ബാബരി മസ്ജിദ്: കോടതിവിധിക്ക്‌ശേഷം ഉണരുന്ന ചില ചിന്തകള്‍

പി. മുഹമ്മദ് കുട്ടശ്ശേരി

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇസ്‌ലാം മതവിശ്വാസികളുടെ ഹൃദയങ്ങളും കീറിമുറിക്കപ്പെട്ടു. കാരണം പള്ളികള്‍ മുസ്‌ലിം ഹൃദയങ്ങളുമായി അത്രമാത്രം ശക്തിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. മസ്ജിദുകള്‍ വിശ്വാസികള്‍ക്ക് ദൈവത്തിന്റെ ഭവനങ്ങളാണ്. ബാബരി മസ്ജിദ് ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക നില നില്‍പ്പിന്റെ ചിഹ്നങ്ങളില്‍ ഒന്നായി ഗണിക്കപ്പെടുകയായിരുന്നു. പരമോന്നത നീതി പീഠത്തില്‍ നിന്ന് അവരുടെ വേദനക്ക് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയര്‍പ്പിച്ചു കഴിയുമ്പോഴാണ് അവരെ പൂര്‍ണ്ണമായും നിരാശയിലാഴ്ത്തുന്ന ഒരു തീരുമാനമുണ്ടായത്. ബാബരി മസ്ജിദ് തകര്‍ത്ത വിഭാഗത്തിന് അവിടെ ക്ഷേത്രം പണിയുന്നതിന് വിട്ടുകൊടുക്കുകയും മുസ്‌ലിംകള്‍ക്ക് പളളി നിര്‍മ്മിക്കാന്‍ അയോധ്യയില്‍ തന്നെഅഞ്ചേക്കര്‍ നല്‍കുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷം അസംതൃപ്തരും നിരാശരും നീതി നിഷേധിക്കപ്പെട്ടു എന്ന ശക്തമായ വികാരം ഉള്ളില്‍ ഒതുക്കുന്നവരുമാണ്. എന്നാല്‍ അവര്‍ സമാധാനവും സംയമനവും പാലിക്കുകയും നിയമാനുസൃതമായ പരിഹാരത്തിന് ശ്രമിക്കുകയുമാണ്. അല്ലാതെ ബാബരി മസ്ജിദ് തകര്‍ത്തവരുടെ സമീപനം സ്വീകരിക്കുന്നവരല്ല. കാരണം അവരുടെ മതവും വിശ്വാസ സംസ്‌കാരവും അതനുവദിക്കുന്നില്ല- നല്ലത് വരുത്താന്‍ സര്‍വ്വ ശക്തനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നു.

ഈ പരിഷ്‌കൃതയുഗത്തില്‍, ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്താണ് പള്ളിക്ക് നേരെയുള്ള ഈ ആക്രമണം നടന്നതെങ്കില്‍ മുമ്പും പള്ളികള്‍ക്ക് നേരെ ഇത്‌പോലുള്ളത് ചരിത്രത്തില്‍ നടന്നിട്ടുണ്ട്. ആദ്യത്തെ സംഭവം ദൈവാരാധനക്ക് വേണ്ടി ലോകത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ട കഅബയുടെ നേരെ നടന്ന ആക്രമണമാണ്. ഹജ്ജ് മക്കയില്‍ നിന്ന് തന്റെ നാടായ യമനിലേക്ക് മാറ്റണമെന്ന് ഉദ്ദേശിച്ച് യമനിലെ രാജാവായിരുന്ന അബ്‌റഹത്ത് കഅബ പൊളിക്കാനായി ഗജവീരന്‍മാരടങ്ങിയ ഒരു സൈന്യത്തെ മക്കയിലേക്കയച്ചു. എന്നാല്‍ അല്ലാഹു അവരുടെ നേരെ ചൂളക്കല്ലുകള്‍ എറിയുന്ന പറവക്കൂട്ടങ്ങളെ അയച്ചു അവരെ കാലികള്‍ ചവച്ചരച്ച വൈക്കോല്‍പോലെയാക്കി. എങ്കിലും ഹിജ്‌റ 278-ല്‍ കൂഫയില്‍ പ്രത്യക്ഷപ്പെട്ട ‘ഖറാമിത’ എന്ന തീവ്രവാദ സംഘടനക്ക് കഅബയുടെ നേരെ ആക്രമണം നടത്താന്‍ സാധിച്ചു. അവര്‍ ഡമസ്‌കസിന്റെയും ബസറയുടെയും നേരെ ആക്രമണം നടത്തി ഇറാഖിന്റെ പല ഭാഗങ്ങളും കീഴ്‌പ്പെടുത്തി. 317-ല്‍ ഹിജാസിലേക്ക് കടന്നു. ദുല്‍ഹജ്ജ് എട്ട് വിവിധ നാടുകളില്‍ നിന്ന് ഹജ്ജിനെത്തിയ വിശ്വാസികള്‍ മസ്ജിദുല്‍ ഹറമിന്റെ ഉള്ളിലും പുറത്തുമെല്ലാം. ഖറാമിത മസ്ജിദുല്‍ ഹറമിലേക്ക് ചാടിവീണു. കണ്ണില്‍ കണ്ടവരെ മുഴുവന്‍ വെട്ടിവീഴ്ത്തുകയായി. രക്ഷ കിട്ടുമെന്ന് കരുതി ചിലര്‍ കഅബയുടെ കില്ല പിടിച്ചുനില്‍ക്കുന്നു. പക്ഷേ, ആക്രമണകാരികള്‍ കഅബക്ക് ഒരു പവിത്രതയും കല്‍പിച്ചില്ല. വധിച്ച മനുഷ്യരെയെല്ലാം സംസം കിണറ്റിലേക്കെറിഞ്ഞു. കുറേ പേരെ മസ്ജിദുല്‍ ഹറമില്‍ ഒരു കുഴിയെടുത്തു അതില്‍ മൂടി. പിന്നെ കഅബയുടെ വാതില്‍ പുഴക്കിയെടുത്തു. അതിന്റെ വിരിയെടുത്തു കീറി കഷ്ണമാക്കി അത് വീതിച്ചെടുത്തു. അവസാനം അവര്‍ അതിക്രൂരമായ ആ കൃത്യം നിര്‍വ്വഹിച്ചു. ഒരു ദണ്ഡു കൊണ്ടുവന്നു ഹജറുല്‍ അസ്‌വദ് ഇളക്കിയെടുത്തു അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. മക്ക അമീര്‍ അവരെ പിന്തുടര്‍ന്നു. ആവശ്യപ്പെടുന്ന അത്രയും പണം തരാന്‍ തയ്യാറാണ്. ഹജറുല്‍ അസ്‌വദ് തിരിച്ചുതരികയാണെങ്കില്‍ എന്ന് പറഞ്ഞുനോക്കി. അവര്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, അമീറിനെയും കുടുംബത്തെയും വധിച്ചു. ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ പരിശുദ്ധ ശില അവരില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞത്.

മുസ്‌ലിംകളുടെ ആദ്യത്തെ ഖിബ്‌ലയാണ് മസ്ജിദുല്‍ അഖ്‌സാ. ഖലീഫാ ഉമറിന്റെ കാലത്താണ് അതും ജറുസലമും കൃസ്ത്യാനികളില്‍ നിന്ന് മോചിപ്പിച്ചത്. എന്നാല്‍ പിന്നെ നാലര നൂറ്റാണ്ടുകള്‍ക്ക്‌ശേഷം കുരിശാക്രമണകാരികള്‍ മുസ്‌ലിംകളില്‍ നിന്ന് അത് പിടിച്ചെടുത്തു. അവിടെ ബാങ്ക് വിളി അവസാനിപ്പിച്ചു. മണിയടി ആരംഭിച്ചു. യൂറോപ്പ് അടുത്ത് തന്നെ ഇസ്‌ലാം കീഴ്‌പ്പെടുത്തുമെന്ന് ഭയന്ന് ക്രൈസ്തവ സമൂഹം മുസ്‌ലിം ഭരണത്തിന്റെ ദുര്‍ബലാവസ്ഥ ചൂഷണം ചെയ്യുകയായിരുന്നു. 1099 ജൂലായ് 15ന്(ഹി.) 492 ശഅബന്‍ 23) ആണ് ആ ദുരന്തം സംഭവിച്ചത്. മുസ്‌ലിംകളുടെ 40 ദിവസത്തെ ചെറുത്തുനില്‍പ്പ് തകര്‍ത്ത് കുരിശാക്രമണകാരികള്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇരച്ചുകയറി. ചരിത്രകാരനായ ഇബ്‌നു ഖല്‍ദുനിന്റെ വിശദീകരണം ഇങ്ങനെയാണ്- ഫ്രഞ്ചുകാര്‍ ബൈത്തുല്‍ മുഖദസില്‍ അഴിഞ്ഞാട്ടം നടത്തി. ഒരാഴ്ച കവര്‍ച്ച ചെയ്ത് കഴിച്ചുകൂട്ടി. മസ്ജിദുല്‍ അഖ്‌സായില്‍ മാത്രം വധിക്കപ്പെട്ട ഉലമാക്കളുടെയും ഇമാമുകളുടെയും ഭക്തന്‍മാരുടെയും എണ്ണം 70,000 വരും. 91 വര്‍ഷം കുരിശാക്രമണകാരികളുടെ കയ്യിലായിരുന്ന ഈ വിശുദ്ധ ദേവാലയം മുസ്‌ലിംകള്‍ക്ക് അപമാനത്തിന്റെ പര്യമായി നിലകൊണ്ടു. ഇതില്‍ നിന്ന് മോചനം ലഭിക്കാന്‍ രംഗത്ത് വന്ന വീര സാഹസികനായ യോദ്ധാവത്രെ സലാഹുദ്ദീന്‍ അയ്യൂബി.

അദ്ദേഹം ആക്രമണകാരികളില്‍ നിന്ന് രാജ്യം ഓരോന്നും തിരിച്ചുപിടിച്ചു. ചര്‍ച്ചാക്കപ്പെട്ട പള്ളികളെ പൂര്‍വ്വ സ്ഥിതിയിലാക്കി അങ്ങനെ ബൈത്തുല്‍മുഖദസിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങിയ സലാഹുദ്ദീന്‍ ഹി. 583 റജബ് 27ന് ബൈത്തുല്‍ മുഖദ്ദസിലെത്തി. അന്ന്, വെള്ളിയാഴ്ച അവിടെ ജുമുഅ നടത്താന്‍ സലാഹുദ്ദീന് സമയം ലഭിച്ചില്ല. പള്ളി കഴുകി വൃത്തിയാക്കി കുരിശുകള്‍ നീക്കം ചെയ്തു അടുത്ത വെള്ളിയാഴ്ചയാണ് ജുമുഅ നടത്തിയത്. എഴുപതിനായിരം മുസ്‌ലിംകളെ വധിച്ച വിഭാഗത്തിന് സലാഹുദ്ദീന്‍ മാപ്പ് നല്‍കി.ഏത് വിഭാഗത്തിന്റെയും ആരാധനാലയങ്ങള്‍ക്ക് പവിത്രത കല്‍പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ നയം. വിശുദ്ധ ഖുര്‍ആന് 22.40ല്‍ അത് വ്യക്തമാക്കുന്നു. ഒരു നാട് ജയിച്ചടക്കിയാല്‍ അവിടുത്തെ ദേവാലയത്തിന് സംരക്ഷണം നല്‍കാന്‍ ഖലീഫാ ഉമര്‍ നിര്‍ദ്ദേശിച്ചിരുന്നു. അവരുടെ പള്ളികള്‍ പാര്‍പ്പിടങ്ങളാക്കാനോ അവ പൊളിക്കാനോ അവയുടെ വലിപ്പം കുറക്കാനോ പാടില്ല. അവയുടെ സ്ഥലമോ കുരിശോ ഏതെങ്കിലും സ്വത്തോ എടുക്കാന്‍ പാടില്ല- ഖലീഫ വലിദുബ്‌നു അബ്ദുല്‍ മലികിന്റെ കാലത്ത് പള്ളി വികസിപ്പിക്കാന്‍ ചര്‍ച്ചിന്റെ ഒരു ഭാഗം മസ്ജിദിനോട് ചേര്‍ത്തിരുന്നു.ഉമറുബ്‌നു അബ്ദുല്‍ അസീസ് അധികാരത്തില്‍ വന്നപ്പോള്‍ ക്രിസ്ത്യാനികള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ഉടനെ ചര്‍ച്ചില്‍ നിന്ന് എടുത്ത ഭാഗം വിട്ടികൊടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഖലീഫയുടെ പ്രവൃത്തിയില്‍ സംതൃപ്തി തോന്നിയ ക്രിസ്ത്യാനികള്‍ സ്ഥലത്തിന്റെ വില വാങ്ങി ഒത്തുതീര്‍പ്പിലെത്തുകയാണുണ്ടായത്.

ആരാധനാലയങ്ങള്‍ അവ ഏത് മതക്കാരുടേതാണെങ്കിലും ഇസ്‌ലാമിന്റെ നയം വ്യക്തമാണ്. ആരുടെ ദേവാലയവും പൊളിച്ചുമാറ്റാനോ അവയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനോ പാടില്ല. തര്‍ക്കമുണ്ടായാല്‍ ബന്ധപ്പെട്ട് കക്ഷികളുടെ പൂര്‍ണ്ണ സമ്മതത്തോടെയും നിയമാനുസൃതമായും യോജിപ്പിലെത്താം. ബാബരി മസ്ജിദിന്റെ വിഷയത്തില്‍ ഈ തത്വം പാലിക്കപ്പെട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ സംഭവം. എന്നാല്‍ ഇതിന്റെ പേരില്‍ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാതെയും ഇതര സമുദായങ്ങളുമായുള്ള സൗഹാര്‍ദ്ദബന്ധം തകരാറിലാക്കാതെയും സമാധാനപരമായും നിയമാനുസൃതമയും നീതിക്ക് വേണ്ടി പോരാടുവാനുള്ള മുസ്‌ലിം വിശ്വാസികളുടെ അവകാശം നിഷേധിക്കാവതല്ല.
ബാബ്‌രി മസ്ജിദ്‌പോലുള്ളതും അതിന്റെ എത്രയോ ഇരട്ടി ഉഗ്രതയുള്ളതുമായ ആഘാതങ്ങളെ തരണം ചെയ്താണ് മുസ്‌ലിംകള്‍ വളര്‍ന്ന് ഇന്ന് ലോകജനസംഖ്യയുടെ നാലിനൊന്ന് എത്തിയത്. വിശ്വാസികള്‍ക്കായിരിക്കും അന്തിമ വിജയം.

SHARE