ഫാസിസത്തിന്റെ ആയുധം നുണ പ്രചാരണം

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

രാജ്യത്തെ തലസ്ഥാനത്തെ പ്രധാന മസ്ജിദിനു മുന്നില്‍ കഴിഞ്ഞ രാത്രിയില്‍ കണ്ട പ്രക്ഷോഭം വൈവിധ്യങ്ങളുടെ സംഗമം കൂടിയായിരുന്നു. ജുമുഅ നമസ്‌കാരം കഴിഞ്ഞിറങ്ങുന്ന വിശ്വാസി സമൂഹം ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ സംഘടിക്കുകയും രാജ്യത്തെ രണ്ടായി കീറിമുറിക്കുന്ന സിറ്റിസണ്‍ അമന്റ്‌മെന്റ് ആക്ടിനെതിരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. തലപ്പാവും തൊപ്പിയുമണിഞ്ഞ മുസ്‌ലിംകളും ദസ്താറണിഞ്ഞ സിഖുകാരും തുടങ്ങി വിവിധ വര്‍ണ്ണത്തിലും വസ്ത്രത്തിലുമുള്ള പ്രക്ഷോഭകാരികള്‍ രാജ്യത്തിന്റെ അഖണ്ഡതക്കായി ഒരുമിച്ചു കൂടുന്നു. അവര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് ഈ രാജ്യത്തെ ഇനിയും വിഭജിക്കാന്‍ അനുവദിക്കില്ല എന്നാണ്. ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും ഇതേ കാഴ്ച തന്നെയാണ്. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ വരെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

പുതിയ പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സി ക്കുമെതിരായി വിദ്യാര്‍ത്ഥി സമൂഹവും കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു. സ്വാതന്ത്രത്തിനു ശേഷം ഇത്രയും ശക്തവും വ്യാപകവുമായ വിദ്യാര്‍ത്ഥി പ്രതിഷേധം രാജ്യം കണ്ടിട്ടില്ല. കലാലയങ്ങളില്‍ പ്രക്ഷോഭം വ്യാപിച്ചുകൊണ്ടിരിക്കുന്നു. ജാമിഅയിലും അലിഗഡിലും നടന്ന പോലീസ് അതിക്രമത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്. ജാതി മത സാമുദായിക രാഷ്ട്രീയ വൈവിധ്യങ്ങളെ മാറ്റിവെച്ചുകൊണ്ടാണ് ജനം തെരുവിലിറങ്ങുന്നത്. ഈ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ജനതയെ ഒരുമിപ്പിക്കുന്നതില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നിര്‍ണ്ണായകമായി.

പൊലീസ് അതിക്രമമുണ്ടായ രാത്രിയില്‍ ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചിരുന്നു. പതിനാറു വര്‍ഷത്തിനിടയിലെ ഏറ്റവും ശൈത്യമുള്ള രാത്രിയായിരുന്നു അതെന്ന് ഡല്‍ഹിയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ഈ കൊടിയ തണുപ്പിനെ അവഗണിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേക്ക് കുതിച്ചെത്തിയത്. അവരുടെ സമരവീര്യം അഗ്‌നിനാളമായി ജ്വലിച്ചുക്കൊണ്ടിരിക്കുന്നു. ജാമിഅ വിദ്യാര്‍ത്ഥികളുമായി സംവദിച്ചപ്പോള്‍ അവരുടെ വാക്കുകളില്‍ മുഴങ്ങിയ നിശ്ചയദാര്‍ഢ്യം എന്നെ അത്ഭുതപ്പെടുത്തി. ഏതു തരത്തിലുള്ള മര്‍ദ്ദനമുറകള്‍ അധികാരികളുടെയും പൊലീസിന്റെയും ഭാഗത്തു നിന്നുണ്ടായാലും അതിനെയൊന്നും കൂസാതെ മുന്നോട്ട് പോകാനുള്ള ഇഛാക്തിയാണവര്‍ പ്രകടിപ്പിച്ചത്. ആസ്പത്രിയില്‍ കിടക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ചപ്പോള്‍ അവന്‍ പറഞ്ഞത്, അവന്‍ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ പൊലീസ് വന്ന് എല്ലാവരെയും പ്രഹരിക്കുന്നതാണ് കണ്ടത്.

എന്താണ് നടക്കുന്നതെന്ന് അമ്പരന്ന് നോക്കിയപ്പോഴേക്കും പൊലീസുകാര്‍ തന്നെയും ക്രൂരമായി മര്‍ദ്ദിച്ചു. പോലീസിന്റെ ശക്തമായ മര്‍ദ്ദനത്തില്‍ തന്റെ അവയവങ്ങള്‍ക്കെല്ലാം മുറിവ് പറ്റിയിട്ടുണ്ട്. അവന്റെ മുറിവുകള്‍ കണ്ടപ്പോള്‍ വലിയ മനപ്രയാസം തോന്നി. ആ കുട്ടി പോലീസിന്റെ അക്രമത്തില്‍ നന്നായി ക്ഷീണിച്ചിരിക്കുന്നു.
ആണ്‍കുട്ടികളേക്കാള്‍ ധീരത കാണിച്ച പെണ്‍കുട്ടികളെയും അവിടെ കണ്ടു. സംസാരവും, പ്രതിഷേധവും, സമരവും നിരോധിച്ച സര്‍ക്കാരിന്റെ മുഖത്ത് നോക്കി ഞങ്ങള്‍ക്ക് ആരെയും പേടിയില്ല, ഏകനായ ദൈവത്തെ മാത്രമേ ഞങ്ങള്‍ ഭയപ്പെടുന്നുള്ളൂ എന്ന് പ്രഖ്യാപിച്ച പെണ്‍പുലികള്‍ നമ്മുടെയൊക്കെ അഭിമാനവും പ്രതീക്ഷയുമാണ്. ഇത് രാജ്യത്തെ പുതിയ തലമുറയുടെ പ്രഖ്യാപനമാണ്. ഒരു രാഷ്ട്രത്തിന്റെ ദിശ തീരുമാനിക്കുന്നതില്‍ അവിടുത്തെ യുവതലമുറയുടെ നിശ്ചയദാര്‍ഢ്യം അതിനിര്‍ണ്ണായകമാണ്.

ബി.ജെ.പി കരുതിയത് ഈ നിയമനിര്‍മ്മാണത്തിലൂടെ രാജ്യത്തെ മുസ്‌ലിം ജനത്തെ ഒറ്റപ്പെടുത്തിക്കളയാമെന്നാണ്. ബി.ജെ.പിയുടെ ഈ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് വിദ്യാസമ്പരായ പുതിയ തലമുറ തെരുവ് കീഴടക്കുന്നത്. ഇതു തന്നെയാണ് ബി.ജെ.പി നേരിട്ട ഒന്നാമത്തെ പരാജയവും. മറ്റൊന്ന്, മതേതര മൂല്യങ്ങളെ ഈ മണ്ണില്‍ നിന്ന് ആര്‍ക്കും പിഴുതെറിയാനാകില്ല എന്ന യാഥാര്‍ത്ഥ്യമാണ്.
ശാസ്ത്രജ്ഞന്മാരും, സാഹിത്യകാരന്മാരും, സാംസ്‌കാരിക നായകന്മാരും, സാമൂഹ്യ പ്രവര്‍ത്തകരും അടങ്ങുന്ന വലിയ സമൂഹം ഈ ബില്ലിനെതിരെ പ്രതികരിച്ചു കഴിഞ്ഞു. യു.എന്നും വിവിധ അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും ബില്ലിനെ തള്ളിക്കളഞ്ഞു.

നുണപ്രചാരമാണ് ഫാസിസത്തിന്റെ എല്ലാ കാലത്തെയും പ്രധാന ആയുധം. ബി.ജെ.പി ഇപ്പോള്‍ ഉപയോഗിക്കുന്നതും ഇതേ ആയുധമാണ്. കളവിനെ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ട് അതിനെ സ്ഥാപിക്കാനുള്ള വ്യഥാശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ബി.ജെ.പി തുടര്‍ച്ചയായി നുണയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യം അവര്‍ പറഞ്ഞിരുന്നത്, തങ്ങള്‍ നിലകൊള്ളുന്നത് രാജ്യത്തെ ഹൈന്ദവ സമൂഹത്തിനു വേണ്ടിയാണ് എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഏറ്റവും വലിയ രീതിയില്‍ തകര്‍ക്കുന്നത് ഹൈന്ദവ ധര്‍മ്മത്തെയും സനാതന മൂല്യങ്ങളെയുമാണ്. ബി.ജെ.പി ഇന്ന് സ്വീകരിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് ഹൈന്ദവ ധര്‍മ്മങ്ങളുമായി യാതൊരു ബന്ധവുമില്ല. അതിന്റെ എല്ലാ വിശാല തലങ്ങളെയും മാനവികതയെയും വെട്ടിച്ചുരുക്കി തങ്ങളുടെ സ്വാര്‍ത്ഥത വിജയിപ്പിച്ചെടുക്കാന്‍ വേണ്ടിയുള്ള തന്ത്രങ്ങള്‍ മെനയുകയാണവര്‍. ഹൈന്ദവ രക്ഷകരെന്ന അവരുടെ വാദം അവരുടെ തന്നെ കര്‍മ്മങ്ങളുടെ കടക വിരുദ്ധമാണ്. തത്വത്തില്‍ ബി.ജെ.പിയുടെ നയങ്ങള്‍ എതിരാവുന്നത് ആ മൂല്യങ്ങള്‍ ഉയര്‍ത്തി ജീവിക്കുന്നവരോടാണ്. രണ്ടാമതായി അവരുയര്‍ത്തുന്ന ചോദ്യം അഭയം തേടി ഈ രാജ്യത്തേക്ക് വന്ന ഹൈന്ദവര്‍ക്ക് എന്തിന് പൗരത്വം കൊടുക്കാതിരിക്കണം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ രാജ്യത്തേക്ക് അഭയം തേടി വരുന്ന ഹൈന്ദവര്‍ക്ക് പൗരത്വം നല്‍കുന്നതിന് ഒരാളും തന്നെ എതിരല്ല.

ഈ പ്രചരണം ബി.ജെ.പി അവരുടെ വാദങ്ങള്‍ക്ക് സ്വീകാര്യത കൊണ്ടു വരാന്‍ സ്വീകരിക്കുന്ന തന്ത്രമാണ്. നമ്മളുയര്‍ത്തുന്ന വാദം പൗരത്വം നല്‍കുന്നതിന് മതം ഒരു പരിഗണനീയ മാനദണ്ഡമായി സ്വീകരിക്കരുത്, അത് ഭരണഘടനക്ക് എതിരാണ് എന്ന വസ്തുതാണ്. ആസാമില്‍ എന്‍.ആര്‍.സി നടപ്പിലാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടു. എന്നാല്‍ ഇവരിലെ ഹൈന്ദവരെ മാത്രം തെരഞ്ഞു പിടിച്ചു പൗരന്മാരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സി.എ.എ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് തികച്ചും ഭരണഘടനാ ലംഘനമായ കാര്യമാണ്. ഇത് രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തിനും ഉന്നതമായ മതേതര മൂല്യങ്ങളുടെയും കടക്കല്‍ കത്തിവെക്കുന്ന കാര്യമാണ്. ഈ വസ്തുതയാണ് രാജ്യത്തുടനീളമുള്ള പ്രക്ഷോഭത്തില്‍ ജനം വിളിച്ചു പറയാന്‍ ശ്രമിക്കുന്നത്. അല്ലാതെ ഹൈന്ദവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ ആരും എതിരല്ല. മൂന്നാമതായി അവരുയര്‍ത്തുന്ന ചോദ്യം നിഷകളങ്കമെന്ന് തോന്നിക്കുന്നതാണ്. അഥവാ എന്‍.ആര്‍.സി ഇവിടെ നടപ്പിലാക്കിയാല്‍ ആര്‍ക്കാണ് പ്രയാസമെന്നാണ് ചോദ്യം. ഈ നിയമം രാജ്യത്തെ പൗരനെ എങ്ങനെ ഉപദ്രവിക്കുമെന്ന് ആസാമില്‍ നമ്മള്‍ കണ്ടതാണല്ലോ. ഇത് രാജ്യത്താകമാനം നടപ്പിലാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

ലോകത്തിലെ ഏതെങ്കിലും ഒരു രാജ്യത്ത് സമരങ്ങളുടെ പേരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളെ നിര്‍ത്തിവെക്കുന്നൊരു പ്രവണത കാണാന്‍ സാധിക്കില്ല. എന്നാല്‍ ഈ ഡിജിറ്റല്‍ ഇന്ത്യയില്‍ സമരങ്ങളോട് സര്‍ക്കാര്‍ ആദ്യം സ്വീകരിക്കുന്ന നയം തന്നെ ഇന്റര്‍നെറ്റ് നിര്‍ത്തിവെക്കുക എന്നുള്ളതാണ്. ഇവിടെ നടക്കുന്നതൊന്നും ആരും അറിയരുതെന്നാണ് സര്‍ക്കാരിന്റ പിടിവാശി. സര്‍ക്കാരിന്റെ ഈ ക്രൂരവിനോദം കശ്മീരിലും നമ്മള്‍ കണ്ടതാണ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചപ്പോഴും 37എ എടുത്ത് കളഞ്ഞപ്പോഴുമുള്ള പ്രക്ഷോഭങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ ആദ്യം ചെയ്തത് ഇന്റര്‍നെറ്റ് വിഛേദമായിരുന്നു. എന്നാല്‍ വളെര അധ്വാനത്തിലൂടെ വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ള പലമാധ്യമങ്ങളും അവിടെ നടക്കുന്നത് എന്താണെന്ന് ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു.

സി.എ.എയില്‍ നിന്നും എന്‍.ആര്‍.സിയില്‍ നിന്നും മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്മാറുന്നത് വരെ ഈ സമരങ്ങളും പ്രക്ഷോഭങ്ങളും നിലനില്‍ക്കേണ്ടതുണ്ട്. ഇത് പൊടുന്നനെ എരിഞ്ഞടങ്ങാന്‍ പാടില്ല. രാജ്യത്തെ എല്ലാ പൗരന്മാരിലേക്കുമെന്നോണം പടര്‍ന്നു പിടിക്കുന്ന തുടര്‍ച്ചയുള്ള സമരങ്ങളായിരിക്കണം. മതേതര ഇന്ത്യയുടെ തിരിച്ചടിയുടെ ശക്തി മോദിഷാ കൂട്ട്‌കെട്ട് തിരിച്ചറിയണം. നിസ്സാരകാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കാതെയും എല്ലാ ചെറുകിട സംഘങ്ങളെയും വരെ ഒരുമിപ്പിച്ച് ഐക്യത്തോടെ മുന്നേറാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

SHARE