രാഷ്ട്രീയം കലര്‍ന്ന ഭരണഘടനാപദവി

ഇയാസ് മുഹമ്മദ്

വിവാദങ്ങളുടെ തോഴനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈയടുത്ത് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ ഉത്തര്‍പ്രദേശിലെ അബ്ദുല്ലകുട്ടിയെന്നാണ് ആരിഫ് മുഹമ്മദ് ഖാനെ വിശേഷിപ്പിച്ചത്. കൃത്യമായ നിര്‍വചനം തന്നെയാണത്. പല പാര്‍ട്ടികളിലൂടെ, പച്ചത്തുരുത്തുകള്‍ തേടിയുള്ള യാത്രയിലുടനീളം വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ പ്രത്യേക മിടുക്ക് കാട്ടിയെന്നത് മാത്രമേ മറ്റ് ഭിക്ഷാംദേഹികളില്‍നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നുള്ളൂ. 1977ല്‍ ചൗധരി ചരണ്‍ സിങിന്റെ ഭാരതീയ ക്രാന്തി ദളില്‍ തുടങ്ങിയ രാഷ്ട്രീയം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് നാഗ്പൂരിന്റെ ഉമ്മറപ്പടിയിലാണ്. അധികാരത്തിലേക്ക് മടങ്ങിയെത്തിയതോടെ ക്രാന്തിദളില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ ആരിഫ് മുഹമ്മദ്ഖാന്‍ ശബാനുകേസില്‍ ശരീഅത്ത് വിരുദ്ധ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസും വിട്ടു. പിന്നീട് ജനമോര്‍ച്ചയിലും ജനതാദളിലും ബി.എസ്.പിയിലും ലോക്ജനശക്തിയിലും കയറിയിറങ്ങി ഒടുവില്‍ ബി.ജെ.പിയിലെത്തി. ബി.ജെ.പി സഖ്യത്തിന്റെ പേരിലായിരുന്നു ബി.എസ്.പിയില്‍ നിന്നുള്ള രാജി. മൂന്ന് വര്‍ഷം തികയും മുമ്പ് ഇതേ ആരിഫ് മുഹമ്മദ് ഖാന്‍ 2004 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി പാര്‍ലമെന്റിലേക്ക് ടിക്കറ്റ് കൊടുത്തെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ബി.ജെ. പിയോട് മൊഴിചൊല്ലി. പോകാനിടമില്ലാതെ എട്ട് വര്‍ഷത്തെ രാഷ്ട്രീയ വനവാസത്തിനൊടുവില്‍ ബി.ജെ.പി തരംഗം മുന്‍കൂട്ടി കണ്ട് 2015ല്‍ മോദിയുടെ കാല്‍ക്കല്‍ സാംഷ്ടാംഗം അഭയം തേടി. ഇപ്പോള്‍ കേരള ഗവര്‍ണര്‍. നാല് വര്‍ഷം കൊണ്ട് ഗവര്‍ണര്‍ പദവിയിലെത്തിയ ബി.ജെ.പിക്കാരന്‍ വേറെയുണ്ടാകില്ല. ഇത്ര ചുരുങ്ങിയ വര്‍ഷത്തിനിടെ വലിയൊരു ഭരണഘടനാപദവി ആരിഫ് മുഹമ്മദ് ഖാന് എന്തുകൊണ്ട് കല്‍പിച്ച് നല്‍കിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഗവര്‍ണര്‍ പദവി വഹിക്കവേ അദ്ദേഹം നടത്തുന്ന രാഷ്ട്രീയ പ്രസ്താവങ്ങള്‍.
അത്ര കേമത്തമൊന്നുമില്ല ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ക്ക്. ആദര്‍ശത്തിന്റെ വിശുദ്ധി കുപ്പായം ഈ കാലുമാറ്റ ചരിതത്തിന്പാകവുമാകില്ല. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതികായന്‍ എന്ന നിലയിലാണ് ഗവര്‍ണറുടെ ചില പ്രസ്താവങ്ങള്‍.

ഒരു സാമ്പിള്‍ ഇങ്ങനെ
‘പലരും തന്നെ പുറത്തിറക്കില്ലെന്ന് വെല്ലുവിളിച്ചു. എന്നാല്‍ താന്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്’. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവനയാണിത്. ഇതിന്മുമ്പ് ഒരു ഗവര്‍ണര്‍ വെല്ലുവിളി നടത്താന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമല്ല. കാരണം ഗവര്‍ണര്‍മാര്‍ പത്രസമ്മേളനം തന്നെ നടത്തിയിരുന്നില്ല മുമ്പ്. താന്‍ വളരെ വളരെ വ്യത്യസ്തനായ ഒരാളാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള വൃഥാവേലകളിലാണ് ഇപ്പോഴത്തെ കേരള ഗവര്‍ണര്‍. സ്വന്തം നിലയും വിലയും തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നെങ്കില്‍ തൃശൂരില്‍ അദ്ദേഹം വെല്ലുവിളി നടത്തുമായിരുന്നോ എന്നത് സംശയമാണ്.

ഗവര്‍ണര്‍ എന്നത് ഭരണഘടനാപദവിയാണ്. സംസ്ഥാനത്തിന്റെ തലവനാണ് ഗവര്‍ണര്‍. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട കസേരയിലിരുന്ന്‌കൊണ്ട് രാഷ്ട്രീയം പറയുമ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ മാത്രമേ ഇപ്പോഴുണ്ടായിട്ടുള്ളൂ. ഭരണ പ്രതിപക്ഷ ഭേദമന്യേ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ഗവര്‍ണറുടെ നടപടികളെ ചോദ്യംചെയ്യുന്ന സ്ഥിതിവിശേഷം കേരളത്തില്‍ ആദ്യമാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്ന് മേനി നടിച്ചാല്‍ ഉണ്ടാകുന്ന തിരുത്താണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കേരള നിയമസഭയിലെ ബി. ജെ.പി അംഗം കാട്ടിയ രാഷ്ട്രീയ പക്വത പോലും പ്രകടിപ്പിക്കാതെ, ഇരിക്കുന്ന കസേരയുടെ മഹത്വത്തെ കളങ്കപ്പെടുത്തുമ്പോള്‍ തിരുത്തുണ്ടാകുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗം തന്നെയാണ്. രണ്ട് ദിവസം കൊണ്ട് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ദോശ ചുടുന്ന ലാഘവത്തോടെ ഇരുസഭകളിലും ഭൂരിപക്ഷമുറപ്പിച്ച് പൗരത്വ ഭേദഗതി ബില്‍ നിയമമാക്കിയപ്പോള്‍ രാജ്യത്തുടനീളം ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പ്രതിധ്വനിയാണ് കേരള നിയമസഭയിലുമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുമ്പോള്‍ നിയമസഭയില്‍ ബി.ജെ.പി അംഗം ഒ രാജഗോപാല്‍ ഹാജരുണ്ടായിരുന്നു. അദ്ദേഹം എതിര്‍ത്തിരുന്നുവെങ്കില്‍ ഐകകണ്‌ഠ്യേനയുള്ള പ്രമേയം എന്ന ഖ്യാതി നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ ഒന്നിച്ചൊന്നായി എതിര്‍ക്കുന്ന കേരളത്തിനൊപ്പം നില്‍ക്കാനാണ് ഒ. രാജഗോപാല്‍ തയാറായത്. കേരളത്തിന്റെ മതേതര മനസ്സിനൊപ്പമല്ല അദ്ദേഹത്തിന്റെ പാര്‍ട്ടിയെങ്കിലും പ്രമേയത്തെ എതിര്‍ക്കേണ്ടെന്ന സുജനമര്യാദ പുലര്‍ത്തുകയാണ് രാജഗോപാല്‍ ചെയ്തത്.

രാജഗോപാല്‍ ചെയ്യേണ്ട രാഷ്ട്രീയ വേലയാണ് പിന്നീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ല പൗരത്വ നിയമമെന്നും പൗരത്വഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്നുമുള്ള ഗവര്‍ണറുടെ പ്രസ്താവന അല്‍പത്വവും വങ്കത്തവുമായി തീരുന്നതും ഇതിനാലാണ്. നിയമസഭ പാസാക്കിയ ഒരു പ്രമേയം ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്ന അജ്ഞത ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കുണ്ടാകാന്‍ പാടില്ല. രാഷ്ട്രീയ ദാസ്യത്തിന് കിട്ടിയതാണെങ്കില്‍പോലും വഹിക്കുന്ന പദവിയുടെ അന്തസ് കാത്ത് സംരക്ഷിക്കാന്‍ ഭരണഘടനാപദവി വഹിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. നിയമസഭയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സമാന സാഹചര്യത്തിലാണെന്നത് ഓര്‍ക്കേണ്ടതുണ്ട്. എല്ലാ നിയമങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കുമെന്ന ധാര്‍ഷ്ട്യം ഭരണഘടനാപദവി നിര്‍വഹിച്ചുകൊണ്ട് സാധ്യമല്ലെന്നതിന്റെ തെളിവാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

മോദി സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്നതും അട്ടിമറിക്കുന്നതും പുതിയ സംഭവമല്ല. ബംഗാളില്‍ മമതക്കും ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനും എതിരെ നടത്തുന്ന നീക്കങ്ങള്‍ ഉദാഹരണങ്ങള്‍. തമിഴ്‌നാട്ടില്‍ വിജയിച്ച ഭീഷണി ഡല്‍ഹിയിലും ബംഗാളിലും അമ്പേ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, കേന്ദ്ര ഭരണകൂടം നാണംകെടുകയും ചെയ്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും അധികാരം പിടിച്ചെടുക്കാന്‍ നിയോഗിച്ചത് ഗവര്‍ണര്‍മാരെയാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും നടത്തിയ പാതിരാനാടകങ്ങള്‍ പക്ഷേ തോറ്റമ്പി. ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് ഭീഷണിയുടെ സ്വരവും രൂപവുമുണ്ട്. ഏതെങ്കിലും വിത്ത് മുളപ്പിക്കാനാണ് തിരനാടകമൊരുക്കുന്നതെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചൂടില്‍ ഉരുകി തീരുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേ ഉയരുന്ന വിമര്‍ശനങ്ങള്‍. കോണ്‍ഗ്രസും സി.പി.എമ്മും ഒരേ സ്വരത്തില്‍ ഗവര്‍ണറുടെ പ്രസ്താവനകളെ വിമര്‍ശിക്കുന്നത് ഭരണഘടനാ പദവി വഹിക്കുന്ന ഒരാളുടെ രാഷ്ട്രീയ ഇടപെടല്‍ ജനാധിപത്യത്തിന് ഹിതമല്ലെന്നതുകൊണ്ടുതന്നെയാണ്.

വളരെ ചെറുപ്പത്തില്‍ എം.പി ആയിരുന്നതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ലെന്ന കണ്ണൂര്‍ പ്രസംഗത്തെക്കുറിച്ചുള്ള ന്യായീകരണം. ഇര്‍ഫാന്‍ ഹബീബിനെ പോലെ ദേശീയ അന്തര്‍ദേശീയ അംഗീകാരമുള്ള ചരിത്രകാരനെ വേദിയിലിരുത്തി ചരിത്രത്തെ അപനിര്‍മിച്ച് നടത്തിയ പ്രസംഗത്തെ സാധൂകരിക്കാനുള്ളതായിരുന്നു ഈ ന്യായീകരണം. കേരളത്തില്‍ ഒരു ഗവര്‍ണറും നേരിട്ടിട്ടില്ലാത്ത പ്രതിഷേധമാണ് കണ്ണൂരില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റുവാങ്ങിയത്. ഈ നാണക്കേടിന് മറപിടിക്കാന്‍, എണ്‍പതു പിന്നിട്ട, ശാരീരികമായി ഏറെ അവശതകള്‍ നേരിടുന്ന ഇര്‍ഫാന്‍ ഹബീബിനെപോലെ ഒരാള്‍ ഗവര്‍ണറെ ശാരീരികമായി അക്രമിക്കാന്‍ മുതിര്‍ന്നുവെന്ന തരത്തില്‍ പിന്നീടുണ്ടായ വിശദീകരണങ്ങളാണ് ഏറ്റുവാങ്ങിയ പ്രതിഷേധത്തേക്കാള്‍ രാജ്ഭവനെ നാണം കെടുത്തിയത്.

ഭരണഘടനാ പദവി വഹിച്ചുകൊണ്ട് കേരള ഗവര്‍ണര്‍ തൃശൂരില്‍ നടത്തിയ വെല്ലുവിളി കേരള ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയോടുള്ള അവഹേളനമായേ കരുതാനാകൂ. മുഹമ്മദ് ആരിഫ് ഖാന്‍ എന്ത് പ്രസ്താവനകള്‍ നടത്തിയാലും ഗവര്‍ണര്‍ എന്ന പദവി വഹിക്കുന്ന കാലത്തോളം സംസ്ഥാനത്തിന്റെ തലവന്‍ തന്നെയാണ്. എന്നാല്‍ ആ സ്ഥാനത്തിരുന്ന് രാഷ്ട്രീയം പറഞ്ഞാല്‍ കേട്ടിരിക്കുന്നവരല്ല, കേരളമെന്നത് ഈ നാടിന്റെ മഹത്വമാണെന്നെങ്കിലും രാജ്ഭവന്‍ തിരിച്ചറിയണം.

SHARE