വീണ്ടും കലുഷിതമാകുന്ന ഇറാഖ്

ഹാശിം പകര

കാട്ടുതീപോലെ പടര്‍ന്നുപിടിക്കുന്ന ഭരണവിരുദ്ധ വികാരത്തില്‍ ഉരുകിയെരിയുകയാണ് ഇറാഖ്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത സൃഷ്ടിച്ച പ്രതിസന്ധികളില്‍ പ്രതിഷേധിച്ചു നിരത്തിലിറങ്ങിയ പ്രക്ഷോഭകര്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള മുദ്രാവാക്യങ്ങളാണ് മുഴക്കികൊണ്ടിരിക്കുന്നത്. പ്രഭുവര്‍ഗ ഭരണകൂടത്തിനു ഭീഷണിയായി ദിനംപ്രതി മൂര്‍ച്ഛിച്ചുവരുന്ന ജനരോഷം അടിച്ചമര്‍ത്താനുള്ള സുരക്ഷാസേനയുടെ സായുധ പ്രതിരോധ മാര്‍ഗങ്ങളാണ് ആക്രമണത്തിന്റെ തീവ്രത വര്‍ധിക്കാനും ജനജീവിതം കൂടുതല്‍ ദുസ്സഹമാകാനും വഴിയൊരുക്കിയത്. ഒബ്‌സര്‍വേറ്ററി ഫോര്‍ ഹൂമന്‍ റൈറ്റ്്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പ്രതിഷേധകരും സുരക്ഷാസേനയും തമ്മിലെ ഏറ്റുമുട്ടലില്‍ നൂറിലധിം പേര്‍ക്കു ജീവഹാനി സംഭവിക്കുകയും കൂടുതല്‍ പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായി.

അടുത്ത കാലത്തായി ഇറാഖിലെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ അപചയത്തിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ പൊട്ടിയൊഴുകുന്നത് പതിവായിരിക്കുകയാണ്. ഭരണ പരാജയവും നയവൈകല്യവും മുഖച്ഛായയായി മാറിയ പ്രഭുവര്‍ഗ ഭരണകൂടത്തിനു ഈ തിളച്ചുമറിയുന്ന കോപാഗ്നി അണയ്ക്കാനാവാത്തത്‌കൊണ്ട്തന്നെ ഇറാഖിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടുതല്‍ രൂക്ഷമായികൊണ്ടിരിക്കുകയാണ്. സുശക്തമായ സുരക്ഷാ സജ്ജീകരണങ്ങളും പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യ ഭരണവ്യവസ്ഥ തകര്‍ക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായവും പൊതുജന രോഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. ഇറാഖിലെ ചില പ്രദേശങ്ങളില്‍ മെച്ചപ്പെട്ട സുരക്ഷയും ജീവിത നിലവാരവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവരുടെ ജീവിതാവസ്ഥ ആത്യന്തികമായി മെച്ചപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണ്.

യഥാര്‍ത്ഥത്തില്‍ ഈയിടെ സുരക്ഷാസാഹചര്യങ്ങള്‍ സുസ്ഥിരപ്പെടുത്തിയതാണ് ഇറാഖിന്റെ വ്യവസ്ഥാപിത പരാജയങ്ങള്‍ക്കു തീക്ഷ്ണത വര്‍ധിപ്പിച്ചത്. ഒരു കാലത്ത് അസ്തിത്വ ഭീഷണികള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കുമിടയില്‍ ചക്രശ്വാസം വലിച്ചിരുന്ന ഇറാഖ് ഇന്ന് പക്ഷേ ഭരണകക്ഷി പ്രഭുവര്‍ഗത്തിന്റെ അഭീഷ്ടങ്ങള്‍ നിറവേറ്റുകയും പൊതുജനങ്ങള്‍ക്ക് പ്രാതിനിധ്യവും സാമ്പത്തികാവസരങ്ങളും നിരസിക്കുന്ന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിയുടെ ഇരയാണ്. ആഭ്യന്തര കലഹം, അയല്‍ രാജ്യങ്ങളുമായി ദശകങ്ങള്‍ നീണ്ട യുദ്ധങ്ങള്‍, ഐക്യ രാഷ്ട്രസഭയുടെ ഉപരോധങ്ങള്‍, അമേരിക്കയുടെ നുഴഞ്ഞുകയറ്റം, മറ്റു വിദേശ രാഷ്ട്രങ്ങളുടെ അധിനിവേശം, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നരമേധം തുടങ്ങി പൂര്‍ണ്ണമായും രാഷ്ട്രീയ പത്മവ്യൂഹത്തിലകപ്പെട്ടിരുന്ന ഇറഖില്‍ സമാധാനത്തിന്റെ പുല്‍നാമ്പുകള്‍ തളിരിട്ടുവരവേയാണ് ഭരണകൂടത്തിന്റെ അനാസ്ഥ വീണ്ടുമൊരു രാഷ്ട്രീയ സാമ്പത്തിക വരള്‍ച്ചക്കു വഴിയൊരുക്കിയത്.

സമൃദ്ധമായ എണ്ണ സമ്പത്തുണ്ടായിട്ടും യുദ്ധങ്ങളിലും മറ്റും തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഭരണവര്‍ഗം കാണിക്കുന്ന നിസ്സംഗതയും, നാശോന്മുഖമായികൊണ്ടിരിക്കുന്ന ഭൗതിക സൗകര്യങ്ങളും സദ്ദാം ഹുസൈന്റെ കാലം മുതലേ ഭരണകൂടത്തെ ഗ്രസിച്ചിരുന്ന അഴിമതി രൂക്ഷമായതുമാണ് ഇറാഖികളെ പ്രകോപിതരാക്കിയത്. തൊഴില്‍ രാഹിത്യം സര്‍വകാല റൊക്കോഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തല്‍ ഈ മാസം ആദ്യം തലസ്ഥാന നഗരമായ ബഗ്ദാദിലും ഇറാഖിലെ മറ്റു നിരവധി നഗരങ്ങളിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും അധികാരികള്‍ അമിതമായി പ്രതികരിക്കുകയും മാരകമായ സുരക്ഷാമാര്‍ഗങ്ങള്‍ക്കു മുതിരുകയും ചെയ്തു. ഇത് ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയും സംഘട്ടനങ്ങള്‍ക്കു കൂടുതല്‍ സാധ്യത നല്‍കുകയുമുണ്ടായി.

ജനകീയ പ്രതിഷേധത്തിന്റെ പ്രേരണ പ്രധാനമായും മറ്റു വര്‍ഷങ്ങളിലേതിന് സമാനമാണെങ്കിലും നിലവിലെ ക്ഷോഭതരംഗം പല തരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. നിശ്ചിത ആവശ്യങ്ങള്‍ അവകാശപ്പെട്ടുകൊണ്ടുള്ള കേന്ദ്രീകൃത പ്രതിഷേധങ്ങളുടെ വിസ്‌ഫോടനമാണിപ്പോള്‍ കാണുന്നത്. പരിഷ്‌കരണത്തിനു പകരമുള്ള ഭരകൂട ചൂഷണമാണ് തെരുവിലുള്ള കലാപത്തിന്റെ പ്രധാന പ്രേരകം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനക്ഷോഭം സ്വാഭാവികവും കൂടുതല്‍ വികേന്ദ്രീകൃതവും എല്ലാറ്റിനുമുപരി രാഷ്ട്രീയത്തിന്റെ തന്നെ ക്രമം മാറ്റിക്കുറിയ്ക്കാന്‍ ശേഷിയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതിഷേധ പ്രകനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സദ്‌രിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, സിവിക് ട്രന്റ് മൂവ്‌മെന്റ് തുടങ്ങിയ രാഷ്ട്രീയ പ്രാദേശിക പാര്‍ട്ടികളുമായി ബന്ധമില്ലാത്ത യുവതലമുറയിലെ അംഗങ്ങളാണ് പ്രധാന പ്രക്ഷോഭകര്‍. വാസ്തവത്തില്‍ പ്രക്ഷോഭകരുടെ മുദ്രാവാക്യങ്ങിലെ കേന്ദ്ര പ്രമേയംതന്നെ അത്തരത്തിലുള്ള രാഷ്ട്രീയ അഭിനേതാക്കളെ പൂര്‍ണ്ണമായും നിരസിക്കുക എന്നതാണ്. എങ്കിലും നിയമസഭാസ്പീക്കറും മറ്റു പ്രതിപക്ഷ നേതാക്കളും പ്രതിഷേധകര്‍ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ പ്രതിഷേധം ആത്യന്തികമായി പ്രഭുവര്‍ഗ ഭരണത്തിന്റെ നിസ്സംഗതയുടേയും തീവ്രമായ പ്രതിസന്ധികള്‍ക്കിടയിലെ അലംഭാവത്തിന്റേയും ഫലമാണ്. മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഈ പ്രതിസന്ധികളേയും അതിജീവിക്കാനുള്ള ഏകമാര്‍ഗം ഒരു പുതിയ പ്രതിപക്ഷ സേനയുടെ നേതൃത്വത്തിലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പരിഷ്‌കരണമാണ്.

പ്രക്ഷുബ്ധമായ പ്രതിഷേധങ്ങളോടുള്ള ഇറാഖ് അധികൃതരുടെ പ്രതിലോമ പ്രതികരണം ആശങ്കാജനകമാണ്. ജനരോഷം പിടിച്ചുകെട്ടാന്‍ സുരക്ഷാസേന സ്വീകരിക്കുന്ന മര്‍ദന മുറകള്‍ സ്ഥിതി കൂടുതല്‍ വഷളമാക്കി. യഥാര്‍ത്ഥത്തില്‍ നിരത്തിലൊതുങ്ങിയ പ്രതിഷേധം കലാപമായി മാറിയതിന്റെ പ്രധാന ഘടകം അധികൃതരുടേയും സുരക്ഷാസേനയുടേയും ക്രൂരമായ പ്രതിരോധമാണ്. നിരായുധരായ യുവാക്കളോട് സായുധ സേന ഏറ്റുമുട്ടിയതിന്റെ ന്യായം ഐക്യരാഷ്ട്രസഭയ്ക്കു മുമ്പാകെ വ്യക്തമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഈ വര്‍ഷം ലോകത്ത് പലയിടങ്ങളിലും ബഹുജന പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും ഏറ്റവും വികൃത പ്രതിരൂപമായി ഇറാഖ് നിലകൊള്ളുന്നു.
ആളിപ്പടരുന്ന തിരിനാളമണയ്ക്കാന്‍ ഭരണകൂടം ചില പൊടിക്കൈകള്‍ പ്രയോഗിച്ചെങ്കിലും പ്രകോപിതരായ ജനങ്ങളെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ ഇനിയും സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ബിരുദധാരികള്‍ക്കായി ജോലി വാഗ്ദാനം ചെയ്യുകയും പ്രാദേശിക തൊഴിലാളികള്‍ക്കായി എണ്ണ മന്ത്രാലയത്തിലും മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും 50 ശതമാനം ക്വാട്ട ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കുകയുമുണ്ടായി. പക്ഷേ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും അധികാരികളുടെ ബധിര നാട്യങ്ങളും പൊതുജനത്തിന്റെ രോഷം വര്‍ധിപ്പിച്ചു ദേശവിരുദ്ധ നീക്കങ്ങള്‍ക്കുപോലും പ്രേരിപ്പിക്കുകയാണുണ്ടായത്.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇറാഖിന്റെ തെരുവോരങ്ങളെ പ്രകമ്പനംകൊള്ളിക്കുന്നതു 2011ലെ അറബ് പ്രക്ഷോഭത്തില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ ആണെങ്കിലും മുന്‍ പ്രമേയങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രഭുവര്‍ഗ വിദ്വേഷത്തിനുപകരം വ്യക്തി-കുടുംബ കേന്ദ്രീകൃത ഭരണ വ്യവസ്ഥിതിയോടുള്ള അമര്‍ഷമാണ് പ്രകടമാകുന്നത്. ഇറാഖിലെ രാഷ്ട്രീയ മേഖല ഒരു ഭരണകൂടം എന്നതിലുപരി ചില നിക്ഷിപ്ത താത്പര്യങ്ങളുടെ നികൃഷ്ട വലയമാണ്. ആ വ്യവസ്ഥിയെ അപ്രസക്തമാക്കല്‍ തീര്‍ത്തും ശ്രമകരമായ പോരാട്ടമായിരിക്കും. അത്തരത്തിലുള്ള ഭരണത്തിന്റെ ജാതീയ ഗുണം തന്നെ അതിജീവനമാണ്. അത്‌കൊണ്ട്തന്നെ ഇറാഖികള്‍ ആഭ്യന്തര യുദ്ധത്തിലൂടയോ വൈദേശിക ഇടപടലിലൂടയോ പൂര്‍ണ്ണമായി നാശമില്ലാത്ത ഭരണകൂടം പിടിച്ചെടുക്കാനുള്ള സാധ്യത വിദൂരമാണ്. എന്നാല്‍ വ്യക്തവും കേന്ദ്രീകൃതവുമായ ആവശ്യങ്ങളുടെ അഭാവത്തില്‍ അതാര്യവും വികേന്ദ്രീകൃതവുമായ ഭരണ സമ്പ്രദായത്തോടുള്ള നീരസം പരിഹാരങ്ങള്‍ക്കു പകരം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാനാണ് സാധ്യത.

നിലവിലെ പ്രക്ഷോഭം പൊതുജന കോപത്തിന്റെ വിസ്‌ഫോടനം എന്നതിലുപരി മറച്ചൊന്നുമല്ല. ഫ്രാന്‍സിലും ടുണീഷ്യയിലും സംഭിച്ചതുപോലെ അവസാനം നീരാവിയായി തീരുകയോ നിയന്ത്രണാധീനമാക്കപ്പെടുകയോ ചെയ്‌തേക്കാം. നിലവിലെ ഭരണ വ്യവസ്ഥിതിയുടെ ഘടനാപരമായ മാറ്റത്തിലൂടയോ പരിഷ്‌കരണത്തിലൂടെയോ മാത്രമേ അര്‍ത്ഥവത്തമായ പരിഹാരം എന്നതാണ് ഇതിനര്‍ത്ഥം. പക്ഷേ പരിഷ്‌കരണ സംരംഭങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന വിശ്വാസ്യത രാഷ്ട്രീയാധികാരിള്‍ക്കില്ല എന്നത് വെല്ലുവിളിയാണ്. ഔപചാരിക പാര്‍ലമെന്ററി പ്രതിപക്ഷത്തിന്റെ അഭാവവും പ്രര്‍ശനപരിഹാരത്തിനു മാര്‍ഗതടസ്സം സൃഷ്ടിച്ചേക്കാം. എന്നാല്‍ പരിഷ്‌കരണം അസാധ്യമാണെന്ന് ഇതിനര്‍ത്ഥമില്ല. ദീര്‍ഘകാല ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനു ഇറാഖി ബുദ്ധിജീവികള്‍ വിവിധ ചട്ടക്കൂടുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇറാഖ് ജേണലിസ്റ്റായ മുഷ്‌റഖ് അബ്ബാസും മറ്റും പുതിയ തെരഞ്ഞെടുപ്പ് നിയമവും സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രഭുവര്‍ഗ സ്വേച്ഛാധിപത്യത്തിനപ്പുറത്ത് ഒരു യഥാര്‍ത്ഥ പാര്‍ലമെന്റ് പ്രതിപക്ഷം രൂപീകരിക്കാനും വഴിയൊരുക്കിയേക്കാം.

രാഷ്ട്രീയ-സൈനിക വിഭാഗങ്ങള്‍ ശക്തമായി വ്യാപരിക്കുന്ന ഇറാഖ് പോലെയുള്ള രാജ്യത്ത് വിപ്ലവം എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഈ പ്രക്ഷോഭം വലിയ വിപ്ലവമായി പരിലസിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ആക്രമണങ്ങള്‍ രൂക്ഷമാവുകയും രാഷ്ട്രീയ സൈനിക സ്ഥാപനങ്ങളില്‍ ഭിന്നത തുടരുകയും ചെയ്യുന്നത് ഏറ്റവും അപകടകരായ ലക്ഷണമാണെന്നും ഇത് ഇറാഖിനെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. എന്നാല്‍ ഭരണകക്ഷി പ്രഭുവര്‍ഗത്തെ മറികടന്ന് ദേശീയ പാര്‍ലമെന്റിന്റെ രൂപീകരണത്തിനുള്ള അട്ടിമറി ശ്രമവും ഇറാഖിനെ സമാനമായ അന്തരീക്ഷത്തിലേക്ക് നയിച്ചേക്കാമെന്നുള്ളത് ഭീതിയോടെയാണ് സമാധാന കാംക്ഷികളായ ലോകം വീക്ഷിക്കുന്നത്.

SHARE