പൗരത്വനിയമം: മുസ്‌ലിം പ്രശ്‌നമാക്കി ചുരുക്കുന്നവരോട്

ശുഐബുല്‍ ഹൈത്തമി

ഫാസിസത്തിനെതിരായ സമരത്തിൽ പൊളിറ്റിക്കൽ കറക്ട്നസ് അത്രമാത്രം കൃത്യത വരുത്തേണ്ട ഒന്നാണെന്ന ധാരണ എനിക്കില്ല. പക്ഷെ , ആന്റിഫാസിസ്റ്റ് ചേരിയുടെ ഭാഗമായി നിൽക്കുമ്പോൾ ,ഇവിടെ മുസ്ലിംകൾ പുലർത്തേണ്ട ചില റിലീജിയസ് കറക്ട്നസ് തീർച്ചയായും
ഉണ്ട് . രക്തസാക്ഷിത്വത്തിന് വലിയ പ്രതിഫലമുണ്ടെങ്കിലും ,ഇസ്ലാമിന് വേണ്ടി മരിക്കാനല്ല മതം ആത്യന്തികമായി പറയുന്നത് .ഇസ്ലാം അനുസരിച്ച് ജീവിക്കാനാണ്.

ഇസ്ലാം എന്നാൽ ചിലപ്പോൾ ഇസ്ലാം അല്ല എന്നതും കൂടി ശരിയാവുന്ന ചില ഘട്ടങ്ങൾ ഉണ്ടാവും. ആദമിന് സുജൂദ് ചെയ്യാതിരുന്ന പിശാചിന്റെ പക്കൽ ഒരു മതപരമായ ന്യായം ഉണ്ടായിരുന്നു ,”നിനക്കല്ലേ അല്ലാഹുവേ സുജൂദിന് അർഹതയുള്ളൂ” എന്നതാണത്. നമസ്ക്കാരം നല്ലതാണെന്ന് കരുതി ആറ് സമയങ്ങളിൽ നിർബന്ധമാണെന്ന് ശഠിച്ചാൽ ഇസ്ലാമിന് പുറത്താവുന്നത് പോലെ. സന്ദേശമിതാണ് ,ഇസ്ലാമിന് വേണ്ടിയാണ് എന്ന നമ്മുടെ തോന്നൽ – ഭക്തി തന്നെ ആവാം – വേണ്ടെന്ന് വെക്കലാവും ചിലപ്പോൾ ഇസ്ലാം .പിശാചിനെ എറിയാനെന്ന പേരിൽ വലിയ കല്ലുകൾ പെറുക്കി ജംറയിൽ വന്നവരെ നിരുൽസാഹപ്പെടുത്തി ചരൽകല്ലെടുപ്പിച്ച പ്രവാചകൻ വിശ്വാസം ആവേശമല്ല ,യുക്തിഭദ്രമാവണമെന്നാണ് പഠിപ്പിച്ചത്.

ഞാൻ ജാമിഅ: മില്ലിയ്യയിലെ ആ വിദ്യാർത്ഥിനിയുടെ ചാനൽ സംഭാഷണം കേട്ടപ്പോൾ വലിയ സന്തോഷത്തോടൊപ്പം തോന്നിയ ദു:ഖത്തെ കുറിച്ചാണ് പറയുന്നത്. അവരുടെ ഇഛാശക്തിയെ ,വിശ്വാസവിശുദ്ധിയെ ആദരിക്കുന്നു ,ഇഷ്ടപ്പെടുന്നു. പക്ഷെ വിശ്വാസം വർദ്ധിക്കുമ്പോൾ ഗാംഭീര്യവും കോമൺസെൻസും നഷ്ടമാവരുത്.
” അല്ലാഹുവിനെ മാത്രമേ പേടിയുള്ളൂ , രക്തസാക്ഷികളുടെ സ്വർഗമാണ് ലക്ഷ്യം ,ഒരാൾ മരണപ്പെട്ടാൽ ഖൗമിന്റെ കടമയാണ് ജനാസ നമസ്ക്കാരം ” തുടങ്ങിയ അവരുടെയും മറ്റു ചിലരുടെയും പ്രസ്താവനകൾ ശരിയാണ്. പക്ഷെ പ്രശ്നവൽക്കരിക്കപ്പെടേണ്ടതുണ്ട്. നിങ്ങൾ ആരെയാണ് പേടിക്കുന്നത് എന്നതല്ല രംഗഭാഷയുടെ ചോദ്യം .മുസ്ലിം ആവൽ തന്നെ വിപ്ലവമായി മാറിയ മതേതര സാഹചര്യത്തിന്റെ ആനുകൂല്യം നഷ്ടപ്പെടാൻ മാത്രമേ അത്തരം സംസാരങ്ങൾ ഇടയാവുകയുള്ളൂ.

CAA ഒരു രാഷ്ട്രീയ വിഷയമാണ് , മതേതരത്വത്തെ ബാധിക്കുന്ന രാഷ്ട്രീയ വിഷയം. അതിന് പരിഹാരം കാണേണ്ടത് മതേതര രാഷ്ട്രീയം വഴി മാത്രമാവണം .ഭാരതം ഇസ്ലാം പറയുന്ന യുദ്ധഭൂമിയല്ല ,സന്ധിഭൂമിയാണ്. ഭരണഘടനയാണ് കരാർപത്രം. അത് കൊണ്ട് തന്നെ ഭരണഘടന നിലവിൽ വരുന്നതിന് മുമ്പത്തെ ആലി മുസ്ല്യാരുടെയും ലവക്കുട്ടിയുടെയും പോരാട്ട കഥകൾ അസ്ഥിത്വം തെളിയിക്കാനും സമര ധീരത ഉണർത്താനുമെന്നതിനധീതമായി പറഞ്ഞു സ്വപ്നലോകത്തേക്ക് കയറൽ ആവേശമാവാം ,ആവശ്യമല്ല.മിഡിലീസ്റ്റ് രാജ്യങ്ങളിലെ മുല്ലപ്പൂ അല്ല ഇവിടെ വേണ്ട മുല്ലപ്പൂ എന്ന് വേർതിരിക്കാൻ സാധിക്കണം . ഇതീ സമുദായത്തിന്റെ ആവശ്യവുമായി, സ്വത്വവുമായി ബന്ധപ്പെട്ട വിഷമല്ല എന്നല്ല പറയുന്നത് ,പക്ഷെ എല്ലാവരുടെയും വിഷയമാക്കലാണ് യഥാർത്ഥ ഭക്തി. ഇസ്ലാം ഇവിടെ അവശേഷിക്കേണ്ടത് മനുഷ്യനന്മയുടെ ആവശ്യമാണ്.

ഒരു കഥയോടെ നിർത്താം .
ലോകചരിത്രത്തിലെ ഏറ്റവും വലിയ തൗഹീദിന്റെ പ്രധാനമന്ത്രിയായിരുന്നു അല്ലാഹുവിന്റെ ഉറ്റമിത്രം ഇബ്റാഹീം (അ) .തന്റെ മുലകുടി പ്രായം മാത്രമുള്ള മകനേയും അവശയായ പത്നി ഹാജറയെയും ഇറാഖിലെ ഊറിൽ നിന്നും കൊണ്ട് വന്ന് മക്കയിലെ മൊട്ടക്കുന്നുകളിലൊന്നിൽ തനിച്ചാക്കി ജോർദ്ദാനിലേക്ക് പ്രബോധനത്തിന് പോകവേ അല്ലാഹുവിനോട് പ്രാർത്ഥിച്ചു.
رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ

” ഞാനെന്റെ ഭാര്യാസന്താനങ്ങളെ കൃഷിയോ തളിരോ ഇല്ലാത്ത നിന്റെ ഭവനത്തിനരികിൽ പാർപ്പിച്ച് പോവുകയാണ് ,അവർ നമസ്ക്കാരം നിലനിർത്തുന്നവരാവാൻ വേണ്ടിയാണ് ഇവിടെ കൊണ്ടാക്കുന്നത് ,അതിനാൽ ജനങ്ങളുടെ ഹൃദയങ്ങളെ അവരിലേക്ക് സ്നേഹത്തോടെ ചേർത്തിക്കൊടുക്കേണമേ ,അവർക്ക് ഉപജീവനമേകേണമേ ,അവർ കൃതാർത്ഥരാവാൻ വേണ്ടി “

ഇവിടെ പറഞ്ഞ ഒരു കാര്യം ഏറെയേറെ ശ്രദ്ധേയമാണ് ,പ്രതികൂലമായ ജീവിത ചുറ്റുപാടിൽ ജീവിക്കുന്ന മുസ്ലിംകൾ ആയിരം വട്ടം ചിന്തിക്കേണ്ട ഒരു വാക്യമാണ് ഖലീലുല്ലാഹി പറഞ്ഞത് – ” ജനങ്ങൾക്ക് അവരോട് ഇഷ്ടവും സ്നേഹവും ഉണ്ടാക്കേണമേ ” എന്ന്.
മതേതര സമൂഹത്തിന്റെ ഇഷ്ടവും സ്നേഹവും ആഗ്രഹിക്കുന്നത് ഈമാനിന്റെ ഭാഗമാണ്. അത് നശിപ്പിക്കൽ ആത്മഹത്യാപരവും . അപ്പോൾ നാം ഉപയോഗിക്കുന്ന പദ പരാമർശങ്ങൾ സോഷ്യൽ ഓഡിറ്റിങ്ങിനും എഡിറ്റിങ്ങിനും വിധേയമാവുമ്പോൾ അവമതിപ്പിനിടയാകുമോ എന്ന് ചിന്തിക്കലാണ് സൂക്ഷ്മത . ഏറ്റവും സുന്ദരമായാണ് മതം സൂക്ഷിച്ച് വെക്കേണ്ടത്.

ആലോചിക്കിൻ . കബിൽ സിബലും ശശി തരൂരും എൻ കെ പ്രേമചന്ദ്രനും ഗാന്ധി കുടുംബവുമൊക്കെ ഇവിടെ കൂടെയുണ്ടാവണം. ഇതിനെ അപ്പോളജറ്റിക്കൽ ഇരവാദം എന്ന് പറയുന്നവരോട് എന്നാൽ അതങ്ങനെയാവട്ടെ എന്നേ പറയാനുള്ളൂ. എന്ത്കൊണ്ട് ഇത്തരം വിഷയങ്ങളിൽ സമസ്താ ഇസ്ലാമിനോടും മുസ്ലിംലീഗ് രാഷ്ട്രീയത്തോടും ഒട്ടിനിൽക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണിത്.

SHARE