ഉറക്കം നഷ്ടപ്പെട്ടുകിടന്ന ആ ജൂലൈ റമസാൻ

സി പി സൈതലവി

മഴയും തണുപ്പുമുള്ള ആ ജുലൈ റമസാന്‍. രാത്രിയുടെ അടക്കിപ്പിടിച്ച നിശ്ശബ്ദതയാണ് ചുറ്റിലും. കണ്ണുകള്‍ ഇറുകെയടച്ചിട്ടും ഉറക്കം വരുന്നില്ല. ഇരുട്ടിലേക്കു നോക്കി കിടക്കുമ്പോള്‍ അജ്ഞാത ഭീതികള്‍ നിഴല്‍ രൂപങ്ങളായി മനസ്സില്‍ നിറയുന്നു. ആരെയോ അന്വേഷിക്കുന്നപോലെ പൊലീസ് വണ്ടികള്‍ വന്നു നിര്‍ത്തുന്നതും തിരിച്ചു പോകുന്നതും കേള്‍ക്കാം. രാത്രിയുടെ കരിമ്പടത്തിനുമേല്‍ പതിക്കുന്ന ഈ വെളിച്ചവും ശബ്ദവും മാത്രമേയുള്ളു തെരുവ് വിജനമല്ലെന്നതിന്റെ അടയാളമായിട്ട്.

അത്താഴത്തിനെഴുന്നേല്‍ക്കാന്‍ സമയമിനിയുമൊരുപാടുണ്ട്. റമസാന്‍ 17-ന്റെ രാത്രിയില്‍ പള്ളിയില്‍ പതിവുള്ള പ്രത്യേക ചടങ്ങുകളുണ്ടായിരുന്നു. പക്ഷേ അവിടെയും അധിക നേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. ദേഹമാകെ വിങ്ങുന്നു. പകലത്തെ കാഠിന്യം. ഒരു പോരാട്ടം ഏറ്റുവാങ്ങേണ്ട അനിവാര്യ വേദനകള്‍. എത്രപേര്‍ മരിച്ചു കാണും? ആസ്പത്രിയിലാരെല്ലാമാണ്? പൊലീസുകാര്‍ പലരെയും പിടിച്ചു കൊണ്ടുപോയിരിക്കുന്നു.

ഉറക്കം നഷ്ടപ്പെട്ടു കിടക്കുന്ന ആ രാത്രി, പകല്‍ ദൃശ്യങ്ങളെ ഒന്നൊന്നായി കണ്‍വെട്ടത്തേക്കു കൊണ്ടുവന്നു. ചരിത്രത്തിലെ സമര രംഗങ്ങള്‍ ഒരു ഘോഷയാത്ര പോലെ കടന്നു പോകുന്നു നിമിഷങ്ങളിലൂടെ. ഭീതിയും സങ്കടവും രോഷവും കൂടിക്കുഴഞ്ഞ കാഴ്ചകള്‍.ബാല്യ-കൗമാരത്തിന്റെ ഇടവരമ്പില്‍ നില്‍ക്കുന്ന ഒരു ഇളമുറക്കാരന്‍ സാക്ഷിയും പങ്കാളിയുമായ പോരാട്ടത്തിന്റെ മുറിവുകള്‍. ക്യാമ്പസ് കാലത്തെ പിടിച്ചുലച്ച അനുഭവം.

അനേകായിരങ്ങളുടെ ഓര്‍മ്മയില്‍ ജ്വലിച്ചു നില്‍ക്കുന്ന 1980 ജൂലൈ 30. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മനുഷ്യരക്തം കൊണ്ടെഴുതിച്ചേര്‍ത്ത അധ്യായം. പില്ക്കാലം ഇതിഹാസ പരിവേഷത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഭാഷാസമരം’.വെടിയേറ്റു മരിച്ചവരുടെ വീടുകളില്‍ നീറിപ്പടരുന്ന വിരഹദു:ഖം, വെടിയേറ്റിട്ടും ആയുസ്സിന്റെ ബലം കൊണ്ട് ജീവിതത്തിലേക്കു തിരികെ വന്നവര്‍,പൊലീസ് മര്‍ദ്ദനത്തില്‍ മൃതപ്രായമായവര്‍, സമര നേതൃത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും പേരില്‍ പ്രതികളാക്കപ്പെട്ടവര്‍ എന്നിവര്‍ക്കെല്ലാം ഓര്‍മ്മകള്‍ ഇതില്‍പ്പരം തീക്ഷ്ണവും യാതനാപൂര്‍ണവുംമക്കരപറമ്പ് ഗവ. ഹൈസ്‌കൂളിന്റെ കൈക്കുടന്നയില്‍ നിന്ന് ക്യാമ്പസ് ജീവിതത്തിന്റെ അതിരറ്റ സ്വാതന്ത്ര്യത്തിലേക്ക് വന്നിട്ടേയുള്ളു. മലപ്പുറം ഗവ. കോളജ് എം.എസ്.എഫ്. സംഘത്തിലെ പ്രീഡിഗ്രിക്കൂട്ടം എവിടെയും ശ്രദ്ധിക്കപ്പെട്ടു. തീവ്രത അല്പം കൂടുതലായതുകൊണ്ടു തന്നെ.

കലക്ടറേറ്റ് പിക്കറ്റിങ്ങിനെത്തുന്ന സമര ഭടന്മാരെ വരവേല്ക്കാന്‍ മാര്‍ച്ച് ആരംഭിക്കുന്ന കോട്ടപ്പടി മൈതാന പരിസരത്തും ടൗണിലും പച്ചക്കൊടികള്‍ കെട്ടുന്നവര്‍ക്കൊപ്പം തലേ സന്ധ്യയിലെ ആ തോരാമഴയത്ത് ഞങ്ങളുടെ സംഘവും ഉല്‍സാഹിച്ചു.ഒരു പതിവു സമരത്തിന്റെ തയ്യാറെടുപ്പ് മാത്രം. കലക്ടറേറ്റ് പിക്കറ്റിങ് ആയതിനാല്‍ അതിരാവിലെ തുടങ്ങണം. ഭരണസ്തംഭനമുണ്ടാകണം. ഏത് വഴിയിലൂടെയും ജീവനക്കാര്‍ അകത്തു കയറാതിരിക്കാന്‍ പുലര്‍ച്ചെ തന്നെ വളണ്ടിയര്‍മാര്‍ എത്തി മാര്‍ഗതടസ്സമായി നിലയുറപ്പിക്കണമെന്ന് മാത്രമേ മുന്നൊരുക്കമായി നിര്‍ദ്ദേശമുണ്ടായിരുന്നുള്ളു.

റമസാന്‍ 17 ആണ്. മാര്‍ച്ചും പിക്കറ്റിങ്ങും അറസ്റ്റ് വരിക്കലും സമയബന്ധിതമായി നടന്നാല്‍ നോമ്പു തുറക്കാന്‍ പ്രവര്‍ത്തകര്‍ക്ക് വീടെത്താം. റമസാനും കാലവര്‍ഷത്തിന്റെ കാഠിന്യവുമുണ്ടായിട്ടും വിഷയത്തിന്റെ ഗൗരവം മാത്രമാണ് പിക്കറ്റിങ് പോലുള്ള കടുത്ത സമരത്തിലേക്കിറങ്ങാനുള്ള പ്രേരണ.
വിദ്യാഭ്യാസ പരിഷ്‌കരണം എന്ന പേരില്‍ അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകളെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്ന് പടിയിറക്കാനുള്ള ഗൂഢനീക്കമാരംഭിച്ചിരുന്നു ഇടത് സര്‍ക്കാര്‍. ഇ.കെ. നായനാരാണ് മുഖ്യമന്ത്രി. ‘അക്കമഡേഷന്‍, ക്വാളിഫിക്കേഷന്‍, ഡിക്ലറേഷന്‍’ എന്നീ ഉത്തരവുകളുടെ ലക്ഷ്യം അറബി ഭാഷാ ഉന്മൂലനമാണെന്ന് നിരീക്ഷിക്കപ്പെട്ടു. മുസ്‌ലിം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തില്‍ എം.എസ്.എഫ്. ആണ് ആദ്യം സമരരംഗത്ത് വന്നത്.

ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയം, പതിനായിരത്തോളം സര്‍ക്കാര്‍ അധ്യാപകരുടെ തൊഴില്‍, പ്രവാസി ലക്ഷങ്ങള്‍ക്ക് ഉദാരമായി ജോലി നല്‍കി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ സഹായിക്കുന്ന മേഖലയുടെ ഔദ്യോഗികഭാഷ ഒരു സമുദായത്തിന്റെ ഭരണഘടനാ ദത്തവും വിശ്വാസപരവുമായ പ്രശ്‌നം എന്നീ നിലകളിലെല്ലാം സര്‍ക്കാര്‍ ഉത്തരവിന്റെ അന്യായത്തെ വിമര്‍ശിക്കാന്‍ ഭാഷാ സ്‌നേഹികള്‍ മുന്നില്‍ നിന്നു. പക്ഷേ ഭരണകൂടത്തിന്റെ മനസ്സുമാറ്റാന്‍ ശക്തമായ പ്രക്ഷോഭം അനിവാര്യമായിരുന്നു.

കേരളത്തിലെ എല്ലാ കലക്ടറേറ്റുകളും പിക്കറ്റ് ചെയ്യാന്‍ പി.കെ.കെ. ബാവ പ്രസിഡണ്ടും കെ.പി.എ. മജീദ് ജനറല്‍ സെക്രട്ടറിയുമായ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ‘ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു’ എന്ന സി.എച്ചിന്റെ പ്രഖ്യാപനം അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു.
ജൂലൈ 30 ബുധനാഴ്ച രാവിലെ എട്ടരക്ക് കോട്ടപ്പടി മൈതാനിയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. മൂന്നു കിലോമീറ്റര്‍ അകലെ മുണ്ടുപറമ്പിലാണ് അന്ന് കലക്ടറേറ്റ്. ഇപ്പോള്‍ മലപ്പുറം ഗവ. കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടം.

പങ്കാളിത്തത്തിലെ സവിശേഷതക്കുവേണ്ടി ഞങ്ങള്‍ എം.എസ്.എഫ് സംഘം പ്ലക്കാര്‍ഡുകളും ബഹുഭാഷയിലുള്ള മുദ്രാവാക്യവുമായി കലക്ടറേറ്റ് ഗേറ്റിന്റെ ഇടതുവശത്തെ ചരിവില്‍ നിന്നു. കലക്ടറേറ്റിന് എതിര്‍വശത്ത്, റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ കെട്ടിടത്തിനു മുകളിലെ ശാഖാ മുസ്‌ലിംലീഗ് ഓഫീസ് വരാന്തയാണ് പ്രസംഗവേദി. ഒമ്പതരക്ക് കെ.പി.എ. മജിദ് എം.എല്‍.എ. പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രകടനത്തിന്റെ ആദ്യഭാഗം മാത്രമേ സമര ഭൂമിയിലെത്തിയിരുന്നുള്ളൂ. മഴയില്‍ കെടാത്ത വീറുമായി പ്രവര്‍ത്തകര്‍ ഒഴുകിവരികയാണ്.

പില്ക്കാലം കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന പി.കെ. കുഞ്ഞാലിക്കുട്ടി (അന്ന് മലപ്പുറം നഗരസഭാ ചെയര്‍മാന്‍), എന്‍. സൂപ്പി എം.എല്‍.എ., ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡണ്ട് പി. അബ്ദുല്‍ഹമീദ്, എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, സംസ്ഥാന നിരീക്ഷകന്‍ എം.ഐ. തങ്ങള്‍, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി എന്നിവരെല്ലാം മുന്‍നിരയിലുണ്ട്. പത്തരയോടെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അതുവഴിവന്നു. കാര്‍ നിര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു കടന്നുപോയി.

മഴ മാറി. വെയില്‍ തെളിഞ്ഞു. നേതാക്കളും പൊലീസും സഹകരിച്ച് അറസ്റ്റിന് വേഗത കൂട്ടി. കൂടുതല്‍ പൊലീസ് വാഹനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പല ബാച്ചുകളെ ഒന്നിച്ച് അറസ്റ്റ് ചെയ്താലും രാത്രിയിലേക്ക് നീളുമെന്ന് അധികൃതര്‍ ആശങ്ക പറഞ്ഞു.നോമ്പ് പരിഗണിച്ചായിരുന്നു ഈ ധൃതിയെല്ലാം. കലക്ടറേറ്റിനു ചുറ്റിലുമുള്ള പറമ്പുകളില്‍ സ്ത്രീകളും കുട്ടികളുമെല്ലാം പിക്കറ്റിങ് വീക്ഷിക്കാനെത്തിയിരുന്നു.സമയം 11.25. ഒരു പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട പോലെ മലപ്പുറം ഭാഗത്തു നിന്ന് കുതിച്ചുവന്നു. കലക്ടറേറ്റ് ഗേറ്റ് തടസ്സം ചെയ്ത് റോഡിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ അപകടം മണത്ത് എഴുന്നേറ്റു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. വാസുദേവ മേനോനാണ്.

പിക്കറ്റിങ്ങുകാര്‍ക്കിടയിലൂടെ ജീപ്പ് മുന്നോട്ടെടുക്കാനായി ശ്രമം. പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു. തിരിച്ചുപോകാനെന്ന പോലെ ജീപ്പ് പിറകിലേക്കെടുത്ത് മുന്നിലേക്ക് ഒറ്റ കുതിപ്പ്. സമരഭടന്മാര്‍ ആ യന്ത്രശക്തിയെ തള്ളിപ്പിടിച്ചുനിന്നു. ഡിവൈ.എസ്.പി. ചാടിയിറങ്ങി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയാണ്. അഞ്ചുമിനുട്ടിനകം സായുധ പൊലീസ് വ്യൂഹവും വന്നിറങ്ങി. പൊലീസ് ഒരു ഭാഗത്ത് ലാത്തി വീശി ജനക്കൂട്ടത്തെ ചിതറിച്ചു. തല്‍സമയം തന്നെ വെടിയൊച്ചയും കേട്ടു.
കലക്ടറേറ്റ് ഗേറ്റിനു മുന്നില്‍ ചോര വാര്‍ന്നൊലിക്കുന്ന ഒരു ചെറുപ്പക്കാരനെ ഉയര്‍ത്തിപ്പിടിച്ച് പൊലീസ് അലറി. അത് മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍മജീദ് ആയിരുന്നു.

പുത്തൂര്‍ പള്ളിക്കലെ അബ്ദുറഹ്മാനും കാളികാവിലെ അബ്ദുല്ല എന്ന കുഞ്ഞിപ്പയും വെടിയേറ്റു തല്‍ക്ഷണം മരിച്ചു. മൂവരും 24-ല്‍ താഴെ പ്രായമുള്ളവര്‍. നിരവധി പേര്‍ വെടിയേറ്റു വീണു. 27 പേര്‍ക്ക് വെടിയേറ്റതായി പിന്നീടറിഞ്ഞു. എം.എസ്.എഫ് സംഘം നില്‍ക്കുന്ന ഭാഗത്തും പൊലീസ് ലാത്തി വീശി. ഞങ്ങളില്‍ പലര്‍ക്കും അടിയേറ്റു. അല്പം ഉയര്‍ന്ന കുന്നിലേക്ക് പെട്ടെന്ന് മാറാന്‍ ഞങ്ങളുടെ ക്യാമ്പസ് ലീഡര്‍ എ. മുഹമ്മദ് ബഷീര്‍ നിര്‍ദ്ദേശം നല്‍കി. പള്ളിക്കരികിലെ ഉയര്‍ന്ന പറമ്പിലേക്കു കയറി. വിദ്യാര്‍ത്ഥി സഹജമായ രോഷം കല്ലുകളായി പൊലീസിനു നേരെ ചെന്നു. കനത്ത കല്ലുകള്‍. പൊലീസ് ഞങ്ങളുടെ ഭാഗത്തേക്ക് തോക്കു ചൂണ്ടി അലറി.

അതിനിടെ ഞങ്ങളുടെ കൂട്ടത്തിലേക്കു ടിയര്‍ ഗ്യാസ് ഷെല്‍ വന്നു പൊട്ടി. പുകയില്‍ ഒന്നും കാണാതായി. കണ്ണുകള്‍ തുറക്കാനാവാതെ നീറിപ്പുകഞ്ഞു. ”കുട്ടികളേ ഓടിക്കോ. ഇതാ പൊലീസ് പിന്നാലെ” എന്നാരോ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ ഓടി. പൂക്കോട്ടൂര്‍ വെള്ളൂരിലെ കെ. അലിയും മുസ്‌ല്യാരങ്ങാടിയിലെ കരീമും ഞങ്ങള്‍ മൂവര്‍ സംഘം കോളജില്‍ എപ്പോഴും ഒന്നിച്ചായിരുന്നു. വെടിയുണ്ടകള്‍ക്കു നടുവിലും കുന്നും കുഴിയും തോടും പാടവും താണ്ടി ഓടുമ്പോഴും കൈകോര്‍ത്തുതന്നെ. മേല്‍മുറി ഭാഗത്താണ് ചെന്നുകയറിയത്. അവിടെ നിന്ന് കോളജിലേക്ക് നടന്നു. ജനരോഷമായും പൊലീസ് വകയായും എങ്ങും തീ പടരുകയാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തുന്നു. തെരുവുകളില്‍ പൊലീസുമായി ഏറ്റുമുട്ടല്‍. കത്തിയാളുന്ന രോഷത്തില്‍ ഞങ്ങളും പങ്കുചേര്‍ന്നു. വരുംവരായ്ക നോക്കാത്ത പ്രായം.

ചെറുത്ത് നില്പിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചു.നാടെങ്ങും നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. ഗതാഗതമില്ല. സായുധ പൊലീസ് റോന്ത് ചുറ്റുന്നു. ആകാശത്തേക്ക് വെടിവെക്കുന്നു. ജനത്തിന് നേര്‍ക്ക് തോക്കു ചൂണ്ടുന്നു. പൊലീസ് ഓടിച്ചുപിടിക്കുകയാണ്. നോമ്പിന്റെ ക്ഷീണവും അട്ടിവെച്ച കല്ലുകള്‍ കാലിലേക്ക് മറിഞ്ഞുണ്ടായ മുറിവും പകലത്തെ അലച്ചിലുമായി ഒളിഞ്ഞും മാറിയും ഓടിയും നടന്നും വീടണയുമ്പോള്‍ ഇശാ അടുത്തിരുന്നു. നോമ്പ് തുറന്നിരുന്നില്ല.

ഒമ്പതുപേര്‍ മരിച്ചുവെന്നായിരുന്നു ആദ്യ വിവരം. മൂന്നു മയ്യിത്തുകള്‍ കിട്ടി. രണ്ടു മയ്യിത്തുകള്‍ ഓവുപാലത്തിനടിയിലുണ്ടെന്ന് ശ്രുതി പരന്നു. സംഭവത്തില്‍ ഒരു പൊലീസുകാരനും മരിച്ചതിനാല്‍ രണ്ടാഴ്ചക്കാലം പരിസരദേശമെല്ലാം പൊലീസ് നരനായാട്ടായിരുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്കുപോലും വിലക്ക്. പിറ്റേന്നു തന്നെ മക്കരപറമ്പില്‍ നിരോധാജ്ഞ ലംഘിച്ച് ഞങ്ങള്‍ പ്രകടനം നടത്തി. സായുധ പൊലീസ് പറന്നെത്തി. വെടിയുണ്ടയെ ഭയക്കാതെ സാധാരണക്കാര്‍ – കൂലിപ്പണിക്കാര്‍ ആ ജാഥയില്‍ അണിനിരന്നപ്പോള്‍ ശരീരവേദനകള്‍ മറന്ന്, മുദ്രാവാക്യം വിളിച്ചുകൊടുക്കാന്‍ ഒന്നുകൂടി ആവേശമായി. പിന്നീടുള്ള ദിവസങ്ങളില്‍ നോമ്പ് തുറന്നാല്‍ എന്നും പ്രകടനം.

കനല്‍ച്ചൂടുള്ള പുതിയ പുതിയ മുദ്രാവാക്യങ്ങള്‍. പൊലീസ് വരവ്. ലാത്തിവീശല്‍. ജില്ലയില്‍ പലേടത്തും ദിവസങ്ങളോളം ഹര്‍ത്താല്‍ പ്രതീതി. ആ ചെറിയ പെരുന്നാള്‍ മലപ്പുറം ജില്ല കഴിച്ചുകൂട്ടിയത് നിരോധാജ്ഞയുടെ നിഴലിലായിരുന്നു.പിക്കറ്റിങ്ങിന്റെ പ്രസംഗവും നിയന്ത്രണവും നിര്‍വഹിച്ചിരുന്ന കെട്ടിടത്തിനു മുകളിലേക്ക് നേതാക്കളെ ഉന്നംവെച്ച് പൊലീസ് പലതവണ വെടിയുതിര്‍ത്തതിന്റെ അടയാളം ആ ചുവരുകളിലുണ്ടായിരുന്നു. പള്ളിയുടെ ചുവരിലും വെടിയുണ്ട പതിച്ച പാടുകള്‍ ദീര്‍ഘകാലം കിടന്നു.
മലപ്പുറം വെടിവെപ്പിനെ കുറിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചപ്പോള്‍ നിയമസഭയില്‍ സി.എച്ച്. വികാരനിര്‍ഭരമായി പറഞ്ഞു : ”മലപ്പുറത്ത് നിന്നടിക്കുന്ന കാറ്റില്‍ കരിഞ്ഞ മനുഷ്യമാംസത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധമാണ് വരുന്നത്.

SHARE