ഖാസിം സുലൈമാനി വധം ഉയര്‍ത്തുന്ന ആശങ്കകള്‍

Iranian general Qasim Sulaimani killed in US attack on Baghdad airport

എം ഉബൈദുറഹ്മാന്‍

പതിറ്റാണ്ടുകളോളം ലോക രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന അമേരിക്കക്ക് ചുവടുകള്‍ ഒന്നിനു പിറകെ ഒന്നായി പിഴക്കുകയും ആഗോള രാഷ്ട്രീയ ബലാബലം നിര്‍ണയിക്കുന്നതില്‍ അമേരിക്കക്കുണ്ടായിരുന്ന മേധാവിത്വം ക്ഷയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ചക്കാണ് ഈ ദശാബ്ദം അവസാനിക്കാറാവുമ്പോള്‍ ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. 2017 ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായി അധികാരമേറ്റെടുത്തത് മുതല്‍ തന്നെ അമേരിക്കയുടെ വിദേശ നയത്തിലെ അവ്യക്തതകളും വൈരുധ്യങ്ങളും പ്രകടമായി തുടങ്ങിയിരുന്നു. അഫ്ഗാനില്‍ നിന്നുള്ള യു.എസ്. സേനാ പിന്‍മാറ്റത്തെ ക്കുറിച്ചുള്ള ആലോചനകള്‍, ഇത് സംബന്ധമായി പ്രത്യേക ദൂതന്‍മാര്‍ മുഖേന താലിബാന്‍ നേതാക്കളുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍, ഇറാനുമായി ബാറാക് ഒബാമ ഉണ്ടാക്കിയിരുന്ന ആണവ കരാറില്‍ നിന്നുള്ള ഏകപക്ഷീയ പിന്‍മാറ്റം, തുര്‍ക്കിയുടെ റജബ് ഉര്‍ദു ഗാന്‍ തയ്യിബിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സിറിയയില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍ വലിക്കാനുള്ള തീരുമാനം , സോവിയറ്റ് ചേരിക്ക് ബദലായി രൂപം കൊടുത്ത NATO യെ തന്നെ അപ്രസക്തമാക്കുന്ന തരത്തില്‍ അമേരിക്കയും ‘സഖ്യ’ രാഷ്ട്രങ്ങളും വഌഡ്മിര്‍ പൂട്ടിനുമായി സ്ഥാപിക്കുന്ന അടുപ്പം മുതലായവ ചില ഉദാഹരണങ്ങള്‍.

ഇതേ പംക്തിയില്‍ തന്നെ മുമ്പ് വ്യക്തമാക്കിയതു പോലെ പല രാജ്യങ്ങളിലെയും നിലവിലുള്ള വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നതില്‍ കവിഞ്ഞ് അമേരിക്കന്‍ ഇടപെടല്‍ മറ്റൊന്നിനും പര്യാപ്തമാവുന്നില്ല എന്ന് മാത്രമല്ല അത് ഇത്തരം രാജ്യങ്ങളിലെ സങ്കീര്‍ണതകള്‍ അഭൂതപൂര്‍വമാം വണ്ണം കുഴഞ്ഞു മറയുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നയിക്കുന്നതും. ഇറാഖിന്റെയും അഫ്ഗാനിന്റെയും നിലവിലെ അവസ്ഥയിലേക്ക് മാത്രം ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും അമേരിക്കന്‍ ഇടപെടല്‍ സൃഷ്ടിച്ച ഗര്‍ഹണീയാവസ്ഥയുടെ അപരിമേയമായ വ്യാപ്തി മനസിലാക്കാന്‍.
ഇസ്രായേലിന്റെ കണ്ണുരുട്ടലിന് വഴങ്ങി ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങാനും ആ രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പൂര്‍വാധികം ശക്തിയോടെ പുന:സ്ഥാപിക്കുവാനും അമേരിക്ക കൊണ്ടു പിടിച്ചു ശ്രമിക്കുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്ത് ചില അപ്രതീക്ഷിത നീക്കങ്ങളുണ്ടാവുന്നത്. ഇറാന്‍, അമേരിക്കന്‍ ഉപരോധങ്ങളെയെല്ലാം ചെറുത്തു നിന്നു എന്ന് മാത്രമല്ല, ഡ്രോണ്‍ വിമാനങ്ങള്‍ വെടി വെച്ച് വീഴ്ത്തിയും, ബ്രിട്ടന്റെ ടാങ്കര്‍ പിടിച്ചെടുത്തും, ഹോര്‍മൂസ് കടലിടുക്കിലൂടെ നീങ്ങുന്ന ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടും അമേരിക്കയെയും സഖ്യകക്ഷികളെയും ടെഹ്‌റാന്‍ നിരന്തരം പ്രകോപിപ്പിച്ച് കൊണ്ടേയിരിക്കുന്നു.

മധ്യപൗരസ്ത്യദേശത്തെ അമേരിക്കന്‍ ഇടപെടല്‍ ശേഷിയെ ചില പ്രമുഖ അറബ് രാഷ്ട്രങ്ങള്‍ക്കും ജൂത രാഷ്ട്രമായ ഇസ്രാഈലും സംശയിച്ചു തുടങ്ങി എന്ന് ട്രംപിന് മനസിലായി കാണണം. ഈ ജാള്യത മറികടക്കാനാണ് അമേരിക്ക ഇറാനിലെ ഖുദ്‌സ് സേനാ തലവനായ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വകവരുത്താന്‍ ആസൂത്രണം ചെയ്തതും കഴിഞ്ഞ വെള്ളിയാഴ്ച ഈ ഉന്‍മൂലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതും.
അമേരിക്കന്‍ ലക്ഷ്യം ഇറാന്റെ ‘ഹുങ്ക്’ അവസാനിപ്പിക്കുകയും ഇസ്രാഈലിനും ചില അറബ് രാഷ്ട്രങ്ങള്‍ക്കും തങ്ങളിലെ മേല്‍ക്കോയ്മയിലുള്ള വിശ്വാസം വര്‍ധിപ്പിക്കലുമാണെങ്കിലും മധ്യപൂര്‍വദേശത്തെ ഭൂരാഷ്ട്രീയത്തിന്റെ( Geo Politics) അകം പുറം മനസിലാക്കുന്ന രാഷ്ട്രീയ വിശാരദന്‍മാരെല്ലാം തന്നെ അമേരിക്കയുടെ ഈ ഏകപക്ഷീയവും പ്രകോപനപരവുമായ നടപടിയെ തന്ത്രപരമായ വന്‍ അസംബന്ധമായാണ് വിലയിരുത്തുന്നത്. ഖുമൈനി കഴിഞ്ഞാല്‍ ഇറാനിലെ രണ്ടാമനായി പരിഗണിക്കപ്പെട്ടിരുന്ന സുലൈമാനിയുടെ സ്വാധീന മേഖലകള്‍ ഗസ്സ, യമന്‍, സിറിയ, ലബനന്‍ തുടങ്ങി രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് നീണ്ടു കിടക്കുന്നതാണ്. ഇറാനു പുറമെ ലബനാന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വിലാപ പ്രകടനങ്ങള്‍ ‘രക്ത സാക്ഷി’ പരിവേഷം സിദ്ധിച്ച ഖാസിം സുലൈമാനി, ജീവിച്ചിരുന്ന സുലൈമാനിയെക്കാള്‍ ശക്തനാണെന്ന ഹസന്‍ റൂഹാനിയുടെ വാക്കുകളെ അടിവരയിടുന്നതാണ്( ‘ വിപ്ലവത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’ എന്ന ആയതുല്ല ഖുമൈനിയുടെ വിശേഷണത്തിന് ജീവിത കാലത്ത് തന്നെ സുലൈമാനി പാത്രമായിരുന്നു ) .

ഇറാഖി സൈന്യത്തിലും മധ്യ പൗരസ്ത്യ മേഖലയിലെ ഇതര രാഷ്ട്രങ്ങളിലും ഖാസിം സുലൈമാനിക്ക് കൈമുതലായുണ്ടായിരുന്ന സേനാ, മിലീഷ്യ, ജന സ്വാധീനമാണ് ഖാസിം സുലൈമാനിയെ അമേരിക്ക നോട്ടമിടാന്‍ കാരണം. സുലൈമാനിയുടെ വധത്തെ ഒരു ‘ സ്‌റ്റോയിക്’ മനോഭാവത്തോടെ ഇറാന്‍ ഭരണകൂടം എടുക്കുമെന്ന് ശരാശരി ബുദ്ധിയുള്ള ആരും തന്നെ കരുതാന്‍ ഇടയില്ല. അദ്ദേഹത്തിന്റെ പകരക്കാരനായി വരുന്ന ഇസ്മാഇല്‍ ഗനിയുടെ വാക്കുകള്‍ മധ്യപൗരസ്ത്യ മേഖലയില്‍ ഉടലെടുക്കാന്‍ പോകുന്ന അസ്വസ്ഥതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് : ‘എല്ലാവരോടുമായി പറയുന്നു, ക്ഷമാപൂര്‍വം കാത്തിരിക്കുക. മധ്യപൂര്‍വദേശമാകെ അമേരിക്കന്‍ പട്ടാളക്കാരുടെ മൃതശരീരങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നത് കാണാന്‍’.

മധ്യപൗരസ്ത്യ മേഖലയിലെന്നല്ല, ലോകത്തിന്റെ തന്നെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ അസ്വസ്ഥത നാമ്പു പൊട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് ഒരു പ്രമുഖ ബ്രിട്ടീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടനിലെ പ്രമുഖ ദിനപത്രമായ ‘ദി ഗാ ര്‍ഡിയന്‍’ അതിന്റെ പത്രാധിപ കോളത്തില്‍ കുറിച്ച പോലെ, തന്റെ മുന്‍ഗാമികളായ ബാറക്ക് ഒബാമയും, യുദ്ധ കൊതിയനായ ജോര്‍ജ് .ഡബ്ല്യു. ബുഷും എടുക്കാന്‍ മുതിരാത്ത ഒരു ‘റിസ്‌ക്’ എടുക്കുക വഴി ഡൊണാള്‍ഡ് ട്രംപ് അപകടത്തിലകപ്പെടുത്തിയിരിക്കുന്നത് സ്‌ഫോടനാത്മക സ്ഥിതി നില നില്‍ക്കുന്നതും അതേസമയം ഇപ്പോള്‍ സുസ്ഥിരവുമായ മധ്യപൂര്‍വദേശത്തെ മാത്രമല്ല , മറിച്ച് അമേരിക്കയുടെ തന്നെ സുരക്ഷയെയാണ്.

സുലൈമാനിയെ വധിക്കാന്‍ പൊടുന്നനെയുള്ള കാരണമായി ‘പെന്റഗണ്‍’ എടുത്തു കാട്ടുന്നത് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കും മധ്യ പൗരസ്ത്യ മേഖലകളില്‍ നിലയുറപ്പിച്ചിരിക്കുന്ന പട്ടാളക്കാര്‍ ക്കുമെതിരെ ഇദ്ദേഹം ആക്രമം ആസൂത്രണം ചെയ്യുന്നുവെന്നും ഇറാന്റെ നിഴല്‍ സേനയുടെ ആക്രമത്തെ തുടര്‍ന്ന് ഒരു അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ക്ക് ജീവഹാനി നേരിട്ടു എന്നുമാണ്.
ഇറാനുമായി ഏറ്റുമുട്ടാനുള്ള ആള്‍ബലമോ, ആയുധ ശക്തിയോ ഇല്ലാതിരുന്നതുകൊണ്ടോ, അതല്ല അവരുടെ സഹജമായ ‘നന്മ’ കൊണ്ടോ ആയിരുന്നില്ല ബാരാക് ഒബാമയും ജോര്‍ജ് ബുഷും ഇറാന്‍ അധിനിവേഷത്തിന് ഇറങ്ങിത്തിരിക്കാതിരുന്നത്. മറിച്ച്, ആ രാജ്യവുമായുള്ള യുദ്ധം ഉണ്ടാക്കാനിടയുള്ള പ്രവചനാതീതമായ പ്രത്യാഘാതങ്ങളെ ഭയപ്പെട്ടു കൊണ്ട് തന്നെയായിരുന്നു പലവട്ട ആലോചനകള്‍ക്ക് ശേഷം അവര്‍ ഈ ‘റിസ്‌കി’ ല്‍ നിന്നും പിന്‍ മാറിയത്. സമീപ രാജ്യങ്ങളില്‍ എല്ലാം തന്നെ ഖാസിം സുലൈമാനിക്കുണ്ടായിരുന്ന ‘കള്‍ട്ട്’ പരിവേശവും അതുമൂലം തന്നെ അദ്ദേഹത്തിന്റെ ഉന്‍മൂലനം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടായിരുന്ന പ്രത്യാഘാതങ്ങളും പൂര്‍വദര്‍ശനം ചെയ്യാനുള്ള രാഷ്ട്രീയ അവധാനത ബാറക്ക് ഒബാമക്ക് ഉണ്ടായിരുന്നു .എടുത്തു ചാട്ടകാരനും, ആത്മരതി പ്രിയനും, വഴക്കാളിയുമായ സൊണാള്‍ഡ് ട്രംപ് ലോകം മുഴുവനായിട്ടാണ് ഈ അപക്വ നടപടി വഴി അശാന്തി വിതച്ചിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിദഗ്ധരുടെ ഉപദേശത്തെക്കാളും, വിവേക ബുദ്ധിയേക്കാളും തന്റെ ‘ആന്തരജ്ഞാന'( gut feeling)ത്തിന്റെ കണിശതതയില്‍ അണുമണി സംശയമില്ലാത്ത പ്രസിഡണ്ട് കണക്കു കൂട്ടിയിരിക്കണം

ഒരു ഇംപീച്ച് മെന്റും , തൊട്ടടുത്തു തന്നെ ഒരു പൊതുതിരഞ്ഞെടുപ്പും നേരിടാന്‍ പോകുന്ന തനിക്ക് ബാഗ്ദാദി വധത്തിന് ശേഷം രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ വീണ് കിട്ടിയ അവസരമാണ് സുലൈമാനി സംഹാരമെന്ന്. അതെ സമയം, അടുത്ത മാസം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഹസന്‍ റൂഹാനി സര്‍ക്കാറിന് ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുക എന്നത് രാഷ്ട്രീയ അനിവാര്യതയാവുമെന്ന് അദ്ദേഹം കണക്ക് കൂട്ടി കാണില്ല. പക്ഷെ അഫ്ഗാനിലും, ഇറാഖിലും നീണ്ട പതിനെട്ട് സംവത്സരങ്ങളോളം യുദ്ധം ചെയ്തിട്ടും ഫലപ്രാപ്തിയിലെത്താതെ തിരിച്ചു പോക്കിനൊരുങ്ങുന്ന അമേരിക്ക ഇറാനില്‍ കളിക്കാന്‍ പോവുന്നതെന്താണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുകയാണ് ലോകം.

ജീവിതത്തിലും മരണത്തിലും ‘രക്തസാക്ഷി’ എന്ന വിശേഷണത്തിന് ഉടമയായ ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാന്‍ പ്രതികാരം ചെയ്യുന്നില്ലെങ്കില്‍ അത് ഒരു അത്ഭുതമായി കണക്കാക്കാം. പക്ഷെ ആയതുള്ള ഖുമൈനിയും, ഹസന്‍ റൂഹാനിയും, ഇസ്മാഈല്‍ ഗനിയും നല്‍കുന്ന മുന്നറിയിപ്പുകള്‍ വിപരീത ദിശയിലുള്ളതാണ്. ധാരാളം എണ്ണ, പ്രകൃതി വാതക ഖനന ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്ന പശ്ചിമേഷ്യയില്‍ ഒരു യുദ്ധം ഉണ്ടാക്കിയേക്കാവുന്ന കെടുതികള്‍ വിവരണാതീതമായിരിക്കും. ഈ മേഖലയില്‍ ഉടലെടുക്കുന്ന ചെറിയ ഉരസലുകള്‍ പോലും ഓയില്‍ ടാങ്കറുകള്‍ ചരക്ക് നീക്കം നടത്തുന്ന സമുദ്ര പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും എന്ന് ഉറപ്പ്. സുലൈമാനി വധത്തിന് തൊട്ടുടനെ ആഗോള എണ്ണ വിപണിയില്‍ 4 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി എന്നത് തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വരാന്‍ പോകുന്ന നാളുകളെക്കുറിച്ചുള്ള വ്യക്തമായ സന്ദേശമാണ്. ഇതിനെല്ലാമുപരിയായി ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ സുരക്ഷയും നമ്മെ ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രശ്‌നമാണ്.

SHARE