സംഘ് രാഷ്ട്രീയത്തിന്റെ കളരി

കെ.പി ജലീല്‍

കമ്യൂണിസ്റ്റ്പാര്‍ട്ടി സോവിയറ്റ്‌യൂണിയന്‍ ഭരിച്ചിരുന്നകാലത്ത് അതിന്റെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവിനോട് ഒരു വാര്‍ത്താലേഖകന്‍ ഇങ്ങനെ ചോദിച്ചു: താങ്കളുടെ രാജ്യത്ത് എന്നും പ്രശ്‌നങ്ങളാണല്ലോ. മറുപടി: അതില്ലാത്ത ഏതെങ്കിലുമൊരു നാടിനെക്കുറിച്ച് പറഞ്ഞുതരാമോ. വൈവിധ്യമാര്‍ന്ന ചിന്താഗതികളും വിശ്വാസങ്ങളും സാംസ്‌കാരികതകളുമെല്ലാം കൊണ്ട് ലോകത്തെ എണ്ണൂറുകോടിയിലധികംവരുന്ന ജനത പലതട്ടുകളിലും കമ്പാര്‍ട്ട്‌മെന്റുകളിലുമാണ് ജീവിക്കുന്നത്. അവര്‍ക്കിടയിലുണ്ടായേക്കാവുന്ന അസ്വാരസ്യങ്ങള്‍ ചിലഘട്ടങ്ങളില്‍ അസ്വസ്ഥതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കുമൊക്കെ കാരണമാകാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനതയിലെ വൈവിധ്യങ്ങള്‍ സഹസ്രാബ്ദങ്ങളായി ജനതയെ ഒറ്റക്കെട്ടായി കൊണ്ടു നടക്കുകയാണ്. ഇതിനെയാണ് നാനാത്വത്തില്‍ ഏകത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അയോധ്യയിലെ ബാബരിമസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ചിലവര്‍ഗീയസംഘടനകളുടെയും വ്യക്തികളുടെയും ആവശ്യത്തെ രാജ്യത്തെ ഉന്നത നീതിപീഠം അംഗീകരിക്കുകവഴി ഇന്ത്യാമഹാരാജ്യത്തിന്റെ ആ ഏകത്വത്തിലാണ് നിഴല്‍ വീണിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഫൈസാബാദ് ജില്ലയിലെ അയോധ്യയില്‍ അഞ്ചുനൂറ്റാണ്ടോളമായി നിന്നിരുന്നതും മുസ്്‌ലിംകള്‍ നാനൂറു വര്‍ഷത്തിലധികം പ്രാര്‍ത്ഥന നടത്തിയതുമായ ആരാധനാലയം ഹിന്ദുത്വതീവ്രവാദികള്‍ തച്ചുതകര്‍ക്കുമ്പോള്‍ രാജ്യം ഗാന്ധിവധത്തിനു ശേഷമുള്ള രണ്ടാമത്തെ രാഷ്ട്രധ്വംസനമാണ ് നടന്നത്. നവംബര്‍ ഒന്‍പതിലെ വിധിയോടെ രാജ്യത്തിന്റെ മതേതരപൈതൃകംതന്നെ ക്ഷീണിച്ച അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്ക് കടന്നുവന്ന മുഗള്‍ ഭരണാധികാരികളിലെ ആദ്യത്തെ ചക്രവര്‍ത്തിയായ ബാബറുടെ നിര്‍ദേശപ്രകാരം 1528ലാണ് അദ്ദേഹത്തിന്റെ ജനറല്‍ മീര്‍ബഖ്വി ബാബരി പള്ളി നിര്‍മിക്കുന്നത്. പള്ളി നിലനിന്നിരുന്ന സ്ഥലത്ത് 1949വരെ യാതൊരു തരത്തിലുള്ള ഇടപെടലും ഉണ്ടായിരുന്നില്ലെങ്കിലും ആവര്‍ഷം ഡിസംബര്‍ 22-23 രാത്രി കൊണ്ടുവെക്കപ്പെട്ട രാമവിഗ്രഹങ്ങളാണ് ഇന്ത്യന്‍ ഹിന്ദുത്വത്തിന്റെ ഗൂഢലക്ഷ്യങ്ങളുടെ പ്രതീകമായത്. 1989ല്‍ പള്ളിയുടെസമീപം ശിലാന്യാസം നടത്തുക കൂടിയായതോടെ പൂര്‍ണമായും പള്ളി മുസ്്‌ലിംകളുടെ സ്വാധീനത്തിനതീതമാകുകയായിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചതിനെ തുടര്‍ന്ന് 410 സീറ്റുകളോടെ രാജ്യത്താദ്യമായി നാലിലൊന്ന് ഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്ന പുത്രന്‍ രാജീവ്ഗാന്ധിയാണ് പിന്നീട് അഞ്ചുകൊല്ലം രാജ്യത്തിന്റെ വിവിധരംഗങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത്. എന്നാല്‍ വെറും 65 കോടിയുടെ ബോഫോഴ്‌സ് തോക്കിടപാട് ചൂണ്ടിക്കാട്ടി പ്രതിപക്ഷകക്ഷികള്‍ നടത്തിയ പ്രക്ഷോഭം കോണ്‍ഗ്രസ്‌സര്‍ക്കാരിന്റെ തിരിച്ചുവരവിന് തടയിടുകയായിരുന്നു. 1989ല്‍ വി.പി സിംഗാണ് ( രാജീവ്ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്ന) കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുതിയ പ്രധാനമന്ത്രിമോഹവുമായി രംഗത്തുവന്നത്. അതിന് എല്ലാവിധ വെള്ളവും വളവും നല്‍കിയത് ഇന്ന് അധികാരത്തിലിരിക്കുന്ന ബി.ജെ.പിയും ഹിന്ദുത്വശക്തികളുമായിരുന്നു. അന്നുവരെ വെറും രണ്ട് സീറ്റുമാത്രം ലോക്‌സഭയിലുണ്ടായിരുന്ന ബി.ജെ.പി വലിയനേട്ടമാണ് ജനതാദളുമായി ചേര്‍ന്ന് ഉണ്ടാക്കിയത്.

85 സീറ്റു നേടാന്‍ ആ പാര്‍ട്ടിയെ സഹായിച്ചത് മേല്‍പറഞ്ഞ ബാബരി മസ്ജിദ് വിഷയമായിരുന്നു. ബാബരിമസ്ജിദ് പണിതത് അവിടെ നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ചായിരുന്നുവെന്ന വാദമാണ് ബി.ജെ.പിയും വി.എച്ച്.പിയും ആര്‍.എസ്.എസും മറ്റും ഉയര്‍ത്തിയത്. ഇത് പൊതുവില്‍ വടക്കേ ഇന്ത്യയിലെ ഹിന്ദുക്കളില്‍ വലിയ സാമുദായിക വേര്‍തിരിവിനും സ്പര്‍ധക്കും കാരണമായി. ഉദ്യോഗസംവരണത്തിനു വേണ്ടിയുള്ള മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിലൂടെ ഹിന്ദുക്കളെ പിന്നാക്കക്കാരും മേല്‍ജാതിക്കാരുമെന്ന് ഭിന്നിപ്പിക്കാന്‍ ജനതാദള്‍ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പിയും കൂട്ടരും നടത്തിയ പരിശ്രമത്തിന്റെ തുടര്‍ച്ചയായിരുന്നു അവരുണ്ടാക്കിയ രാമജന്മഭൂമി പ്രക്ഷോഭപ്രസ്ഥാനം. വിവിധ ഹൈന്ദവ സംഘടനകള്‍ ഇതിലൂടെ ഉത്തരേന്ത്യയില്‍ ശക്തിയാര്‍ജിച്ചു. ബി.ജെ.പി അധ്യക്ഷന്‍ എല്‍.കെ അഡ്വാനിക്കായിരുന്നു ഇതിന്റെ നേതൃത്വം. ഇതിലൂടെ രാജ്യഭരണം പിടിക്കാമെന്ന പ്രതിപക്ഷ തന്ത്രം വിജയിച്ചതിന്റെ ഫലമായിരുന്നു എ.ബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ 1996 ലുണ്ടായ ആദ്യബി.ജെ.പി മന്ത്രിസഭ. രാജ്യവും ജനതയും രാഷ്ട്രനേതാക്കളും രാഷ്ട്രപിതാവും വരെ ശക്തിയുക്തം എതിര്‍ത്ത് പരാജയപ്പെടുത്തിയ ഹിന്ദുത്വവര്‍ഗീയശക്തികള്‍ക്ക് വളം നല്‍കുകയായിരുന്നു ജനതാദളും ഇടതുപക്ഷവും അടങ്ങുന്ന പ്രതിപക്ഷം ചെയ്തത്. അതിലൂടെ സംഭവിച്ചതാകട്ടെ ഇന്നലെവരെയെത്തിയ മുസ്്‌ലിം അപരവല്‍കരണവും.

1992 ഡിസംബര്‍ആറിന് ഞായറാഴ്ചയാണ് കര്‍സേവകരെന്ന പേരില്‍ ബാബരിപള്ളിയുടെ മുകളിലേക്ക് കയറിച്ചെന്ന മൂവായിരത്തിലധികം വരുന്ന അക്രമികൂട്ടങ്ങള്‍ പള്ളി മണിക്കൂറുകളെടുത്ത് ഇടിച്ചുതള്ളിയിട്ടത്. അന്ന് രാഷ്ട്രപതിയായിരുന്ന കെ.ആര്‍.നാരായണന്‍ വിശേഷിപ്പിച്ചത് ബാബരി മസ്ജിദിന്റെ ധ്വംസനം ഗാന്ധിവധത്തിനു ശേഷം രാജ്യം നേരിടുന്ന രണ്ടാമത്തെ വലിയ ദുരന്തം എന്നായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഇതിനകം തന്നെ ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുകയും ചെയ്തു. മുഖ്യമന്ത്രി കല്യാണ്‍ സിംഗും ബി.ജെ.പി നേതാക്കളും അധികാരത്തിന്റെ സകലസൗകര്യങ്ങളും പ്രയോജനപ്പെടുത്തി പള്ളി തകര്‍ക്കാന്‍ നടത്തിക്കൊടുത്ത സഹായം ചരിത്രത്തിലെ കറുത്ത അധ്യായമാണ്. 1993ല്‍ അയോധ്യയിലെ പള്ളി നിലനിന്നിരുന്ന 2.77 ഏക്കര്‍ അടക്കം സമീപത്തെ 69 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. പള്ളി പുനര്‍നിര്‍മിക്കണമെന്ന മതേതരവിശ്വാസികളുടെയും മുസ്‌ലിംകളുടെയും ആവശ്യം ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല. അവിടെ തല്‍സ്ഥിതി തുടരാനായിരുന്നും ഹൈക്കോടതി വിധി. പള്ളിതകര്‍ത്ത കേസില്‍ അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവരെ ശിക്ഷിക്കുന്നതിനുള്ള കേസ് ഹൈക്കോടതി തള്ളിയതും നീതി അകലെയാണെന്ന ഭീതിയുയര്‍ത്തി. എന്നാല്‍ 2017 ല്‍ സുപ്രീംകോടതി കേസില്‍ ഇവരടക്കം പത്തിലധികം പേര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് വിധിച്ചു.

ബാബരി മസ്ജിദ് നിലനിന്ന സ്ഥലം ആരുടെ കൈവശാവകാശമാണെന്ന തര്‍ക്കം ഉണ്ടായി. ഇതില്‍ 2010 സെപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി മൂന്നുകൂട്ടര്‍ക്കായി ഭൂമിയവകാശം വിഭജിച്ചുനല്‍കി. പള്ളിയുടെ പരിപാലകരായ സുന്നി വഖഫ് ബോര്‍ഡ്. രാംലല്ല അഥവാ ഹിന്ദുവിഭാഗം, പിന്നെ സന്യാസി സമൂഹമായ നിര്‍മോഹി അഖോഡ എന്നിവര്‍ക്കായിരുന്നു അത്. അതിന്മേല്‍ ലഭിച്ച 14 പരാതികളിന്മേലാണ് ഇന്നലത്തെ സുപ്രീംകോടതി ബെഞ്ചിന്റെ നിര്‍ണായകവിധി. വിധിയിന്മേല്‍ നടത്തപ്പെടുന്ന വിലയിരുത്തലുകള്‍ പ്രകാരം പലവിധത്തിലുള്ള സംശയങ്ങളാണ് ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത്. അതിലൊന്ന് 2.77 ഏക്കര്‍ഭൂമി പൂര്‍ണമായും സുന്നി വഖഫ്‌ബോര്‍ഡില്‍ നിന്ന് എടുത്തുമാറ്റാനുള്ള കോടതിയുടെ നിര്‍ദേശമാണ്. ഇതിനുള്ള കാരണമായി പറയുന്നത്, പള്ളി നിന്ന സ്ഥലത്തുതന്നെയാണ് വിശ്വാസപ്രകാരം ഹൈന്ദവപുരാണ കഥാപാത്രമായ ശ്രീരാമന്‍ ജനിച്ചതെന്നാണ്. ത്രേതായുഗകാലത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുക മാത്രം ചെയ്യുന്ന ഒന്നില്‍ എങ്ങനെയാണ് കോടതിക്ക് വിധി പറയാന്‍ കഴിഞ്ഞത്. മാത്രമല്ല, രാമന്‍ വാത്മീകി മഹര്‍ഷിയുടെ രാമായണം എന്ന കഥയിലെ കഥാപാത്രം മാത്രമാണെന്ന വ്യാഖ്യാനവുമുണ്ട്. 1500കള്‍ മുതല്‍ 1850 വരെയും ഇല്ലാതിരുന്ന തര്‍ക്കത്തിന്റെ അടിസ്ഥാനം ഇനിയും സുനിശ്ചിതമായി പറയാത്ത ഒരു വിഷയത്തിലാണെന്നത് വലിയ ചോദ്യചിഹ്നമാണ്. ഇതിനെ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഒരു ജഡ്ജി എതിര്‍ത്തുവത്രെ. എങ്കിലും പളളി മാറ്റിപ്പണിയാന്‍ പറയുകയും യമം ലംഘിച്ച് പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാന്‍ പറയുകയും ചെയ്യുന്ന കോടതിയുടെ കാഴ്ചപ്പാടില്‍ വൈരുധ്യമുണ്ട്.

പള്ളിയില്‍ വിഗ്രങ്ങള്‍ കൊണ്ടുവെച്ചതിനെയും ഉന്നത കോടതി എതിര്‍ക്കുന്നുണ്ടെങ്കിലും അതിന് പകരം ക്ഷേത്രം നിര്‍മിക്കുക എന്നത് വലിയ വൈരുധ്യം തന്നെ. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വഖഫ് ഭൂമി പുണ്യസ്ഥലമാണ്. ഇതിനെ വ്യാഖ്യാനിക്കാതെ ഇസ്‌ലാമിക വിഷയങ്ങളില്‍ തങ്ങള്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നാണ് കോടതിയുടെ വിധിപ്രസ്താവം. പള്ളി ക്ഷേത്രം പൊളിച്ച് നിര്‍മിച്ചതാണെന്നതും കോടതി അംഗീകരിക്കുന്നില്ല. പുരാവസ്തുവകുപ്പ് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ കോടതി മുഖവിലക്കെടുത്തെങ്കിലും അവിടെ 1528 ന് മുമ്പുണ്ടായിരുന്നത് ക്ഷേത്രമാണെന്നതിന് തെളിവില്ലെന്നാണ് കോടതിതന്നെ പറയുന്നത്. ഇതും മറ്റൊരു വൈരുധ്യമാണ്. അപ്പോള്‍ തരാതരംപോലെ നിയമത്തെയും ഭരണഘടനയെയും വ്യാഖ്യാനിക്കുകയും തര്‍ക്കം അവസാനിപ്പിച്ച് പ്രശ്‌നം തീരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയുമാണ് കോടതി ചെയ്തിരിക്കുന്നത്. ഇതിനെ പക്ഷേ മുസ്‌ലിംസമൂഹം കാണുന്നത് തങ്ങളുടെ സ്വതവേ പരിമിതപ്പെട്ട പൗരാവകാശങ്ങളുടെ മേലുള്ള ഇടപെടലായാണ്.
സുന്നിവഖഫ് ബോര്‍ഡും മുസ്‌ലിം വ്യക്തിനിയമബോര്‍ഡും നിര്‍മോഹി അഖാഡയും വഞ്ചിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പുന:പരിശോധനക്കായി വീണ്ടും കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതായത്, ഇന്നലത്തെ വിധിയിലൂടെ മാത്രം ബാബരി മസ്ജിദ് -രാമജന്മഭൂമി പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാനാവില്ലെന്ന് അര്‍ത്ഥം. ഏതായാലും ഒരു മനുഷ്യജീവനും ഇനിയൊരിക്കലും പൊലിയാത്തവിധം ഒന്നരനൂറ്റാണ്ടോളം പഴക്കമുള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ പുതിയ കോടതിവിധി ഉപകരിക്കട്ടെ എന്നുമാത്രം ഇപ്പോള്‍ പ്രാര്‍ത്ഥിക്കാം. ഗൊര്‍ബെച്ചോവ് പറഞ്ഞതു പോലെ, സമൂഹത്തിലെ ശത്രുതയില്ലാമക്കും സൗഹാര്‍ദത്തിനും വേണ്ടി ഇനിയും കാതങ്ങള്‍ കാത്തിരിക്കാം.

SHARE