ദേവികക്ക് കണ്ണീര്‍ പൂക്കള്‍

വി.കെ അബ്ദുറഹിമാന്‍

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയത്തെ ദേവിക എന്ന വിദ്യാര്‍ഥിനിയുടെ മരണം കോവിഡ് ഭീതിക്കിടയിലും കേരളത്തിന്റെ വലിയ ദു:ഖമായി മാറുന്നു. അതൊരു ദിനം കൊണ്ടൊടുങ്ങുന്ന നൊമ്പരമല്ല. എല്ലാവരും ഓണ്‍ലൈനില്‍ പഠിക്കുന്നു. താനെങ്ങിനെ പഠിക്കും…? തന്റെ വീട്ടില്‍ സ്മാര്‍ട്ട് ഫോണില്ല. ഉണ്ടായിരുന്ന ചെറിയ ടി.വി കേടായിപ്പോയി. നന്നാക്കാന്‍ കുടുംബത്തിന്റെ പക്കല്‍ കാശില്ല… ചിന്തകള്‍ കടുത്ത വേദനകളായി മാറിയപ്പോള്‍ ദേവികയ്ക്കു മുന്നില്‍ ഇരുള്‍ പരന്നു. ഒരു നിമിഷം അവള്‍ ആ അന്ധകാരത്തില്‍ സമാധാനം കണ്ടെത്തി. ഡിജിറ്റല്‍ ഇന്ത്യയുടെ, വിശിഷ്യാ കേരളത്തിന്റെ മുഖത്തേറ്റ അടിയായി മാറി ദേവികയുടെ രക്തസാക്ഷിത്വം. സര്‍ക്കാരിന്റെ തട്ടിക്കൂട്ടിയ കണക്കു പ്രകാരം തന്നെ കേരളത്തിലെ രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്തവരാണ്. യഥാര്‍ത്ഥ കണക്ക് അതിനും മീതെയാണ്. എന്നിട്ടും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി നടപ്പിലാക്കുന്നതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. പ്രവാസികളുടെ ക്വാറന്റൈന്‍ വിഷയത്തിലും മറ്റും പുറത്ത് വിട്ടത് പോലെയുള്ള ‘ചക്കക്കണക്കും വീരവാദങ്ങ’ളും മാത്രമാണ് ഇവിടെയും സംഭവിച്ചത്. ഫീസടക്കാന്‍ കാശില്ലാതെ വന്നപ്പോള്‍ പരീക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ത്ഥിനിയുടെ പേരില്‍ കേരളം കത്തിക്കാന്‍ കൂട്ടുനിന്നവര്‍, പിന്നീട് ജിഷ്ണു പ്രണോയ് എന്ന സ്വാശ്രയ വിദ്യാര്‍ഥിയുടെ ഘാതകര്‍ക്ക് കുട പിടിച്ചു. ആ കുട്ടിയുടെ മാതാവിനെ തെരുവില്‍ വലിച്ചിഴച്ചു. യു.ഡി.എഫ് കേരളത്തിന് സമ്മാനിച്ച വിക്ടേര്‍സ് ചാനലും ഐ .ടി അധിഷ്ഠിത വിദ്യാഭ്യാസവും സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ കടലോരത്തെ കുട്ടികളും മലയോരത്തെ ആദിവാസിയും ചേരി പ്രദേശത്തെ ദരിദ്രനും അന്യരായി. ‘സ്പ്രിംക്ലറിന്റെ ഡാറ്റാബേസി’ലൂടെ നോക്കിയപ്പോള്‍ ‘കേരള ചക്രവര്‍ത്തിമാര്‍ ‘ക്ക് ഈ ‘അപരിഷ്‌കൃതരെ’യൊന്നും കാണാന്‍ കഴിഞ്ഞില്ല.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് ട്രംപിനും മോഡിക്കും പഠിക്കാനാണ് ഭാവമെങ്കില്‍ ഒരുപാട് പുളിക്കും. ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെയും സഹായമില്ലാതെ കേരളത്തിലെ അധ്യാപക സമൂഹം കോവിഡ് ദുരന്തമുഖത്ത് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. ഗഒടഠഡ ഉള്‍പ്പെടെയുള്ള അധ്യാപക പ്രസ്ഥാനങ്ങള്‍ ഇതിന് നേതൃത്വം നല്കുന്നു. കുട്ടികളുടെ പരീക്ഷാ പൂര്‍ത്തീകരണത്തിന് അരയും തലയും മുറുക്കി അധ്യാപക സമൂഹം രംഗത്തിറങ്ങി. പൊതു ഗതാഗത സംവിധാനം ഇല്ലാതിരുന്നിട്ടും മൂല്യനിര്‍ണ്ണയ ക്യാംപുകള്‍ ഇപ്പോള്‍ സജീവമാണ്. ഖാദറിന്റെ ‘പൊട്ട റിപ്പോര്‍ട്ട് ‘ കാണിച്ച് നിങ്ങള്‍ നടത്തിയ പൊറാട്ട് നാടകത്തില്‍ ഭ്രമിച്ചിട്ടല്ല അധ്യാപക സമൂഹം ഇതൊക്കെ ചെയ്യുന്നത്. അറബിക്കടലില്‍ എറിയാനുള്ളതല്ല ദേവികമാരുടെ സ്വപ്‌നങ്ങള്‍. അത് കേരളത്തെ നവീകരിക്കാനുള്ള പ്രേരണകളായി മാറണം. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള ആധുനിക സംവിധാനങ്ങള്‍ ലഭ്യമാവണം. അതിന് പത്രസമ്മേളനത്തിലെ ‘തള്ളും’ പതിവു ധാര്‍ഷ്ട്യവുമല്ല വേണ്ടത്; അടിയന്തിര പരിഹാര നടപടികളാണ്. ഭരണകൂടം ഉണരുന്നില്ലെങ്കില്‍ പ്രക്ഷോഭങ്ങളുമായി കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ രംഗത്തിറങ്ങും. കേരളം ലോകത്തിലെ തന്നെ തിളക്കമുള്ള ‘എഡുക്കേഷണല്‍ ഹബ്ബാ’യി മാറുന്നത് ഞങ്ങള്‍ സ്വപ്‌നം കാണുന്നു. അതൊന്നും കെട്ടുപോകാനുള്ളതല്ല. സഫലീകരിക്കാനുള്ളതാണ്. പ്രയത്‌നങ്ങള്‍ തുടരുക തന്നെ ചെയ്യും. ദേവികമാര്‍ കേരളത്തില്‍ ആവര്‍ത്തിക്കരുത്.
(കെ.എച്ച്,എസ്.ടി.യു വൈസ് പ്രസിഡണ്ടാണ് ലേഖകന്‍)

SHARE