പ്രളയം നല്‍കുന്ന പാഠം


മുഹമ്മദ് കടങ്കോട്

ചരിത്രത്തിലെ അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത രണ്ടു വര്‍ഷങ്ങളായി അനുഭവിക്കുന്നത്. മലയാളക്കരയിലെ ആയിരങ്ങള്‍ നിലവിളിച്ചനിമിഷങ്ങള്‍, ഒരിക്കലും വെള്ളം കയറില്ലെന്ന് വിശ്വസിച്ച പലയിടങ്ങളിലും ജലപ്രവാഹം ഇരമ്പിയെത്തി. പര്‍വ്വതങ്ങള്‍ ഇളകിമറിഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ടതുമൂലമുള്ള ദുഃഖവും സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതായ ദുരിതവും അതു സൃഷ്ടിച്ച പ്രയാസവും കഴിഞ്ഞു കണ്ണീരുണങ്ങുംമുമ്പേ മറ്റൊന്നിന്‌സാക്ഷിയാകേണ്ടിവന്നു. രണ്ട് പ്രളയങ്ങള്‍ മലയാളി സമൂഹത്തിന് പകര്‍ന്നു നല്‍കിയത് നിരവധി പാഠങ്ങളായിരുന്നു. സമ്പാദ്യം വിട്ട് എവിടേക്കും പോകാന്‍ മടിച്ച മനുഷ്യനെ ഒരു ദിവസം എല്ലാം വിട്ടു ഒരിടത്തേക്ക് പോകേണ്ടിവരുമെന്ന്പ്രളയം പഠിപ്പിച്ചു. മാതാപിതാക്കളെ വീട്ടില്‍നിന്നാട്ടി പുറത്താക്കിയവര്‍ അവരെ പറഞ്ഞയച്ച വൃദ്ധസദനങ്ങളെപ്പോലെ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നു. പരസ്പരം ക്ഷമിക്കാനും പൊറുക്കാനും വിട്ടുവീഴ്ച നടത്താനും പ്രളയം പഠിപ്പിച്ചു. ആരോടും സംസാരിക്കാതെ നടന്നവര്‍ വാചാലരായി മാറി. മത്സ്യത്തൊഴിലാളികള്‍ ഏവര്‍ക്കും പ്രിയപ്പെട്ടവരായി. മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തിന് വേണ്ടിയോരോ നിമിഷവും ഓരോ കേരളീയനും കൊതിച്ചു. അവര്‍ ഇവിടെ എത്തിപ്പെട്ടെങ്കിലെന്ന് ഓരോദുരിത ബാധിതനും ആശിച്ചു. ആര്‍ക്കും വേണ്ടാതെ വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ചിലര്‍ രക്ഷകരായി മാറി. യഥാര്‍ത്ഥത്തില്‍ പ്രളയം നമ്മുടെയൊരധ്യാപകനാവുകയായിരുന്നു. എന്തുകൊണ്ട് ഇത്തരത്തില്‍ പ്രളയങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിച്ചുവരുന്നതെന്നും ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും ഏതുതരത്തിലുള്ള മുന്‍കരുതലുകളാണ് ചെയ്യാനാവുക എന്നും ഓരോ കേരളീയനും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച്‌നടന്ന വിദഗ്ധ പഠനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ വ്യത്യസ്ത കാരണങ്ങളാണ് കാണാന്‍ സാധിക്കുന്നത്. പ്രളയ കാരണം ജൂണ്‍, ജൂലൈ മാസങ്ങളിലെ കനത്ത മഴയാണെന്നും ആഗസ്ത് 14 ആകുമ്പോള്‍തന്നെ വിവിധ ഡാമുകളും അണക്കെട്ടുകളും വെള്ളം ഒഴുക്കിവിടേണ്ട സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നതിനാല്‍ തന്നെ അതാണ് പ്രളയമായി മാറിയതെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട്. ഐ.ഐ.ടി റിപ്പോര്‍ട്ടനുസരിച്ച് അതിവര്‍ഷം മാത്രമല്ല, പേമാരിക്കൊപ്പം ഡാമുകളിലെ ജല സംഭരണത്തിലും വെള്ളം തുറന്നുവിടുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനത്തിലുമുള്ള പോരായ്മകളുമാണ് പ്രളയത്തിലേക്ക് നയിച്ചതെന്നും പറയുന്നു. സംസ്ഥാനത്തിനു മീതെയുണ്ടായ മേഘവിസ്‌ഫോടനവും പ്രഭവകേന്ദ്രമായി സംസ്ഥാനത്തൊട്ടാകെ ആഗസ്ത് 15,16,17 തീയതികളില്‍ വ്യാപിച്ച പേമാരിയുമാണ് പ്രളയ കാരണമായതെന്നാണ് ഡാം സുരക്ഷാ അതോറിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത് പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് തന്നെയാണ്. മനുഷ്യന്‍ ചെയ്തുവെച്ച കാട്ടിക്കൂട്ടലുകള്‍ക്കൊക്കെ ദൈവം തന്ന ശിക്ഷയാണ് പ്രളയം. കേരളത്തിലിപ്പോഴത്തെ പ്രകൃതി ദുരന്തത്തിനും പ്രളയത്തിനും കാരണം പ്രകൃതിക്ഷോഭം മാത്രമല്ലെന്നും നിരുത്തരവാദപരമായ മനുഷ്യന്റെ പ്രവര്‍ത്തനഫലമാണെന്നും പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. പശ്ചിമഘട്ട സുരക്ഷക്ക്‌വേണ്ടി ഗാഡ്ഗില്‍ തയ്യാറാക്കിയ ഗഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം വളരെ പരിമിതമായി മാത്രമേ സംഭവിക്കുകയുള്ളുവെന്നാണ് പ്രളയംതെളിയിച്ചത്. ഭൂമിയും മണ്ണും പക്ഷിമ ഘട്ടങ്ങളില്‍ വളരെ വ്യാപകമായി ദുരുപയോഗം ചെയ്തതും പ്രളയത്തിന്റെ മുന്‍നിര കാരണങ്ങള്‍ തന്നെയാണ്. പ്രകൃതിവിഭവങ്ങള്‍ ഭരണകൂടം ശരിയായി ഉപയോഗിക്കണമെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്‌തെങ്കിലും റിപ്പോര്‍ട്ടിനെ കാറ്റില്‍പ്പറത്തി നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌വേണ്ടി ആധിപത്യം സ്ഥാപിച്ചു. ഭൂഗര്‍ഭ ജലങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രദേശങ്ങളൊക്കെ നിരപ്പാക്കി. കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വനനശീകരണം കാരണം കൃഷിയിടങ്ങളും വെള്ളം സൂക്ഷിച്ചുവെക്കാന്‍ സാധിക്കാതെ വരുന്നു. കുന്നുകളിടിച്ചു നിരത്തിയത് കാരണം ഒഴുകിവരുന്ന വെള്ളം നദികളില്‍ എത്തിത്തുടങ്ങി. നദിയില്‍ ജലപ്രവാഹം കാരണം ഡാമുകള്‍ തുറക്കുകകൂടി ചെയ്തതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് നദികള്‍ കവിഞ്ഞൊഴുകിയെത്താനും തുടങ്ങി. അമിതമായപ്രകൃതി വിഭവ ചൂഷണത്തിന് ആക്കം കൂട്ടുന്ന വികലമായ വികസന നയങ്ങളുടെ സൃഷ്ടിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കെടുതികള്‍.
പ്രളയത്തില്‍നിന്ന് മുക്തി നേടാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും നിരവധി വീഴ്ചകളാണ് കാണാന്‍ സാധിക്കുന്നത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗമെങ്കിലും സര്‍ക്കാര്‍ പക്ഷിമഘട്ടം മേഖലകളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരുപരിധി വരെ പ്രകൃതിക്ഷോഭങ്ങള്‍തരണം ചെയ്യാമായിരുന്നു. സര്‍ക്കാറിന്റെ പ്രകൃതി സംരക്ഷണത്തിലുള്ള അനാസ്ഥയും ക്വാറി മാഫിയകള്‍ക്ക് പാറപൊട്ടിക്കാനിഷ്ട പ്രകാരം ലൈസന്‍സ് നല്‍കുന്നതും പ്രകൃതിക്ഷോഭത്തിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടേണ്ടതാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ക്വാറികള്‍ക്ക് നിയന്ത്രണം വരുത്തുന്നതില്‍ സര്‍ക്കാര്‍ വീഴ്ച തുടരുകയാണ്. ഭൂമിയുടെയും വെള്ളത്തിന്റെയും വിനിയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷത്തെപ്രളയത്തിന്റെ പാഠമുള്‍കൊണ്ടെങ്കിലും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഒരുപറ്റത്തിന്റെ താല്‍പര്യത്തിനായി ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവന്‍ വിലക്കെടുക്കുകയാണ് സര്‍ക്കാര്‍. കൈക്കൂലി വാങ്ങി ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ് ആദ്യം ചെയ്യേണ്ടത്. കഴിഞ്ഞപ്രളയത്തിനുശേഷവും ഒരുപാട് വ്യവസായികള്‍ക്ക് ക്വാറികള്‍ തുറക്കാനുള്ള അനുമതി നല്‍കിയതും ശ്രദ്ധേയമാണ്. പക്ഷിമഘട്ട സംരക്ഷണത്തിന് സര്‍ക്കാറേല്‍പ്പിച്ച ഗഡ്ഗിലിന്റെ റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചക്കെടുക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല. വന്‍കിട വ്യവസായികളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അവര്‍ക്ക്‌വേണ്ട എല്ലാ ഒത്താശകളും നല്‍കുമ്പോള്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ കണ്ണീരുകളാണവര്‍ പിഴിഞ്ഞെടുക്കുന്നത്. പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ പ്രകൃതിക്ഷോഭങ്ങള്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള കൃഷി സംവിധാനങ്ങളുണ്ടാക്കേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. അതിന് ആരും തയ്യാറാവുന്നില്ലെന്നതാണ് വസ്തുത. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പോലും അങ്ങനെയുള്ള പദ്ധതിക്ക് രൂപം കൊടുക്കാനുള്ള ചെറിയ ശ്രമം പോലും ഉണ്ടാകുന്നില്ല. ഉരുള്‍പൊട്ടിയ സ്ഥലങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പിന്നീട്‌വന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലും എടുത്തുപറഞ്ഞവയാണ്. ഭാവി കേരളത്തിന്റെ നിലനില്‍പ്പിന് മേല്‍പ്പറഞ്ഞ രീതികള്‍ അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്. ആ സമയത്തും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും തലയണകളാക്കി കിടന്നുറങ്ങുകയാണ് സര്‍ക്കാര്‍. മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളിലെ ചില വികസനമാണ് മാനുഷിക പുരോഗതിയെന്ന സമവാക്യമാണ് പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ മുറിവേല്‍പ്പിച്ചത്. തന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ക്കുമപ്പുറം ആര്‍ഭാടങ്ങളിലേക്ക് നീങ്ങുമ്പോഴാണ് മനുഷ്യന്‍ പരിസ്ഥിതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങുന്നത്. ലോകമിന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍. നിരവധി രാജ്യങ്ങളില്‍ അതിനെക്കുറിച്ച് പഠിക്കുകയും അതില്ലാതാക്കാനുള്ള നടപടി ക്രമങ്ങളുണ്ടാക്കുകയും ചെയ്യുകയാണ്. മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയാകുംവിധം ദൈനംദിനം പരിസ്ഥിതി പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈയൊരു പ്രതിസന്ധിഘട്ടത്തില്‍ കേരളത്തിലെ പരിസ്ഥിതി പ്രതിസന്ധികളെക്കുറിച്ച് ആഴമേറിയ പഠനത്തിന് ഓരോ കേരളീയനും ബാധ്യസ്ഥനായിരിക്കുകയാണ്.

SHARE