സി.എച്ച് തെളിയിച്ച പുരോഗതിയുടെ പാത

കെ. ശങ്കരനാരായണന്‍

കറകളഞ്ഞ മതേതരതവാദിയും സാമൂഹികതൃഷ്ണയുള്ള ജനനേതാവുമായിരുന്നു എന്റെ വഴികാട്ടിയും സുഹൃത്തുമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ. അദ്ദേഹത്തിന്റെ സാമൂഹികമായ അര്‍പ്പണബോധവും നര്‍മരസപ്രധാനമായ വാക്‌ധോരണികളും എന്നില്‍ എന്തെന്നില്ലാത്ത മതിപ്പാണ് ഉളവാക്കിയിരുന്നത്. നീണ്ട രണ്ടു പതിറ്റാണ്ടോളം സി.എച്ചുമൊത്ത് രാഷ്ട്രീയ-അധികാര ശ്രേണികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ സി.എച്ചിന്റെ സംഭാവന കേരളത്തിനും മലയാളിക്കും ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല.

വിയര്‍പ്പിന്റെ മണമറിഞ്ഞ നേതാവായിരുന്നു സി.എച്ച്. കേവലമായ മതജാതി വൈകാരികതകള്‍ക്കപ്പുറത്ത്, കുറിതൊടുന്നവനും കുരിശുവരക്കുന്നവനും നമസ്‌കരിക്കുന്നവനും ഒരുമിച്ചുജീവിക്കുന്ന കേരളത്തെയാണ് സി.എച്ച് വിഭാവനംചെയ്തതും അതിനായി അഹോരാത്രം പ്രവര്‍ത്തിച്ചതും. ഒരിക്കലും അദ്ദേഹം വര്‍ഗീയവാദിയായിരുന്നില്ല. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം അക്കാലത്ത് സി.എച്ച് തന്നെയായിരുന്നു പാര്‍ട്ടിയും പ്രസ്ഥാനവും. അവര്‍ അദ്ദേഹത്തെ അതിരില്ലാതെ വിശ്വസിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളും മാത്രമല്ല, ഇതര കക്ഷി പ്രവര്‍ത്തകര്‍ മുതല്‍ കേരളീയ സമൂഹം ഒന്നാകെ കാതുകൂര്‍പ്പിക്കുമായിരുന്നു.

അനായാസവും ലളിതവുമായ ഭാഷാപാഠവം സി.എച്ചിന്റെ ഉയര്‍ച്ചക്ക് മുതല്‍കൂട്ടായി. നര്‍മരസവും അതേസമയംതന്നെ ചിന്തോദ്ദീപകവുമായ വാചകങ്ങളാണ് പ്രസംഗങ്ങളില്‍ സി.എച്ചിലേക്ക് ജനങ്ങളെ അടുപ്പിച്ചത്. മുസ്‌ലിം ലീഗിനെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് കൈപിടിച്ചുയര്‍ത്തിയതിലും വലിയസംഭാവന സി.എച്ചിന്റേതായിരുന്നു. യാത്രകളിലും മറ്റും സി.എച്ചിനോടും ബേബിജോണിനോടും ഒപ്പമാണ് അധികസമയവും ചെലവഴിച്ചത്. രാഷ്ട്രീയ പാര്‍ലമെന്ററി ജീവിതത്തില്‍ പാഠപുസ്തകമായിരുന്നു സി.എച്ച്. മുസ്്‌ലിംലീഗ്പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും മലയാളികളൊന്നടങ്കം സി.എച്ചിനെ സ്‌നേഹിച്ചതും ആദരിച്ചതും അദ്ദേഹത്തിന്റെ മത ജാതി ഭിന്നതകള്‍ക്കതീതമായ കാഴ്ചപ്പാട് കാരണമായിരുന്നു.
ജനങ്ങളെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിനുള്ള സവിശേഷമായ മികവ് എതിര്‍ ചേരിയിലെ രാഷ്ട്രീയക്കാരില്‍പോലും അത്ഭുതമുളവാക്കി. പ്രതിപക്ഷത്തോടുള്ള വിമര്‍ശനങ്ങളില്‍പോലും സഭ്യതയുടെയോ മര്യാദയുടെയോ അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ ഒരിക്കലും അദ്ദേഹം തുനിഞ്ഞില്ല. ഇത് അവരിലും സി.എച്ച് എന്ന വ്യക്തിത്വത്തോടുള്ള മതിപ്പ് വര്‍ധിപ്പിച്ചതേ ഉള്ളൂ. സ്വസമുദായത്തിന്റെ പുരോഗതിക്കുവേണ്ടി യത്‌നിക്കുമ്പോള്‍തന്നെ ഇതര സമുദാങ്ങളുടെ ഉന്നമനത്തിനും അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തി.

സാംസ്‌കാരികരംഗത്തും സി.എച്ചിന് ഇതരരാഷ്ട്രീയക്കാരില്‍നിന്ന് വ്യത്യസ്തമായ ഇരിപ്പിടം ലഭിച്ചത് വിദ്യാഭ്യാസത്തേക്കാള്‍ ഉപരിയായ സാമൂഹികബോധം കൊണ്ടായിരുന്നു. പത്രാധിപര്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍, ഭരണകര്‍ത്താവ് എന്നീ നിലകളില്‍ സി.എച്ചിന്റെ സംഭാവന കേരളത്തിന്റെ പിന്നീടുള്ള സാമൂഹിക മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മതേതര നിലപാടാണ് മുസ്്‌ലിംലീഗിനെ കേരള രാഷ്ട്രീയ-സാമൂഹിക നഭസ്സില്‍ എന്നെന്നേക്കുമുള്ള ഇടംനേടിക്കൊടുത്തത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയുടെ കാലത്ത് പോലും മുസ്്‌ലിംലീഗിന് പതറാതെ പിടിച്ചുനില്‍ക്കാനും അണികളെ ശാന്തിയുടെ മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും കഴിഞ്ഞത് സി.എച്ചിന്റെ കൂടി നയസമീപനം കൊണ്ടായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പങ്കും ഇക്കാര്യത്തില്‍ വിസ്മരിക്കാനാകില്ല. മുസ്്‌ലിം യുവാക്കളില്‍ അരാഷ്ട്രീയതയും തീവ്ര വൈകാരികതയും കുത്തിവെച്ച് നാശോന്മുഖതയിലേക്ക് അവരെ വലിച്ചുകൊണ്ടുപോകാനുള്ള ചില ദുഷ്ടശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതില്‍ മുസ്്‌ലിംലീഗ് വിജയിച്ചതിന് കാരണം സി.എച്ചിന്റെ ദീര്‍ഘദൃഷ്ടി കൂടിയാണെന്ന് പറയാന്‍ കഴിയും.

മുസ്‌ലിംകളുടെ മാത്രമല്ല,സര്‍വരുടെയും വിദ്യാഭ്യാസത്തിനും ഉയര്‍ച്ചക്കുമാണ് സി.എച്ച് ലക്ഷ്യംവെച്ചത്. സി.എച്ചിന്റെ ആ ദീര്‍ഘദൃഷ്ടിയുടെ ഫലമാണ് ഇന്ന് കേരള മുസ്‌ലിംകളില്‍ പ്രത്യേകമായും സമൂഹത്തില്‍ പൊതുവെയും കാണുന്ന സാമൂഹിക സാമ്പത്തിക ഉയര്‍ച്ച. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുംകൂടി പ്രാപ്യമാക്കിയത് സി.എച്ചിന്റെ കാഴ്ചപ്പാട്മൂലമായിരുന്നു. സെക്കന്‍ഡറി തലംവരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് അദ്ദേഹമാണ്. മുസ്‌ലിം-നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള പഠനസ്‌കോളര്‍ഷിപ്പ് നല്‍കിയതിലൂടെ വീടുകളുടെ അകങ്ങളില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിന്റെ ഉച്ഛ്വാസ വായുവിലേക്ക് പിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിനായി. അദ്ദേഹമില്ലെങ്കില്‍ കാലിക്കറ്റ് സര്‍വകലാശാല ഉണ്ടാകുമായിരുന്നില്ല. വിദ്യാഭ്യാസം മാത്രമേ സമുദായത്തിന്റെയും അതുവഴി പൊതുസമൂഹത്തിന്റെയും ഉന്നതിക്ക് അടിത്തറയാകൂ എന്ന് സി.എച്ച് ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും അതിനായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.

നിര്‍ഭയത്വമായിരുന്നു സി.എച്ചിന്റെ മറ്റൊരുസവിശേഷത. അതിലൂടെയാണ് അദ്ദേഹം താഴേക്കിടയില്‍നിന്ന് ഉന്നതിയിലെത്തിയത്. പാര്‍ലമെന്റംഗം മാത്രമല്ല, മുഖ്യമന്ത്രിപദവിയും അദ്ദേഹത്തിന് തീര്‍ത്തും അര്‍ഹതയുള്ളതായിരുന്നു. വല്ലാത്ത ഓര്‍മശക്തിയും സി.എച്ചില്‍ നേരില്‍കണ്ടു. അക്കാദമിക യോഗ്യതകള്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് അനിവാര്യമല്ലെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചു സി.എച്ച്. എന്തിനെക്കുറിച്ചുമുള്ള സി.എച്ചിന്റെ അവഗാഹം അസൂയാവഹമായിരുന്നു. സകലകലാവല്ലഭനെന്നേ സി.എച്ചിനെ വിശേഷിപ്പിക്കേണ്ടൂ.

യു.ഡി.എഫിന്റെ ശില്‍പികളിലൊരാളായിരുന്നു അദ്ദേഹം. മന്ത്രിയായിരിക്കുമ്പോള്‍ എന്നേക്കാള്‍ പരിചയ സമ്പന്നനായ സി.എച്ചിനോടാണ് ഞാനടക്കമുള്ള മന്ത്രിമാര്‍ പലപ്പോഴും സംശയനിവൃത്തി വരുത്തിയിരുന്നത്. ഭരണപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ മന്ത്രിസഭയില്‍ അന്തിമവാക്ക് പലപ്പോഴും സി.എച്ചിന്റേതായിരുന്നു. മന്ത്രിസഭയില്‍ ആദ്യമായി കടന്നുവന്നപ്പോള്‍ പരിചയക്കുറവ് പലപ്പോഴും വിഷയങ്ങളില്‍ എനിക്ക് തടസ്സമായിരുന്നു. എ.കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അന്ന് അദ്ദേഹം പോലും മന്ത്രിസഭയില്‍ പുതുമുഖമായിരുന്നു. ഞാനും ഉമ്മന്‍ചാണ്ടിയും മറ്റും സി.എച്ചിന്റെ മന്‍മോഹന്‍ ബംഗ്ലാവിലാണ് പലപ്പോഴും രാഷ്ട്രീയഭരണവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒത്തുകൂടിയിരുന്നത്. മന്ത്രിസഭായോഗത്തിന്റെ തലേന്ന് നടക്കുന്ന ഈകൂടിക്കാഴ്ചയില്‍ ജനങ്ങളെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു. പ്രത്യേക വിഷയത്തില്‍ എന്തു നിലപാട് മന്ത്രിസഭയില്‍ സ്വീകരിക്കണമെന്ന് സി.എച്ചിനോട് ചോദിക്കുന്ന മുതിര്‍ന്ന മന്ത്രിമാരെപോലും കണ്ടിട്ടുണ്ട്. അതിന് അളന്നുമുറിച്ചുള്ള മറുപടിയായിരുന്നു സി.എച്ചില്‍നിന്ന് ലഭിക്കുക.

ഒരിക്കലുമത് തെറ്റിയതുമില്ല. ഏതൊരു തീരുമാനവും ജനങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്ന് കണ്ടാല്‍ അപ്പോള്‍തന്നെ അത് വേണ്ടെന്നുവെക്കാനും സി.എച്ച് നിര്‍ദേശിക്കുമായിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അദ്ദേഹത്തെ ഒരിക്കലും ജനോപകരപ്രദമായ കാര്യങ്ങളില്‍ പിന്തിരിപ്പിച്ചില്ല. അഴിമതി അദ്ദേഹത്തില്‍ തൊട്ടുതീണ്ടിയിരുന്നില്ല. പല പരിപാടികളിലും ഒരുമിച്ച് പങ്കെടുക്കുമ്പോള്‍ സി.എച്ചില്‍നിന്ന് എന്ത് പുതിയ ആശയമാണ് വരിക എന്ന ചിന്തയായിരുന്നു എനിക്ക്. ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ചതായതിനാല്‍ ഇവയുടെ പിതൃത്വം ഇപ്പോഴത്തെ പ്രതിപക്ഷത്തിനാണെന്ന്! സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോള്‍ ഒരാളുടെ കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തം മറ്റേയാള്‍ക്കാണെന്ന് അദ്ദേഹം പരിഹാസ രൂപേണ പറയുമായിരുന്നു. ഭരണ കാര്യങ്ങളില്‍ ഓരോ നടപടിയുടെയും പുന:പരിശോധന സി.എച്ചിന്റെ സവിശേഷതയായിരുന്നു. ഉദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും സി.എച്ച്് ഇക്കാര്യത്തില്‍ കണിശത പുലര്‍ത്തി. അപ്രതീക്ഷിതമായി അകാലത്തില്‍ ജീവിതത്തില്‍നിന്ന് സി.എച്ചിന് വേര്‍പിരിയേണ്ടിവന്നത് എനിക്കും ഐക്യജനാധിപത്യമുന്നണിക്കും മാത്രമല്ല, കേരളീയ സമൂഹത്തിനാകെയുള്ള നഷ്ടമായി. നട്ടുച്ചക്ക് സൂര്യന്‍ അസ്തമിച്ചതുപോലെയായിരുന്നു സി.എച്ചിന്റെ വിയോഗം.

SHARE