ലുഖ്മാന് മമ്പാട്
മതേതര ജനാധിപത്യ ഇന്ത്യയുടെ ഭരണത്തലവന് ഒരു മത ചടങ്ങില്‍ പങ്കെടുക്കുകയല്ല, കാര്മ്മികനായിരിക്കുന്നു. എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശവും അവസരവും ഉറപ്പാക്കുന്ന ഭരണഘടനയുടെ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട പ്രധാനമന്ത്രി പ്രധാനതന്ത്രിയായിരിക്കുന്നു. രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയിലെ അന്തസത്ത ചോര്‍ത്തി വേദനയില്‍ ഉപ്പുപുരട്ടുമ്പോള്‍ തോറ്റ ജനതയായി കാലം അടയാളപ്പെടുത്തുക ആരെയാവും. രാജ്യം തോല്‍ക്കാതിരിക്കാന്‍ ജയിക്കേണ്ടവരെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ ബാലിശമായ വിചാരപ്പെടലുകള്‍ക്ക് കീഴടങ്ങി ചുടലപ്പറമ്പാക്കാന് രാഷ്ട്രീയ നയരേഖ സ്വീകരിച്ചവര്‍ക്ക് ഇനിയും ചെവികൊടുക്കില്ലെങ്കില് ഒന്നുറപ്പാണ്. വൈവിധ്യങ്ങളുടെ ഇന്ത്യ തോറ്റ ജനതയല്ല. കപ്പല്‍ഛേദം വന്ന് കൊള്ളസംഘം തിരമാലകള്‍ വിഴുങ്ങി ഉപ്പുവെള്ളത്താല്‍ അന്ത്യം കുറിക്കപ്പെടും. ചിത്രത്തില്‍നിന്ന് പഠിക്കുന്ന വലിയ പാഠം ചരിത്രം ഒരിക്കലും ആവര്‍ത്തിക്കില്ലെന്നാണ്.
പറഞ്ഞുവരുന്നത്, സ്വതന്ത്ര ഇന്ത്യയെ അത്രമേല്‍ തമ്മില്‍ തല്ലിച്ചും ചോരയൊഴുക്കിയും വേദനിപ്പിച്ച ഒരു ചരിത്രത്തിന്റെ ദശാസന്ധിയെ കുറിച്ചാണ്. കാല് നൂറ്റാണ്ട് മുമ്പ് രാജ്യത്തിന്റെ ഭരണഘടനയെയും നിയമ സംവിധാനങ്ങളെയും നിയമപാലകരെയുമെല്ലാം കത്തിമുനയില്‍ നിര്‍ത്തി കര്‍സേവ നടത്തിയതിനെ സംബന്ധിച്ചല്ല. മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ നിര്‍ദേശപ്രകാരം 1527ല്‍ പണികഴിപ്പിച്ച അയോധ്യയിലെ പള്ളിയുടെ സാങ്കേതിക അവകാശത്തെ കുറിച്ചല്ല. അതെല്ലാം പറഞ്ഞും കരഞ്ഞും ഒഴുകിയ പതിതരുടെ കണ്ണുനീര് മഹാസമുദ്രം തീര്‍ത്തതാണ്. ഇപ്പോള്‍ വസ്തുത ഒന്നേയുള്ളൂ. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് സത്യം. നാലര നൂറ്റാണ്ടുകാലം ബാബരി മസ്ജിദ് നിലനിന്ന സ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീംകോടതി വിട്ടുകൊടുത്തിരിക്കുന്നു. ആ വിധിയെ ഹൃദയ നൊമ്പരത്തോടെയെങ്കിലും മുസ്്ലിം സമുദായം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതീക്ഷയര്‍പ്പിച്ച വലിയൊരു ജനപഥവും അംഗീകരിച്ചിരിക്കുന്നു.
ഇപ്പോള്‍, അയോധ്യയിലെ (ബാബരി മസ്ജിദ് ഭൂമി) തര്‍ക്കഭൂമിയില്‍ സാങ്കേതികമായി നിയമപരമായ അവകാശം രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിനാണ്. അവിടെയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ്റ്റ് അധ്യക്ഷന്‍ മഹത് നിത്യഗോപാല്‍ ദാസും 135 സന്യാസിമാരും ചേര്‍ന്ന് 40 കിലോ വെള്ളിശില പാകി ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. പാരിജാതത്തൈ നട്ടു, ശ്രീരാമന്റെ പേരില്‍ പ്രധാനമന്ത്രി നടത്തിയ വൈകാരിക മതകേന്ദ്രീകൃത പ്രസംഗത്തില്‍ മുങ്ങിപ്പോയ ഒരു വാര്‍ത്തയുണ്ട്. അതേ കോടതി വിധിയില്‍ ബാബരി മസ്ജിദിന് പകരം മുസ്്ലിംകള്‍ക്ക് പള്ളി നിര്‍മ്മാണത്തിനായി സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ ഭൂമിയുടെ കാര്യമാണത്.
ഫൈസാബാദിലെ അയോധ്യ താലൂക്കില്‍ അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി ഉത്തര്‍പ്രദേശ് സംസ്ഥാന സുന്നി വഖഫ് ബോര്‍ഡ് എക്സിക്യൂവ് ഓഫീസര്‍ സയ്യിദ് ഹുഹൈബ് തന്നെയാണ് അറിയിച്ചത്. ദാനിപൂര്‍ ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മസ്ജിദ് കോംപ്ലക്സിന് വേണ്ടി ഇന്തോ-ഇസ് ലാമിക് കള്‍ച്ചറല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന പേരില്‍ വഖഫ് ബോര്‍ഡിന് കീഴില്‍ ബോര്‍ഡ് ചെയര്മാന് സഫര്‍ ഫാറൂഖ് ചെയര്‍മാനായി 11 അംഗ ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നു. അഞ്ചേക്കര്‍ ഭൂമിയിലെ സമുഛയത്തില്‍ മസ്ജിദിന് പുറമെ സാംസ്കാരിക നിലയവും സൗജന്യ ചികിത്സക്കുള്ള ആസ്പത്രിയും പബ്ലിക് ലൈബ്രറിയും ഉണ്ടാവും. രൂപരേഖ അന്തിമമായിട്ടുണ്ടെന്നും പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും സയ്യിദ് ഹുഹൈബ് വ്യക്തമാക്കുന്നു.
അയോധ്യ താലൂക്കില്‍ ഭരണകൂട കാര്‍മ്മികത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണവും അവിടെ നിന്ന് ആട്ടിയിറക്കപ്പെട്ട സമുദായത്തിന് സുപ്രീംകോടതി ദാനം നല്കിയ സ്ഥലത്ത് ഒരു പള്ളിയും ഉയരുകയാണെന്ന് ചുരുക്കം. ബാബരി മസ്ജിദ് തകര്‍ത്ത ക്രിമിനല്‍ സംഘത്തെ കുറിച്ച് വാചാലമായ സുപ്രീം കോടതി തന്നെ അവര്‍ക്ക് ശിക്ഷ വിധിക്കട്ടെ. ”ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തിന്റെ വികാരം” എന്ന എല്ലാ നിയമത്തിനും മുകളിലുള്ള ക്ലീഷേയുടെ വിചിത്ര ന്യായത്തില്‍ സുപ്രീംകോടതി തീര്‍പ്പാക്കിയ വിഷയത്തില്‍നിന്ന് പലതും വായിച്ചെടുക്കാനുണ്ട്. ഒന്നാമത്തെ പാഠം, ഇനിയൊരു അപ്പീലിന് പോലും വകയില്ലാത്തവിധം അവസാനിപ്പിച്ച വ്യവഹാരത്തെ ഉള്‍ക്കൊള്ളുകയെന്നതാണ്. ഒരു കൂട്ടര് ഒന്നാംകിടയും മറ്റവര് രണ്ടാംതരം പൗരന്മാരുമാണെന്ന അപകര്‍ഷത ഊരിയെറിയുക എന്നതാണ് രണ്ടാമത്തേത്.
ആ അപകര്ഷതയില് തളച്ചിട്ട് അനിശ്ചിതത്വത്തിന്റെ കാണാകയത്തിലേക്ക് തള്ളിയിടാന്‍ സി.എ.എയും മറ്റും തുറിച്ചുനോക്കുന്ന കാലത്ത് ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് മറക്കാതിരിക്കുകയാണ് കരണീയം. എന്നാല്‍, അര നൂറ്റാണ്ടിലേറെ പ്രത്യക്ഷമായിതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തെ വിപരീത ദിശയിലേക്ക് തെളിയിക്കാന്‍ ഉപയോഗിച്ച ബാബരി മസ്ജിദ്-രാമക്ഷേത്ര ദ്വയത്തെ ഇരുതല മൂര്‍ച്ചയോടെ വീണ്ടും രാഗി മിനുക്കുന്നതും കരുതിയിരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സംരക്ഷകരുടെ ആട്ടിന്‍ തോലണിഞ്ഞെത്തുന്നവരെയാണ് ഏറെ കരുതിയിരിക്കേണ്ടത്. ആര്.എസ്.എസും ബി.ജെ.പിയും ഉള്‍പ്പെടുന്ന സംഘ്പരിവാര്‍ മാത്രമല്ല, കോണ്‍ഗ്രസിലെയും ഇടതുകക്ഷികളിലെയും പലരും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തെ കലവറയില്ലാതെ പിന്തുണക്കുമ്പോള്‍ മുസ്്ലിംലീഗിലേക്ക് ക്യാമറ തിരിച്ചുവെച്ച് വേദനിക്കുന്ന സമുദായത്തിന്റെ അസ്തിത്വത്തില്‍ കൂടുതല്‍ പ്രഹരമേല്പ്പിക്കാനാവുമോയെന്നാണ് പരീക്ഷണം.
ഇന്ത്യയില്‍ എവിടെയെങ്കിലും ഒരു ക്ഷേത്രം പണിയുന്നതിനെക്കുറിച്ച് മുസ്്ലിംലീഗിന്റെ നിലപാട് എന്താണ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് മുസ്്ലിംലീഗിന്റെ അഭിപ്രായം എന്താണ്. രണ്ടിന്റെയും ഉത്തരം ഒന്നാണ്. അതു പറയുംമുമ്പ് ഒരു മറുചോദ്യംകൂടി ഉന്നയിക്കട്ടെ. പള്ളിയോ, ചര്‍ച്ചോ, അമ്പലമോ ഏതുമാവട്ടെ ലോകത്തെവിടെയും ഒരാരാധനാലയം പണിയാനോ ദൈവത്തെ ആരാധിക്കാനോ പാടില്ലെന്നു പ്രത്യയശാസ്ത്രപരമായി നിലപാടുള്ള ഏതെങ്കിലും രാഷ്ട്രീയ സംഘടന ഇന്ത്യയിലുണ്ടോ. അവരാണ് ഈ പരുവത്തില്‍ സംഘ്പരിവാറിന് അധികാരത്തിന്റെ കിരീടവും ചെങ്കോലും നല്കാന് മത്സരിച്ചത്. അതിനെക്കുറിച്ച് ആദ്യം പറയാം.
ഇസ്ലാമിക ശരീഅത്തിനെതിരെ പകയോടെ നിലയുറപ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയ ഇ.എം.എസ് എന്ന ‘നമ്പൂതിരിപ്പാട്’ വാലിനെ അലങ്കാരമാക്കിയ സി.പി.എം ജനറല്‍ സെക്രട്ടറിക്ക് ശേഷം തലയില്‍ അതു ‘പ്രകടമാക്കിയ’ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ ദേശീയ രാഷ്ട്രീയ രംഗപ്രവേശത്തെക്കുറിച്ച് അധികമാരും പറഞ്ഞിട്ടുണ്ടാവില്ല. ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഗാന്ധിജിയെ ചെറുതായിട്ടൊന്ന് കൊന്ന’തോടെ രാജ്യത്ത് ഒറ്റപ്പെട്ട ആര്.എസ്.എസിനെയും ജനസംഘത്തെയും അധികാരത്തിലേക്ക് ആദ്യമായി ചേര്‍ത്തു നിര്‍ത്താന്‍ പരിശ്രമിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ സി.പി.എമ്മിനെ നയിക്കാനുള്ള യോഗ്യത. 1967ലാണ് സംഭവം. പുനസംഘടിപ്പിക്കപ്പെട്ട പഞ്ചാബില്‍. 104 അംഗ സഭയില്‍ കോണ്‍ഗ്രസിന് 48 സീറ്റ്. കേവല ഭൂരിപക്ഷത്തിന് ഏതാനും പേരുടെ കുറവ്. 24 സീറ്റ് നേടിയ അകാലിദള്‍ ശിരോമണിക്ക് മുഖ്യമന്ത്രി പദം.
മൂന്നു പേരുള്ള സി.പി.എം പുറത്തുനിന്ന് പിന്തുണയും മുന്നണി കണ്‍വീനറായി സുര്‍ജിത്തും. ഒമ്പതു പേരുള്ള ഭാരതീയ ജനസംഘത്തെ സി.പി.ഐ (5), ആര്.പി.ഐ (3), എസ്.എസ്.പി (1) അകാലിദള്‍ താരാസിങ് (2) എന്നിവരെയെല്ലാം ചേര്‍ത്ത് രാജ്യത്തെ ആദ്യമായി സംഘ്പരിവാറിന് പരവതാനി വിരിച്ചു സി.പി.എം പിന്നീട് അതു ദേശീയ തലത്തിലേക്ക് വളര്‍ത്തിയതാണ് ജനതാ സര്‍ക്കാറിലൂടെ കണ്ടത്. ഇ.എം.എസും വാജ്പേയിയും അത്താഴമുണ്ട് തടിച്ചു കൊഴുത്ത സഖ്യം. ആര്.എസ്.എസ് ജനസംഘത്തെ ബി.ജെ.പിയാക്കിയപ്പോഴും പഴയ കൂറ് കച്ചവടമൊന്നും ഇല്ലാതായില്ല. 1977ലും 1989 ലും സംഘ്പരിവാറിനൊപ്പം പരസ്യമായി തോളില്‍ കയ്യിട്ട് നടന്നവര്‍ 2006ല്‍ മന്‍മോഹന്‍സിങിനെ താഴെ ഇറക്കാനും ബി.ജെ.പിയോടൊപ്പം ഒട്ടിനില്ന്നും പാലൂട്ടി. ബി.ജെ.പിയില്‍ രഹസ്യമായി പടര്‍ന്ന് കോണ്‍ഗ്രസ് വിരോധം മാത്രം ശ്വസിച്ചിരുന്ന സി.പി.എമ്മിന്റെ ചോരയും നീരും ആവിയായി മൃതപ്രായമായിട്ടും മുഖ്യശത്രുവിനെ തിരിച്ചറിയാനായിട്ടില്ല. ഇപ്പോഴും സി.പി.എമ്മിന്റെ മുഖ്യ ശത്രു ആരെന്നത് തര്‍ക്കമാണ്. അവരാണ് കുളം കലക്കാന്‍ ഏറെ മുമ്പില്‍.
ബി.ജെ.പിക്ക് എതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന് ബദലായി മറ്റൊന്നില്ലെന്ന് തിരിച്ചറിയുകയാണ് മതഛായം തേച്ചുള്ള രാഷ്ട്രീയ ആട്ടക്കഥ കണ്ടു രസിക്കുന്നതിന്പകരം അനിവാര്യം. ബാബരി മസ്ജിദിലും രാമക്ഷേത്രത്തിലും ഒരുപോലെ താല്പര്യമുള്ളവരും ഒന്നിനെ ഔദ്യോഗികമാക്കുന്നവരും തമ്മില്‍ വലിയ അന്തരമുണ്ട്. ശ്രീരാമനെ രാഷ്ട്രീയ ആയുധം എന്നതിനപ്പുറം ഉദാത്തമായ മാതൃകയും വിശ്വാസികളുടെ ആരാധനാമൂര്ത്തിയുമാക്കാന് രാമക്ഷേത്ര നിര്‍മ്മാണം ഉതകുമെങ്കില്‍ നന്നായിരുന്നു. രാജ്യത്ത് എവിടെയും ക്ഷേത്രമോ പള്ളിയോ ചര്‍ച്ചോ പണിയുന്നതിന് മുസ്ലിംലീഗ് എതിരല്ല. ആവശ്യമായ സ്ഥലങ്ങളില്‍ അവ നിര്‍മ്മിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യണമെന്നതിലും തര്‍ക്കമില്ല. ന്യൂനപക്ഷ സമുദായത്തിന്റെ ഹൃദയരക്തം പുരണ്ട അയോധ്യയിലെ ബാബരി ഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം പോലും വേദനയോടെയെങ്കിലും മാനിക്കുകയാണ് കരണീയം.
ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണ സഭയിലെ സക്രിയമായ ഇടപെടല്‍ തൊട്ട് മുസ്ലിംലീഗ് ജനാധിപത്യത്തിന്റെ ഭാഗമായിനിന്ന് അഭിമാനകരമായ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ബാബരി വിഷയത്തെ വിശാലാര്‍ത്ഥത്തില്‍ സമീപിക്കാനും ഭരണഘടനാപരമായി ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കാനുമാണ് മുസ്ലിംലീഗ് തുടക്കം മുതല്‍ ശ്രമിച്ചത്. ബാബരി മസ്ജിദ് വിവാദം കൊടുമ്പിരികൊണ്ട കാലത്ത് (1987 മെയ് 8) പാര്‍ലമെന്റില്‍ ബനാത്ത്വാല അവതരിപ്പിച്ച ബില്ല് 1991ല്‍ നിയമമാക്കിയാണ് ആരാധനാലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് 1947 ആഗസ്ത് 15 ആക്കിയതെന്നത് ഓര്‍ക്കുന്നത് നല്ലതാണ്. ഈ നിയമ നിര്‍മ്മാണത്തിന് മുമ്പെ തുടങ്ങിയ വ്യവഹാരമായതിനാലാണ് ബാബരിക്കേസില്‍ ഇതു പ്രതിഫലിക്കാതെ പോയതെങ്കിലും ആരാധനാലയങ്ങളില്‍ അവകാശതര്‍ക്കം സൃഷ്ടിക്കുന്ന പ്രവണതക്ക് നിയമപരമായ തടയിട്ട മുസ്ലിംലീഗിന്റെ ചരിത്ര ഇടപെടല്‍ മറ്റനേകം ആരാധനാലയങ്ങള്ക്ക്മുകളില് സംരക്ഷണവലയമാണ്. എന്നാല്‍, ഈ ‘പ്ലയ്സ് ഓഫ് വര്‍ഷിപ്പ് ആക്ട്’ നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഭദ്ര പൂജാരി പുരോഹിത് മഹാ സംഘ് എന്ന സംഘടന കോടതിയെ സമീപിച്ചിരിക്കുന്നുവെന്നത് ആശങ്കയുയര്‍ത്തുന്നതാണ്.