ഫലസ്തീന്‍ പ്രശ്‌നവും ഇസ്രാഈല്‍ തെരഞ്ഞെടുപ്പും

മഹമൂദ് മാട്ടൂല്‍

ഫലസ്തീന്‍ ജനതയ്ക്കെതിരെയുള്ള വളരെ അപകടകരമായ, അന്താരാഷ്ട്ര നയതന്ത്രത്തിന്റെ എല്ലാ ധാര്‍മ്മിക തത്വങ്ങള്‍ക്കും എതിരായി അതി നീചവും നിയമവിരുദ്ധവുമായ രീതിയിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ ഭൂമി പിടിച്ചെടുത്തത് സ്വന്തമാകാന്‍ കളമൊരുക്കുകയാണ് നെതന്യാഹു. സെപ്തംബര്‍ 17 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാനുള്ള പോരാട്ടത്തിനിടയിലാണ് നെതന്യാഹു ഇക്കഴിഞ്ഞദിവസം വെസ്റ്റ്ബാങ്കിന്റെ നാലിലൊന്ന്‌വരുന്ന തന്ത്രപ്രധാനമായ ജോര്‍ദാന്‍ വാലി പിടിച്ചെടുക്കുമെന്ന് വിവാദമായ പ്രസ്താവന പുറപ്പെടുവിച്ചത്.

വിശാലമായ വെസ്റ്റ്ബാങ്കിലെ ഇസ്രാഈല്‍ അധിനിവേശ വാസസ്ഥലങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സഹകരിച്ച് ഇസ്രാഈലുമായി കൂട്ടിച്ചേര്‍ക്കാനുള്ള ആഗ്രഹം അദ്ദേഹം പല തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആവര്‍ത്തിച്ചു. ഈ അധാര്‍മികത പ്രഖ്യാപനം ബാലറ്റ് പോരാട്ടത്തില്‍ അവസാന റൗണ്ടില്‍ വിജയിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടല്‍ മേഖലയിലെ ചില വാസസ്ഥലങ്ങളുമാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. ഇസ്രാഈലിന്റെ സുരക്ഷക്ക് ഇത് ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. തീവ്രവാദികളായ അനുയായികള്‍ ഈ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍ ഫലസ്തീന്‍കാരെ സംബന്ധിച്ചിടത്തോളം, അത് വെറും ഭൂമി മാത്രമല്ല, അവരുടെ രാജ്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകമാണ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഈ തീക്കളി ലോകം നിസ്സഹായതയോടെ നോക്കിനിന്നാല്‍ അപകടം ചെറുതായിരിക്കില്ല. ഇത് പശ്ചിമേഷ്യയില്‍ വീണ്ടും പുതിയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു വഴിയൊരുക്കും. നിര്‍ദിഷ്ട ഫലസ്തീന്‍ രാജ്യത്തിന്, ജോര്‍ദാന്‍ താഴ്‌വരയും ചാവുകടല്‍ പ്രദേശവും നിര്‍ണായകമായതിനാല്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശം ദ്വിരാഷ്ട്ര പരിഹാരത്തിന് മാരകമായ പ്രഹരമേല്‍പ്പിച്ചേക്കും.

1967 ലെ യുദ്ധത്തിലാണ് ജോര്‍ദാന്‍ താഴ്‌വര ഇസ്രാഈല്‍ പിടിച്ചെടുത്തത്. പിന്നീട് ഇരുപക്ഷവും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചെ ങ്കിലും, ലോകം ഈ പ്രദേശത്തെ ഫലസ്തീന്‍ പ്രദേശമായി അംഗീകരിക്കുകയായിരുന്നു. 2014 ല്‍ താഴ്‌വര ഉപേക്ഷിക്കാന്‍പോലും നെതന്യാഹു തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ മനംമാറ്റം തെരഞ്ഞെടുപ്പ് വെറും നേട്ടത്തിന് വേണ്ടിയായെന്നു കരുതാനും വയ്യ. നെതന്യാഹുവിന്റെ പദ്ധതിക്കെതിരെ സഊദി അറേബ്യയും മറ്റു അറബ് രാജ്യങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസു മായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സഊദി അറേബ്യയിലെ സല്‍മാന്‍ രാജാവ് ഇതിനെ അപലപിച്ചു. നെതന്യാഹുവിന്റെ പ്രഖ്യാപനം ‘ഫലസ്തീന്‍ ജനതയ്ക്കെതിരായ വളരെ അപകടകരമായ ഭീഷണിയാണെന്നും ഇത് യു.എന്‍, അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാമെന്നും രാജാവ് പറഞ്ഞു. സഊദി അറേബ്യയുടെ അഭ്യര്‍ത്ഥനപ്രകാരം വിളിച്ചുചേര്‍ക്കുന്ന 57 അംഗ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കൗണ്‍സിന്റെ അടിയന്തര വിദേശകാര്യ മന്ത്രിമാരുടെ യോഗം ഞായറാഴ്ച നടക്കും.

ഈ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം ഇതിനകം മൃതപ്രായത്തില്‍ എത്തിനില്‍ക്കുന്ന സമാധാന പ്രക്രിയയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ നാമെല്ലാവരും പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന കഠിനാധ്വാനം ഇത് വൃഥാവിലാക്കുമെന്നും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം സമാധാനത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് ബാങ്കിന്റെ ഏതെങ്കിലും ഭാഗം കൂട്ടിച്ചേര്‍ക്കാനുള്ള ഏതൊരു പദ്ധതിയും നടപ്പാക്കുന്നത് ഈ മേഖലയിലെ പ്രശ്‌ന കലുഷിതമാക്കുമെന്നു ബ്രിട്ടനും പ്രതികരിച്ചു. അതേസമയം, ഇസ്രാഈലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതി ആവിഷ്‌കരിക്കാന്‍ അമേരിക്ക ഒരുങ്ങുകയാണ്. നിര്‍ദ്ദിഷ്ട സമാധാന പദ്ധതിക്ക് നേതൃത്വംനല്‍കുന്നത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍, ഫലസ്തീന്‍കാര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ച് കരാര്‍ ഉണ്ടാക്കാമെന്നു പ്രതീക്ഷയിലാണ്. എന്ത് തന്നെയായാലും ഈ അവ്യക്തത പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കും.

SHARE