ബജറ്റിലെ ദയനീയത

സതീഷ് പി.പി

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് ബജറ്റില്‍ പരിഗണനയില്ല. നടപ്പിലാക്കാനാകെ കഴിഞ്ഞ തവണ നീക്കിവെച്ച അതേ തുകയാണ് ന്യൂനപക്ഷ വകുപ്പിന് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും പെരുവഴിയിലായിരിക്കെ, പഴയ പദ്ധതികളും ഫണ്ടും ആവര്‍ത്തിക്കുന്നതാണ് പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ബജറ്റിലെ ഈ ദയനീയത ആരും കാണുന്നില്ല.

91 കോടി രൂപയാണ് വകുപ്പിനുള്ള ആകെ വിഹിതം. വിധവകള്‍ക്കും ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രത്യേക ഭവനപദ്ധതിക്ക് 58 കോടിയും ന്യൂനപക്ഷങ്ങള്‍ കേന്ദ്രീകരിക്കുന്ന ബ്ലോക്കുകളുടെ വികസനത്തിന് കേന്ദ്രവിഹിതമടക്കം 25 കോടിയും നീക്കിവെച്ചിട്ടുണ്ട്. പൊതുപരീക്ഷകള്‍ക്കും മറ്റും പരിശീലിപ്പിക്കുന്ന 14 പുതിയ കോച്ചിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും വാഗ്ദാനമുണ്ട്.

പിന്നാക്ക സമുദായ ക്ഷേമത്തിന് 114 കോടിയാണ് വിഹിതം. കേന്ദ്രവിഹിതം ഉള്‍പെടെ പിന്നാക്ക സമുദായ സ്‌കോളര്‍ഷിപ്പിന് 50 കോടിയും ഒ.ഇ.സിയുടെ വിദ്യാഭ്യാസ സഹായത്തിന് 100 കോടിയും വകയിരുത്തി. പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മാണത്തിന്റെ പ്രോത്സാഹനത്തിന് രണ്ട് കോടി, കുംഭാര കോളനിയുടെ വികസനത്തിന് അഞ്ച് അഞ്ച് കോടിയും നീക്കിവെച്ചു. പരമ്പരാഗത കൈവേലക്കാര്‍ക്ക് ടൂള്‍ കിറ്റ് നല്‍കുന്നതിന് മൂന്ന് കോടി, ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ട് കോടി, പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന് പത്തു കോടി എന്നിങ്ങനെയും പ്രഖ്യാപനമുണ്ട്.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 42 കോടി വകയിരുത്തി. ഇതില്‍ 17 കോടി സ്‌കോളര്‍ഷിപ്പിനും എട്ടുകോടി മുന്നോക്ക സമുദായ വികസന കോര്‍പറേഷന്റെ കാപ്പിറ്റലായും നീക്കിവെക്കും.പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ വനിതകള്‍ക്കായുള്ള പ്രത്യേക വകുപ്പിന് നീക്കിവെച്ചത് 1276 കോടിരൂപ. പ്രത്യേക സ്‌കീമുകളോ പദ്ധതി നിര്‍ദേശങ്ങളോ ഇല്ലാതെയാണ് ‘വനിതാ ശിശുവികസന വകുപ്പി’ന് നീക്കിവെച്ച് ധനകാര്യമന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്.

കഴിഞ്ഞ ബജറ്റിലാണ് തോമസ് ഐസക് വനിതകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ വകുപ്പ് രൂപീകരണത്തിന് ജീവന്‍ വെച്ചത് അടുത്ത ബജറ്റിന് സമയമായപ്പോഴായിരുന്നു. തുടര്‍ന്ന് ഒരു നോട്ടിഫിക്കേഷന്‍ മാത്രം ഇറക്കി ‘വാഗ്ദാനം’ നിറവേറ്റിയ ശേഷമാണ്, ഐസക് 1276 കോടി നീക്കിവെച്ച് കൈയ്യടി നേടാന്‍ ശ്രമിച്ചത്. 1267 കോടി രൂപക്ക് പുറമേ പൊതു വികസന സ്‌കീമുകളില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക സ്‌കീമുകളിലായി 1960 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

വനിതാ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കാനായി 3 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാനായി 50 കോടി രൂപയും നീക്കിവെച്ചു. വനിതാ വികസന കേര്‍പറേഷന്റെ കീഴില്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റുകള്‍ സ്ഥാപിക്കും. 20 മാതൃക സ്ത്രീ സൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതിക്രമത്തെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം ചെയ്യുന്നതിനായി 3 കോടിയും ഇവരെ പുനരധിവസിക്കുവാന്‍ നിര്‍ഭയ വീടുകള്‍ സ്ഥാപിക്കാന്‍ 5 കോടിയും നീക്കിവെച്ചുവെന്ന് അദ്ദേഹം പറയുന്നു. അവിവാഹിതരായ അമ്മമാരുടെ പ്രതിമാസ സഹായം സ്നേഹ സ്പര്‍ശം 1000 രൂപയില്‍ നിന്നും 2000 രൂപയാക്കി വര്‍ധിപ്പിച്ചു. ജെന്‍ഡര്‍ പാര്‍ക്കില്‍ സെന്റര്‍ ഫോര്‍ എക്സലന്‍സ് സ്ഥാപിക്കുന്നതിന് 12 കോടി രൂപയും വനിതാ ഫെഡിന് വേണ്ടി 3 കോടി രൂപയും അനുവദിച്ചു. കൂടാതെ 14 ജില്ലകളിലും വര്‍ക്കിംഗ് വിമന്‍ ഹോസ്റ്റലുകളും ഷോര്‍ട്ട് സ്റ്റേ ഹോമുകളും നിര്‍മ്മിക്കുന്നതിന് 25 കോടി രൂപ വകയിരുത്തി.

യൂബര്‍ മോഡലില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അപകടസ്ഥലത്തു നിന്ന് പ്രത്യേക മൊബൈല്‍ ആപ്പില്‍ സന്ദേശം നല്‍കിയാല്‍ ഏറ്റവും അടുത്ത ആംബുലന്‍സ് എത്തിച്ചേര്‍ന്ന് ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആസ്പത്രികളടക്കം സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സ് വഴി അവര്‍ക്ക് പിന്നീട് പണം ലഭ്യമാക്കും. ഇതിനാവശ്യമായ പണം റോഡ് സേഫ്ടി ഫണ്ടില്‍ നിന്ന് കണ്ടെത്തുമെന്നും മന്ത്രി പറയുമ്പോള്‍ സംശയങ്ങളാണ് ബാക്കി.
പൊതു ആരോഗ്യ സര്‍വീസസിന് 1685.70 കോടി രൂപയാണ് ഇത്തവണ വകയിരുത്തിയത്. മുന്‍വര്‍ഷത്തെ പോലെ ആരോഗ്യമേഖലയില്‍ പ്രഖ്യാപനങ്ങളുടെ നീണ്ടനിര ഇത്തവണയും ബജറ്റില്‍ ഇടംപിടിച്ചു. സംസ്ഥാനത്തെ പ്രധാന ആസ്പത്രികളില്‍ കാത്ത് ലാബുകള്‍, ഐ.സി യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, ദന്തല്‍ യൂണിറ്റ്, എമര്‍ജന്‍സി കെയര്‍ സെന്ററുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, മെറ്റേണിറ്റി യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് 69 കോടി രൂപയും മാനസികാരോഗ്യ പരിപാലനത്തിന് 17 കോടി രൂപയും വകയിരുത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബക്ഷേമ ആസ്പത്രികളാക്കി ഉയര്‍ത്തുമെന്ന കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം ആവര്‍ത്തിച്ചു. ഇതിനായി 23 കോടി രൂപയും ആസ്പത്രികള്‍ രോഗീ സൗഹൃദമാക്കുന്നതിന് 15 കോടിയും വകയിരുത്തി. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്ന് 2018-19ല്‍ 837 കോടി രൂപ പ്രതീക്ഷിക്കുന്നതായും സംസ്ഥാനവിഹിതമായ 335 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു.സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമാകുമെന്ന് കരുതിയിരുന്നില്ലെന്നും സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ മാത്രമേ ഇതില്‍ നിന്നും കരകയറാന്‍ സാധിക്കുവെന്നുമാണ് മന്ത്രി ടി.എം തോമസ് ഐസക് പ്രതികരിച്ചത്.ഉത്തരവാദിത്ത ബോധത്തോടെയുള്ള ബജറ്റാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ധൂര്‍ത്ത് എന്ന ആരോപണം ഉന്നയിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ബജറ്റ്. റവന്യൂകമ്മി കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നത് നല്ല സൂചനയാണ്. വരുമാനം വര്‍ധിച്ചാല്‍ മാത്രമേ ധനകമ്മി കുറയൂ എന്ന് ചിന്തിച്ചിരുന്നാല്‍ ഇനിയും താമസമുണ്ടാകും. അതിനാല്‍ എന്ത് വന്നാലും ധനകമ്മി കുറക്കുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞത് ആരും വിശ്വസിക്കുന്നില്ല.

നിയമ നിേരാധനമൊന്നുമില്ല. ചിലവ് ചുരുക്കിയാല്‍ മാത്രമേ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നിന്നും കരകയറാന്‍ സാധിക്കുകയുള്ളൂയെന്നത് വസ്തുതയാണ്. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഒരുപാട് അനര്‍ഹര്‍ കടന്നുകയറിയിട്ടുണ്ട്. അവരെ ഒഴിവാക്കുക മാത്രമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ബജറ്റിലെ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ പ്രയാസങ്ങളുണ്ടാക്കുന്ന കാര്യങ്ങളുണ്ടാകുമെന്നും ചിലവ് ചുരുക്കേണ്ടിവരുമെന്നും ഐസക് ആവര്‍ത്തിക്കുമ്പോള്‍ കേരളം പകച്ചുനില്‍ക്കുകയാണ്.