പ്രൊഫ. പി.കെ.കെ. തങ്ങള്‍
നാളിതുവരെ അനുഭവമില്ലാത്ത അത്യധികം സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തെയാണ് വിദ്യാഭ്യാസരംഗം കൊറോണ വ്യാപനത്താല്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ അടുക്കും ചിട്ടയും ഏറെക്കുറെ മാതൃകാപരം തന്നെയാണ് നമ്മുടെ നാട്ടിലേത്. അറുപതുകള്‍ മുതല്‍ തുടര്‍ച്ചയായ മൂന്ന് പതിറ്റാണ്ടുകള്‍ അങ്ങേയറ്റത്തെ കലുഷിതാവസ്ഥ ഈ രംഗത്ത് നാം അനുഭവിച്ചവരാണെങ്കിലും, അതെല്ലാം ഇടക്കിടെ മാത്രമുണ്ടാകുന്ന മുടക്കങ്ങളും തടസ്സങ്ങളുമൊക്കെയെന്നല്ലാതെ തുടര്‍ച്ചയായ ഒരു തടസ്സമോ സമയനഷ്ടമോ ഉണ്ടായിട്ടില്ല. അത്തരം നഷ്ടങ്ങള്‍ തന്നെ തൊട്ടടുത്ത ഒഴിവു ദിവസങ്ങള്‍ പ്രവര്‍ത്തിച്ചോ സ്പെഷ്യല്‍ ക്ലാസുകള്‍ നടത്തിയോ സ്ഥാപനാധികൃതര്‍ തന്നെ പരിഹാരം കണ്ടെത്താറുമാണ് പതിവ്. ശരാശരി, മാസത്തില്‍ ഇരുപത് എന്ന കണക്കില്‍ പത്തുമാസംകൊണ്ട് ഇരുനൂറ് പ്രവൃത്തി ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചു അതിനുള്ളില്‍ നിശ്ചിതമായ എല്ലാ പഠനപ്രക്രിയകളും അനുബന്ധ പഠനേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും, കലാസാഹിത്യ കായിക പരിപാടികളുമെല്ലാം മികച്ച നിലയില്‍ കൃത്യമായി നിര്വ്വഹിക്കപ്പെട്ടുപോരാറുണ്ട്. സമൂഹത്തിലെ മറ്റെല്ലാ രംഗങ്ങളുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും അതിന്റെ ഉത്തരവാദപ്പെട്ടവര്‍ ക്രമീകരിക്കുന്നതും സ്കൂള്‍ പ്രവര്‍ത്തന കാലഘട്ടത്തെയും അതില്‍ തന്നെ പരീക്ഷ, ആഘോഷ പരിപാടികള്‍ എന്നിവയെയെല്ലാം കണക്കിലെടുത്തുമാണല്ലോ. വിവാഹങ്ങള്‍, ഗാര്‍ഹിക-കുടുംബാന്തരീക്ഷത്തിലും, നാട്ടാചാരങ്ങളിലും ആഘോഷങ്ങളിലുമൊക്കെ തന്നെയും ഈയൊരു പരിഗണനയാണ് സമയക്രമത്തില്‍ നാം കണ്ടുപോരുന്നത്. ചുരുക്കത്തില്‍ സമൂഹത്തിന്റെ സമയക്രമപ്പട്ടികയെന്നാല് അത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയക്രമത്തിനാസ്പദമായിട്ടാണെന്നര്ത്ഥം; കാരണം അതിനൊരിക്കലും മാറ്റത്തിരുത്തലുകള്‍ ഉണ്ടാവാത്തതും ഒപ്പം തന്നെ സമൂഹത്തിലെ ഓരോ പൗരനെയും നേരിട്ട് ബാധിക്കുന്നതുകൊണ്ടുമാണ്.
എന്നാല്‍ വളരെ സന്നിഗ്ദ്ധമായൊരു ഘട്ടത്തിലാണ് ഇപ്പോള്‍ വിദ്യാഭ്യാസരംഗം എത്തിനില്‍ക്കുന്നത്. നാട്ടിലെ ഏതൊരു ഭരണനിര്‍വ്വഹണ വകുപ്പും പോലെ കുറച്ച് ആളുകള്‍ മാത്രമിരുന്ന് ജോലി നിര്‍വ്വഹിക്കുകയും പരിമിതമായ ആളുകള്‍ ഇടവിട്ട സമയങ്ങളില്‍ അവരുടെ ആവശ്യങ്ങള്‍ക്ക് കയറിയിറങ്ങുകയും മാത്രം ചെയ്യുന്നപോലെ പരിമിതമായ അംഗങ്ങള്‍ മാത്രം ബന്ധപ്പെടുന്ന ഒന്നല്ലല്ലോ വിദ്യാലയങ്ങള്‍. അവിടെ ജനക്കൂട്ടം തന്നെയല്ലേ ഏതുനേരവും. ഇത്രയധികം മനുഷ്യന് ഒന്നിച്ചുകഴിയുന്ന ഇടങ്ങള്‍ വേറെയുണ്ടോ? ആയിരവും പതിനായിരവും അതിലേറെയും പഠിതാക്കളുള്ള വിദ്യാലയങ്ങളുണ്ട്. ഏതു വിധത്തിലുള്ള സാമൂഹ്യ അകലമോ നിയന്ത്രണമോ ആണ് അവിടെ നടപ്പാക്കാനാവുക! അത്തരം ഒരു കൈകാര്യം ഭാവനക്കതീതമാണ്. ഓര്‍ക്കുക, അതും കുട്ടികളാണ്. വിദ്യാലയങ്ങള്‍ ഇപ്പോള്‍ അടഞ്ഞുതന്നെ കിടക്കുമെന്ന സര്‍ക്കാര്‍ തീരുമാനമാണ് ഇപ്പോള്‍ പ്രായോഗികമായിട്ടുള്ളത്. എന്നാല്‍ ഒരു രണ്ടു മാസമെങ്കിലും വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നാല്‍ പോയ്പോയ സമയം നമുക്കെവിടെ നിന്നും കൊണ്ടുവന്ന് നികത്താനാവുന്നതല്ലല്ലോ. അതേസമയം തന്നെ ഇലയ്ക്കും മുള്ളിനും പരുക്കേല്‍ക്കാത്തവിധം പ്രതിസന്ധി തരണം ചെയ്തേ പറ്റുകയുമുള്ളൂ. ഇത്രയും നീണ്ടനാള്‍ അദ്ധ്യാപനവും അദ്ധ്യയനവും നടക്കാതെ വന്നാലുള്ള ദുര്‍ഘടാവസ്ഥ ഏതൊരാള്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. നമ്മുടെ പാഠപദ്ധതിക്രമം വളരെ വ്യവസ്ഥാപിതവും തുടര്ച്ചയുടേതുമാണ്. അതിനെ വികലമാക്കുന്ന ഒരു നടപടിയും ഉണ്ടായിക്കൂടാ. അങ്ങിനെ വരുമ്പോള്‍ അത് അടുത്ത അദ്ധ്യയന വര്‍ഷങ്ങളെയും മൊത്തം നിലവാരത്തെയും ദോഷകരമായി ബാധിക്കുന്നതായിത്തീരും. അങ്ങിനെ വന്നുകൂടാ, കാരണം അപ്പോള്‍ അത് ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മുഴുവന്‍ നിലവാരത്തകര്‍ച്ചക്ക് കാരണമായേക്കും.
പോയസമയം തിരിച്ചുകിട്ടില്ല, അതേ സമയം നിശ്ചിത പാഠഭാഗങ്ങള്‍ പഠിപ്പിച്ചേ പറ്റുകയുമുള്ളൂ. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തില്‍ അത് താളപ്പിഴകളുണ്ടാക്കും. ഇവിടെയാണ് നമുക്ക് പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണരുടെയും അനുഭവസമ്പന്നരുടെയും ഇടപെടല്‍ ആവശ്യമായിവരുന്നത്. നിശ്ചിതമായ പാഠഭാഗങ്ങളില്‍ നിന്ന് കുറച്ചുഭാഗങ്ങള്‍ ഔദ്യോഗികമായി ഒഴിവാക്കിയാല്‍ പ്രശ്നം പരിഹരിക്കാമെന്ന് തോന്നുമെങ്കിലും അത് പ്രായോഗികമാണോ? ആ നിലക്ക് പരമാവധി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം പകരം സമയം എങ്ങിനെ കണ്ടെത്താന്‍ കഴിയുമെന്ന ആലോചന തന്നെയാണ്. എല്ലാ വിഭാഗം അദ്ധ്യാപക-വിദ്യാഭ്യാസ പ്രവര്‍ത്തക – രക്ഷാകര്‍തൃ പ്രതിനിധികളും, സര്‍ക്കാരും വിദ്യാഭ്യാസ വിചക്ഷണരും ഒറ്റക്കെട്ടായി ഒരു തീരുമാനത്തിലെത്തി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. അങ്ങിനെ വരികയാണെങ്കില്‍ വളരെ നിര്‍ണ്ണായകമായി, ആദ്യം തന്നെ കൈവരിക്കേണ്ടിവരിക പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലാണ്. സാധാരണഗതിയില്‍ ഉപജില്ലാ, ജില്ലാ, സംസ്ഥാന കലാകായിക മത്സരങ്ങള്‍ക്കും പരിപാടികള്‍ക്കുമായി കുറെ പ്രവൃത്തി ദിവസങ്ങള്‍ നീക്കിവെക്കാറുണ്ട്. അതെല്ലാം വളരെ പ്രാധാന്യമുള്ളത് തന്നെയാണെങ്കിലും ഈ ഘട്ടത്തിലെ അനിവാര്യതമൂലം അവയെല്ലാംതന്നെ പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാവാത്തവിധം ‘പ്രതീകാത്മകം’ എന്ന നിലയില്‍ അതാതു കലാലയങ്ങളിലെ മാത്രം ‘ഒറ്റദിവസ’ പരിപാടികളായി ചുരുക്കുക; അന്തരീക്ഷം തെളിഞ്ഞാല്‍ അടുത്ത വര്‍ഷം കൂടുതല്‍ മികവോടെ നടത്താമെന്ന തീരുമാനത്തില്‍. ഓരോ സ്ഥാപനത്തിലെയും നിശ്ചിതമായ കായിക, ചിത്രരചന, സംഗീതം, കമ്പ്യൂട്ടര്‍ തുടങ്ങിയ ക്ലാസുകളൊന്നും കുട്ടികള്‍ക്ക് നഷ്ടമാക്കുകയും ചെയ്യരുത്; കാരണം അത് കുട്ടികള്‍ക്കാവശ്യമായ മാനസികോല്ലാസം ഇല്ലാതാക്കാനിടയുണ്ട്. വിപുലമായ പരിപാടികള്‍ ഓദ്യോഗികമായി നടത്തുമ്പോള്‍ റിഹേഴ്സലിനും മറ്റുമായി പല ദിവസങ്ങള്‍ കുട്ടികള്‍ക്ക് അറിയാതെ തന്നെ നഷ്ടമാവാറുണ്ടല്ലോ. വിശേഷിച്ചും ജില്ലാ-സംസ്ഥാന മത്സരാടിസ്ഥാന പരിപാടികളില്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടക്കാല അവധികളായ ഓണം, പെരുന്നാള്‍, ക്രിസ്തുമസ് എന്നിവയെല്ലാം ഒരു ഗുരുതര സാഹചര്യം തരണം ചെയ്യുന്നതിനായി വെറും രണ്ടു ദിവസ അവധികളായി ചുരുക്കുക. അപ്രകാരം തന്നെ ശനിയാഴ്ചകള്, പൊതു അവധി ദിവസങ്ങളല്ലെങ്കില് പ്രവര്‍ത്തി ദിവസമാക്കുക. അതോടൊപ്പം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു ചെറിയ സമയമാറ്റത്തിന് വിധേയമായി ഒരു പീരിയഡ് അധികം കണ്ടെത്തുക.
ഉല്ബുദ്ധസമൂഹം ഇത്തരമൊരു തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് തന്നെ നമുക്ക് ആശിക്കാം. എന്തുകൊണ്ടെന്നാല്‍ ഇത് നാമോരുരുത്തരുടെയും മക്കളുടെ ഗുണകരമായ ഭാവിക്ക് വേണ്ടിയാണല്ലോ.
പ്രൈമറിതലം തൊട്ട് പന്ത്രണ്ടു വര്‍ഷങ്ങളിലെ പാഠങ്ങള്‍ തുടര്പാഠങ്ങളാണ്. അവയൊന്നും ഒരു നോട്ടവുമില്ലാതെ ഏതെങ്കിലും കുറെ ഭാഗങ്ങള്‍ ഒഴിവാക്കി ബാക്കി കൊണ്ട് മതിയാക്കാം എന്ന് ചിന്തിക്കാന്‍ പറ്റില്ല. സമയക്രമപ്പെടുത്തലില് കുറച്ചൊരു വിശ്വാസം നമുക്ക് കൈവരും. പാഠഭാഗങ്ങളുടെ കാര്യത്തില്‍ വലിയൊരു ‘ഓപ്പറേഷന്’ പ്രയാസകരമായിരിക്കും. എന്നിരുന്നാലും വിഷയത്തുടര്ച്ചയെ ഒരു നിലക്കും ബാധിക്കില്ലെന്നുറപ്പുള്ള ചില അധ്യായങ്ങള്‍ മാറ്റിനിര്‍ത്താന്‍ നോക്കുക. സയന്‍സ്, കണക്ക് തുടങ്ങിയ വിഷയങ്ങളില്‍ അത് വളരെ സൂക്ഷ്മതയോടെ തന്നെ കൈകാര്യം ചെയ്യണം. മാനവിക വിഷയങ്ങളിലും (ഭാഷയുള്‍പ്പെടെ) മൊത്തം ദോഷം വരാത്തവിധം ചില അധ്യായങ്ങള്‍ വിദഗ്ധ അഭിപ്രായമനുസരിച്ച് മാറ്റിവെക്കുക. അങ്ങിനെ വരുമ്പോള്‍, നേരത്തെ സ്വരൂപിച്ചുണ്ടാക്കിയ അധികസമയവും പാഠഭാഗങ്ങളില്‍ വരുത്തിയ ചെറിയ ഒരു കുറവും സൂക്ഷ്മമായി കൈകാര്യം ചെയ്യുകയാണെങ്കില്‍ വലിയ പോരായ്മകളില്ലാത്തവിധം ഈ അധ്യായനവര്‍ഷം തരണം ചെയ്യാനാവും.
ഇപ്പോള്‍ അധികാരികള്‍ മുന്നോട്ടുവെച്ച ഓണ്‍ലൈന്‍ പഠനരീതി ശാസ്ത്രലോകത്തില്‍ നിഷേധിക്കാനാവില്ലെങ്കിലും അത് പൂര്‍ണ്ണമായും വിജയപ്രദമാകുമെന്ന് പറയാനാവില്ല. നാല്പത് ശതമാനത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത് ഇപ്പോള്‍ അപ്രാപ്യമാണെന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. തന്നെയുമല്ല ഡിജിറ്റലൈസേഷന് പൂര്‍ണ്ണമായും വിദ്യാലയങ്ങളില്‍ നടപ്പില്‍ വരുത്താനുദ്ദേശിക്കുകയാണെങ്കില് അത് ക്രമാനുക്രമമായി ശിശുക്ലാസ് മുതല്‍ക്ക് ആരംഭിക്കേണ്ടതുമാണ്. ഒരു സുപ്രഭാതത്തില്‍ ഒരു മേല്‍ ക്ലാസുകാരനെ പിടിച്ചു കമ്പ്യൂട്ടറിന് മുമ്പിലിരുന്ന് പഠിക്കാന്‍ പറഞ്ഞാല്‍ അവനെന്തു ചെയ്യും? നട്ടംതിരിയുകയല്ലാതെ- അതിനാല്‍ ഡിജിറ്റലൈസേഷന് അടിത്തട്ടു മുതല്‍ ഘട്ടംഘട്ടമായി ഹയര്‍ സെക്കണ്ടറിവരെ എത്തിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷെ അത് ഈ രണ്ട് മാസം കൊണ്ട് നടക്കില്ലല്ലോ.
വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സ്കൂളുകള്‍ തുറന്ന് പുതിയ ക്ലാസുകളില്‍ കുട്ടികളെത്തുമ്പോള്‍ ഇത്തവണ അവര്‍ ചെറിയൊരു അമ്പരപ്പിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നാട്ടില്‍ നിലനില്‍ക്കുന്ന ഭീതിദമായ അന്തരീക്ഷത്തില്‍ അവരില്‍ അങ്ങിനെയൊരു അമ്പരപ്പ് സ്വാഭാവികമാണ്. അതിനാല്‍ ഇത്തവണ സ്കൂള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ നേരിട്ട് അധ്യാപനത്തിലേക്ക് കടക്കുന്നതിന് മുമ്പായി ഏതെങ്കിലും വിധേന ഒരു ബോധവല്‍ക്കരണം അവരില്‍ എത്തിക്കേണ്ടതുണ്ട്. ഏതെങ്കിലും കുട്ടിക്ക് വ്യക്തിപരമായി കൗണ്‍സലിംഗ് ആവശ്യമാണെങ്കില്‍ അതിനുകൂടി സ്കൂള്‍ അധികൃതര്‍ തയ്യാറാവണം. രക്ഷിതാക്കളുമായും അധ്യാപകരും സ്കൂള്‍ മേധാവിയും വളരെ ക്രിയാത്മകമ സൗഹൃദം നിലനിര്‍ത്തേണ്ടതുമാണ്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വിഷയത്തിലും രണ്ടാഴ്ചയിലൊരിക്കല്‍ ബന്ധപ്പെട്ട അധ്യാപകര്‍ ക്ലാസ് ടെസ്റ്റുകള്‍ നടത്തി വിലയിരുത്തുകയും ടേം പരീക്ഷകള്‍ ഒഴിവാക്കി കൊല്ലപരീക്ഷ മാത്രം ക്രമപ്പെടുത്തുകയും വേണം. അങ്ങിനെയാവുമ്പോള്‍ ലഭ്യമായ സമയംകൊണ്ട് സാധാരണരീതിയിലുള്ള ഒരു ഫലം പ്രതീക്ഷിക്കാനാവും. കോളജ്, സര്‍വ്വകലാശാലാതലത്തിലും അവിടുത്തേക്കിണങ്ങുന്ന ക്രമീകരണങ്ങള്‍ കണ്ടെത്തണം. ഇതെല്ലാം തന്നെയും ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്തു ഒന്നിച്ചെടുക്കുന്ന തീരുമാനങ്ങളായിരിക്കുകയും വേണം. അപ്പോള്‍ മാത്രമേ പ്രായോഗികത ഉറപ്പുവരുത്താനാവൂ. ഈ പ്രതിസന്ധിഘട്ടത്തില്‍ ഏറ്റവും പ്രസക്തമാവുക അധ്യാപക സമൂഹത്തിന്റെ നിലപാടുതന്നെയായിരിക്കുമെന്നതില് സംശയമില്ല.