ഭാഷാ സമര ലോക്കപ്പിലെ ഒന്നര ഗ്ലാസ് വെള്ളവും നോമ്പു തുറയും

എം.സി.മായിന്‍ ഹാജി

ചെറുപ്പ കാലങ്ങളില്‍ നോമ്പ് വലിയ രസമാണ്. പിതാവിന്റെ കൈ പിടിച്ചു പള്ളികളില്‍ എല്ലാ ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കും പോകും. പള്ളിയില്‍ നിന്നും പ്രാഥമിക നോമ്പ് തുറ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ബാപ്പ നാലാളെയെങ്കിലും കൂടെ കൂട്ടും. ഇന്നത്തെ പോലെ സുഭിക്ഷതയുടെ കാലമല്ലല്ലൊ. ഭക്ഷണം ആവശ്യമുള്ളവര്‍ പള്ളിയില്‍ ഒന്നിലേറെ എല്ലാ സമയത്തുമുണ്ടാകും. ഉള്ളത് കഴിക്കാമെന്ന് പറഞ്ഞ് അവരെല്ലാവരേയും ഒപ്പം കൂട്ടുന്ന പതിവാണ് ബാപ്പക്ക്. ബാപ്പയോടൊപ്പം വന്നവരും ഞങ്ങളും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാറ്. വീട്ടില്‍ ചീരാ കഞ്ഞി ഉണ്ടാക്കും. അസര്‍ നിസ്‌കാരം കഴിഞ്ഞാല്‍ കഞ്ഞിക്ക് ആളുകള്‍ വരും. ഉമ്മ കഞ്ഞി പാത്രത്തില്‍ ഒഴിച്ച് കൊടുക്കും. ഞാനും എന്റെ ഇത്താത്തയും ഉമ്മക്ക് സഹായത്തിനായുണ്ടാകും.

കഞ്ഞി ആളുകള്‍ക്ക് വേണ്ടാതായതോടെ കഞ്ഞിക്ക് പകരം കഞ്ഞിയുടെ അരിയാണ് നല്‍കാറുള്ളത്. അതിന്റെ വിതരണത്തിലൊക്കെ കുട്ടികളായ ഞങ്ങളാണ് അതിന്റെ പണിക്കാര്‍. തറാവീഹ് നിസ്‌കാരത്തിനും ബാപ്പ പള്ളിയിലേക്ക് കൊണ്ട് പോകും. തറാവീഹ് കഴിഞ്ഞ് കഞ്ഞി കുടിക്കാനും ആരെങ്കിലുമൊക്കെ ബാപ്പ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരും. മല്‍സ്യം കിട്ടാത്ത ദിവസങ്ങളില്‍ തറാവീഹ് കഴിഞ്ഞ് വന്ന് വലയുമായി ബാപ്പയോടൊപ്പം വീടിനടുത്ത് ഞങ്ങളുടെ പ്ലൈവുഡ് ഫാക്ടറിയുടെ സമീപത്തുള്ള പുഴവക്കത്ത് മീന്‍ പിടിക്കാനായി പോകും. രണ്ട് വല വീശിയാല്‍ അത്താഴത്തിനുള്ള മീനാവും.

ജീവിതത്തില്‍ മറക്കാനാവാത്ത ഒരുപാട് നോമ്പ് ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും മരണം വരേ മനസ്സില്‍ നിന്നും മായാത്തതുമായ നോമ്പ് തുറയും അത്താഴവുമാണ് 1980 ലെ ഭാഷാ സമര ദിവസത്തിലേത്. റമസാന്‍ 17 ബദര്‍ ദിനം. കോഴിക്കോട് കളക്ട്രേറ്റിലെ ആദ്യ ബാച്ചിലെ പിക്കറ്റിങ് എന്റെ നേതൃത്വത്തിലായിരുന്നു. ആദ്യ ബാച്ചില്‍ തന്നെ അറസ്റ്റ് ചെയ്ത ഞങ്ങളെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് സമര ഭടന്മാരേയുമായി പോലീസ് വാന്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ചീറി പാഞ്ഞ് എത്തിക്കൊണ്ടേയിരുന്നു. അത്യാവശ്യം നല്ല വിശാലമായ കെട്ടിടവും കോമ്പൗണ്ടുമുള്ള നടക്കാവ് പൊലീസ് സ്റ്റേഷന്‍ തിങ്ങി നിറഞ്ഞു റോഡിലേക്കും സമരഭടന്മാരെത്തി. ഏതാണ്ട് ഉച്ചയോടടുത്തപ്പോള്‍ ഞാന്‍ ഉള്‍പ്പെടെ 5 പേരെ കമ്മീഷണര്‍ക്ക് സംസാരിക്കാനാണെന്ന് പറഞ്ഞ് വിജനമായ മനുഷ്യ പെരുമാറ്റം പോലും പരിസരത്തില്ലാത്ത പുതിയറയിലെ കസബ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ കൊണ്ടിട്ട ഞങ്ങളെ ഒരു പൊലീസുകാരന്‍ പോലും തിരിഞ്ഞ് നോക്കിയില്ല. എന്ത് ചോദിച്ചാലും ഒരു മറുപടിയുമില്ല. അങ്ങിനെ വൈകുന്നേരം നോമ്പ് തുറക്കുന്ന സമയമായി.

അടുത്ത മസ്ജിദില്‍ നിന്നും ബാങ്ക് മുഴങ്ങി. നോമ്പ് തുറക്കാന്‍ എന്തെങ്കിലും കിട്ടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് കൈമലര്‍ത്തി. കൂജയില്‍ വെള്ളമുണ്ടെങ്കില്‍ വെള്ളം കുടിച്ചോളൂ എന്നാണ് പറഞ്ഞത്. കൂജ തുറന്ന് നോക്കിയപ്പോള്‍ കഷ്ടി ഒന്നര ക്ലാസ്സ് വെള്ളം അടിയില്‍ പുരണ്ട് കിടക്കുന്നുണ്ട്. പൊലീസുകാരോട് ഞങ്ങള്‍ പുറത്ത് പോയി നോമ്പ് തുറന്ന് വരട്ടെ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ കസ്റ്റഡിയിലാണ് എന്നാണ് പറഞ്ഞത്. ഞങ്ങള്‍ കസ്റ്റഡിയിലാണെന്നത് അപ്പോഴാണ് ഞങ്ങള്‍ക്കും മനസ്സിലാകുന്നത്. പിന്നീട് ഒരാളോടും എന്ത് ചോദിച്ചാലും മറുപടിയില്ല.. ആ കൂജയിലെ ഒന്നര ക്ലാസ്സ് വെള്ളം കൊണ്ട് ഞങ്ങള്‍ 5 പേര്‍ നോമ്പ് തുറന്നു. പിന്നെ ഭയാനകമായ നിശബ്ദതയായിരുന്നു ആ പരിസരമൊട്ടാകെ. ഇരുട്ടിന് കട്ടി കൂടുകയും രാത്രി വൈകുകയും ചെയ്തു. ആരെയെങ്കിലും ഒന്ന് വിവരം അറിയിക്കാന്‍ ഇന്നത്തെ പോലെ മൊബൈലുകളൊന്നുമില്ലല്ലൊ..?

1 മണിയായപ്പോള്‍ വലിയ ഒരു വാനില്‍ കുറച്ചു പൊലീസുകാര്‍ വന്ന് നിങ്ങളെ ജില്ലാ സെക്രട്ടറി നടക്കാവ് സ്റ്റേഷനില്‍ കാത്തുനിക്കുന്നുണ്ട്. അവിടേക്ക് പോകണം.. എല്ലാവരും വണ്ടിയിലേക്ക് കേറിക്കോളൂ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അവരോട് ‘കമ്മീഷണറോട് സംസാരിക്കാനാണെന്ന് പറഞ്ഞാണ് ഇങ്ങോട്ട് കൊണ്ട് വന്നത്. ഇപ്പോള്‍ ജില്ലാ സെക്രട്ടറി നടക്കാവിലുണ്ടെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് കൊണ്ടുപോകുന്നു. അതുകൊണ്ട് നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല.. ഞങ്ങള്‍ എവിടേക്കും വരുന്നില്ല.. നിങ്ങള്‍ കണ്ടത് ചെയ്‌തോളൂ’ എന്ന് പറഞ്ഞു.

അപ്പോള്‍ ആ വലിയ വാനിന്റെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന ഒരു എസ്.ഐ ഇറങ്ങി വന്നു ഞങ്ങളെ വളരെ തന്മയത്വത്തില്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വണ്ടിയില്‍ കയറ്റി നടക്കാവിലേക്ക് കൊണ്ട് പോയി. നടക്കാവില്‍ എത്തുമ്പോള്‍ സമയം രണ്ട് മണി കഴിഞ്ഞിരുന്നു. അവിടെ എത്തി നോക്കുമ്പോള്‍ ജില്ലാ സെക്രട്ടറി മര്‍ഹൂം.പി.വി.മുഹമ്മദ് സാഹിബ് ഞങ്ങളെ കാത്ത് നില്‍ക്കുകയാണ്. അദ്ദേഹത്തോടൊപ്പം എം.സി.വടകര, എന്‍.സി.അബൂബക്കര്‍, എന്റെ അനിയന്‍ കുഞ്ഞാമുട്ടി, സൈദാലി, പി.എം.കോയ തുടങ്ങിയവരുണ്ടായിരുന്നു. അവരോട് ഞങ്ങള്‍ കാര്യങ്ങളെല്ലാം വിവരിച്ചു. ഒന്നര ക്ലാസ്സ് വെള്ളം കൊണ്ട് 5 പേര്‍ നോമ്പ് തുറന്നതല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ പി.വി വല്ലാതെ വികാരാധീതനായി പൊലീസുകാരോട് കയര്‍ത്തു സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് എന്റെ അനിയനും എന്‍.സിയും സൈദാലിയും എവിടെല്ലാമൊ പോയി അല്പം കട്ടന്‍ ചായയും കുറച്ചു പഴങ്ങളും കൊണ്ടുവന്നു. അത് കൊണ്ട് ഞങ്ങള്‍ നോമ്പ് തുറയും അത്താഴവും ഒന്നിച്ചാക്കി. അപ്പോഴാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത് രാവിലെ സമാധാനപരമായി സമരം ചെയ്ത് അറസ്റ്റ് വരിച്ച ഞങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി അക്രമണത്തിന് നേതൃത്വം നല്‍കിയെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും പൊലീസുകാരെ അക്രമിച്ചെന്നും എല്ലാം ചേര്‍ത്ത് വമ്പിച്ച ഒരു കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന്.

അന്ന് രാത്രി നടക്കാവ് പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ വസ്ത്രമെല്ലാം അഴിച്ച് അടിവസ്ത്രം മാത്രം ഉടുത്ത് കഴിഞ്ഞുകൂടി. പിറ്റേ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ കോടതിയില്‍ ഹാജരാക്കി. നാലരമണിയോടെ ജാമ്യം കിട്ടി. പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് ഒഴിച്ചുള്ള എല്ലാ സ്ഥലത്തും പി.വി.ഞങ്ങളോടൊപ്പം തന്നെ സഞ്ചരിക്കുകയുണ്ടായി. കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു ഞങ്ങളെല്ലം വീട്ടിലേക്ക് തിരിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് പോയത്. പിറ്റേ ദിവസം നോമ്പ് തുറക്കാന്‍ വീട്ടിലെത്തി. ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഒരു നോമ്പനുഭവമായിരുന്നുവത്.

SHARE