മരുന്ന് മണക്കുന്ന ആസ്പത്രി മുറികളില്‍ വെള്ളയുടുപ്പണിഞ്ഞ മാലാഖമാരാണ് നഴ്സുമാര്‍. ഒരു കുഞ്ഞ് ജനിക്കുമ്പോഴും ഒരാള്‍ മരിക്കുമ്പോഴും അരികത്തുനില്‍ക്കുന്നവര്‍ എന്നര്‍ത്ഥത്തിലാണ് അവരെ മാലാഖമാര്‍ എന്നു വിളിക്കുന്നത്. നഴ്സിങ് എന്നത് വൈദ്യശാസ്ത്രപരമായ തൊഴില്‍ മാത്രമല്ല. സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും ഉള്‍ക്കൊള്ളുന്ന മേഖലകൂടിയാണത്. ഒരു ഡോക്ടറുടേയൊ നഴ്സിന്റേയോ കര സ്പര്‍ശം ഏല്ക്കാത്തവര് ഭൂമിയിലുണ്ടാവില്ല. മരുന്നു കൊടുക്കലും ഇഞ്ചക്ഷന് കുത്തിവെക്കലും ഒ.പി ടോക്കണ്‍ കൈമാറലും മാത്രമല്ല നഴ്സുമാര്‍ ചെയ്യാറുള്ള പ്രവൃത്തികള്‍. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, ഇ.സി.ജി, സ്കാനിങ് തുടങ്ങിയ പരിശോധനകളെല്ലാം നടത്താറുള്ളതും നഴ്സുമാരാണ്. ബന്ധുക്കള്‍പോലും രോഗിയെ അറപ്പോടെ നോക്കുമ്പോഴും അവരുടെ മല-മൂത്രമെടുക്കാന്‍ പോലും മടി കാട്ടാത്തവരുമാണ് നഴ്സുമാര്‍. രോഗികളുടെ മുറിവുകളില്‍ ലേപനം പുരട്ടിയും ആശ്വാസ വചനങ്ങള്‍ ഉരുവിട്ടും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുമ്പോഴും സ്വന്തം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന അസംഘടിതരായ തൊഴിലാളികള്‍ കൂടിയാണവര്‍.
സ്വകാര്യ ആസ്പത്രികളില്‍ നഴ്സിങ് നിയമനം ഒബ്സര്‍വര്‍, ട്രെയിനി, സ്റ്റാഫ് എന്നിങ്ങനെ മൂന്നു തരത്തിലാണ് നടത്തിവരുന്നത്. ആറ് മാസമോ അതില്‍ കൂടുതലോ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടവരാണ് ഒബ്സര്‍വ് വിഭാഗക്കാര്‍. ഒബ്സര്‍വര്‍മാരില്‍ നിന്നും ട്രെയിനിമാരെയും അവരില്‍ നിന്ന് സ്റ്റാഫ് നഴ്സിനെയും നിയമിക്കും. ഈ രണ്ട് ഗണത്തിലും പെടാത്ത ഭൂരിപക്ഷം പേരെയും യഥേഷ്ടം പിരിച്ചുവിടും. ലേബര്‍ കമ്മീഷന് അനുശാസിക്കുന്ന ജോലി സമയം ആറ് മണിക്കൂറാണെങ്കില്‍ നഴ്സിങ് മേഖലയില്‍ അത് 14 മണിക്കൂര്‍ വരെയാണ്. മറ്റ് തൊഴില്‍ മേഖലയില്‍ ആറ് ദിവസമാണ് രാത്രി ഡ്യൂട്ടിയെങ്കില്‍ ഇവിടം 13 ദിവസമാണ്. സര്‍ക്കാര്‍ ആസ്പത്രിയില്‍ സ്റ്റാഫ് നഴ്സിന് നാല് രോഗികള്‍ എന്നതാണ് കണക്കെങ്കില്‍ സ്വകാര്യ ആസ്പത്രിയില്‍ അത് 10ല്‍ കൂടുതലാണ്. തൊഴില്‍ ദാതാവില്‍ നിന്നുള്ള ബോണസുകള്‍, പ്രൊവിഡന്റ് ഫണ്ടുകള്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ തൊഴില്‍ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നഴ്സുമാര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
കേരളത്തില്‍ 1300 ലധികം സ്വകാര്യ ആസ്പത്രികളിലായി അര ലക്ഷത്തിലധികം നഴ്സുമാര്‍ ജോലി ചെയ്തുവരുന്നു. പ്രൊഫഷണല്‍ ഡിപ്ലോമയും ഡിഗ്രിയും കരസ്ഥമാക്കിയ നഴ്സുമാര്‍ക്ക് തൂപ്പുകാരനും വാച്ച്മാനും തൊഴിലുറപ്പ് തൊഴിലാളിക്കും കിട്ടുന്ന വേതനം പോലും കിട്ടാറില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അവരില്‍ അധികപേരുടേയും ശമ്പളം അയ്യായിരം രൂപ മാത്രമാണ്. നഴ്സിങ് ചാര്‍ജ്ജ് ഇനത്തില്‍ ഭീമമായ സംഖ്യ രോഗികളില്‍ നിന്ന് ഈടാക്കുമ്പോഴാണ് പച്ചയായ ഈ ചൂഷണം നിലനില്‍ക്കുന്നത്. താമസം, ഭക്ഷണം എന്നീ പേരില്‍ മാസത്തില്‍ നല്ലൊരു തുക ആസ്പത്രി അധികൃതര്‍ അവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്യും. ലക്ഷങ്ങള്‍ ബാങ്ക് ലോണ്‍ എടുത്താണ് പലരും പഠനം പൂര്‍ത്തീകരിച്ചിട്ടുള്ളത്. തുച്ഛമായ വേതനം ലോണ്‍ തിരിച്ചടവിന് തികയാറില്ല. ആസ്പത്രി മാനേജ്മെന്റിന്റെ മരണ വാറണ്ടാണ് ബോണ്ട് സംവിധാനം. ബോണ്ടിലെ പ്രധാന വ്യവസ്ഥകളിലൊന്ന് നിശ്ചിത കാലത്തേക്ക് മറ്റൊരു ആസ്പത്രിയില്‍ ജോലിക്ക് പോകാന്‍ പാടില്ലെന്നതാണ്. കാലാവധിക്കുമുമ്പ് പിരിഞ്ഞുപോകുന്നവര് അര ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കണം. ഈ നിബന്ധനകള്‍ പാലിക്കാത്തപക്ഷം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കാനും ആസ്പത്രി അധികൃതര്‍ മടി കാട്ടാറില്ല. വിദേശ രാജ്യങ്ങളില്‍ നഴ്സിങ് സ്വപ്നം കണ്ടാണ് പലരും വേദന കടിച്ചിറക്കാറുള്ളത്. അതിന് സാധ്യമാവാതെ വന്നപ്പോഴാണ് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിയില്‍ ബീന ബേബി ജീവനൊടുക്കിയത്. ഈ മരണമായിരുന്നു നഴ്സിങ് മേഖലയില്‍ നാമിന്നുകാണുന്ന സമരങ്ങള്‍ക്കെല്ലാം തിരി കൊളുത്തിയത്.
ഇരുപതിനായിരം രൂപ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യ ആസ്പത്രിയിലെ നഴ്സുമാരുടെ സമരം കേരളത്തിലങ്ങോളമിങ്ങോളം കത്തിപ്പടരുകയാണ്. തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പള വര്‍ധനവാണ് സമരക്കാരുടെ ആവശ്യം. 200ല്‍ കൂടുതല്‍ കിടക്കകളുള്ള ആസ്പത്രികള്‍ 100നും 200നും, 100നും 50നും ഇടയില്‍ കിടക്കകളുള്ള ആസ്പത്രികള്‍, 50ന് താഴെ കിടക്കകളുള്ള ആസ്പത്രികള്‍ എന്നിങ്ങനെ തരംതിരിച്ച് 20000 മുതല്‍ 27800 വരെ സ്വകാര്യ ആസ്പത്രിയിലെ നഴ്സുമാര്‍ക്ക് ശമ്പളം വ്യവസ്ഥ ചെയ്യണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതി വിധി അനുസരിച്ചുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ജോലി സമയം നിശ്ചയപ്പെടുത്തുക, ശമ്പളത്തിന് രേഖ നല്‍കുക, സ്ത്രീ നഴ്സുമാര്‍ക്ക് ജോലി സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ നടത്തുന്ന സമരം വിജയം കാണേണ്ടത് അനിവാര്യമാണ്.
ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന വെള്ളക്കോളര്‍ ജോലിക്കാരനുവേണ്ടി പണിമുടക്കാനും ഹര്‍ത്താല്‍ നടത്താനും ഇടതുപക്ഷക്കാര്‍ മുന്‍പന്തിയിലാണ്. എന്നാല്‍ അസംഘടിതരും തുച്ഛമായ ശമ്പളം പറ്റുന്നവരുമായ നഴ്സുമാരുടെ സമരാഗ്നി ആസ്പത്രി മുതലാളിമാര്‍ക്കുവേണ്ടി ഊതിക്കെടുത്താനാണ് ഇടതുഭരണകൂടം ശ്രമിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് സൂചന സമരവും തുടര്‍ന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉള്‍പ്പെടെയുള്ള സമര മുറകള്‍ നഴ്സുമാര്‍ നടത്തിയപ്പോള്‍ കുംഭകര്‍ണ്ണനെ തോല്‍പ്പിക്കും വിധം ഭരണാധികാരികള്‍ ഉറക്കം നടക്കുകയായിരുന്നു. നഴ്സിങ് വിദ്യാര്‍ത്ഥികളെ വിലക്കെടുത്ത് സമരം പൊളിക്കാനുള്ള നീക്കങ്ങള്‍ക്ക് അണിയറയില്‍ ചരടുവലിക്കുന്നതും തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലരെന്ന നെറ്റിപ്പട്ടം സ്വയം തലയിലണിഞ്ഞിട്ടുള്ള ഭരണപക്ഷക്കാരാണ്. മരുന്നുകള്‍ നല്കുന്ന കൈകള്‍ അവകാശങ്ങള്‍ക്കായി മുഷ്ടി ചുരുട്ടുമ്പോള്‍ അവരെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും ബാധ്യതയാണ്. ഒരിക്കലും അവസാനിക്കാത്ത മരം ഏതെന്ന കടങ്കഥയുടെ ഉത്തരം സമരം എന്നാണ്. ആ സമരത്തിലാണ് ഇപ്പോള്‍ നഴ്സുമാര്‍ കയറിയിട്ടുള്ളത്. അവരെ അതില്‍ നിന്ന് താഴെയിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.