സാമ്പത്തിക തകര്‍ച്ചയെ മറച്ചുവെക്കാന്‍ ആര്‍.എസ്.എസിന്റെ മാര്‍ഗങ്ങള്‍

ദിബിന്‍ രമാ ഗോപന്‍

രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിലാണ്. ഇത്രയും കാലം വോട്ട് ബാങ്കായിരുന്ന ബാബറി മസ്ജിദ് വിഷയവും കശ്മീര്‍ വിഷയവും അവസാനിച്ചതോടെ പുതിയ മാര്‍ഗങ്ങള്‍ തേടിയിറങ്ങിയിരിക്കുകയാണ് ആര്‍.എസ്.എസ്. 2014 ല്‍ അധികാരത്തിലെത്തുമ്പോള്‍ പറഞ്ഞ സാമ്പത്തിക രംഗത്തെ വിപ്ലവമെന്ന തോല്‍വിയെ മറച്ചുവെക്കാന്‍ മോദിയുടെ സര്‍ക്കാര്‍ കാണിച്ചുകൂട്ടുന്ന പ്രവൃത്തികള്‍ അപലപനീയമാണ്.

2016 നവംബര്‍ എട്ടിന് രാജ്യത്തെ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ പറഞ്ഞ കള്ളപ്പണം തിരികെ എത്താത്തതെന്താണെന്ന് ആരും വിശദീകരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കായ ആര്‍.ബി.ഐ നോട്ടെല്ലാം തിരികെയെത്തിയെന്ന് പറഞ്ഞപ്പോഴും രാജ്യത്തിന്റെ പലയിടത്ത് നിന്നും പിന്നീട് പിടികൂടിയത് കോടികണക്കിന് രൂപയുടെ നിരോധിത നോട്ടുകളായിരുന്നു.വര്‍ഷം മൂന്ന് കഴിഞ്ഞിരിക്കുന്നു, എന്നാല്‍ അന്ന് ബാങ്കിന് മുന്നില്‍ വരിനിന്ന് മരിച്ചവരെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ. മരിച്ചവര്‍ രാജ്യത്തിന്റെ രക്തസാക്ഷികളാണെന്ന് പറയുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളൂ, അവര്‍ രക്തസാക്ഷികളല്ല മറിച്ച് നിങ്ങളുടെ പ്രധാനമന്ത്രിയുടെ വിവരക്കേടിന് ഇരകളാകേണ്ടി വന്നവരാണ്.

നിലവില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരുന്നത് ബി.ജെ.പി എം.പി നിഷിക്കാന്ത് ദൂബെയെയാണ്. ആഭ്യന്തര മൊത്ത ഉല്‍പാദനത്തെക്കുറിച്ച് (ജി.ഡി.പി) അദ്ദേഹം നടത്തിയ പരാമര്‍ശം കൗതുകത്തോടൊപ്പം ഭീതിയുണര്‍ത്തുന്നതാണ്. ജി.ഡി.പി പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്ടെത്തലാണെന്ന ബുദ്ധിശൂന്യതക്കപ്പുറം ഭാവിയില്‍ രാജ്യത്ത് ജി.ഡി.പി ഉണ്ടാവില്ലെന്ന പ്രസ്താവന സാമ്പത്തിക രംഗത്തെ പ്രതിസന്ധി ജനങ്ങള്‍ അറിയരുതെന്ന ഏകാധിപത്യത്തിന്റെ സൂചനയാണ്. തൊഴിലിന് വേണ്ടി യുവത്വം അലമുറയിടുമ്പോള്‍ പാകിസ്താന്‍ അക്രമിക്കാന്‍ വരുന്നുണ്ടെന്ന് പറഞ്ഞ് ദേശീയത തുറന്ന് വിടാം.വിദേശ ശക്തികള്‍ അക്രമിക്കുമ്പോള്‍ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നേരിടുന്നത് ഗാന്ധിയും നെഹ്‌റുവും മൗലാനാ അബ്ദുല്‍ കലാം ആസാദും ടിറ്റൂസ് ജീയുമെല്ലാം ചേര്‍ന്ന് നേടി തന്ന സ്വാതന്ത്ര്യത്തിന്റെ മൂല്യമറിയാവുന്നതുകൊണ്ടാണ്.

രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിയിട്ട് രാജ്യസ്‌നേഹം വിവരിക്കുന്നവര്‍ക്ക് ശരിക്കും ദേശീയതയെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല.രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഗാന്ധിയെ മാറ്റി മോദിയെ രാഷ്ട്രപിതാവാക്കുന്നവരെ കുറപ്പെടുത്താന്‍ സാധിക്കില്ല, സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് രാജ്യത്തെ ഒറ്റുകൊടുത്തവര്‍ക്ക് അതല്ലേ സാധിക്കൂ….

SHARE