പി.വി നജീബ്
ലോകത്ത് കോവിഡ്19 കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നതിനൊപ്പം മരണനിരക്കും ഉയരുകയാണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങളും ഒപ്പം നടക്കുന്നു. 2021 ആദ്യത്തോടെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന അവകാശവാദവുമായി വിവിധ രാജ്യങ്ങള്‍ രംഗത്തുണ്ടെങ്കില്‍ എപ്പോള്‍ ലഭ്യമാകുമെന്നതില്‍ ഇനിയും വ്യക്തതയില്ല. എന്നാല്‍ ലോകത്ത് കോവിഡ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധി ഏതു വിധത്തില്‍ മറികടക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയുമുണ്ടായിട്ടില്ല. വൈറസിന്റെ ഘടനയിലുണ്ടായ മാറ്റവും വ്യാപനം ശക്തമായതും ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചേരിതിരിവും കോവിഡിനെ പുതിയ തലത്തിലേക്കെത്തിച്ചിരിക്കുകയാണ്.
കോവിഡ് ബാധിച്ച് ആദ്യഘട്ടത്തില്‍ സംഭവിച്ച മരണങ്ങളില്‍ ഭൂരിഭാഗവും 60 വയസിന് മുകളിലായിരുന്നു. എന്നാല്‍ ഇന്ന് ചെറുപ്പക്കാര്‍ അടക്കമുള്ളവര്‍ വൈറസ് ബാധിച്ച് മരണങ്ങള്‍ക്ക് കീഴടങ്ങുകയാണ്. വൈറസ് ഏത് പ്രായക്കാരിലും ഒരുപോലെ ബാധിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. യു.എസില്‍ നടത്തിയ പഠനത്തില്‍ ഇത് വ്യക്തമാണ്. തെക്കന്‍ സംസ്ഥാനങ്ങളിലാണ് വൈറസ് ബാധ കൂടുതല്‍ യുവാക്കളെ ബാധിച്ചത്. ഇവിടെ 25-49 വയസ്സിന് ഇടയിലുള്ളവരായിരുന്നു രോഗികളില്‍ കൂടുതലും. സമാനമായ റിപ്പോര്‍ട്ടാണ് ഇന്ത്യയില്‍ നിന്നും ഉണ്ടായത്. രോഗവ്യാപനത്തിലും ലോകം പുതിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ സുരക്ഷിതമല്ലാതായിരിക്കുന്ന സാഹചര്യം. യു.എസിലെ ഗ്രാമങ്ങളില്‍ പോലും വന്‍ നഗരങ്ങളിലേതിനു സമാനമായ വൈറസ് വ്യാപന ഭീഷണിയുണ്ടെന്ന് വൈറ്റ്ഹൗസ് തന്നെ വ്യക്തമാക്കുകയുണ്ടായി.
ഇത് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. നിലവിലെ അവസ്ഥ മൂന്ന് മാസം മുന്‍പത്തേതിനേക്കാള്‍ വ്യത്യസ്തമാണ്. വൈറസ് അസാധാരണമായ വിധത്തില്‍ പടര്‍ന്നതായാണ് യു.എസ് ഫെഡറല്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍. അമേരിക്കക്ക് പുറമെ രോഗ വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ മിക്ക ഇടങ്ങളിലും ഇതുപോലെ നഗര ഗ്രാമ വ്യത്യാസമില്ലാതെ രോഗം പടര്‍ന്നുപിടിക്കുന്നത് വലിയ തിരിച്ചടിയാണ്. ഇത്തരം രാജ്യങ്ങളില്‍ രോഗ നിയന്ത്രണം എളുപ്പത്തില്‍ സാധ്യമാകാത്തവിധം രോഗം എല്ലാ ഇടങ്ങളിലും എത്തിച്ചേരുകയും ചെയ്തു. നിലവില്‍ കോവിഡ് ബാധിതരില്‍ ന്യൂറോമസ്‌കുലര്‍ (നാഢീവ്യൂഹത്തിന് ഏല്‍ക്കുന്ന ആഘാതം) സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നുള്ള പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ആര്‍.ആര്‍.എന്‍.എം.എഫ് എന്ന ന്യൂറോമസ്‌കുലാര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച അവലേകന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്ത് ആദ്യമായി കോവിഡ് കേസ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനവുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കിയത്. കോവിഡ് രോഗിയില്‍ ന്യൂറോമസുകുലര്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ രാഷ്ട്രീയക്കളികളും ലോകത്ത് സജീവമായിരുന്നു. ഇത് നിലവിലെ സാഹചര്യത്തെ കൂടുതല്‍ ദുഷ്‌കരമാക്കുകയാണ്. ലോകാരോഗ്യ സംഘടനക്ക് രാഷ്ട്രീയ വൈറസിനെയും നിയന്ത്രിക്കേണ്ടി വരികയാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശീത യുദ്ധം ഡബ്ല്യു.എച്ച്.ഒയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും ബാധിച്ചിട്ടുണ്ട്. വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുമ്പോഴും അമേരിക്കയും ചൈനയും ഇരു ധ്രുവങ്ങളില്‍ തന്നെയാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ഇരു രാജ്യങ്ങള്‍ക്കും പിന്തുണയുമായി മറ്റു രാജ്യങ്ങളും രംഗത്തുവരുന്നത് കോവിഡിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും. കോവിഡാനന്തര ലോകത്ത് ഇത് കൂടുതല്‍ രൂക്ഷമാകുമെന്നും അഭിപ്രായമുണ്ട്.
രോഗം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ അമേരിക്ക ചൈനക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ചൈനീസ് വൈറസ് എന്നാണ് ട്രംപ് അടക്കമുള്ളവര്‍ വിശേഷിപ്പിക്കുന്നത്. സൈനിക നീക്കങ്ങള്‍പോലും ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായി. ഇത് തുടരുന്നത് ലോകത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇനിയും വരുതിയിലാക്കാന്‍ കഴിയാത്ത കോവിഡിനെതിരെ യോജിച്ചുള്ള പോരാട്ടം വേണ്ട സമയത്താണ് ഈ ചേരിതിരിവ് എന്നതും ലോകത്തെ കൂടുതല്‍ അപകടത്തിലാക്കുകയാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും രാജ്യങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തും അവകാശവാദമുന്നയിച്ചും പോരടിക്കുന്നുണ്ട്. ഏറ്റവുമൊടുവിലായി അമേരിക്ക ഇന്ത്യയെയും കുറ്റപ്പെടുത്തിയിരുന്നു. മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് യു.എസില്‍ നടക്കുന്നതെന്നും എന്നാല്‍ ഇന്ത്യയില്‍ കോവിഡ് വലിയ പ്രശ്‌നമുണ്ടാക്കിയെന്നും ഡോണാള്‍ഡ് ട്രംപ് പറയുകയുണ്ടായി. ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങളെയെല്ലാം മറികടന്നതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണമുണ്ടായത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്ക സമയത്ത് അമേരിക്ക ഇന്ത്യക്കൊപ്പം നിന്നെങ്കിലും കിട്ടാവുന്ന സമയത്തെല്ലാം വിമര്‍ശനങ്ങളുയര്‍ത്താനും അമേരിക്ക മറന്നില്ല. ചൈനയില്‍ രോഗം വീണ്ടും പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപണമുന്നയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിലും രാജ്യങ്ങള്‍ തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇതില്‍ പ്രധാനമായും അമേരിക്കയും റഷ്യയും തമ്മിലാണ്. ആദ്യ വാക്‌സിന്‍ ആരുടേതെന്നുള്ള മത്സരത്തില്‍ റഷ്യ കഴിഞ്ഞ ദിവസം ഒരുപടി മുന്നിലെത്തിയിരുന്നു. എന്നാല്‍ മറുപടിയുമായി അമേരിക്കയും രംഗത്തെത്തുകയുണ്ടായി. ചൈന, ബ്രിട്ടന്‍, ഇന്ത്യ, ഇസ്രാഈല്‍ തുടങ്ങിയ രാജ്യങ്ങളും വാക്‌സിന്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ്.
ആഗോളതലത്തില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ ഉണ്ടാകുന്നത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാഷ്ട്രങ്ങളിലാണ്. ഇതില്‍ ബ്രസീലിനും ഇന്ത്യക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ വലിയൊരു യുദ്ധത്തിന് സജ്ജമാകേണ്ടതുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈറസിന്റെ ചൈനയിലെ യഥാര്‍ത്ഥ പ്രഭവ കേന്ദ്രം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് മരണങ്ങള്‍ തുടരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമ്പോള്‍ വാക്‌സിന്‍ മാത്രമേ പോംവഴിയുള്ളൂ. ഇത് എന്ന് സാധ്യമാകുമെന്ന് പറയാന്‍ ലോകാരോഗ്യ സംഘടനക്കും കഴിഞ്ഞിട്ടില്ല.
കോവിഡാനന്തരം ലോകത്തിന്റെ തലപ്പത്ത് ആരായിരിക്കും എന്ന ചര്‍ച്ചകള്‍ വരെ ഇപ്പോള്‍ നടക്കുന്നുണ്ട്. ആഗോളരാഷ്ട്രീയ ഘടനയില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ചൈന വന്‍ ശക്തിയാകുമെന്ന മുന്നറിയിപ്പുമുണ്ട്. എന്നാല്‍ ചൈനക്കെതിരെ ശക്തമായ ചേരിയുണ്ടാക്കാനാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ ശ്രമം. കോവിഡിനിടയില്‍ ലോകക്രമം തന്നെ മാറ്റി മറിക്കാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്. അമേരിക്ക പതിറ്റാണ്ടുകളായി പുലര്‍ത്തിപ്പോരുന്ന ലോകത്തിന്റെ കേന്ദ്രീകൃതത്വം ദുര്‍ബലപ്പെടുത്താന്‍ ചൈനയുടെ നേതൃത്വത്തില്‍ കോവിഡിന്റെ മറവില്‍ ശ്രമം നടത്തുന്നുണ്ട്. ചൈനയുടെ നേതൃത്വത്തില്‍ ഏഷ്യ ഉയര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ചൈനയൊരു പ്രധാന ശക്തിയായി മാറാനും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
കോവിഡിന്റെ ഉത്ഭവ കേന്ദ്രമായിരുന്നെങ്കിലും രോഗത്തെ വേഗത്തില്‍ നിയന്ത്രിക്കാന്‍ ചൈനക്ക് കഴിഞ്ഞിരുന്നു. അതേ സമയം ലോക രാജ്യങ്ങള്‍ കോവിഡിനോട് മല്ലിടുമ്പോള്‍ നിയന്ത്രണങ്ങള്‍ അഴിച്ച് ചൈന സാധാരണ നിലയിലേക്ക് വേഗമെത്തി. ഈ സാഹചര്യം മുതലെടുത്ത് ഉത്പാദന മേഖലയില്‍ നേട്ടമുണ്ടാക്കാനും ചൈനക്ക് കഴിഞ്ഞു. സാമ്പത്തികമായ മേല്‍ക്കോയ്മയും ചൈന നേടിയെടുത്തു. യൂറോപ്പും കോവിഡിനെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന സാഹചര്യമാണുള്ളത്. ബ്രക്‌സിറ്റില്‍ നിന്നും ബ്രിട്ടന്റെ പിന്‍മാറ്റം വരുത്തിയ വിള്ളല്‍ വരും നാളുകളില്‍ കൂടുതല്‍ രൂക്ഷമായി മാറും. ഇത് ചൈനീസ് ആധിപത്യം കൂടുതല്‍ എളുപ്പമാക്കുമെന്നാണ് വാദം. എന്നാല്‍ കോവിഡിന്റെ വരവ് മുതലാളിത്ത രാജ്യങ്ങളെ ശക്തിപ്പെടുത്തുമെന്നുള്ള വാദവും ഉയരുന്നുണ്ട്. മുതലാളിത്ത രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപപ്പെട്ടുവരികയാണെന്നും ഇത് ചൈനയുടെ മേധാവിത്വ മോഹം ഇല്ലാതാക്കിയേക്കുമെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്.