അപ്പുക്കുട്ടന് വള്ളിക്കുന്ന്
മുകളില്‍ പറഞ്ഞതാണ് എല്ലാവരും ഉറ്റുനോക്കിയ ഡല്‍ഹി ജനവിധിയുടെ ആറ്റിക്കുറുക്കിയ സന്ദേശം. നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പൗരത്വ ഭേദഗതി നിയമത്തേയും ഡല്‍ഹിയിലെ ജനങ്ങള്‍ ചൂലെടുത്തു പുറന്തള്ളി. തീര്‍ച്ചയായും അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും ചരിത്രവിജയം നേടിയതിന് സവിശേഷതകളേറെ എണ്ണിപ്പറയാനുണ്ടെങ്കിലും.
വോട്ട് എണ്ണിത്തുടങ്ങിയിട്ടും ആം ആദ്മിയുടെ മുന്നേറ്റം അംഗീകരിക്കാന്‍ തയാറില്ലാതെ തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് വീമ്പുപറഞ്ഞുകൊണ്ടിരുന്നു ബി.ജെ.പി. അത് യാഥാര്‍ത്ഥ്യമായി തീര്‍ന്നിരുന്നെങ്കില്‍ പൗരത്വ നിയമത്തിനും നരേന്ദ്രമോദിക്കുമുള്ള ജനവിധിയെന്ന് ബി.ജെ.പി ആര്‍ത്തുവിളിക്കുമായിരുന്നു. മാധ്യമലോകം അത് ഏറ്റുപാടുകയും ഷഹീന് ബാഗിലെ ‘ഒറ്റുകാരെ’ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനംചെയ്തവര്‍ ഭരണഘടന സംരക്ഷിക്കാന്‍ രാജ്യമാകെ സമരരംഗത്തിറങ്ങിയവര്‍ക്കുനേരെ മിന്നലാക്രമണം തുടങ്ങുകയും ചെയ്യുമായിരുന്നു.
ന്യൂഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടി ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങിയെന്ന് ചൊവ്വാഴ്ച ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രം റിപ്പോര്‍ട്ടുചെയ്തു. അതേ ശ്വാസത്തില്‍ ഇത്രയുംകൂടി എഴുതിച്ചേര്‍ത്തു: തലസ്ഥാന നഗരിയിലെ സംസ്ഥാന തെരഞ്ഞെടുപ്പു വിധിയെ തനിക്കും തന്റെ ഹിന്ദുത്വ ദേശീയ വേദിക്കുമുള്ള ഹിതപരിശോധനയാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്കുനേരെ ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാത്രി വെടിവെപ്പു നടന്നതും ഒപ്പമുള്ളവരില്‍ ഒരാള്‍ മരണമടഞ്ഞതും ഇന്ത്യയില്‍ ഇനിയും ആപത്തൊഴിഞ്ഞിട്ടില്ലെന്നാണ് വിളംബരം ചെയ്യുന്നത്.
തീര്‍ച്ചയായും കെജ്രിവാള് ഡല്‍ഹിയില്‍ രാജ്യത്തിനു മാതൃകയായി ഒരു വികസന അജണ്ട നടപ്പാക്കിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബത്തിനും നേരില്‍ അനുഭവപ്പെടുന്ന നടപടികള്‍. അതിന്റെ പേരില്‍ 70ല്‍ 62 സീറ്റും 53 ശതമാനത്തിലേറെ വോട്ടും നല്കി ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ മൂന്നാം തവണയും അധികാരത്തില്‍ കൊണ്ടുവന്നു. എന്നാല്‍ ഈ വികസന അജണ്ടക്കുമേല് ഉയര്‍ന്നുനിന്ന, രാജ്യത്തെയാകെ ജാഗ്രമാക്കിയ ഒന്നായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ കേന്ദ്ര ബിന്ദുവായി മാറിയ പൗരത്വ സമരം. ഷഹീന്‍ബാഗിലും ജാമിഅ മില്ലിയ സര്‍വകലാശാലയിലും ജുമാ മസ്ജിദിലും മുസ്തഫാബാദിലും ശ്രീലംപൂരിലും മറ്റും ത്രിവര്‍ണ പതാകയും ഭരണഘടനയും ഉയര്‍ത്തി ആയിരങ്ങള്‍ അണിചേര്‍ന്ന പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം ഡല്‍ഹിയെ ആടിയുലച്ചിരുന്നു.
അതിനെതിരെയുള്ള യുദ്ധ കാഹളമായിരുന്നു പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണം. എഴുപതോളം കേന്ദ്ര മന്ത്രിമാര്‍, ഇരുനൂറിലേറെ എം.പിമാര്‍, പതിനൊന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരുടെ ഒരു പടയെയാണ് പ്രധാനമന്ത്രി നയിച്ചത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുപോലൊരു തെരഞ്ഞെടുപ്പു പ്രചാരണം ചരിത്രത്തിലുണ്ടായിട്ടില്ല. അതും ഡല്‍ഹി നിവാസികളുടേയോ സംസ്ഥാനത്തിന്റേയോ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാതെ. വര്‍ഗീയതയുടെയും വെറുപ്പിന്റെയും കാലുഷ്യത്തിന്റെയും ഭ്രാന്തമായ പടയോട്ടമാണ് തെരഞ്ഞെടുപ്പിന്റെ പേരില്‍ കണ്ടത്.
പോരാഞ്ഞ് അയോധ്യാ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് രൂപീകരണം പ്രഖ്യാപിച്ചതടക്കമുള്ള ഹിന്ദുത്വ കാര്‍ഡിറക്കി. കെജ്രിവാളിനെ പാകിസ്താന് ഏജന്റെന്നു വിശേഷിപ്പിച്ചു. പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ആം ആദ്മി പാര്‍ട്ടി രഹസ്യമായി ഷഹീന് ബാഗില്‍ നിയമവിരുദ്ധ സമരത്തെ സഹായിക്കുകയാണെന്ന് പ്രചരിപ്പിച്ചു. ആം ആദ്മി പാര്‍ട്ടി ഹിന്ദുക്കള്‍ക്കെതിരാണെന്നും. വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്തന്നെ പത്രസമ്മേളനം വിളിച്ച് കെജ്രിവാള് ഭീകരനാണെന്നും അതിന്റെ തെളിവുകളുണ്ടെന്നും അവകാശപ്പെട്ടു.
അങ്ങനെ ഡല്‍ഹിയില്‍ ഹിന്ദു-മുസ്ലിം ചേരിതിരിവുണ്ടാക്കി ഭൂരിപക്ഷ പിന്തുണനേടി അധികാരത്തിലേറാനുള്ള അജണ്ടയായിരുന്നു ബി.ജെ. പിയുടേത്. ഗാന്ധിവധത്തിനുശേഷം ഡല്‍ഹിയില്‍ നടന്ന മതവിദ്വേഷത്തിന്റെ ഏറ്റവും മാരകമായ പ്രചാരണമായിരുന്നു പ്രധാനമന്ത്രിയുടെതന്നെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്നത്.
‘സുഹൃത്തുക്കളെ, ഏറെ രോഷത്തോടെ ഇവിടെനിന്നു നിങ്ങള്‍ ബാലറ്റുപെട്ടിയിലെ ബട്ടന് അതിശക്തിയായി അമര്‍ത്തുക. അതിന്റെ വൈദ്യുതാഘാതം ഷഹീന്‍ബാഗിന്റെ അകത്തുവരെ തട്ടട്ടെ’ എന്നാണ് എല്ലാ തെരഞ്ഞെടുപ്പുയോഗങ്ങളിലും ആഭ്യന്തരമന്ത്രി അമിത്ഷാ ആഹ്വാനം ചെയ്തത്. വോട്ടര്‍മാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ച് ബട്ടനമര്‍ത്തിയപ്പോള്‍ അതിന്റെ ആഘാതം ഷഹീന് ബാഗിലല്ല പ്രധാനമന്ത്രി മോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷാക്കും മേല്‍തന്നെയാണ് എത്തിയതെന്ന് തെരഞ്ഞെടുപ്പുഫലം അവലോകനംചെയ്ത് ബുധനാഴ്ച ‘ടെലഗ്രാഫ്’ പത്രം പരിഹസിച്ചു. രണ്ട് സന്ദേശംകൂടി ജനവിധി ബി.ജെ.പിക്കു നല്‍കുന്നുണ്ട്. നരേന്ദ്രമോദിയുടെ ദേശീയ അജണ്ട സംസ്ഥാനങ്ങള്‍ അംഗീകരിക്കുന്നില്ല. അധികാരത്തില്‍ വന്നശേഷം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു. ഇപ്പോഴിതാ മൂക്കിനുതാഴെയുള്ള ഡല്‍ഹിയിലും.
രണ്ട്, എന്തുവന്നാലും അമിത് ഷായും ആഭ്യന്തരവകുപ്പും അദ്ദേഹത്തിന്റെ മൈക്രോ മാനേജ്മെന്റും എല്ലാം ശരിയാക്കും. അത് തുടര്‍ച്ചയായി തിരുത്തപ്പെടുകയാണ്. വോട്ടെടുപ്പു കഴിഞ്ഞ് തെരഞ്ഞെടുപ്പു ചുമതലക്കാരെ വിളിച്ചു ചര്‍ച്ചചെയ്ത് അമിത് ഷാ പറഞ്ഞു: എക്സിറ്റ് പോളുകള്‍ പോക്കാണ്. അവസാനം നമ്മള്‍തന്നെ അധികാരത്തില്‍വരും. അത് വിശ്വസിച്ച് പിറ്റേന്നും വോട്ടെണ്ണുന്ന ദിവസവും ഡല്‍ഹി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വെല്ലുവിളിച്ചു: ‘ശരിയായ ഫലം വരട്ടെ’. ഫലം വന്നപ്പോള്‍ ആ ചെറുപ്പക്കാരന് നേതാവ് പാര്‍ട്ടി ആഫീസില്‍നിന്ന് സ്ഥലംവിട്ടു. നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുകെട്ട് എന്ന ബി.ജെ.പിയുടെ രാഷ്ട്രീയ എഞ്ചിന് ഷെഡ്ഡില്‍ കയറ്റാന്‍ സമയമായി.
ജാമിഅ മില്ലിയയും ഷഹീന്ബാഗുമുള്പ്പെട്ട ഓഖ്ല നിയമസഭാ മണ്ഡലത്തില്‍ 71,827 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. ജുമാമസ്ജിദ് ഉള്‍പ്പെട്ട ചാന്ദ്നിചൗക്ക്, പ്രക്ഷോഭം ശക്തമായുയര്‍ന്ന ശ്രീലംപൂര്‍, മെഹ്റോളിന്‍ തുടങ്ങിയ മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാര്‍ട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ തോല്പിച്ചത്. മറ്റൊരു പ്രക്ഷോഭ കേന്ദ്രമായ മുസ്തഫാബാദില് ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് ഇരുപതിനായിരത്തില്‍പരം വോട്ടുകള്‍ക്ക് എ.എ.പി പിടിച്ചെടുക്കുകയും ചെയ്തു.
ഹിന്ദു-മുസ്ലിം വര്‍ഗീയ വിഭജനംകൊണ്ട് ബി.ജെ.പി നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 6.32 ശതമാനം വോട്ടാണ്. മൂന്നു സീറ്റുണ്ടായിരുന്നത് എട്ടാക്കി വര്‍ധിപ്പിക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. എന്നാല്‍ 2013ലെ നിയമസഭയില്‍ ബി.ജെ.പിക്ക് 34.12 ശതമാനം വോട്ടും 31 സീറ്റും ഉണ്ടായിരുന്നു എന്നുകൂടി ഓര്‍ക്കുക. അത് നരേന്ദ്രമോദി ഡല്‍ഹിയില്‍ എത്തുന്നതിനു മുമ്പായിരുന്നു എന്നും.
ആം ആദ്മി പാര്‍ട്ടിയാകട്ടെ തുടര്‍ച്ചയായി ഡല്‍ഹി നിയമസഭയില്‍ യഥാക്രമം 54.59, 53.57 ശതമാനം വോട്ട് നേടി അപൂര്‍വ്വ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇത്തവണ. ഗുജറാത്ത് നിയമസഭയില്‍ നരേന്ദ്രമോദിക്കുപോലും 50 ശതമാനത്തിലേറെ വോട്ട് നേടാന്‍ കഴിഞ്ഞിട്ടില്ല. ത്രിപുരയിലെ ഇടതുമുന്നണി ഗവണ്മെന്റും ഒരിക്കല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് ഗവണ്മെന്റും മാത്രമാണ് ഈ റിക്കാര്‍ഡ് കരസ്ഥമാക്കിയത്.
എന്നുവെച്ചാല്‍ കെജ്രിവാള് എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിപ്രഭാവവും ജനങ്ങള്‍ – വിശേഷിച്ചും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിട്ടനുഭവിച്ച സര്‍ക്കാറിന്റെ വികസന നേട്ടങ്ങളുമാണ് എ.എ.പിയെ വിജയിപ്പിച്ചത് എന്നത് വസ്തുതയാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത, പൗരത്വ നിയമത്തിനെതിരെ ശക്തമായ സമരം നടക്കുന്ന മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് ജനങ്ങളുടെ മതനിരപേക്ഷ പിന്തുണയാണ് കാണിക്കുന്നത്. പ്രക്ഷോഭത്തിന് ബഹുഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുണ്ടെന്നും. പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും നടത്തിയ വര്‍ഗീയ വിഭജനത്തേയും പാക് വിരുദ്ധ പ്രചാരവേലയേയും കേന്ദ്ര ഭരണ സിരാകേന്ദ്രം നിലകൊള്ളുന്ന രാജ്യ തലസ്ഥാനത്തെ പ്രബുദ്ധരായ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു. കേരളം, ബംഗാള്‍ ഏറ്റവുമൊടുവില്‍ പോണ്ടിച്ചേരിയടക്കം പൗരത്വ നിയമത്തിനെതിരെ നിലയുറപ്പിച്ചിട്ടുള്ള രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കാകെ പിന്തുണ നല്‍കുന്നതാണ് ഡല്‍ഹിയില്‍നിന്നുള്ള ജനവിധി.
ഇതിനിടയില്‍ ഡല്‍ഹിയിലിരുന്ന് രാജ്യഭാരം നടത്തുകയും ഡല്‍ഹി സംസ്ഥാനംതന്നെ ഏറെക്കാലം ഭരിക്കുകയും ചെയ്ത കോണ്‍ഗ്രസ് തോല്‍വിയില്‍ സ്വയം കലഹിക്കുകയാണ്. നരേന്ദ്രമോദിയെന്ന അത്യാപത്തിനെ തോല്‍പ്പിക്കാനായതില്‍ സന്തോഷിക്കുന്നതിനുപകരം കഴിഞ്ഞതവണ അവര്‍ക്കുണ്ടായിരുന്ന 22.51 ശതമാനം വോട്ട് എവിടെ എന്നു ചോദിച്ച് നേതാക്കള്‍ പരസ്പരം പകതീര്‍ക്കുകയാണ്.
മൂന്നു സീറ്റില്‍ മത്സരിച്ച സി.പി.എമ്മിനു ഡല്‍ഹിയില്‍ കിട്ടിയത് നോട്ടയേക്കാള്‍ താഴെ 0.01 ശതമാനം വോട്ട്. അത്രതന്നെ മത്സരിച്ച സി.പി.ഐക്കും 0.02 ശതമാനം വോട്ട്. കോണ്‍ഗ്രസിനു 4.26 ശതമാനം വോട്ടുകിട്ടിയതിനെ സി.പി.എം ചാനലിലിരുന്ന് അതിന്റെ മേധാവി ചൊവ്വാഴ്ച രാത്രി ഏറെ പരിഹസിക്കുന്നതു കേട്ടു. ഡല്‍ഹിയില്‍ എ. കെ.ജി ഭവനു പുറമെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് സ്മാരക ഭവനംകൂടി പണിത് അവിടെയിരുന്ന് ദേശീയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സ്വന്തം പാര്‍ട്ടിയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹത്തോട് ആരും തിരിച്ചു ചോദിച്ചില്ല. അത് അവരുടെ മാന്യത.