‍ ആംബുലന്‍സുകളായും ചെറിയ ചരക്ക് വാഹനങ്ങളായുമെല്ലാം സ്‌നേഹത്തിന്റെ വാതിലുകള്‍ തുറക്കുന്നവരെ എന്ത് വിളിക്കും…?

നാളെ വിമാനങ്ങള്‍ വരുന്നു. ആ വിമാനങ്ങളില്‍ യാത്ര ചെയ്യണമെങ്കില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ പല ഔദ്യോഗിക ഫോര്‍മാലിറ്റികളുമുണ്ട്. ആ ഫോര്‍മാലിറ്റികള്‍ എന്താണെന്നറിയാത്ത ധാരാളം പേരുണ്ട്. അവരുടെ മുന്നിലേക്ക് ഹെല്‍പ്പ് ഡസ്‌ക്കായി മാറുന്നവരുടെ മനസില്‍ സേവന തല്‍പ്പരത മാത്രമാണ്. മഹാമാരിയുടെ ഗുരുതരാവസ്ഥയില്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുക്കാനെത്തുന്ന വോളണ്ടിയര്‍ ആരോഗ്യ ശാസ്ത്രത്തില്‍ ഒന്നാമനല്ല-പക്ഷേ അവന്‍ പ്രായോഗിക പ്രവൃത്തിപഥത്തില്‍ ആരോഗ്യകരമായി ചിന്തിക്കുന്നവനാണ്. ഇവരെല്ലാം ചേരുമ്പോള്‍ ഉയരുന്ന ശബ്ദമാണ് കെ.എം.സി.സി. ആ ശബ്ദത്തിന്റെ സൗന്ദര്യത്തെ വര്‍ണിക്കുക അസാധ്യമാണ്. ആ സേവനങ്ങളെ മലയാള പദാവലിയിലെ ഏത് പദം ഉപയോഗിച്ച് പ്രകീര്‍ത്തിച്ചാലും അധികമാവില്ല. മനസിന്റെ സ്‌നേഹാര്‍ദ്രത-അതാണ് കെ.എം.സി.സി

SHARE