വര്‍ണവിവേചനത്തില്‍ യുദ്ധക്കളമാകുന്ന യു.എസ്

മുഹമ്മദ് അസ്‌ലം

കറുത്തവന്റെ വിയര്‍പ്പില്‍ കെട്ടിപ്പൊക്കിയ രാജ്യമാണ് അമേരിക്ക. വന്‍ശക്തിയെന്ന് അവകാശപ്പെടുന്ന രാഷ്ട്രത്തിന്റെ ചരിത്രത്തിന് വംശീയതയുടെ നാറ്റം ധാരാളമുണ്ട്. നാഗരികതയുടെ കാവലാളെന്നും സാംസ്‌കാരിക മൂല്യങ്ങളുടെ പ്രതിരൂപമെന്നുമൊക്കെ സ്വയം മേനിപറയുമ്പോഴും വംശവെറിയും അസമത്വവും അമേരിക്കയുടെ മജ്ജയിലും മാംസത്തിലും അലിഞ്ഞുചേര്‍ന്നതായി കാണാം.
ആധുനികതയുടെ ഉത്തുംഗതയില്‍ നില്‍ക്കുമ്പോഴും വംശീയതയുടെ ചളിക്കുഴിയില്‍നിന്ന് അമേരിക്ക ഇന്നും കരകയറിയിട്ടില്ല. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരന്റെ ദാരുണ മരണവും തുടര്‍ന്നുള്ള ജനരോഷങ്ങളും അതാണ് തെളിയിക്കുന്നത്. 46കാരനായ ഫ്‌ളോയ്ഡിന്റെ കൊലക്കുത്തരവാദികളായ പൊലീസുകാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പടര്‍ന്നിരിക്കുന്ന പ്രതിഷേധാഗ്നിയില്‍ യു.എസ് നഗരങ്ങള്‍ ആളിക്കത്തുകയാണിപ്പോള്‍. കര്‍ഫ്യൂ പോലും ലംഘിച്ച് ആയിരങ്ങള്‍ പ്രതിഷേധിക്കുകയാണ്. വെള്ളക്കാരനായ പൊലീസുകാരന്റെ ബുട്ടിനടിയില്‍ ഫ്‌ളോയ്ഡ് ശ്വാസംമുട്ടി മരിച്ച സംഭവം യു.എസ് ജനതയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയിരിക്കുകയാണ്. കറുത്തവന്റെ ചോരക്ക് കണക്കുചോദിച്ച് യു.എസില്‍ ഇത് ആദ്യമല്ല പ്രതിഷേധങ്ങളുയരുന്നത്. മുമ്പും കറുത്തവര്‍ഗക്കാരായ അനേകം പേര്‍ വര്‍ണവെറി തലക്കുപിടിച്ച പൊലീസുകാരുടെ തോക്കിനിരയായിട്ടുണ്ട്. അപ്പോഴെല്ലാം പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. പക്ഷെ, കൊലയാളികളായ പൊലീസുകാര്‍ ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും തണലില്‍ രക്ഷപ്പെടുന്നതാണ് ലോകം കണ്ടത്.
ഫ്‌ളോയ്ഡിന്റെ മരണം പക്ഷെ, അമേരിക്കയെ ആഭ്യന്തര തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. കോവിഡിനെത്തുടര്‍ന്നുള്ള പ്രത്യേക ദുരന്തസാഹചര്യവും ഡൊണാള്‍ഡ് ട്രംപ് എന്ന പ്രസിഡന്റിന്റെ അവിവേകങ്ങളുമാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. അദ്ദേഹത്തിന്റെ അപക്വമായ സമീപനങ്ങള്‍ പ്രതിഷേധങ്ങളെ വൈറ്റ്ഹൗസിന് സമീപം എത്തിച്ചിരിക്കുകയാണ്. യു.എസ് നഗരങ്ങളില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പീഡിതരുടെ മനസ്സിന് ആശ്വാസം പകരുന്നതിന് പകരം എരിതീയില്‍ എണ്ണയൊഴിക്കാനാണ് ട്രംപിന്റെ ശ്രമങ്ങള്‍. പ്രതിഷേധക്കാരെ വെല്ലുവിളിച്ച്് കര്‍ഫ്യൂ പ്രഖ്യാപിച്ചും അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ചും ചീഞ്ഞുനാറുന്ന വര്‍ണവെറിയന്‍ മനസ്സിന്റെ ഉടമയാണ് താനെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധക്കാരോടൊപ്പം നില്‍ക്കാറുള്ള അമേരിക്ക സ്വന്തം രാജ്യത്തെ എതിരനക്കങ്ങളെ തച്ചുകെടുത്താനാണ് ശ്രമിക്കുന്നത്. ഹോങ്കോങ് ഭരണാധികാരി കാരി ലാം അമേരിക്കയുടെ ഈ ഇരട്ടത്താപ്പ് നയത്തെ കണക്കിന് പരിഹസിക്കുകയും ചെയ്തു. ഹോങ്കോങില്‍ പ്രത്യേക ദേശീയ സുരക്ഷാ നിയമം നടപ്പാക്കാനുള്ള ചൈനീസ് നീക്കത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ ന്യായീകരിക്കുന്ന അമേരിക്കക്ക് സ്വന്തം മണ്ണിലെ ബഹളങ്ങള്‍ കേള്‍ക്കാന്‍ എന്തുകൊണ്ടാണ് മനസ്സില്ലാത്തതെന്ന് കാരി ലാം ചോദിക്കുന്നു. ഹോങ്കോങിലെ ചൈനീസ് ധിക്കാരത്തെ ന്യായീകരിക്കുകയല്ല. പക്ഷെ, പ്രസക്തമായ ചില സൂചനകള്‍ കാരി ലാമിന്റെ വാക്കുകളിലുണ്ടെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
ഫ്‌ളോയ്ഡിനെ എത്ര ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളില്‍നിന്ന് വ്യക്തമാണ്. മെയ് 25ന് സിഗരറ്റുകള്‍ വാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു പലചരക്ക് കടയിലെ ജീവനക്കാരന്‍ പൊലീസില്‍ വിളിച്ചു. പതിനേഴ് മിനുട്ടിന് ശേഷം കുതിച്ചെത്തിയ പൊലീസുകാര്‍ നിരായുധനായ ഫ്‌ളോയ്ഡിനെ നിലത്ത് തള്ളിവീഴ്ത്തി. വെള്ളക്കാരനായ ഒരു പൊലീസുകാരന്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിവെച്ചു. വേദനയില്‍ പുളഞ്ഞ ഫ്‌ളോയ്ഡ് ശ്വാസംമുട്ടുന്നതായി കരഞ്ഞു പറഞ്ഞെങ്കിലും പൊലീസുകാര്‍ കേട്ടഭാവം നടിച്ചില്ല. വെള്ളക്കാരന്‍ പൊലീസുകാരന്‍ എട്ട് മിനിട്ടും 46 സെക്കന്റും കാല്‍മുട്ട് മാറ്റാതെ കഴുത്തില്‍ അമര്‍ന്നിരുന്നു. അബോധാവസ്ഥയിലായ ഫ്‌ളോയ്ഡിന്റെ ചലനമറ്റെന്ന് ഉറപ്പായതിന് ശേഷമാണ് പൊലീസുകാരന്‍ എഴുന്നേറ്റത്. മരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടും ക്രിമിനലിനോടെന്ന പോലെയായിരുന്നു പൊലീസുകാരുടെ പെരുമാറ്റം. മരണവെപ്രാവളത്തില്‍ പിടഞ്ഞുകൊണ്ടിരുന്ന അദ്ദേഹത്തെ സഹായിക്കാന്‍ ചുറ്റും കൂടിനിന്നവര്‍ പോലും പൊലീസുകാരോട് പറഞ്ഞുനോക്കി. ആ ശിലാഹൃദയങ്ങള്‍ക്ക് ഇളക്കമുണ്ടായില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന നാലു പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുന്‍ പ്രസിഡന്റുമാര്‍ ചെയ്യാറുള്ളതുപോലെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രതിഷേധക്കാരെയും ട്രംപിന് തണുപ്പിക്കാവുന്നതാണ്്. പകരം വര്‍ണവെറിയനായ പ്രസിഡന്റ് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തത്.
2013നും 2019നുമിടക്ക് അമേരിക്കയില്‍ 7666 പേര്‍ പൊലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും കറുത്തവര്‍ഗക്കാരാണ്. ജോര്‍ജ് ഫ്‌ളോയ്ഡ് അനേകായിരം ഇരകളില്‍ ഒരാള്‍ മാത്രം. യു.എസ് ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് കറുത്തവര്‍ഗക്കാരെങ്കിലും വെള്ളക്കാരെക്കാള്‍ രണ്ടര ഇരട്ടി കറുത്തവര്‍ഗക്കാര്‍ പൊലീസ് നടപടികളില്‍ കൊല്ലപ്പെടുന്നുണ്ട്. രാജ്യത്തെ 50 സ്റ്റേറ്റുകൡലും ഈ പൊരുത്തക്കേട് കാണാം. കാലിഫോര്‍ണിയ, ടെക്‌സാസ്, ഫ്‌ളോറിഡ എന്നീ മൂന്ന് വലിയ സംസ്ഥാനങ്ങളിലാണ് പൊലീസുകാരുടെ കൈകളാല്‍ ഏറ്റവും കൂടുതല്‍ കറുത്തവര്‍ കൊല്ലപ്പെട്ടത്. യൂട്ടയിലെ ജനസംഖ്യയില്‍ ആഫ്രിക്കന്‍ വംശജര്‍ 1.06 ശതമാനം മാത്രമാണെങ്കിലും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പൊലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുമ്പോള്‍ 10 ശതമാനം പേരും അവരാണ്.
ഫ്‌ളോയ്ഡിന്റെ കൊലപാതകം ആകസ്മിക സംഭവമല്ല. അമേരിക്കയുടെ ചരിത്രത്തിലുടനീളം അത്തരം ക്രൂരതകള്‍ അനേകം കാണാം. ആഭ്യന്തര യുദ്ധം അടിമത്തത്തെ ഇല്ലാതാക്കിയെങ്കിലും വംശീയമായ സാമൂഹ്യ വ്യവസ്ഥതിയില്‍ മാറ്റമുണ്ടാക്കിയിട്ടില്ല. ഒരുകാലത്ത് കറുപ്പ് നിറം അടിമത്തത്തിന്റെ അടയാളമായിരുന്നു. ആഭ്യന്തര യുദ്ധത്തിന് ശേഷം താഴ്ന്ന ജോലികള്‍ ചെയ്യുന്നവരുടെ നിറമായി കറുപ്പ് മാറി. യു.എസ് സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ഭീകരമായ ജാതി വ്യവസ്ഥയായിരുന്നു അത്. തൊഴിലിന്റെ ഉയര്‍ന്ന ശ്രേണികളില്‍നിന്ന് കറുത്തവന്‍ അകറ്റിനിര്‍ത്തപ്പെട്ടു. വ്യവസായവത്കരണത്തോടെ തൊഴില്‍പരമായ ഉച്ചനീചത്വം കൂടുതല്‍ പ്രകടമായി. മുതലാളിത്തം വംശീയതക്ക് വളക്കൂറുള്ള മണ്ണായിരുന്നു. വെള്ളക്കാരന്‍ മേലാളനായി മാറി. തൊഴില്‍ വിഭജനത്തിലും വിഭവങ്ങളുടെ വിതരണത്തിലും കടുത്ത വിവേചനം കടന്നുവന്നു. വെള്ളക്കാരനും അയാളുടെ മക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കുന്ന സാമൂഹിക സാമ്പത്തിക ജീവിതം കെട്ടിപ്പടുത്തപ്പെട്ടു. മധ്യവര്‍ഗ സുഖഭോഗങ്ങളെല്ലാം വെള്ളക്കാരന്‍ തട്ടിയെടുക്കുകയായിരുന്നു.
തൊലിയുടെ നിറം നോക്കി തന്നെയാണ് ഇന്നും അമേരിക്കയില്‍ മനുഷ്യന്റെ വ്യക്തിത്വത്തെ അളക്കുന്നത്. സാമൂഹിക മേഖലയില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടുന്നതും വംശീയത അടിസ്ഥാനമാക്കിയാണ്. ജനബാഹുല്യമുള്ള വന്‍കിട നഗരങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നത് ആരാണെന്ന ചോദ്യവും വിരല്‍ ചൂണ്ടുന്നത് കറുത്തവനിലേക്കാണ്. അന്തരീക്ഷ മലിനീകരണത്തിന്റെയും ഇരകള്‍ കറുത്തവര്‍ഗക്കാരാണ്. യു.എസില്‍ കറുത്തവനെയാണ് വിഷമാലിന്യങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നത്. പരീക്ഷണങ്ങളെല്ലാം അവനിലാണ്. രോഗം വരുമ്പോള്‍ ആരെയാണ് ആദ്യം ബാധിക്കുകയെന്ന ചോദ്യത്തിനുള്ള മറുപടിയും കറുത്ത വര്‍ഗക്കാരന്‍ എന്ന് തന്നെയാണ്.
അമേരിക്കയിലെ കോവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ തന്നെ വിവേചനത്തിന്റെ ആഴം മനസ്സിലാകും. രാജ്യത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചത് ആഫ്രിക്കന്‍ വംശജരാണ്. ലൂസിയാനയിലെ ജനസംഖ്യയില്‍ 30 ശതമാനം മാത്രമാണ് കറുത്തവര്‍ഗക്കാര്‍. പക്ഷെ, കോവിഡ് മരണനിരക്കെടുത്താല്‍ 70 ശതമാനവും കറുത്തവരാണ്. അലബാമയില്‍ തൊലികറുത്തവര്‍ 26 ശതാനമേയുള്ളൂ എങ്കിലും മരണനിരക്ക് 44 ശതമാനമാണെന്ന വസ്തുത നിസ്സാരമായി കാണാനാവില്ല. സൗത്ത് കരോലിനയിലും ജോര്‍ജിയയിലും വംശീയാടിസ്ഥാനത്തിലുള്ള മരണനിരക്ക് പുറത്തുവിട്ടിട്ടില്ല. ഇവിടങ്ങളില്ലെല്ലാം വെള്ളക്കാരെക്കാള്‍ കറുത്തവര്‍ഗക്കാരെയാണ് കോവിഡ് ഏറെ കടന്നാക്രമിച്ചത്. അമേരിക്കയിലെ വര്‍ണവിചേനത്തിന്റെ ഭീകരമുഖമാണ് ഇവിടെ മറനീക്കുന്നത്.
സാമ്പത്തികമായി ഏറെ അടിത്തട്ടിലുള്ള ആഫ്രിക്കന്‍ വംശജര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. വാഹനമോ സ്വന്തമായി പാര്‍പ്പിടമോ ഇല്ലാത്ത അവരുടെ ജീവിതസാഹചര്യങ്ങള്‍ രോഗികളുമായി അടുത്തിടപഴകാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഏറെപ്പേരും പൊതുവാഹനങ്ങളെ ആശ്രയിക്കുന്നവരും സേവന മേഖലകളില്‍ ജോലി ചെയ്യുന്നവരുമാണ്. കറുത്തവര്‍ഗക്കാര്‍ക്ക് വെള്ളക്കാരെക്കാള്‍ രോഗപ്രതിരോധ ശേഷി കുറവാണെന്നാണ് രോഗവ്യാപനത്തിന് കാരണമായി യു.എസ് ഭരണകൂടം ചൂണ്ടിക്കാട്ടിയത്. ചരിത്രപരമായ ഘടകങ്ങളാല്‍ അവര്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കമാണെന്ന വസ്തുത സൗകര്യപൂര്‍വ്വം മറച്ചുവെക്കപ്പെടുകയും ചെയ്യുന്നു. സത്യങ്ങള്‍ അംഗീകരിച്ചാല്‍ അവരുടെ ഉന്നമനത്തിനുവേണ്ടി പ്രയ്തനിക്കേണ്ടിവരുമെന്ന് വെള്ളക്കാരായ ഭരണാധികാരികള്‍ക്ക് അറിയാം. കറുത്തവന്‍ ശക്തിപ്പെടുകയും തങ്ങളെ കാല്‍ക്കീഴിലാക്കുകയും ചെയ്യുന്ന സാഹചര്യം ഭീതിയോടെയാണ് അമേരിക്കയിലെ രാഷ്ട്രീയവര്‍ഗം കാണുന്നത്. നിറത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ എത്രകാലം ചങ്ങലക്കിട്ടുനിര്‍ത്താന്‍ സാധിക്കുമെന്ന ചോദ്യം പ്രസക്തമായി അവശേഷിക്കുന്നു.

SHARE