ഗോദ്‌സെയുടെ വ്യര്‍ഥസ്വപ്‌നം;സംഘ്പരിവാറിന്റെയും

ഷുക്കൂര്‍ ഉഗ്രപുരം

വിഭജനാനന്തര ഇന്ത്യ മതരാഷ്ട്രമാവാതെ മതേതരമായി നിലനില്‍ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികളാല്‍ രാഷ്ട്രത്തിന് നഷ്ടമായത് അനേകം മൂല്യങ്ങളും രാഷ്ട്രപിതാവ് മഹാത്മജിയുടേതുള്‍പ്പെടെ അനേകം ജീവനുകളുമാണ്. ഇന്ത്യന്‍ തെരുവുകളില്‍ ഇപ്പോള്‍ നടക്കുന്നത് ഗോദ്‌സെയും ഗാന്ധിയും തമ്മിലുള്ള പോരാട്ടമാണ്. ഗോദ്‌സെയുടേയും ഗാന്ധിയുടേയും പക്ഷത്ത് ആരെല്ലാമാണുള്ളതെന്ന് സുവ്യക്തമാണ്. ഒരുവിഭാഗം സവര്‍ണ്ണ മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രത്തിനുവേണ്ടിയും (ഹിന്ദു രാജ്യത്തിനു വേണ്ടിയല്ല) മറുവിഭാഗം ജനാധിപത്യ മതേതര ഇന്ത്യക്ക് വേണ്ടിയും പോരാടുകയാണ്. ബ്രിട്ടീഷുകാരുടെ കുടിലതന്ത്രമായ മതരാഷ്ട്രമെന്ന ആശയത്തെ പാക്കിസ്താന്‍ വാദത്തിനുംമുമ്പേ ആവശ്യപ്പെട്ടത് ഹിന്ദുത്വരാണ്. ആര്‍.എസ്.എസും സംഘ്പരിവാരവും ഇന്നും പാക്കിസ്താനെ മാതൃകയാക്കി ഇന്ത്യയും മതരാഷ്ട്രമാവണമെന്ന് വാദിക്കുകയും അതിനായി തീക്ഷ്ണമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

പുതിയ നിയമങ്ങളും ചട്ടങ്ങളും കേന്ദ്ര ഗവണ്‍മെന്റ് അതിവേഗം ചുട്ടെടുക്കുന്നതിനുപിന്നില്‍ അനേകം രഹസ്യങ്ങളുണ്ടെങ്കിലും അതില്‍ സുവ്യക്തമായത് മനുസ്മൃതി ഭരണഘടനയായെടുത്ത സവര്‍ണ്ണ മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വരാഷ്ട്രം പണിതെടുക്കുക എന്നതാണ്. പഴയപോലെ സവര്‍ണ്ണന് മേധാവിത്വവും അവര്‍ണ്ണന് കീഴാള അടിമത്വവും വകവെച്ച്‌നല്‍കുന്ന സവര്‍ണ്ണ രാഷ്ട്രം. മുസ്‌ലിംകളാദി ന്യൂനപക്ഷത്തെ രണ്ടാംകിട പൗരന്മാരാക്കി അരികുവത്കരിച്ച് മൂലക്കിരുത്തേണ്ടത് അവരുടെ സ്വപ്‌ന രാജ്യത്തിന് അനിവാര്യമാണ്. മുമ്പ് ഫാഷിസ്റ്റുകള്‍ വ്യക്തികളും കേവല സ്ഥാപനങ്ങളുമായിരുന്നുവെങ്കില്‍ ഈയിടെ അവര്‍ സമ്പൂര്‍ണ്ണ മേധാവിത്വമുള്ള ഭരണകൂടമെന്ന വലിയ യാഥാര്‍ഥ്യമായി മാറിയിട്ടുണ്ട്. സംഘ്പരിവാറിന്റെ കുടില തന്ത്രം തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികള്‍ സ്വന്തം സുരക്ഷയും ജീവനും പണയപ്പെടുത്തിയാണ് ഫാഷിസത്തോട് പോരാടാനായി തെരുവിലിറങ്ങിയത്.

പൊലീസും സംഘ്പരിവാരവും ഭരണകൂടവും രാത്രി ലൈറ്റ് ഓഫ് ചെയ്തും ഗെയ്റ്റടച്ചും ക്യാമ്പസിനകത്ത് കയറി ഗ്രന്ഥപ്പുരയിലും ശുചിമുറിയിലും പെണ്‍കുട്ടികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചും അപമാനപ്പെടുത്തിയുമാണ് പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. സത്യവും ആദര്‍ശവും ധൈഷണിക ആശയങ്ങളും ബി.ജെ.പിക്ക് കൈമുതലായില്ലാത്തത്‌കൊണ്ടാണ് വിദ്യാര്‍ത്ഥികളെ തെരുവ് റൗഡികളേയും സംഘ്പരിവാറുകാരെയുംവിട്ട് തല്ലിക്കേണ്ടിവരുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ യുവതീ യുവാക്കളുള്ള രാജ്യമാണിന്ത്യ. അഭ്യസ്തവിദ്യര്‍ പോലും തൊഴിലില്ലാതെ അലഞ്ഞുതിരിയേണ്ടിവരുന്ന ഭീതിത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബുദ്ധിശൂന്യമായ നടപടിയിലൂടെ രാഷ്ട്രം ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തുമ്പോഴും ഭരണ കര്‍ത്താക്കള്‍ പ്രതിവിധി കാണാതെ മൂഢന്‍ വര്‍ത്തമാനങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സത്യം വിശപ്പാണ്. മിത്തും വെറുപ്പും ഗീര്‍വാണവും മാത്രം പറഞ്ഞുഅവയെ മറികടക്കാനാവില്ലെന്ന യാഥാര്‍ഥ്യത്തെ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുന്നു. ലോകത്തെ എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളെയും ആട്ടിയോടിച്ചത് തെരുവില്‍ ജനമിറങ്ങിയാണ്.
ആദിമ സംസ്‌കൃതികളിലെ പ്രോജ്ജ്വലമായ ഹാരപ്പന്‍ നാഗരികത ഉയിര്‍ക്കൊണ്ട ദേശമാണിത്. എന്നും വൈജാത്യങ്ങളും സഹിഷ്ണുതയുമാണീ രാജ്യത്തെ വഴിനടത്തിയിട്ടുള്ളത്. ഏതാണ്ട് ഏഴ് നൂറ്റാണ്ട് മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചിട്ടും ഒരു പ്രദേശംപോലും മത രാഷ്ട്രമാക്കി മാറ്റാതെ ഉയര്‍ന്ന സാമ്പത്തിക സാമൂഹിക നിലവാരമുള്ള രാഷ്ട്രമാക്കി ഇന്ത്യയെ നയിക്കുകയാണ് അവര്‍ ചെയ്തത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കകാലത്ത് ബ്രിട്ടീഷുകാരെ പോരാട്ടത്തിലൂടെ അടിതെറ്റിച്ച് രാഷ്ട്രം സര്‍വ സ്വതന്ത്രമാകുമെന്ന് വന്നപ്പോള്‍ ഇന്ത്യന്‍ ജനത ഒരുഭരണാധികാരിയെ തേടിച്ചെന്നത് അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിന്റെ അടുത്തേക്കായിരുന്നു. അവര്‍ അദ്ദേഹത്തെ ഇന്ത്യന്‍ ഭരണാധികാരിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.

1925ല്‍ ആര്‍.എസ്.എസ് രൂപീകരിക്കുകയും സംഘ്പരിവാരമുള്‍പ്പെടെ ഹിന്ദുത്വ രാഷ്ട്രത്തിനായി പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുകയും ചെയ്യുന്നു. നൂറു വര്‍ഷമാകുമ്പോഴേക്കും ഇന്ത്യയെ ബ്രാഹ്മണ മേധാവിത്വമുള്ള ഹിന്ദുത്വ രാഷ്ട്രമാക്കിമാറ്റുക എന്ന ലക്ഷ്യത്തിനായി അവര്‍ ഹിന്ദു മത ആദര്‍ശ മൂല്യമില്ലാത്ത കൊലയും കൊള്ളയും കൊള്ളിവെപ്പും നടത്തിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ നിന്നുപോലും മാറിനിന്ന പാരമ്പര്യമാണ് അവര്‍ക്കുള്ളത്. മതരാഷ്ട്രമെന്ന അവരുടെ സ്വപ്‌നം ഇന്ത്യയില്‍ നടക്കാനുള്ളതല്ല. ഇന്ത്യന്‍ സാമൂഹിക ഘടന അതിന് യോജിച്ചതല്ല. സര്‍വായുധ വിഭൂഷിതരായി മതരാഷ്ട്രം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍പോലും അതിന് നിവര്‍ന്ന് നില്‍ക്കാനാവില്ല. അല്‍പ്പായുസ്സും തകര്‍ച്ചയും മാത്രമേയുണ്ടാകൂ. യാന്ത്രിക ഐക്യമത്യത്തിലുള്ള ഒരു മിലിറ്റന്റ് സമൂഹത്തെ രൂപീകരിക്കാന്‍ നിലവിലെ ഇന്ത്യന്‍ സാമൂഹിക ഘടനക്കകത്ത് അവര്‍ക്കാവില്ല. സവര്‍ണ്ണ മേധാവിത്വമുള്ള അവരുടെ ജനക്കൂട്ടം ന്യൂനാല്‍ ന്യൂനപക്ഷമാണ്.

രാജ്യത്ത് സംഘ്പരിവാര്‍ നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കുംപിന്നിലുള്ള പ്രചോദക വസ്തുക്കളിലൊന്ന് അവര്‍ ഭൂരിപക്ഷ വിഭാഗക്കാരാണെന്ന മിത്താണ്. യഥാര്‍ത്ഥത്തില്‍ ഈ മിത്തിനെ തിരിച്ചറിയപ്പെടുന്നതിലൂടെ അവരുടെ അതിക്രമങ്ങളെ പിടിച്ചുകെട്ടാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് സാധിക്കും. 2011ലെ സെന്‍സസ് അനുസരിച്ച് ഹിന്ദുമത വിശ്വാസികള്‍ 79.8 ശതമാനമാണ്. മത ന്യൂനപക്ഷങ്ങള്‍ 46.2 ശതമാനമാണ്. ജാതി ന്യൂനപക്ഷങ്ങള്‍ 28 ശതമാനം (എസ്.സി വിഭാഗക്കാര്‍ 18.4, എസ്.ടി 10.19), പ്രത്യയശാസ്ത്ര ന്യൂനപക്ഷങ്ങള്‍ മൂന്നു ശതമാനം (നാസ്തികര്‍ 0.24 -സെക്യൂലറിസ്റ്റുകളും ഹ്യൂമനിസ്റ്റുകളുമുള്‍പ്പെടെ) ബസവണ്ണ വിഭാഗക്കാരെ വേറെ ഒരു മതവിഭാഗമായി കാണിച്ചിട്ടില്ല.

‘ഞങ്ങള്‍ ഹിന്ദുക്കളല്ല’ എന്ന് അവര്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. ശൂദ്രന്മാരെ (ബി.സി ആന്റ് ഒ.ബി.സി) ഹിന്ദുവായി സവര്‍ണ്ണര്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് മാത്രമല്ല അവര്‍ക്ക് (ദലിതര്‍ക്കും ആദിവാസികള്‍ക്കും) തുല്യ പരിഗണന നല്‍കി അന്തസുള്ള മനുഷ്യരായി കാണാന്‍പോലും സവര്‍ണ്ണര്‍ക്ക് വെറുപ്പാണെന്നാണ്. രേഖകളുടെ അടിസ്ഥാനത്തില്‍ ദലിതരേയും ആദിവാസികളേയും ഹിന്ദുക്കളായാണ് പരിഗണിക്കുന്നത്. പക്ഷേ അവരുടെ കര്‍മ്മങ്ങളാല്‍ സ്വത്വ നിര്‍മ്മാണത്തിനുവേണ്ടി ഹിന്ദുയിസത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അംബേദ്കര്‍ ഒരിക്കല്‍ പറഞ്ഞു ‘ഞാന്‍ ഒരിക്കലും ഹിന്ദുവായി മരിക്കുകയില്ല’. അങ്ങനെയുള്ള സാഹചര്യത്തില്‍ അംബേദ്കറെ പിന്തുടരുന്ന അദ്ദേഹത്തിന്റെ അനുയായികളെ എങ്ങനെ ഹിന്ദുക്കളായി കണക്കാക്കാന്‍ കഴിയും? മതജാതി പ്രത്യയശാസ്ത്ര ന്യൂനപക്ഷങ്ങളെ ഒന്നിച്ചുകൂട്ടുമ്പോള്‍ 77.2 ശതമാനം വരും. തമിഴ് ദ്രാവിഡന്മാര്‍ 5.96 ശതമാനമാണ്. അവരും ഹിന്ദുത്വരെണ്ണുന്ന ഗണത്തില്‍പെടാത്തവരാണ്.

അവരില്‍നിന്നും ന്യൂനപക്ഷങ്ങളെയും ദലിത് പിന്നാക്ക വിഭാഗങ്ങളുടേയും സംഖ്യ കുറച്ചാല്‍ കിട്ടുന്ന ശതമാനവുംകൂടി ചേര്‍ക്കുമ്പോള്‍ ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ഏതാണ്ട് രണ്ട് ശതമാനത്തിന്റെ വ്യത്യാസം മാത്രമേ കാണാനാവൂ. അതില്‍തന്നെ ഹിന്ദുത്വ സംഘ്പരിവാറുകാരുടെ കണക്കെടുക്കുമ്പോള്‍ രണ്ട് ശതമാനത്തിലും താഴയേ വരൂ. അതായത് മതരാഷ്ട്രമെന്ന ഗോദ്‌സേയുടെയും സംഘ്പരിവാറിന്റെയും സ്വപ്‌നം വ്യര്‍ത്ഥമാണെന്നാണ് ഇന്ത്യന്‍ തെരുവുകളും ഇന്ത്യന്‍ സാമൂഹിക ഘടനയും പറയുന്നത്. ജനാധിപത്യം സംരക്ഷിക്കാന്‍ മതേതര ജനാധിപത്യ മഹാസഖ്യങ്ങള്‍ രൂപീകരിച്ചുകൊണ്ടാണ് സവര്‍ണ്ണ മേധാവിത്വത്തെയും മതരാഷ്ട്രവാദത്തെയും ചെറുത്ത് തോല്‍പ്പിക്കേണ്ടതെന്നാണ് കണക്കുകള്‍ പറയുന്നത്.

ആര്‍.എസ്.എസ് എല്ലാ കാലത്തും മാനവിക വിരുദ്ധവും ഹിന്ദു വിരുദ്ധവുമായാണ് പ്രവര്‍ത്തിച്ചത്. മഹാത്മജിയെന്ന യഥാര്‍ത്ഥ ഹിന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തി ഗോദ്‌സെയെന്ന മത ഭ്രാന്തന്‍ അത് തെളിയിച്ചതാണ്. ഈയിടെ ഗാന്ധി ചരമദിനത്തില്‍ യോഗിയുടെ ഉത്തര്‍പ്രദേശിലും മറ്റും ഗാന്ധിചിത്രം സ്ഥാപിച്ചു ഗോദ്‌സേക്കായി മുദ്രാവാക്യം മുഴക്കി പ്രതീകാത്മകമായി മഹാത്മാവിന്റെ നെഞ്ചിലേക്ക് പരസ്യമായി നിറയൊഴിച്ച് ഹിന്ദുത്വരത് തെളിയിക്കുകയും സ്വാധി പ്രാചിയെപോലെ കപടതയുടെ കാഷായം ധരിച്ച ചിലര്‍ പരസ്യമായി ഗാന്ധിയെ തള്ളിക്കൊണ്ടും ഗോദ്‌സെയെ പുകഴ്ത്തിക്കൊണ്ടും രംഗത്ത്‌വന്നത് ഒട്ടും യാദൃച്ഛികമല്ല. ഇന്ത്യയില്‍ സംഘ്പരിവാറിന്റെ ഏറ്റവും വലിയ ശത്രു ഭരണഘടനയും മതേതര വിശ്വാസികളുമാണ്. ആര്‍.എസ്.എസിനെ എക്കാലത്തും തീക്ഷ്ണമായി പ്രതിരോധിച്ചത് ഇന്ത്യയിലെ യഥാര്‍ത്ഥ ഹിന്ദു മതവിശ്വാസികളാണ്. ഹേമന്ത് കര്‍ക്കരെയും ആര്‍.ബി ശ്രീകുമാറും ടീസ്റ്റ സെതല്‍വാദും മല്ലികാസാരാഭായിയും ഗൗരിലങ്കേഷും പന്‍സാരയും സഞ്ജീവ് ഭട്ടും രാംപുനിയാനിയും രാമചന്ദ്രഗുഹയും ദീപികാസിങ് റാവത്തും കണ്ണന്‍ ഗോപിനാഥനും അവരില്‍ ചിലര്‍ മാത്രം.

സവര്‍ണ്ണ ബ്രഹ്മണ്യത്തിനപ്പുറത്ത് ഒരു അവര്‍ണ്ണനേയും അവര്‍ ഹിന്ദുവായി പരിഗണിച്ചിട്ടില്ലെന്ന് മാത്രമല്ല ദലിതരോടും ഗോത്രവിഭാഗക്കാരോടും മുസ്‌ലിം ന്യൂനപക്ഷങ്ങളോടും തികച്ചും മനുഷ്യത്വ വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അവരുടെ പ്രവര്‍ത്തനങ്ങളും ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദുത്വ നിലപാടുകളെ പരസ്യമായി ന്യായീകരിച്ചുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷങ്ങളെയും മുഴുവന്‍ അവര്‍ണ്ണരെയും അരികുവത്കരിച്ച് രണ്ടാംകിട പൗരന്മാരും അഭിനവ അടിമകളുമാക്കി മാറ്റുന്നതിനാണ് പുതിയ സി.എ.എ കൊണ്ടുവന്നതെന്ന് അത് വായിച്ചാല്‍ മനസ്സിലാകും. പൊതുവെ പ്രചരിക്കുന്നത്‌പോലെ ആ ആക്ട് മുസ്‌ലിം വിരുദ്ധം മാത്രമല്ല മറിച്ച് തീക്ഷ്ണ അവര്‍ണ്ണ വിരുദ്ധവുമാണ്.

പൗരത്വം തെളിയിക്കാനാവാത്ത മുസ്‌ലിമിതര വിഭാഗങ്ങള്‍ക്ക് അയല്‍ രാജ്യത്ത്‌നിന്നും പീഢനങ്ങള്‍ സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് കുടിയേറിയതാണെന്ന് സൂചിപ്പിച്ച് ഭരണകൂടത്തിന് സാക്ഷ്യപത്രം എഴുതിനല്‍കിയാല്‍ തടങ്കലിലിടാതെ ഭരണകൂടം നിശ്ചിത കാലയളവിലേക്ക് അവരോട് ഔദാര്യം കാണിക്കുമെന്നാണല്ലോ. ഇത് വലിയൊരു കെണിയാണ്. നിലവിലെ സാചര്യവും ഭൂതകാല സാമൂഹിക ഘടനയും വെച്ച്‌നോക്കുമ്പോള്‍ അനേകം അവര്‍ണ്ണര്‍ക്കും മറ്റു ന്യൂനപക്ഷ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കും അവരുടെ പൗരത്വം തെളിയിക്കാനാവില്ല. തങ്ങള്‍ അയല്‍ രാജ്യത്ത്‌നിന്ന് വന്ന അഭയാര്‍ത്ഥികളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി എഴുതി നല്‍കുമ്പോള്‍ താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും ഈ രാജ്യത്തെ പൗരനല്ല എന്ന് സര്‍ക്കാരിന് വാദിക്കാനുള്ള തെളിവല്ലേ കൈമാറുന്നത്. ആധുനിക ഇന്ത്യാചരിത്രത്തില്‍ ഇത്രയേറെ വിശ്വാസം നഷ്ടപ്പെടുത്തിയ ഒരു ഭരണകൂടം ഉണ്ടായിട്ടില്ല.

ഈ രേഖ മാത്രം വെച്ച് പിന്നീട് അവരെ തുറുങ്കിലടക്കില്ലെന്നാരുകണ്ടു. എഴുതി നല്‍കിയതിന് കടകവിരുദ്ധമായി അനേകം രേഖകള്‍ എടുത്ത്കാണിക്കാനും അഭയാര്‍ത്ഥിയല്ല എന്ന് കാണിക്കാനും ഗവണ്‍മെന്റിനാകും. അത്‌വെച്ച് ആ വിഭാഗങ്ങളെ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചാര്‍ത്തി അവകാശങ്ങള്‍ നിഷേധിച്ചൊതുക്കാനും സവര്‍ണ്ണ മേധാവിത്വത്തിന് വിടുവേല ചെയ്യുന്ന ഗവണ്മെന്റ് ഒട്ടും മടിക്കില്ല. സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് നിഷേധിക്കാനും അഭിനവ അടിമകളാക്കി മാറ്റാനും യാതൊരു പ്രയാസവും കൂടാതെ സര്‍ക്കാരിന് കഴിഞ്ഞേക്കാം. അഭയാര്‍ഥികളായെത്തിയതാണെന്ന് പറഞ്ഞു ഭരണകൂടത്തിന്റെ ഔദാര്യത്തില്‍ നേടിയെടുക്കുന്ന പൗരത്വം ഏത് സമയത്തും റദ്ദ് ചെയ്യാനും സര്‍ക്കാര്‍ മടിക്കില്ല. എണ്ണിയാലൊടുങ്ങാത്ത അനേകം ദുരിതങ്ങളുടെ കഴത്തിലേക്ക് ഹിന്ദു അവര്‍ണ്ണ വിഭാഗങ്ങളെയും മുസ്‌ലിമിതര ന്യൂനപക്ഷങ്ങളേയും ആത്മഹത്യാപരമായി ചാടിക്കാന്‍ ഈ ബില്ലിനാവും. ഒന്നാമത്തെ ഇര മുസ്‌ലിംകളായിരിക്കുമെന്നത് മാത്രമാണ് ഇതിന്റെ പ്രത്യേകത.

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ സി.എ.എയിലൂടെ ഒതുക്കാന്‍ കഴിഞ്ഞാല്‍ പിന്നീടുള്ള മുസ്‌ലിമിതര വിഭാഗങ്ങളെ നിഷ്പ്രയാസം കീഴടക്കാനാവുമെന്ന് സംഘ്പരിവാറിന് നന്നായറിയാം. പിന്നീട് അവര്‍ണ്ണര്‍ക്കും മുസ്‌ലിമിതര ന്യൂനപക്ഷങ്ങള്‍ക്കുമായി പ്രതിഷേധിക്കാന്‍പോലും സാധ്യമല്ലാതെ വരും. രാഷ്ട്രം സവര്‍ണ്ണ രാഷ്ട്രമായി മാറിയാല്‍ പിന്നീട് മോദിയും അമിത്ഷായുമൊക്കെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്തപ്പെടും. പിന്നീട് ശുദ്ധ ബ്രാഹ്മണരാല്‍ അവരുടെ സ്വപ്‌നരാജ്യം ഭരിക്കപ്പെടും. യഥാര്‍ത്ഥത്തില്‍ മോദിയും ഷായുമൊക്കെ സവര്‍ണ്ണ മേധാവിത്വത്തിന്റെ കൂലിവേലക്കാര്‍ മാത്രമാണ്. ആവശ്യത്തിലധികം അവരെ വിമര്‍ശിക്കാന്‍ സമയം ചെലവഴിക്കുന്നതിന്പകരം ആര്‍.എസ്.എസും സംഘ്പരിവാരവും മുന്നോട്ട്‌വെക്കുന്ന പ്രത്യയശാസ്ത്രത്തെ തുറന്ന്കാണിക്കാനാണ് പരിശ്രമിക്കേണ്ടത്. ആര്‍.എസ്.എസിനുവേണ്ടി പാദസേവ ചെയ്യുന്ന അബ്രാഹ്മണരുടെ അവസ്ഥ അന്ന് വളരെ ദയനീയമായിരിക്കും.

ഗുജറാത്തിലെ മുസ്‌ലിംകള്‍ക്കെതിരെയുള്ള വംശഹത്യയില്‍ താഴ്ന്ന വിഭാഗമായ ക്ഷാര വിഭാഗത്തിലെ ഹിന്ദുക്കളെ സംഘ്പരിവാര്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് കലാപകാരികള്‍ക്കെതിരെ കേസ് വന്നപ്പോള്‍ അവരെ ജാമ്യത്തിലെടുക്കാന്‍പോലും സംഘ്പരിവാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഒരുവെടിക്ക് രണ്ട് പക്ഷി എന്ന രീതിയില്‍ ഒരേസമയം മുസ്‌ലിംകളെയും അവര്‍ണ്ണരെയും ഒതുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുകയാണ് ചെയ്തത്. ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാവണം. സവര്‍ണ്ണ മേധാവിത്വത്തെ പിന്തുണക്കാത്ത എല്ലാ മനുഷ്യരും ഒരുമിച്ച്‌നിന്ന് അവരുടെ നിലനില്‍പ്പിനായി പോരാടേണ്ട സമയമാണിത്. ഇന്ത്യക്കാര്‍ ഗാന്ധിയുടെ പക്ഷമാണ്. ഗോദ്‌സെയുടെ സ്വപ്‌നം നടക്കാനുള്ളതല്ല.

SHARE