കടലാസില്‍ വിസ്മയം തീര്‍ത്ത് ഫിദ

ടി.കെ ഷറഫുദ്ദീന്‍

സര്‍െ്രെപസ് ഗിഫ്റ്റുകള്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.. പ്രിയപ്പെട്ടവര്‍ നല്‍കുന്ന സ്‌നേഹ സമ്മാനങ്ങള്‍ നടന്നു നീങ്ങിയ കാലത്തെ ഓര്‍മപ്പെടുത്തുന്നതാണെങ്കിലോ… ഇരട്ടിമധുരമാകുമിത്. പേപ്പര്‍ ക്രാഫ്റ്റിംഗ് എന്ന നവീനസംരംഭത്തിലൂടെ മറ്റുള്ളവരുടെ സന്തോഷത്തിലേക്ക് വിളിക്കാത്ത അതിഥിയായെത്തുന്ന യുവസംരംഭകയെ പരിചയപ്പെടാം… ആറുമാസത്തിനുള്ളില്‍ കടലാസില്‍ കൗതുകങ്ങള്‍ ഒളിപ്പിച്ച് ഈരംഗത്ത് തിളങ്ങുകയാണ് ഫിദ ഫാരിഷ എന്ന കോഴിക്കോട്ടുകാരി…

കടലാസില്‍ വിരിയുന്ന പ്രണയവര്‍ണങ്ങള്‍

വിവാഹ നിശ്ചയം, വാര്‍ഷികം, ജന്‍മദിനം തുടങ്ങി ആഘോഷവേളകളില്‍ പ്രിയപ്പെട്ടവര്‍ക്ക് പുതുമയുള്ള ഗിഫ്റ്റ് സമ്മാനിക്കണമെന്നത് ഏവരുടേയും ആഗ്രഹമാണ്. ഇവിടെയാണ് കടലാസില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരി ഫിദ ഫാരിഷയുടെ വിജയവും. ചോക്ലേറ്റ് ബോക്‌സ്, എക്‌സ്‌പ്ലോഷന്‍ ബോക്‌സ്, ഓര്‍മപുസ്തകം, സ്‌ക്രാപ്പ് ബുക്ക്, പോക്കറ്റ് കാര്‍ഡ് എന്നിവയെല്ലാം കൊച്ചുമിടുക്കിയുടെ കരവിരുതില്‍ എന്നെന്നും ഓര്‍ക്കുന്ന നിമിഷങ്ങളായിമാറുന്നു. ഗിഫ്റ്റ് സമ്മാനിക്കുന്നവര്‍ക്കും ഏറ്റുവാങ്ങുന്നവര്‍ക്കും ഒരുപോലെ സംതൃപ്തി.

  ഫോട്ടോകളും ഓര്‍മകുറിപ്പുകളും സമന്വയിപ്പിച്ച് എക്കാലവുംമറിച്ച് നോക്കാവുന്നവിധത്തില്‍ പ്രൊഫഷണല്‍ മികവില്‍ ഫിദ തയാറാക്കുന്ന ഹാന്‍ഡ് മെയ്ഡ് ആല്‍ബത്തിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കുറഞ്ഞചെലവില്‍ നിര്‍മിക്കുന്ന പോക്കറ്റ് കാര്‍ഡിനും ഡിമാന്‍ഡുണ്ട്. ഉപഭോക്താവിന്റെ കളര്‍ താല്‍പര്യം, ഡിസൈന്‍ എന്നിവയെല്ലാം ആദ്യമേ ചോദിച്ചറിയും.  വളരെ സസൂക്ഷ്മം ചെയ്യേണ്ട ജോലിയായതിനാല്‍ ദിവസങ്ങളെടുക്കും ഓരോ വര്‍ക്കും പൂര്‍ത്തിയാകാന്‍. ചിലത് ചെയ്ത് തീര്‍ക്കാന്‍ പാതിരാത്രിവരെനീളും. വിദേശരാജ്യങ്ങളിലടക്കം വലിയ പ്രധാന്യമുള്ള പേപ്പര്‍ ക്രാഫ്റ്റിംഗില്‍ മുന്‍പരിചയമോ ട്രെയിനിംഗോ നേടാതെയാണ് കൊച്ചുമിടുക്കി തിളങ്ങുന്നത്. യൂട്യൂബിലൂടെയും മറ്റു സാമൂഹമാധ്യമങ്ങളിലൂടെയും ലഭിച്ച അറിവാണ് ഏക കൈമുതല്‍. 

ഡോക്ടറാകാന്‍ കൊതിച്ച പെണ്‍കുട്ടി

ഡോക്ടറാകണമെന്ന ആഗ്രഹവുമായി കുറ്റിച്ചിറ സ്‌കൂളിലെ പ്ലസ്ടുപഠനശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് കോഴ്‌സിന് ചേര്‍ന്നു. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍കാരണം പാതിവഴിയില്‍ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് വീട്ടില്‍ നിന്ന് സ്വയം പരിശീലിക്കുകയാണ്. ഇതിനിടെയ്ക്ക് എപ്പോഴോ ചെയ്ത് തുടങ്ങിയതാണ് ക്രാഫ്റ്റിംഗ്. സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുത്ത അനുഭവവും തയ്യല്‍രംഗത്ത് വ്യത്യസ്തത പുലര്‍ത്തുന്ന ഉമ്മൂമ്മ ഖദീജയുടെ പിന്തുണയുമായതോടെ ചെയ്തുതുടങ്ങി. ആദ്യവര്‍ക്ക് പൂര്‍ത്തിയാക്കി കൂട്ടുകാരിയെയെ കാണിച്ചതാണ് ഫിദ, അവള്‍ അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ കൊച്ചുകലാകാരിയുടെ തലവരതെളിഞ്ഞു. നിരവധിപേര്‍ എത്തിതുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ഫിദയ്ക്ക്. ദിവസേനെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഓര്‍ഡറുകള്‍ വന്നുതുടങ്ങി. ചെയ്യുന്ന ഓരോ വര്‍ക്കിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ എപ്പോഴും ശ്രമിച്ചു.

വീട്ടിലെ നിര്‍മാണ ഫാക്ടറി

തിരുവണ്ണൂരിലെ കളത്തിങ്ങല്‍ വീട്ടില്‍ ഫിദയ്ക്കായി പ്രത്യേകമൊരു സ്ഥലമുണ്ട്... നിലത്ത് വിരിച്ച പുല്‍പായയിലിരുന്നാണ് കടലാസ് വെട്ടികൂട്ടി മനോഹരമായ കടലാസ് തോണികള്‍ സൃഷ്ടിച്ചടുക്കുന്നത്.  ഓരോനിര്‍മാണത്തിനും ആവശ്യമായ ഉത്പന്നങ്ങള്‍ പുറത്തുനിന്നെത്തിക്കും. ഫോട്ടോ പ്രിന്റെടുക്കലും വര്‍ണകടലാസ് വാങ്ങിക്കുന്നതും അടക്കം കൊറിയറായി അയക്കുന്നത് വരെയുള്ള മുഴുവന്‍കാര്യങ്ങളും ഫിദ തനിച്ചാണ് ചെയ്യുന്നത്. പ്രാദേശിക മാര്‍ക്കറ്റുകളില്‍ ലഭ്യമല്ലാത്തതിനാല്‍ നിര്‍മാണവസ്തുക്കള്‍ വാങ്ങുക ആദ്യമൊക്കെ ശ്രമകരമായിരുന്നു. വലിയ വിലയും നല്‍കേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ സാധനങ്ങള്‍ ഒന്നിച്ച് വാങ്ങിക്കുകയാണ്.  ഇതുവരെ ലഭിച്ച കൂടിയ പ്രതിഫലം 3000രൂപയാണ്. ഹാന്‍ഡ് മെയ്ഡ് ഡയറിയ്ക്ക്. 5000രൂപ പ്രതിഫല വാഗ്ദാനവുമായി ഒരു ഓര്‍ഡറും ലഭിച്ചിട്ടുണ്ട്. ആല്‍ബവും വോള്‍ആര്‍ട്ടും കാലിഗ്രാഫിയുമടങ്ങിയ വര്‍ക്ക്. ഇതിനായി കാലിഗ്രാഫി പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. 

സോഷ്യല്‍മീഡിയയിലെ ‘കടലാസ് തോണി’ യിലൂടെ

ഇന്‍സ്റ്റഗ്രാമിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് പ്രധാനമായും ആവശ്യക്കാര്‍ ഫിദയെ സമീപിക്കുന്നത്. ‘കടലാസ് തോണി’ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ചുരുങ്ങിയദിവസത്തിനകം ആയിരത്തോളം ഫോളോവേഴ്‌സായി കഴിഞ്ഞു. ഭൂരിഭാഗം പേരും മുന്‍പ് ചെയ്ത വര്‍ക്ക് ഇഷ്ടപ്പെട്ട് വരുന്നവരാണ്. ഫെയ്‌സ്ബുക്കിലൂടെയും ഓര്‍ഡറുകള്‍ ലഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുപോലും ഗിഫ്റ്റ് ബോക്‌സും ആല്‍ബവും തയാറാക്കി നല്‍കാനായി ഒട്ടേറെപേര്‍ ബന്ധപ്പെടുന്നു. മറ്റുള്ളവരില്‍നിന്ന് കേട്ടറിഞ്ഞ് നേരിട്ട് സമീപിക്കുന്നവരുമുണ്ട്. ആറുമാസത്തിനകം 80 ഓളം വര്‍ക്കുകള്‍ ചെയ്തുകഴിഞ്ഞു ഈ കൊച്ചുമിടുക്കി.

പുതുതായി ഈ രംഗത്തേക്ക് വരുന്നവരോട്

സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും താല്‍പര്യമറിയിച്ച് നിരവധിപേരാണ് ഫിദയെ സമീപിക്കുന്നത്. എങ്ങനെ ആരംഭിക്കാനാകും, നിര്‍മാണവസ്തുക്കള്‍ വാങ്ങുന്നത് എങ്ങിനെ സംശയങ്ങള്‍ നീളുന്നു. ഇത്തരത്തില്‍ ഈരംഗത്ത് താല്‍പര്യമുള്ളവര്‍ക്കായി ശില്‍പശാല സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കടലാസ് കലാകാരി. 2020 തുടക്കത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് നടത്താനാണ് പദ്ധതിയുള്ളത്. നിര്‍മാണ അവതരണവുമായി യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന് ആഗ്രഹവും ഫിദ ഫാരിഷയുടെ മനസിലുണ്ട്.
താന്‍ പഠിച്ച ഫറോക്ക് ചുങ്കപ്പാടം ഐ.ഐ.എം.യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രാഫ്റ്റിംഗിനെ കുറിച്ച് ക്ലാസ് എടുക്കാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടത് അഭിമാനനേട്ടമായി കാണുന്നു ഈ പെണ്‍കുട്ടി.. ഇതിന് പുറമെ വനിതാസംരംഭകത്വ പരിപാടിയുടെ ഭാഗമായി പി.ടി.എം ഗവ:കോളജില്‍ പേപ്പര്‍ക്രാഫ്റ്റിംഗ് അവതരിപ്പിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും അവസരം ലഭിച്ചു. ഫറോക്ക് പള്ളിത്താഴത്ത് ഷരീഫാണ് പിതാവ്. മാതാവ് സുഹറ.

നിശ്ചയദാര്‍ഢ്യവും പരിശ്രമവുമുണ്ടെങ്കില്‍ വിജയം പിറകേവരുമെന്ന് ഫിദ ഫാരിഷയ്ക്ക് നന്നായറിയാം. ഓരോ വര്‍ക്കും സമയത്തുപൂര്‍ത്തിയാക്കി ഉപഭോക്താവിന്റെ കൈകളിലെത്തിക്കുമ്പോള്‍ ലഭിക്കുന്ന നിറപുഞ്ചിരിയും നല്ലവാക്കുകളാണ് ഈ 20കാരിയ്ക്ക് മുന്നോട്ടുള്ള യാത്രയില്‍ എന്നും പ്രചോദനം. മറ്റുള്ളവരുടെ സന്തോഷത്തിലേക്കുള്ള പരിശ്രമത്തിനിടയിലും ഡോക്ടറാകണമെന്ന സ്വന്തം സ്വപ്നത്തിത്തിലേക്കുള്ള പ്രയാണത്തിലാണ് യുവസംരംഭക.

SHARE