ആരിഫ് മുഹമ്മദ് ഖാന്‍ ചരിത്രം മറന്നു പോവരുത്

സുഫ്‌യാന്‍ അബ്ദുസ്സലാം

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ കേരളം ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി പ്രതികരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേരളീയ സമൂഹത്തിന്റെ പൊതുബോധത്തിനെതിരായി ബഹുമാനപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചില പ്രസ്താവനകള്‍ പുറത്തേക്ക് വന്നത്. കേന്ദ്രം പാസാക്കുന്ന നിയമങ്ങളെല്ലാം അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്നും അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം അനുസരിക്കാനും ദേശിയ പൗരത്വ പട്ടിക നടപ്പിലാക്കാനുമുള്ള ബാധ്യത കേരളത്തിനുമുണ്ടെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആശയങ്ങളായിരുന്നു പൗരത്വബില്ലെന്നും അതു നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നുമാണ് ആരിഫ് ഖാന്‍ വാദിച്ചത്.

പാകിസ്ഥാനില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടില്ല എന്നും അവിടെ നിന്ന് മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെങ്കില്‍ തന്നെ അത് സാമ്പത്തിക നേട്ടങ്ങള്‍ ഉദ്ദേശിച്ചു മാത്രമാണെന്നും വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആരിഫ് ഖാന്‍ പറഞ്ഞത് സംഘപരിവാറിന്റെ ന്യായീകരണങ്ങള്‍ മാത്രമായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ അനവസരങ്ങളില്‍ വാ തുറക്കുക എന്നത് ഗവര്‍ണര്‍മാര്‍ പൊതുവില്‍ സ്വീകരിക്കുന്ന ശൈലിയല്ല. രാഷ്ട്രീയ വീക്ഷണങ്ങള്‍ ഉണ്ടാവാമെങ്കിലും തങ്ങളുടെ പദവിയുടെ മഹത്വം മനസ്സിലാക്കി രാഷ്ട്രീയ കക്ഷികളുമായും സര്‍ക്കാരുമായും ഏറ്റുമുട്ടലുകള്‍ ഉണ്ടാകാതെ നോക്കുകയെന്ന സാമാന്യമര്യാദയാണ് പൊതുവില്‍ ഗവര്‍ണമാര്‍ സ്വീകരിക്കാറുള്ളത്. പൗരത്വ ബില്ലിനെതിരെ രാഷ്ട്രീയ വ്യത്യാസം മറന്നുകൊണ്ട് യു ഡി എഫും എല്‍ ഡി എഫും മാത്രമല്ല സംഘപരിവാര്‍ അല്ലാത്ത മുഴുവന്‍ വിഭാഗങ്ങളും ഒന്നിച്ചു നിന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരത്തെ മാനിക്കാതെയുള്ള അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

പുരോഗമന വാദത്തിന്റെയും ഇസ്‌ലാമിക നവോത്ഥാന ചിന്തയുടെയും വലിയ വക്താവായി പലപ്പോഴായി രംഗത്തുവരാന്‍ ശ്രമിച്ചിട്ടുള്ള ആളാണ് ആരിഫ് ഖാന്‍. പക്ഷെ അദ്ദേഹത്തിന്റെ ‘പുരോഗമന’ ചിന്ത പൗരത്വ ബില്‍ പ്രശ്‌നത്തില്‍ ആര്‍ എസ് എസിന്റെ അറുപിന്തിരിപ്പന്‍ വര്‍ഗീയ ചിന്തകള്‍ക്ക് വഴിമാറിയെന്നത് വൈരുധ്യമായി തോന്നിയേക്കാമെങ്കിലും അതില്‍ അത്ഭുതപ്പെടാനില്ല. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന രാഷ്ട്രീയക്കാരന്റെ ഭൂതകാല ചരിത്രം അങ്ങനെയാണ്. ആ ചരിത്രത്തെ ദര്‍പ്പണമായി സ്വീകരിച്ച് അതിലൂടെ കണ്ണോടിക്കുന്നത് അദ്ദേഹത്തിന് സ്വയം തിരിച്ചറിവിന് ഉപകരിക്കും.

1977 ല്‍ മുന്‍പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗിന്റെ ഭാരതീയ ക്രാന്തിദളിലൂടെയാണ് ആരിഫ് ഖാന്‍ രാഷ്ട്രീയത്തില്‍ പിച്ച വെച്ചു തുടങ്ങിയത്. 1977 എന്ന വര്‍ഷത്തിന് വലിയ പ്രാധാന്യമുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം തിരഞ്ഞെടുപ്പ് നടക്കുകയും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്ത വര്‍ഷമാണത്. ഇന്ദിരയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ പടനയിച്ച മൊറാര്‍ജി ദേശായിയും സഞ്ജീവ റെഡ്ഢിയും നേതൃത്വം നല്‍കിയ സംഘടനാ കോണ്‍ഗ്രസ് ജനസംഘത്തിന് പിന്തുണ നല്‍കിയത് അതേ വര്‍ഷമാണ്. ആര്‍ എസ് എസിന്റെ പഴയ രൂപമായ ജനസംഘത്തിന്റെ കൂടെ കൂടാന്‍ മറ്റു രണ്ടു പാര്‍ട്ടികള്‍ കൂടി ഉണ്ടായിരുന്നു. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചരണ്‍ സിംഗിന്റെ ഭാരതീയ ക്രാന്തിദളും. ഭാരതീയ ക്രാന്തിദള്‍ ജനസംഘത്തിന് പിന്തുണ പ്രഖ്യാപിച്ച അതേ വര്‍ഷമാണ് 26 കാരനായിരുന്ന ആരിഫ് ഖാന്‍ എന്ന ചെറുപ്പക്കാരന്‍ ആ പാര്‍ട്ടിയില്‍ ചേരുന്നത്. ഈ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ജനതാപാര്‍ട്ടി ആയി മാറിയത്. ആര്‍ എസ് എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള മൃദുസമീപനം ചരണ്‍ സിംഗും ജയപ്രകാശും സ്വീകരിച്ച കാലത്ത് അവരുടെ കൂടെയായിരുന്നു ആരിഫ് ഖാനും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ആരിഫ് ഖാനില്‍ ആരെങ്കിലും ഹിന്ദുത്വ മൃദുസമീപനം കാണുന്നുണ്ടെങ്കില്‍ ഈ ചരിത്രം പരിശോധിക്കുന്നത് നന്നായിരിക്കും.

1980 ലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനതാപാര്‍ട്ടി ക്ഷയിച്ചുപോയതോടെ ആരിഫ് ഖാന്‍ ഇന്ദിരയുടെ കോണ്‍ഗ്രസില്‍ ചേരുകയും കാണ്‍പൂരില്‍ നിന്നും മത്സരിച്ച് എം പി ആവുകയും ചെയ്തു. കോണ്‍ഗ്രസില്‍ ആറു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഖാന്‍ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണം ശാബാനു ബീഗം കേസ് ആയിരുന്നു. ഇന്ത്യന്‍ ശരീഅത്ത് ആക്ടില്‍ ശക്തമായ പൊളിച്ചെഴുത്ത് വേണമെന്ന് വാദിച്ചുകൊണ്ട് രംഗത്തുവന്നവരുടെ കൂടെ മുസ്‌ലിം സമുദായാംഗമായ ആരിഫ് നിലയുറപ്പിച്ചതോടെ എല്ലാവരുടെയും കണ്ണ് അദ്ദേഹത്തിലായി. മുത്വലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് ആരിഫ് ഖാന്‍ ആയിരുന്നു. ഇന്ത്യയിലെ മുസ്‌ലിം സമുദായം പരിവര്‍ത്തിക്കപ്പെടണമെന്ന ആശയത്തിന്റെ ശക്തനായ പ്രചാരകനായിരുന്ന അദ്ദേഹം ഇസ്‌ലാമിക പ്രമാണങ്ങളെ അംഗീകരിക്കാതെയുള്ള നവോത്ഥാനം ആയിരുന്നു മുമ്പോട്ട് വെച്ചിരുന്നത്. അതുകൊണ്ടായിരുന്നു ശാബാനു കേസിന്റെ കാലത്ത് അദ്ദേഹത്തിന് ഇസ്‌ലാമിക പണ്ഡിതന്മാരുമായി കൊമ്പ് കോര്‍ക്കേണ്ടി വന്നത്.

1986 ല്‍ മുസ്‌ലിം ലീഗ് നേതാവ് ഗുലാം മഹ്മൂദ് ബനാത്ത്‌വാലയുടെ നേതൃത്വത്തില്‍ ശാബാനു ബീഗം കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പാര്‍ലമെന്റില്‍ മുസ്‌ലിം വനിതാ സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ ബില്‍ പാസാക്കുകയും ചെയ്തതോടെയാണ് രാജീവ് ഗാന്ധിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആരിഫ് ഖാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രി കൂടിയായിരുന്ന അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തു. ശരീഅത്ത് വിഷയത്തില്‍ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി നിന്നപ്പോള്‍ അദ്ദേഹം ശരീഅത്തിന്റെ ശത്രുക്കളുടെ കൂടെയായിരുന്നു നിലയുറപ്പിച്ചിരുന്നത്.
കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച അദ്ദേഹം വി പി സിംഗ്, അരുണ്‍ നെഹ്‌റു എന്നിവരോടൊപ്പം ചേര്‍ന്ന് ജനമോര്‍ച്ച രൂപീകരിച്ചു. ജനമോര്‍ച്ച പിന്നീട് ജനതാപാര്‍ട്ടി, ലോക്ദള്‍, കോണ്‍ഗ്രസ് (എസ്) എന്നീ പാര്‍ട്ടികളുടെ കൂടെ ചേര്‍ന്ന് ജനതാദള്‍ ആയി മാറി. ജനതാദളിന് നേതൃത്വത്തില്‍ രൂപം കൊണ്ട വി പി സിംഗ് മന്ത്രിസഭയില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയാവുകയും ചെയ്തു. ബി ജെ പിയുടെ പിന്തുണയോടെയാണ് ആരിഫ് ഖാന്‍ അടക്കമുള്ള ജനതാദള്‍ മന്ത്രിമാര്‍ അധികാരമേറ്റത്. കേവലം രണ്ടു എം പി മാര്‍ മാത്രമുണ്ടായിരുന്ന ബി ജെ പിക്ക് 85 എം പിമാരെ സമ്മാനിച്ചത് ആരിഫ് ഖാന്‍ അടക്കമുള്ള ജനതാദള്‍ നേതാക്കളുടെ അന്ധമായ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് മൂലമായിരുന്നു. പ്രത്യുപകാരമായി ബി ജെ പി വി പി സിംഗ് മന്ത്രിസഭയെ താങ്ങിനിര്‍ത്തുകയും ചെയ്തു.
എന്നാല്‍ വി പി സിംഗ് സര്‍ക്കാരിന് 11 മാസം മാത്രമേ ഭരിക്കാന്‍ സാധിച്ചുള്ളൂ.

തുടര്‍ന്നുള്ള കാലങ്ങളില്‍ ആരിഫ് ഖാന് വി പി സിംഗ് വേണ്ടത്ര പരിഗണന നല്‍കിയില്ല. മുസ്‌ലിം സമുദായത്തിന്റെ ശക്തമായ എതിര്‍പ്പ് നേടിയെടുത്ത ഖാനെ പരിഗണിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന വി പി സിംഗിന്റെ വിലയിരുത്തലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. ജനതാദളില്‍ നിന്നും രാജി വെച്ച അദ്ദേഹം ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ബി എസ് പി 2002 ല്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ബി എസ് പിയില്‍ നിന്നും അദ്ദേഹം രാജിവെച്ചു രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ബി എസ് പി യുടെ ബി ജെ പി സഖ്യത്തെ വിമര്‍ശിച്ച ആരിഫ് ഖാന്‍, 2004 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പി യില്‍ അംഗത്വം സ്വീകരിച്ച് സകലരെയും ഞെട്ടിച്ചു. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. 2007 ല്‍ ബി ജെ പി വിട്ട ആരിഫ് വീണ്ടും നരേന്ദ്രമോദിയിലൂടെ 2015 ല്‍ ബി ജെ പിയില്‍ തിരിച്ചെത്തി. ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ജനമോര്‍ച്ച, ജനതാദള്‍, ബി എസ് പി, ലോക്ജനശക്തി തുടങ്ങി പല പാര്‍ട്ടികളിലായി, എന്നാല്‍ ഒരു പാര്‍ട്ടിയിലും ഉറച്ചുനില്‍ക്കാതെ ഭാഗ്യാന്വേഷണ രാഷ്ട്രീയത്തിലൂടെ ഭിക്ഷാംദേഹിയായി സഞ്ചരിച്ച ആരിഫ് ഖാന്‍ അന്തിമ താവളമായി തിരഞ്ഞെടുത്തത് ബി ജെ പിയെ ആണെന്നത് യാദൃശ്ചികമെന്ന് പറയാന്‍ സാധിക്കില്ല.

ജനസംഘത്തിന് പിന്തുണ പ്രഖ്യാപിച്ച ഭാരതീയ ക്രാന്തിദളിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങുകയും ശാബാനു ബീഗം കേസില്‍ ശരീഅത്ത് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ഏകസിവില്‍ കോഡിന് വേണ്ടി വാദിക്കുകയും ശേഷം ബി ജെ പിയില്‍ ചേരുകയും ചെയ്ത അദ്ദേഹം പുതിയ പ്രശ്‌നങ്ങളില്‍ പൂര്‍ണമായും സംഘപരിവാര്‍ അനുകൂല നിലപാടിലാണ്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ അനുകൂലിച്ച അദ്ദേഹം രാജ്യത്തിന്റെ ഭരണഘടനയെ തന്നെ ഗുരുതരമായി ബാധിക്കുന്ന പൗരത്വ പ്രശ്‌നത്തില്‍ സംഘപരിവാറിന് അനുകൂലവും മതേതര വിശ്വാസികളെയും ന്യൂനപക്ഷങ്ങളെയും ഭയപ്പെടുത്തുന്നതുമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചതില്‍ നിന്നും അദ്ദേഹത്തിന്റെ മനസ്സില്‍ രൂഢമൂലമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വേരുകളുടെ ആഴം ബോധ്യപ്പെടുകയാണ്. പൗരത്വ പ്രശ്‌നത്തില്‍ ബി ജെ പിയുടെ തന്നെ ഘടകകക്ഷികള്‍ പോലും വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടും ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ പരസ്യമായി മുസ്‌ലിം വിരുദ്ധ വര്‍ഗീയ പൗരത്വ ബില്ലിനെ അനുകൂലിക്കണമെങ്കില്‍ സംഘപരിവാര്‍ പ്രത്യയശാസ്ത്രം എത്രമാത്രം അദ്ദേഹത്തില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം 2004 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായി ആരിഫ് മുഹമ്മദ് ഖാന്‍ മത്സരിച്ചിരുന്നത് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. അന്നദ്ദേഹം ഏതാനും മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സംഘപരിവാര്‍ വിധേയത്വത്തെ മറനീക്കി പുറത്തുകൊണ്ടുവരുന്നുണ്ട്. സംഘപരിവാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഗുജറാത്ത് പോലെയുള്ള കലാപങ്ങള്‍ വര്‍ധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഗുജറാത്തിന് മുമ്പ് രാജ്യത്ത് നടന്ന കലാപങ്ങള്‍ക്ക് സംഘപരിവാര്‍ ആണോ എന്നുചോദിച്ചുകൊണ്ട് ഗുജറാത്ത് കലാപത്തെ നിസ്സാരവത്കരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ഭാവിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ആശങ്കക്ക് മറുപടിയായി സംഘപരിവാറുമായി നല്ല സുഹൃത് ബന്ധം സ്ഥാപിക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് അവിടത്തെ സ്റ്റുഡന്റസ് യൂണിയന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച താങ്കള്‍ക്ക് ഗുജറാത്ത് കലാപം, വിദ്യാഭ്യാസ മേഖലയുടെ കാവിവല്‍ക്കരണം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള പോളിസികള്‍ എന്നിവക്ക് കാരണമായ സംഘപരിവാറുമായി എങ്ങനെ ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നുവെന്ന ചോദ്യത്തിനും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു. നിര്‍ബന്ധിതമായ സാഹചര്യങ്ങളില്‍ നിഷിദ്ധമായത് കഴിക്കുന്നതിനു പോലും ഇസ്‌ലാമില്‍ വിലക്കില്ലെന്നാണ് സംഘ്പരിവാറുമായുള്ള സൗഹാര്‍ദ്ദത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.

ബി ജെ പി അധികാരത്തില്‍ വന്നാല്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഏകസിവില്‍ കോഡാണ് നമ്മുടെ രാജ്യത്തിന് ആവശ്യമെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ബി ജെ പി അത് നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവരുടെ ഉറപ്പുകള്‍ വിശ്വസിക്കാമോ എന്ന ചോദ്യത്തിന് അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ശുഭാപ്തി വിശ്വാസമാണ് വേണ്ടതെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും മറുപറയാന്‍ സന്നദ്ധനാവാതെ സംസാരം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: ‘ബി ജെ പിക്കും സംഘ്പരിവാറിനും സ്വയം കീഴടങ്ങാന്‍ തന്നെയാണ് എന്റെ തീരുമാനം. അതില്‍ മാറ്റമില്ല. അതുവഴി എനിക്കവരുടെ വിശ്വാസം ആര്‍ജിക്കാന്‍ സാധിക്കും. ഉപാധികളില്ലാതെ തന്നെ അവരെ ഞാന്‍ പിന്തുണക്കുകയാണ്’. 2004 ലെ ഈ അഭിമുഖമാണ് അദ്ദേഹത്തിന്റെ ഒട്ടും ആത്മാര്‍ത്ഥമല്ലാത്ത രാഷ്ട്രീയത്തെ പുറത്തുകൊണ്ടുവന്നത്.

കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത ഉടനെ മലയാളികളെ കുറിച്ചുള്ള വളരെ നല്ല വര്‍ത്തമാനം അദ്ദേഹം പറഞ്ഞപ്പോള്‍ മലയാളികള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി. എന്നാല്‍ മലയാളിയുടെ പ്രബുദ്ധതയുടെ ഭാഗമായി ഉയര്‍ന്നു വന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ ഒട്ടുംപ്രബുദ്ധതയില്ലാതെ സംഘപരിവാറിന്റെ അതേ ഭാഷയില്‍ വിമര്‍ശിക്കാന്‍ അദ്ദേഹം തുനിഞ്ഞപ്പോള്‍ ശക്തമായ പ്രതിഷേധം അദ്ദേഹത്തിന് കാണേണ്ടിയും വന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികളും ഒറ്റക്കെട്ടായി പൗരത്വ നിയമത്തിനെതിരെ പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. ഈ പ്രതിരോധത്തെയും മലയാളികളുടെ പ്രബുദ്ധതയെയും തകര്‍ക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. സ്വയം സൃഷ്ടിച്ചെടുത്ത ചരിത്രത്തിന്റെ കണ്ണാടിയെടുത്ത് മുഖമൊന്നു നോക്കുക. ആ കണ്ണാടിയില്‍ തെളിഞ്ഞുകാണുന്ന ചില അപ്രിയസത്യങ്ങളും വിനീത വിധേയത്വങ്ങളും താങ്കളെ ബോധ്യപ്പെടുത്തും; എവിടെയാണ് താങ്കള്‍ക്ക് അബദ്ധങ്ങള്‍ സംഭവിച്ചതെന്ന്.

SHARE