ധനവകുപ്പിന്റെ കുരുക്കില്‍ വഴിമുട്ടി തദ്ദേശഭരണം

പി.കെ. ഷറഫുദ്ദീന്‍

ധനകാര്യ വകുപ്പിന്റെ കുരുക്കില്‍ കുടുങ്ങി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വഴിമുട്ടുന്നു. ട്രഷറി നിയന്ത്രണവും തസ്തിക വെട്ടിച്ചുരുക്കാനുള്ള നീക്കവും പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കേണ്ടതില്ലെന്ന തീരുമാനവുമെല്ലാം പ്രാദേശിക സര്‍ക്കാറുകളെ പൂര്‍ണ്ണമായും തളര്‍ത്തുകയാണ്. കേരള പഞ്ചായത്തി രാജ് നിയമം നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത ഇരയായി മാറുന്നത്. ഒരുഭാഗത്ത് പദ്ധതി പുരോഗതിക്കായി അവലോകന യോഗങ്ങളും പ്രത്യേക സര്‍ക്കുലറുകളും പുറപ്പെടുവിക്കുന്ന സര്‍ക്കാര്‍ മറുഭാഗത്ത് പദ്ധതി പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ഏല്ലാ മാര്‍ഗവും സ്വീകരിക്കുന്ന വിചിത്ര രീതിയാണ് സംസ്ഥാനത്തുള്ളത്.

നിലവിലെ വാര്‍ഷിക പദ്ധതി 2019 ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കുമെന്നായിരുന്നു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലുള്ള സര്‍ക്കാറിന്റെ അവകാശവാദം. ഇതിനനുസരിച്ചാണ് 2019-20 വാര്‍ഷിക പദ്ധതി കലണ്ടര്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഡിസംബര്‍ പാതിയെത്തിയപ്പോഴുള്ള പദ്ധതി ചെലവ് സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ട കണക്ക് പ്രകാരം 33.75 ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഈ സമയത്തുള്ള പദ്ധതി ചെലവ് 53.38 ശതനമാനമായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 23 ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിച്ച 8.24 ശതമാനം പദ്ധതി തുകയുടെ ബില്ലുകള്‍ ക്യൂ ബില്ലില്‍ ഉള്‍പ്പെടുത്തുകയും അവ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും അനുവദിക്കുകയുമാണുണ്ടായത്. ഈ തുക കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി ചെലവ് 33.75 ശതമാനത്തില്‍ എത്തിയത്. ഇതിന് പുറമെ സ്പില്‍ഓവര്‍പദ്ധതി ചെലവും ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് കുറവ് വരുത്തുന്നത്.

ഇവയെല്ലാം മാറ്റി നിര്‍ത്തി 2019-20 വര്‍ഷത്തേക്ക് തയ്യാറാക്കിയ പദ്ധതികളുടെ ചെലവ് മാത്രം പരിഗണിക്കുമ്പോള്‍ പദ്ധതി ചെലവ് 15 ശതമാനത്തിലും താഴെ മാത്രമാണ്. ഇത്രയും ദയനീയമായ സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. നവംബര്‍ 15ന് ട്രഷറി ഡയരക്ടര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ലൈഫ് മിഷന്‍ പദ്ധതികളുടെയും ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുകയുടെയും ബില്ലുകള്‍ മാത്രമാണ് ട്രഷറിയില്‍ സ്വീകരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ മറ്റു പദ്ധതികളുടെ ബില്ലുകള്‍ ട്രഷറികളില്‍ നിലവില്‍ സ്വീകരിക്കുന്നില്ല. നവംബര്‍ 15 ന് മുമ്പ് സ്വീകരിച്ച 20,891 ബില്ലുകള്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ മാറാതെ കിടക്കുന്നുണ്ട്. 572.72 കോടി രൂപയുടെ ബില്ലുകളാണ് ഇത്തരത്തില്‍ ട്രഷറിയില്‍ കുരുങ്ങി നില്ക്കുന്നത്. ഇത് മൂലം പദ്ധതി പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ട്രഷറി നിയന്ത്രണം ഏത് വരെ തുടരും എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്താത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ മടിക്കുന്ന സാഹചര്യമാണുള്ളത്.

പലയിടത്തും മരാമത്ത് പ്രവൃത്തികളുടെ ടെണ്ടര്‍ പോലും നടക്കുന്നില്ല. വ്യക്തിഗത ഗുണഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള വിവിധ ഉപകരണങ്ങളുടെ ടെണ്ടറും ഏറ്റെടുക്കുന്നതിന് വിതരണക്കാരെ ലഭിക്കാത്തതിനാല്‍ മുടങ്ങുകയാണ്. ടെണ്ടര്‍ ഏറ്റെടുത്തവര്‍ വിതരണം ചെയ്യുന്നതില്‍ നിന്നും പിന്തിരിയുന്ന സാഹചര്യവുമുണ്ട്. നേരത്തെ വിതരണം നടത്തിയ ലക്ഷങ്ങളുടെ ബില്ലുകള്‍ ട്രഷറിയിലും തദ്ദേശ സ്ഥാപനങ്ങളിലും കുരുങ്ങിക്കിടക്കുന്നതാണ് പുതിയ പദ്ധതി ഏറ്റെടുക്കുന്നതില്‍ നിന്നും ഇവരെ തടയുന്നത്. പട്ടികജാതി , പട്ടിക വര്‍ക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമ പദ്ധതികളുടെയും പാലിയേറ്റീവ് പദ്ധതികളുടെയും ബില്ലുകള്‍ക്ക് വരെ നിയന്ത്രണം വരുന്നത് ഇതാദ്യമായാണ്. പട്ടികജാതി യുവതികളുടെ വിവാഹധനസഹായത്തിന്റെ ബില്ലുകള്‍ പോലും ട്രഷറിയില്‍ നിന്നും മടക്കിയിട്ടുണ്ട്. വീട് പുനരുദ്ധാരണം, മേല്‍ക്കൂര ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഗുണഭോക്താക്കള്‍ പലരില്‍ നിന്നും കടം വാങ്ങിയാണ് പ്രവൃത്തി നടത്തുന്നത്. പ്രവൃത്തി പൂര്‍ത്തീകരണത്തിന് ശേഷം തുക ലഭിക്കാതെ വന്നതോടെ ഇത്തരം ഗുണഭോക്താക്കളും കടുത്ത പ്രതിസന്ധിയിലാണ്. ഇവര്‍ക്ക് കൃത്യമായ മറുപടി നല്‍കാനാവാതെ പ്രാദേശിക ഭരണകൂടവും ഉഴലുന്നു.

തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും 10 ശതമാനം അധികരിച്ച തുകയാണ് ഓരോ സാമ്പത്തിക വര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു വന്നിരുന്നത്. എന്നാല്‍ മുന്‍വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും 20 ശതമാനത്തോളം കുറഞ്ഞ തുകയാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്യൂ ബില്ലിലെ തുക കൂടി ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും പിടിച്ചെടുത്തതോടെ പദ്ധതി വിഹിതം വീണ്ടും ചുരുങ്ങി. 20 ശതമാനത്തില്‍ അധികം വരുന്ന സ്പില്‍ഓവര്‍ പദ്ധതികളുടെ അധിക തുകയും നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തണമെന്ന ഉത്തരവ് വന്നതോടെ വീണ്ടും പദ്ധതികല്‍ വെട്ടിച്ചുരുക്കേണ്ടി വന്നു.

ഇത്തരത്തില്‍ സര്‍ക്കാറിന്റെ വിചിത്രമായ നടപടികള്‍ മൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയാണ് ഈ വര്‍ഷം തയ്യാറാക്കിയത്. പരിമിതമായ ഈ തുക പോലും ഇപ്പോള്‍ ലഭിക്കുന്നില്ല എന്ന സാഹചര്യം ഗുരുതരമാണ്. 2019-20 വാര്‍ഷിക പദ്ധതിക്ക് 2018 ഡിസംബറില്‍ തന്നെ മിക്ക തദ്ദേശ സ്ഥാപനങ്ങളും അംഗീകാരം വാങ്ങിയതാണ്. 2019 ജനുവരിയില്‍ വ്യക്തിഗത ഗുണഭോക്തോക്കളെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ബജറ്റ് വിഹിതം കുറഞ്ഞതിന്റെയും സര്‍ക്കാറിന്റെ വിചിത്രമായ ഉത്തരവുകളുടെയും പശ്ചാത്തലത്തില്‍ പദ്ധതി പൂര്‍ണ്ണമായും മാറ്റം വരുത്തി വീണ്ടും അംഗീകാരം നേടേണ്ട സാഹചര്യമാണ് പിന്നീടുണ്ടായത്. നേരത്തെ ചെയ്ത പ്രവര്‍ത്തനങ്ങളെയെല്ലാം വ്യര്‍ത്ഥമാക്കുന്ന നടപടിയായിരുന്നു ഇത്. തുടക്കത്തിലേ കല്ലുകടിയേറ്റ വാര്‍ഷിക പദ്ധതിയാണിപ്പോള്‍ സമ്പൂര്‍ണ്ണ സ്തംഭനത്തില്‍ എത്തിയത്.

2018ലെ പ്രളയത്തില്‍ കെടുതി നേരിട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 2019ലെ ബജറ്റില്‍ 230 കോടി രൂപ നീക്കി വെച്ചിരുന്നു. പ്രളയം വിതച്ച നഷ്ടത്തിന്റെ തോതനുസരിച്ച് ഈ തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീതിച്ചു നല്‍കുമെന്നും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനളുടെ കണക്കെടുത്ത് വരികയാണെന്നും ജൂലൈ മാസത്തില്‍ സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രളയ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഈ ഫണ്ട് ഉപയോഗിച്ച് ഏറ്റെടുക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വരെ ഈ തുക കണക്കാക്കി നല്‍കുന്നതിന് പോലും ധനവകുപ്പ് തയ്യാറായിട്ടില്ല.

തദ്ദേശ സ്ഥാപന ഓഫീസുകളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടും സര്‍ക്കാര്‍ മുഖം തിരിക്കുന്നു. വളരെ സുപ്രധാനമായ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തെ പോലും നിര്‍ത്തലാക്കുന്നതിനുള്ള നീക്കത്തിലാണിപ്പോള്‍ സര്‍ക്കാര്‍.നംവബര്‍ 27 ന് ധനകാര്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനവും മറ്റും മൂന്ന് മാസത്തിലൊരിക്കല്‍ ഓഡിറ്റിന് വിധേയമാക്കി പ്രവര്‍ത്തനം കൃത്യമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്ന പ്രവര്‍ത്തനമാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം നിര്‍വ്വഹിച്ചു വന്നിരുന്നത്. ഇവ നിര്‍ത്തലാക്കുന്നതോടെ പല തദ്ദേശ സ്ഥാപനങ്ങളും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി മാറും. ഈ വസ്തുത നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ആഭ്യന്തര ഓഡിറ്റിന് താഴിടുന്നത്.

ഈ വിഭാഗത്തെ ഒഴിവാക്കുന്നതിലൂടെ 502 തസ്തിക വെട്ടിച്ചുരുക്കുന്നതിന് സാധിക്കും എന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. തദ്ദേശ സ്ഥാപന ഓഫീസുകളിലെ ജോലിഭാരം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പുതിയ ക്ലറിക്കല്‍ തസ്തിക അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നിലവിലുള്ളവ വെട്ടിച്ചുരുക്കാന്‍ നീക്കം നടക്കുന്നത് എന്നതാണ് വിചിത്രം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് 1000 ക്ലറിക്കല്‍ തസ്തികയും പുതുതായി അസിസ്റ്റന്റ് സെക്രട്ടറി തസ്തികയും അനുവദിക്കുകയും സെക്രട്ടറി തസ്തിക ഗസറ്റഡ് റാങ്കാക്കി ഉയര്‍ത്തി ഏകീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഡ്രൈവര്‍ നിയമനം പി.എസ്.സി വഴിയാക്കുകയും ആവശ്യമായ സ്ഥാപനങ്ങളില്‍ സൂപ്പര്‍ ന്യൂമറി തസ്തിക അനുവദിക്കുകയുമുണ്ടായി. ഇതെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിക്കുന്നതിന് വഴി വെച്ച നടപടികളായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം പിറകോട്ട് വലിക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ വിഭജനം അതത് കാലങ്ങളിലെ സര്‍ക്കാറുകളുടെ ചുമതലയാണ്. സംസ്ഥാനത്തെ മുന്നൂറോളം ഗ്രാമപഞ്ചായത്തുകള്‍ ജനസംഖ്യാബാഹുല്യത്താലും ഭൂ വിസ്തൃതിയാലും പ്രവര്‍ത്തന രംഗത്ത് പ്രതിസന്ധി നേരിടുന്നതായി സര്‍ക്കാര്‍ നിയോഗിച്ച സമിതി തന്നെ കണ്ടെത്തിയിരുന്നു. പതിനയ്യായിരത്തില്‍ താഴെയും എഴുപതിനായിരത്തിലേറെയും ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട് എന്നതാണ് വസ്തുത. എന്നാല്‍ ഒരു തദ്ദേശ സ്ഥാപനവും ഇത്തവണ വിഭജിക്കേണ്ടതില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലും മതിയായ സമയം ലഭിക്കില്ല എന്ന കാരണം നിരത്തിയുമാണ് സര്‍ക്കാര്‍ ഈ ചുമതലയില്‍ നിന്നും പിന്‍വലിഞ്ഞത്. വലിയ ഗ്രാമപഞ്ചായത്തുകള്‍ വിഭജിക്കുകയോ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുകയോ ചെയ്യാത്ത പക്ഷം അത്തരം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് കൃത്യമായ സേവനങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകും.

വലിയ പഞ്ചായത്തുകളില്‍ ജീവനക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുള്ളതൊഴിച്ചാല്‍ ഘടക സ്ഥാപനങ്ങളുടെയും ഓഫീസ് മേധാവികളുടെയും എണ്ണം ഇതര പഞ്ചായത്തുകള്‍ക്ക് സമാനമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 25 പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചിരുന്നു. 69 പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിച്ച് വാര്‍ഡ് വിഭജന പ്രക്രിയ വരെ പൂര്‍ത്തീകരിച്ചിരുന്നതാണ്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഗ്രാമപഞ്ചായത്ത് രൂപീകരണം റദ്ദാക്കുകയാണുണ്ടായത്. 2010 ലും ഇടതു സര്‍ക്കാര്‍ പഞ്ചായത്തുകളുടെ ആവശ്യമായ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് താല്‍പ്പര്യമെടുത്തില്ല. ഒരു ഗ്രാമ പഞ്ചായത്തും 7 മുനിസിപ്പാലിറ്റികളും മാത്രമാണ് അന്ന് പുതുതായി രൂപികരിക്കപ്പെട്ടത്. അതിനാല്‍ തന്നെ ഇത്തവണ വിഭജനം അനിവാര്യമായിരുന്നു. വിഭജനത്തിന് നേരെ സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാട് അധികാര വികേന്ദ്രീകരണ പ്രക്രിയയെ തന്നെ തളര്‍ത്തുന്നതാണ്.

SHARE