കെ. മൊയ്തീന്‍കോയ
കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിഷേധം കലാപമായി വളര്‍ന്നതോടെ അമേരിക്ക ലോകത്തിന് മുന്നില്‍ അപമാനിതരാവുകയാണ്:. കറുത്ത വര്‍ഗ്ഗക്കാരനായ യുവാവ് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടിന് അടിയില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസം മുട്ടി മരണപ്പെട്ട സംഭവം ലോകമാകെ കടുത്ത പ്രതിഷേധത്തിന് കാരണമായി. അമേരിക്കയില്‍ പ്രതിഷേധം കലാപമായി കത്തിയാളുന്നു. പ്രതിഷേധത്തിന് എതിരെ സൈനിക ഇടപെടല്‍ ഭീഷണിയുമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത് വന്നത് കാര്യങ്ങള്‍ കൈവിടുന്ന നിലയിലെത്തിച്ചു. അമേരിക്കന്‍ തെരുവുകള്‍ കത്തുന്നു. വൈറ്റ് ഹൗസ് അടച്ചിടും വരെ പ്രതിഷേധക്കാര്‍ എത്തി. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഒപ്പം പ്രതിപക്ഷവും പ്രതിഷേധം ഏറ്റെടുത്തിട്ടുണ്ട്. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡ് മെയ് 25 ന് ആണ് പൊലീസതിക്രമത്തില്‍ കൊല്ലപെട്ടത്. സംഭവസ്ഥലത്തുള്ള മിന്നപോളിസ് പൊലീസ് സ്റ്റേഷന് കലാപകാരികള്‍ തീവെച്ചു. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ഒമര്ജിമെനെസിനെ പൊലീസ് അറസ്റ്റ് ചെയ്തത് സംഘര്‍ഷം കത്തിപ്പടരുന്നതിന് കാരണവുമായി. പ്രതിഷേധക്കാര്‍ അക്രമികളാണെന്നും അവരെ നേരിടാന്‍ സൈന്യത്തെ അയക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയെങ്കിലും കലാപം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചു. പ്രസിഡന്റിന്റെ ധാര്‍ഷ്ട്യം വിലപ്പോയില്ല. സംഭവത്തെ അപലപിച്ച് പ്രതിഷേധ സമരത്തെ മയപ്പെടുത്താനുള്ള ശ്രമവും ഫലിച്ചില്ല. സമാന സംഭവം മാര്‍ച്ച് 13ന് കെന്റക്കിലെ ലൂയിസ് വില്ലനഗരത്തിലും സംഭവിച്ചിരുന്നു. എമര്‍ജന്‍സി മെഡിസിന് രംഗത്തെ വിദഗ്ധയായ 26കാരി ബിയോണ ടൈലറിനെ വീട്ടില്‍ കയറി പോലീസ് വെടിവച്ചു കൊന്ന സംഭവം അമേരിക്കയെ ഞെട്ടിച്ചതാണ്. അതിനും മുന്‍പ് എറിക്, സാന്ദ്ര ജോസഫ്, മൈക്കള്‍ അഹമ്മദ് ബ്രെണ എന്നിവരും വെള്ളക്കാരായ പൊലീസുകാരാല്‍ കൊല്ലപ്പെട്ടു. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരെ പൊലീസതിക്രമം തുടര്‍കഥയാണ്. ട്രംപിന്റെ ഭീഷണി കുറ്റവാളികളായ വെള്ളക്കാരായ പൊലീസുകാര്‍ക്കുള്ള പ്രോത്സാഹനമായി എതിരാളികള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെള്ള വംശീയതയെ ആളിക്കത്തിച്ച് അധികാരത്തില്‍ കയറിയിരിക്കുന്ന ട്രം പ്, നവ :3 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തില്‍ തരംതാണ അടവുകള്‍ പഴറ്റിയാല് അത്ഭുതപ്പെടാനാവില്ല. വംശ വിവേചനം സാധാരണ സംഭവമാക്കാന്‍ അനുവദിക്കില്ലെന്ന് കറുത്ത വര്‍ഗക്കാരാനായ ആദ്യ പ്രസിഡന്റ് ബരാക് ഒബാമ നല്കുന്ന മുന്നറിയിപ്പ് വെള്ളക്കാരായ വംശീയവാദികള്‍ അവഗണിക്കുമെന്ന് ഉറപ്പാണ്. ഒബാമ അധികാരത്തിലിരുന്ന ഘട്ടത്തില്‍ പോലും കറുത്ത വര്‍ഗക്കാര്‍ പൂര്‍ണ്ണ തൃപ്തരായിരുന്നില്ലല്ലോ.
ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ ഡെറക് ചോവിന് എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കയിലെ വീശീയ വിവേചനം അവസാനിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. എബ്രഹാം ലിങ്കന് മുതല്‍ മാര്ട്ടിന്ലുദര് കിംഗ് വരെ നടത്തിയ പോരാട്ടം വിഭാഗീയത കുറച്ചു കൊണ്ട് വരാന്‍ സഹായകമായിരുന്നുവെങ്കിലും ട്രംപിന്റെ കടന്നുവരവ് എല്ലാം കീഴ്മേല്‍ മറിച്ചുവെന്ന് സംശയിക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറുന്നത്. ആഫ്രിക്കന്‍ വംശജരായ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച ട്രംപ് പ്രസിഡന്റ് പദവിയിലിരിക്കുന്ന കാലത്തോളം വംശീയ വിവേചനം അവസാനിപ്പിക്കാനാവില്ല. ട്രംപിന്റെ വിജയം തന്നെ വെള്ള വംശീയത ആളിക്കത്തിച്ചായിരുന്നുവല്ലോ.
മൊത്തം 33 കോടി വരുന്ന ജനസംഖ്യ യില്‍ 13.4 ശതമാനത്തിലേറെയുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ അടക്കി ഭരിക്കാന്‍ ഭവിക്കുന്ന ഭരണകൂടം ചരിത്രത്തെ വിസ്മരിക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന് 1963 മാര്‍ച്ചില്‍ മാര്ട്ടിന്ലുദര് കിംഗ് നയിച്ച മാര്‍ച്ച് ലോക ചരിത്രത്തിന് പുതിയ അധ്യായം രചിച്ച് കൊണ്ടായിരുന്നു. രണ്ടര ലക്ഷം അണിനിരന്നു. ഇവയൊക്കെ സമത്വത്തിലേക്കുള്ള പാതയില്‍ മുന്നോട്ട് നയിച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് വച്ചായിരുന്നു ഒബാമ പ്രസിഡന്റായി പ്രതിജ്ഞ എടുത്തത്. ആഫ്രിക്കന്‍ നാടുകളില്‍ നിന്ന് 1619- മുതല്‍ അടിമവേലക്ക് കൊണ്ടുവന്നവര്‍ സൃഷ്ടിച്ചതാണ് ആധുനിക അമേരിക്കയെന്ന തിരിച്ചറിവ് ഭരണകൂടത്തിന് ഇല്ലാതെ പോകുന്നു. വെര്‍ജീനിയ പ്രവിശ്യയിലേക്ക് ആദ്യം കറുത്ത വര്‍ഗക്കാരെ എത്തിച്ചത്. കറുത്ത വര്‍ഗ്ഗക്കാരെ എല്ലാ കാലത്തും അടിമകളാക്കാന്‍ കഴിയില്ലെന്ന് വെള്ള വംശീയതയില്‍ ഊറ്റം കൊള്ളൂന്ന തീവ്രവലത് പക്ഷ ചിന്താഗതിക്കാര്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല.. ‘കണ്ണീര്‍ക്കടലും രക്തപ്പുഴയും ഇനിയുമെത്രയോ ഒഴുകിയേക്കാം. പക്ഷെ, ഈ പോരാട്ടത്തില്‍ നിന്ന് നമുക്ക് പിന്തിരിയാനാവില്ലെന്ന്’ ആഹ്വാനം നല്കിയ നെല്‍സണ്‍ മണ്ടേലയുടെ പോരാട്ടം വന്‍ വിജയമായതും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വര്‍ണ്ണവെറിയന്‍ സര്‍ക്കാര്‍ തൂത്തെറിയപ്പെട്ടതും ലോക ചരിത്രം . ഇത്തരം ഭരണകൂടങ്ങളെ പിടിച്ച് നിര്‍ത്തിയതും സഹായിച്ചതും ട്രംപിന്റെ മുന്‍ഗാമികളായിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോകമാകെ സ്തംഭിച്ച് നില്ക്കുമ്പോള് വംശീയ വിവേചനത്തിന്ന് സമയം കണ്ടെത്തുന്ന ഭരണകൂടങ്ങള്‍ അമേരിക്കയെ പോലെ ഏതാനും സൗഹൃദ രാഷ്ട്രങ്ങള്‍ ഉണ്ട്. ഭിന്ന ശേഷിക്കാരനായ യുവാവിനെ കൊലപ്പെടുത്തി ഇസ്റാഈലി പൊലീസ് ഒരിക്കല്‍ കൂടി വംശവെറി ആവര്‍ത്തിച്ചു. കോവിഡ് ചികിത്സക്ക് വേണ്ടി സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ തുര്‍ക്കിയില്‍ നിന്ന് സ്വീകരിക്കുമ്പോള്‍ ഇവയൊന്നും ഫലസ്തീന് നല്‍കരുതെന്ന് ശഠിച്ച പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു , ട്രം പിന്റ ‘ഉത്തമ സുഹൃത്ത്’ തന്നെയാണ്.
ജനാധിപത്യ രാഷട്രങ്ങളിലെ ഭരണകൂട ഭീകരതയുടെ തെളിവും ഉദാഹരണവുമാണ് അമേരിക്ക.കോവിഡ് മരണം ഒരു ലക്ഷത്തിലേറെ കടക്കുമ്പോഴും സ്ഥലകാലബോധമില്ലാത്ത ഭരണാധികാരി എതിരാളികളെ നിലംപരിശാക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് ഭീതി പരത്തുന്ന കാലത്ത് ഇതേ തന്ത്രം ട്രംപിന്റെയും നെതന്യാഹു വിന്റെയും സുഹൃത്ത് ഇന്ത്യയില്‍ സ്വീകരിക്കുന്നതും സമാനസ്വഭാവ നടപടികള്‍ തന്നെയാണ്. കോവി ഡിന് എതിരെ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തേണ്ടുന്ന ഭരണകൂടം പ്രത്യേക സമുദായത്തെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നു. കാലം അധികകാലം അധാര്‍മ്മികതക്ക് അവസരം നല്‍കില്ലെന്നത് ചരിത്രം.