സി.പി സൈതലവി
‘ഇന്ത്യയിലെ മുസ്‌ലിംകള്‍ ന്യൂനപക്ഷമാണ്. ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഭരണരംഗങ്ങളില്‍ അവര്‍ക്കു പ്രാതിനിധ്യം കുറവായിരുന്നു. മുസ്‌ലിം സമൂഹം അവഗണിക്കപ്പെട്ട സമൂഹമാണിവിടെ. ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ പിന്നത്തെ ഏറ്റവും വലിയ സമൂഹമായ മുസ്‌ലിംകള്‍ അധികാരത്തിന്റെ ഉന്നതങ്ങളില്‍ ഇന്നില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, കരസേനാ സര്‍വസൈന്യാധിപന്‍, വ്യോമ, നാവികസേനയുടെ അധിപന്മാര്‍, പ്ലാനിങ് കമ്മീഷന്‍ ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇവരെല്ലാം ഹിന്ദുക്കളാണ്.’ ഇത് രാജ്യത്തെ ഒരു മുസ്‌ലിം നേതാവിന്റെ പ്രസ്താവനയല്ല. തെരഞ്ഞെടുപ്പും വോട്ടുബാങ്കും മുന്നില്‍ കണ്ടുള്ള പ്രീണനവുമല്ല. രാഷ്ട്രീയ ദുര്‍വ്യാഖ്യാനങ്ങളെ ഭയക്കാതെ, കക്ഷിബന്ധങ്ങളുടെ നീക്കുപോക്കുകളും സൗഹൃദങ്ങളുടെ ഭാവമാറ്റങ്ങളും സ്വാധീനിക്കാതെ നിര്‍ഭയം നിലപാടുകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു മനുഷ്യാവാകാശ പോരാളിയുടെ വാക്കുകളായിരുന്നു. എം.പി വീരേന്ദ്രകുമാര്‍ മറയുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക വേദിയില്‍ നിന്ന് അഴിച്ചുമാറ്റപ്പെടുന്നത് മതേതരത്വത്തിന്റെ ഏറ്റവും വ്യാപ്തിയുള്ള ഉച്ചഭാഷിണി കൂടിയാണ്.
ദേശീയ, സംസ്ഥാനതലത്തില്‍ വ്യത്യസ്തമായ മുന്നണി ബന്ധങ്ങള്‍ സ്ഥാപിക്കേണ്ടിവന്നിട്ടുള്ള ഒരു രാഷ്ട്രീയകക്ഷിയുടെ സമുന്നത ഭാരവാഹിയായിരിക്കേതന്നെ എക്കാലവും ഒരേമനസ്സോടെ അധ:സ്ഥിത, മുസ്‌ലിം പ്രശ്‌നങ്ങളെ സമീപിച്ച പ്രതിഭാശാലിയായ രാഷ്ട്രീയ നേതാവാണ് ജീവിതത്തിന്റെ അരങ്ങു വിട്ടിറങ്ങിയത്. തന്റെ തെരഞ്ഞെടുപ്പ് ജയപരാജയങ്ങളില്‍ ഏതെങ്കിലും നിലയ്ക്ക് പങ്കുവഹിച്ചവരാണ് ആ വിഭാഗമെന്ന ചിന്തപോലും ന്യൂനപക്ഷവിഷയങ്ങളില്‍ ആത്മാര്‍ത്ഥമായ പിന്തുണയര്‍പ്പിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്‍മാറ്റിയില്ല.
രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്‍ക്കു വേണ്ടി വീറോടെ വാദിച്ചു കൊണ്ടിരുന്ന ഒരഭിഭാഷകന്റെ ശൂന്യതയാണ് വീരേന്ദ്രകുമാറിന്റെ വേര്‍പാടില്‍ സംഭവിച്ചിരിക്കുന്നത്. ഫാസിസ്റ്റ് തേര്‍വാഴ്ചക്കെതിരെ സര്‍വപ്രതിഭയും വേദിയും ഇവ്വിധം പ്രയോഗിച്ച മറ്റൊരാള്‍ കേരളത്തിന്റെ രാഷ്ട്രീയ – സാംസ്‌കാരിക അരങ്ങില്‍ സമീപകാലത്തില്ല. ഈ പോരാട്ടവേദിയില്‍ ഒരു പിന്‍ഗാമിയില്ലാത്തവിധം കടന്നുപോവുന്നു എന്നതാണ് വീരേന്ദ്രവിരഹ ദു:ഖം.
മലയാളിയുടെ പൊതുമണ്ഡലത്തില്‍ തുടര്‍ന്നു സംസാരിക്കാനുള്ളവര്‍ക്കെല്ലാം ചില ആക്കത്തൂക്കങ്ങള്‍ നോക്കാനുണ്ട്. മുന്‍പിന്‍ ആലോചിക്കാതെ എടുത്തുചാടാനാവില്ല. അത് എഴുത്തിലായാലും പ്രസംഗത്തിലായാലും പരിമിതികളാല്‍ നിയന്ത്രിതമാണ്. വീരേന്ദ്രകുമാറിനെ അങ്ങനെയൊരു ഭയം തീണ്ടിയില്ലൊരിക്കലും. അധികാരവും ശക്തിയുമുള്ളവരെ വിമര്‍ശിച്ചാല്‍ അവരുടെ സില്‍ബന്ധികളാല്‍ വേദികള്‍കൊണ്ടും കയ്യൂക്കുകൊണ്ടും ആക്രമിക്കപ്പെടുമെന്നും പതിയെപതിയെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്നും ഉപജീവനം വഴിമുട്ടുമെന്നുമുള്ള ഒരാശങ്കയുമില്ലാതെ അന്ത്യംവരെ വീരനായി വിരാജിച്ചു അദ്ദേഹം. പദവിമോഹങ്ങളാല്‍ പറയേണ്ടതു പറയാതെ മൗനിയായില്ല. സ്വാതന്ത്ര്യസമരകാലത്തെയും അനുബന്ധദശകങ്ങളിലെയും ഉന്നതമായ മൂല്യബോധമുള്ള നേതൃനിരയുടെ നേര്‍പ്പകര്‍പ്പായി പുതിയകാലത്തിനു മുമ്പില്‍ അദ്ദേഹം സഞ്ചരിച്ചു.
രാമവിഗ്രഹത്തിന്റെ സ്ഥാനം ബാബരി മസ്ജിദിനുള്ളിലല്ല, സരയൂനദിയുടെ നടുക്കാണെന്നു പറഞ്ഞ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും, മനുഷ്യന്റെ സ്വയം സന്നദ്ധമായ ഇച്ഛാശക്തിക്കല്ലാതെ യാഥാസ്ഥിതിക ഹിന്ദുത്വമുള്‍പ്പെടെ മറ്റൊരു ശക്തിക്കും ഇന്ത്യയില്‍ ഐക്യം ഊട്ടിയുറപ്പിക്കാനാവില്ലെന്നും ഉറപ്പിച്ചു പറഞ്ഞ ഡോ. റാം മനോഹര്‍ ലോഹ്യയുമായി ഈ പുതിയനൂറ്റാണ്ടിലും ജീവിച്ചുകാണിച്ചു വീരേന്ദ്രകുമാര്‍.
‘സമന്വയത്തിലേക്കു മടങ്ങുക’ എന്ന രചനയില്‍ അദ്ദേഹം വിശ്വമഹാകവി രബീന്ദ്രനാഥ്ടാഗോറിനെ ഉദ്ധരിക്കുന്നുണ്ട്.’ഭൂമിശാസ്ത്രത്തിന്റെ വിഗ്രഹാരാധന വളര്‍ത്തിയതുകൊണ്ടല്ല ഞാനീ രാജ്യത്തെ സ്‌നേഹിക്കുന്നത്. ഈ മണ്ണില്‍ ജനിച്ചു എന്നതുകൊണ്ടുമല്ല; മറിച്ച് മഹാത്മാക്കളായ മണ്ണിന്റെമക്കളുടെ വെളിച്ചംനിറഞ്ഞ ബോധത്തില്‍നിന്നും ഒഴുകിയ ജീവസ്സുറ്റ വാക്കുകളെ, കലാപപുര്‍ണ്ണങ്ങളായ യുഗങ്ങളിലൂടെ ഈ നാട് കാത്തുസൂക്ഷിച്ചതുകൊണ്ടാണ് ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നത്.’ ഈമണ്ണിനെയും മനുഷ്യനെയും ആശയങ്ങളെയും സംബന്ധിച്ച തന്റെനയപ്രഖ്യാപനമായി വീരേന്ദ്രകുമാര്‍ ഈവരികളെ ചേര്‍ത്തുപിടിച്ചു. ഗാന്ധിയന്‍ ചിന്തകളുടെ ചുവടൊത്തു നടന്നു. ഉയര്‍ന്ന സാമ്പത്തികനിലയും വിദേശവിദ്യാഭ്യാസവും നിരന്തരയാത്രകളും നല്‍കിയ ജീവിതാനുഭവങ്ങള്‍ സുഖാന്വേഷണങ്ങള്‍ക്കല്ല അദ്ദേഹത്തിന്റെ ആദര്‍ശ സമരങ്ങള്‍ക്കാണ് കരുത്തുപകര്‍ന്നത്. മതേതര മൂല്യങ്ങള്‍ക്കായി സന്ധിയില്ലാതെപൊരുതാന്‍ ആ ജീവിതസൗഭാഗ്യങ്ങള്‍ തുണച്ചു.
സാധുമനുഷ്യരുടെ കുടിനീര്‍ഊറ്റുന്ന കുത്തകകള്‍ക്കെതിരെ സമരക്കൊടിപിടിച്ച് പ്ലാച്ചിമടയിലെത്തുമ്പോഴും രാജ്യത്തെപരിസ്ഥിതി പ്രക്ഷോഭങ്ങളിലണിചേരുമ്പോഴും വരാനിരിക്കുന്ന ജലയുദ്ധങ്ങളെ ഓര്‍മിപ്പിക്കുമ്പോഴും മതത്തിന്റെയും ജാതിയുടെയും പേരില്‍ നടക്കുന്ന മനുഷ്യഹത്യക്കെതിരെ കലഹിക്കുമ്പോഴും അവര്‍ണനെ അധികാരസ്ഥനാക്കണമെന്നു ശഠിക്കുമ്പോഴും വരേണ്യതയുടെ കയ്യടികളെയും ആശീര്‍വാദങ്ങളെയും തിരസ്‌ക്കരിക്കുകയായിരുന്നു ആ പോരാളി. ഭാവികേരളത്തിനു പ്രചോദനമാകേണ്ട രാഷ്ട്രീയ ചിന്തകള്‍ക്കാണ് അദ്ദേഹം തിരിതെളിയിച്ചത്. വായന അന്യംനിന്നുപോകുന്ന കാലത്ത് പുസ്തകത്തിന്റെ ഗന്ധമുള്ള രാഷ്ട്രീയക്കാരനായി അദ്ദേഹം ജീവിച്ചു. നിര്‍ത്താതെ വായിച്ചു. നിരന്തരം എഴുതി. അനേകം കൃതികള്‍. എണ്ണമറ്റ പ്രഭാഷണങ്ങള്‍. എല്ലാം തത്വചിന്തയുടെയും മനുഷ്യസ്‌നേഹത്തിന്റെയും അഗാധസ്പര്‍ശമുള്ളത്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനോളം പോന്ന ‘ഹൈമവത ഭൂവില്‍’ തൊട്ട് ‘രാമന്റെ ദു:ഖവും’, ‘ബുദ്ധന്റെ ചിരി’യും ‘ഗാട്ടും കാണാച്ചരടുകളും, രോഷത്തിന്റെ വിത്തുകളുമായി രാഷ്ട്രീയവും തത്വചിന്തയും യാത്രയും സ്മൃതിയും ചരിത്രവും തൊട്ടകൃതികള്‍. അങ്ങനെയൊരാള്‍ രാജ്യത്ത് എന്താണ്‌സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു പറയുകയാണ്. ‘ദേശീയ പൗരത്വഭേദഗതി: ശിഥിലമാക്കരുത് ഇന്ത്യയെ’ എന്ന തലക്കെട്ടില്‍ 2019 ഡിസംബര്‍ 17ന് വീരേന്ദ്രകുമാര്‍ എഴുതി: രാജ്യത്തിന്റെ ഇംഗിതമെന്ന മട്ടില്‍ ഒരു പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ ഒന്നൊന്നായി രാജ്യത്ത് നടപ്പാക്കുകയാണ്. ഇരുപത്‌കോടിയോളംവരുന്ന നമ്മുടെമുസ്‌ലിംസഹോദരങ്ങള്‍ക്കുമേല്‍ പാര്‍ലമെന്റില്‍ മൃഗീയഭൂരിപക്ഷമുള്ളഭരണകൂടംഏല്‍പിച്ച അസ്തിത്വപരമായ ആഘാതം ഭയപ്പെടുത്തുന്നതാണ്.
പൂര്‍വീകരുടെ മണ്ണില്‍ സ്വതന്ത്രമായി പിറന്ന മനുഷ്യരുടെ അന്തസ്സിനെ ചവിട്ടിമെതിക്കാന്‍ ഒരു ജനവിധിയുംഅനുവദിക്കുന്നില്ല. ആ പൂര്‍വികരുടെ ശേഷിപ്പുകള്‍ ഇന്ത്യന്‍മണ്ണിലെശ്മശാനങ്ങളില്‍ അടക്കംചെയ്തിട്ടുള്ളതാണ്. തിരഞ്ഞെടുപ്പ് വിജയംനല്‍കിയ ആനുകൂല്യത്താല്‍ സ്വന്തം പാര്‍ട്ടിയുടെ പ്രകടനപത്രിക ഭരണഘടനയ്ക്കതീതമായിസ്ഥാപിച്ച് അതിരുകളില്ലാത്ത അധികാരത്താല്‍ എന്തുംചെയ്യാമെന്നുള്ള ധാരണശരിയല്ല. ന്യൂനപക്ഷങ്ങളെ അടക്കിഭരിച്ചുകൊണ്ട് രാജ്യം ഭൂരിപക്ഷമതസ്ഥരുടേതാക്കിമാറ്റാനുള്ള അപകടകരമായശ്രമങ്ങളെ നാംതിരിച്ചറിയേണ്ടിയിരിക്കുന്നു.”
‘ഹിന്ദു മുസ്‌ലിം സംവാദത്തിന്റെ പ്രസക്തി’-യില്‍ കുറിച്ചു: എല്ലാസംസ്‌കാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും ഏറ്റവുംഉല്‍കൃഷ്ടമായ വശങ്ങളെകണ്ടെത്താനും അവയെനമ്മുടെ ദേശീയജീവിതത്തിന്റെ ധാരയിലേക്ക് ഇണക്കിചേര്‍ക്കാനും സഹായകമാവുന്ന സംവാദമാണ് നമുക്കുവേണ്ടത്. ജനാധിപത്യവും സാഹോദര്യവും ഇസ്ലാമിന്റെ മൗലികപ്രമാണങ്ങളാണ്. സഹിഷ്ണുതയും സമന്വയവുമാണ് ഭാരതീയദര്‍ശനങ്ങളുടെ സവിശേഷത. ഈ രണ്ടുസമീപനങ്ങളിലേക്കും തിരിച്ചുപോകാന്‍ നമുക്കു സാധിക്കണം. അതിന് അനുകൂലമായ അന്തരീക്ഷവും കാലാവസ്ഥയും ഒരുക്കുകയാവണം മാധ്യമങ്ങളുടെ മര്‍മ്മപ്രധാനമായകടമ.’
‘ഹിന്ദുരാഷ്ട്രവാദത്തിന്റെ കവചമായിത്തീര്‍ന്നിരിക്കുന്നു ഇന്ന്, ബാബറി മസ്ജിദ് – രാമജന്മഭൂമി തര്‍ക്കം. കേവലം ഒരു മസ്ജിദോ ക്ഷേത്രമോആണ് ഈ തര്‍ക്കത്തിന്റെ പിന്നിലുള്ളതെന്ന വിചാരം മിഥ്യയാണ്. ആധുനികഭാരതത്തില്‍ ഇസ്‌ലാമിനുള്ളസ്ഥാനമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇസ്‌ലാമും ഇന്ത്യയും തമ്മിലുള്ളബന്ധം മാറ്റാനോ, മുറിച്ചകറ്റാനോ പാടുണ്ടോ? അവരുടെ നിലനില്‍പും പദവിയും ഒരു ഭൂരിപക്ഷസമൂഹത്തിന്റെ ഔദാര്യത്തിലാകണമെന്നോ? ഹിന്ദുത്വത്തിന്റെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചില വര്‍ഗീമതമൗലികവാദികള്‍ അവകാശപ്പെടുന്നു. ബാബറിമസ്ജിദ് മാറ്റി ശ്രീരാമക്ഷേത്രം പണിതാലേ ഹിന്ദുത്വം നിലനില്‍ക്കൂ എന്നു പറയുന്നതു ചരിത്രബോധത്തിന്റെ അഭാവമാണ്.’
‘ഇനി അഥവാ രാമക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്ന ചില ചരിത്രകാരന്മാരുടെ വാദം സമ്മതിച്ചാല്‍പോലും അത് ഒരു പ്രതിക്രിയയുടെ കാരണമാകുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്? നൂറ്റാണ്ടുകള്‍ക്കു മുമ്പുനടന്ന കാര്യത്തിനു ഇന്നത്തെതലമുറ ഉത്തരവാദികളാകുന്നതെങ്ങനെ? എത്ര ബുദ്ധവിഹാരങ്ങളാണ് ഈ നാട്ടില്‍ അമ്പലങ്ങളായി മാറിയത്? സമ്പത്തിനുവേണ്ടി ക്ഷേത്രങ്ങള്‍തകര്‍ത്ത ഹിന്ദുരാജാക്കന്മാര്‍തന്നെ ഉണ്ടായിരുന്നില്ലേ? കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രവും ശബരിമലയും ബൗദ്ധന്മാരുടേതായിരുന്നുവെന്ന് പറയുന്നു. അതു ക്ഷേത്രങ്ങളായി മാറിയത് നാം കാണുന്നു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇത് നടന്നിട്ടുണ്ട്, മാറിയകാലഘട്ടത്തില്‍ ഇതെല്ലാം മതസ്പര്‍ദ്ധയ്ക്കു കാരണങ്ങളാക്കി മാറ്റുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. (സമന്വയത്തിലേക്കു മടങ്ങുക)
‘പതിന്നാലുവര്‍ഷത്തേക്ക് അയോഗ്യനാക്കപ്പെട്ടിട്ടും ഒരു വന്‍സാമ്രാജ്യംകൈയില്‍നിന്ന് വഴുതിപ്പോയിട്ടും എല്ലാസുഖസൗകര്യങ്ങളും നിഷേധിക്കപ്പെട്ടിട്ടും അയോധ്യയെ തന്റെചൊല്‍പ്പടിയില്‍നിര്‍ത്താനുള്ള കെല്‍പ്പുണ്ടായിരുന്നിട്ടും അവയൊന്നും അക്രമാസക്തമാകുന്നതിനുതക്ക കാരണങ്ങളാവുന്നില്ല എന്ന് തന്റെവാക്കിലൂടെയും കര്‍മത്തിലുടെയും തെളിയിച്ച രാമന്റെ ‘ധര്‍മതല്‍പരതയെ’ തക്കകാരണംകൂടാതെ ‘ഇല്ലാത്ത’ വീര്യം അയോധ്യയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെ രാമഭക്തന്മാര്‍എന്ന് സ്വയം കരുതുന്ന ഒരുപറ്റംനേതാക്കന്മാരും കര്‍സേവകരും ചവിട്ടിമെതിക്കുകയല്ലേ ചെയ്തത്?’
‘464 വര്‍ഷങ്ങള്‍പിന്നിട്ട ബാബറിമസ്ജിദ് മണ്‍കട്ടകളുടെകൂമ്പാരമായി അവശേഷിച്ചതും ഭരണഘടനയുടേയും നിയമവാഴ്ചയുടേയും അസ്തിത്വം തകര്‍ക്കപ്പെട്ടതും ഏതൊരുമഹാപൈതൃകത്തിന്റെയും സംസകാരത്തിന്റയും ഉടമകളാണ് നമ്മളെന്ന് കരുതിയിരുന്നുവോ അതിന്റെ വിനാശം കുറിച്ചതും കണ്ടുകൊണ്ടാണ് ഡിസംബര്‍ 7ന് (1992) സൂര്യന്‍ കിഴക്കുദിച്ചത്.’
ശ്രീരാമന്‍ ഇന്ന് അന്നത്തേക്കാളുമേറെ ദു:ഖിതനാണ്. (രാമന്റെ ദു:ഖം)’
‘ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും നേതൃനിരയില്‍ പലരും ദീര്‍ഘവീക്ഷണമില്ലാത്ത, രാഷ്ട്രത്തെ അതിന്റെസമ്പൂര്‍ണതയോടെ കാണാന്‍സാധിക്കാത്ത, ചുമരുകള്‍ക്കപ്പുറം ലോകമുണ്ട് എന്നറിയാത്ത ഒരുപിടിയാഥാസ്ഥിതികരുടെയും മതമൗലികവാദികളുടെയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. 500 കൊല്ലങ്ങളുടെ ചരിത്രത്തിന്റെ പിന്നിലേക്ക് അവര്‍ തിരിഞ്ഞുനോക്കുന്നത് 5 കൊല്ലം ഭരിക്കാനുള്ള വിഭവം കണ്ടെത്താനാണ്. (അയോധ്യയുടെ ബാക്കിപത്രം)’
‘ഇസ്‌ലാം വാളുകൊണ്ടല്ല ഇന്ത്യയില്‍പ്രചരിച്ചത്. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതയും വിശ്വമാനവികതയുമാണ് ഇസ്‌ലാമിക വ്യാപനത്തിന് നിമിത്തം… ഇസ്‌ലാം കടന്നുവരുമ്പോള്‍ ഇവിടെ നിലനിന്നിരുന്ന സാമൂഹികപശ്ചാത്തലം ജാതിചിന്തയിലും ജാതിവ്യവസ്ഥയിലും അധിഷ്ഠിതമായിരുന്നു. മനുഷ്യരെ വിവിധ തട്ടുകളിലായി വേര്‍തിരിച്ചുകൊണ്ട് ജാതീയത ഉറപ്പിച്ചുനിര്‍ത്തുന്നതിനുള്ള നിയമങ്ങളും ന്യായങ്ങളുമൊക്കെ ഇവിടെ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. ജാതിവ്യവസ്ഥ സമൂര്‍ത്തമായി തഴച്ചുവളന്നിരുന്ന ഒരുകാലഘട്ടത്തില്‍ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹിതസന്ദേശവുമായി ഇവിടെകടന്നുവന്ന ഇസ്‌ലാം ഇന്നാട്ടുകാരില്‍ സ്വാധീനം ചെലുത്തി. ഇരുകരവുംനീട്ടി ഈരാജ്യത്തെജനം മുസ്‌ലിംകളെ സ്വാഗതം ചെയ്തു. എന്നുമാത്രമല്ല, അവര്‍ക്കിവിടെ ജീവിക്കാനാവശ്യമായ സൗകര്യം ചെയ്തുകൊടുത്തു. ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തു. ജാതിവ്യവസ്ഥയുടെ നുകത്തില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന ജനത കൂട്ടത്തോടെ ഇസ്‌ലാം മതം സ്വീകരിച്ചു (ഹൈന്ദവ ഫാസിസത്തിന്റെ ദംശനമേറ്റ ഇന്ത്യന്‍ മുസ്‌ലിംകള്‍)’
‘മുസ്‌ലിം രാജാക്കന്മാരെ വിദേശികളെന്ന് മുദ്രകുത്തി അന്യമാക്കുന്ന രീതിശാസ്ത്രം ശരിയല്ല. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവര്‍ ഇന്ത്യക്കാരാണ്. അവരെ വിദേശികളായി കാണാന്‍ കഴിയില്ല. ഇതേ മാനദണ്ഡം വെച്ചുകൊണ്ട് നോക്കുമ്പോള്‍ ഇന്ത്യയുടെ പാരമ്പര്യം കുത്തകയായി അവകാശപ്പെടാന്‍ അര്‍ഹതയുള്ളവര്‍ ആരുണ്ടിവിടെ? ഹുമയൂണ്‍, അക് ബര്‍, ജഹാംഗീര്‍, ഷാജഹാന്‍, ഔറംഗസീബ്, ബഹദൂര്‍ഷാ, മുഹമ്മദ് ഷാ ഇവ രെല്ലാം ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യക്കാരായ ഭരണാധികാരികളാണ്. അശോകനെയും കനിഷ്‌കനെയും ശിവജിയെയും പോലെ മുസ്‌ലിം ഭരണാധികാരികളെയും ഇന്ത്യന്‍ രാജാക്കന്മാരായി കാണാന്‍ നമുക്ക് കഴിയണം’
‘ഇപ്പോള്‍ കൊട്ടിഗ്‌ഘോഷിക്കുന്ന ഹിന്ദുരാഷ്ട്രം സവര്‍ണ്ണ ഫാസിസത്തിന്റേതാണ്. ന്യനപക്ഷത്തിന്റെ മേധാവിത്വം ഭൂരിപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണീ ഹിന്ദുരാഷ്ട്രവാദം. ഇപ്പോള്‍ മുസ്‌ലിംവിരോധം പറയുന്നവര്‍ അധികാരം കിട്ടിയാല്‍ എല്ലാ അവര്‍ണ്ണവിഭാഗങ്ങള്‍ക്കുമെതിരെ തിരിയും.
ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പാക്കല്‍ മാത്രമല്ല. എല്ലാവര്‍ക്കും നീതിനല്‍കലാണ് അതിന്റെ ലക്ഷ്യം. ഹിന്ദുഫാസിസം വളര്‍ത്തുന്നവര്‍ ഹിറ്റ്‌ലറുടെ മാര്‍ഗം സ്വീകരിക്കുന്നവരാണ്……. ശ്രീരാമന്‍ എന്ന പ്രവാചകന്‍ ബി. ജെ.പി. എന്നൊരു കേവലരാഷ്ട്രീയപാര്‍ട്ടിയാല്‍ സംരക്ഷിക്കപ്പെടേണ്ടതല്ല….. (ഹിന്ദു രാഷ്ട്ര വാദം സമ്പൂര്‍ണ ഫാസിസം)
‘ബാബറി മസ്ജിദിന്റെ തകര്‍ച്ച മുസ്‌ലിംകളെ മാത്രം വേദനിപ്പിച്ച സംഭവമല്ല. അവിടെ തകര്‍ന്നത് ഇന്ത്യയുടെ നീതിപീഠമാണ്; ഭരണഘടനയാണ്; നമ്മള്‍ ഊട്ടിവളര്‍ത്തിയ സംസ്‌കാരമാണ്. ആ തകര്‍ച്ചയില്‍ ദുഃഖിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യയെ ഒന്നിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. (മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളി)
ഇടതുമുന്നണിയുടെഭാഗമായി സഞ്ചരിക്കുമ്പോഴും മാര്‍ക്‌സിസ്റ്റ് നയവൈരുധ്യങ്ങളെ അദ്ദേഹം തുറന്നുകാട്ടി.
‘ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ച് മാര്‍ക്‌സും എംഗല്‍സും ലെനിനും ആഴത്തില്‍ പഠിച്ചിരുന്നില്ല, മാര്‍ക്‌സും എംഗല്‍സും ആവിഷ്‌കരിച്ച വര്‍ഗസമരസിദ്ധാന്തത്തിന്റെ പരിധിക്കുള്ളില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥവന്നിരുന്നുമില്ല. ആചാര്യന്മാര്‍ അങ്ങനെഒട്ടു ആഗ്രഹിച്ചതുമില്ല. മറിച്ച് വര്‍ഗസമരസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ഓരോ രാജ്യത്തെയും സവിശേഷസാഹചര്യങ്ങള്‍ വിലയിരുത്തി വിപ്ലവതന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് അവര്‍ നിര്‍ദേശിച്ചത്. ഇന്ത്യയിലെ സി.പി.എം ആകട്ടെ ഇന്ത്യയിലെ ജാതിവ്യവസ്ഥയടക്കമുള്ള സാമൂഹികപ്രശ്‌നങ്ങളെ ഇന്ത്യയുടെ ചരിത്രത്തിനും ദാര്‍ശനികപാരമ്പര്യത്തിനും, മതപരമായ ആചാരങ്ങള്‍ക്കും വിധിനിഷേധങ്ങള്‍ക്കും അനുസൃതമായി വിലയിരുത്താതെ വര്‍ഗസമരത്തെ യാന്ത്രികമായി ഇന്ത്യയില്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. സംവരണപ്രശ്‌നത്തെ കേവലം സര്‍ക്കാര്‍ ഉദ്യോഗത്തിനുവേണ്ടിയുള്ള ഏര്‍പ്പാടായി മാത്രമാണ് ആ പാര്‍ട്ടികാണുന്നത്. (ക്രീമീലെയറും സംവരണവും). രാഷ്ട്രീയജീവിതമെന്നത് നയവും നിലപാടുകളും ആശയസമരങ്ങളും നിറഞ്ഞതാണെന്നും വിമര്‍ശനങ്ങള്‍ക്കു ഒരു സൗഹൃദവും തടസ്സമല്ലെന്നും പ്രവൃത്തിയില്‍ തെളിയിച്ചു അദ്ദേഹം.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും എം.പി വീരേന്ദ്രകുമാറും ആലിംഗനബദ്ധരായി നില്‍ക്കുന്ന പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം രംഗവേദിയില്‍ തെളിയുകയാണ്. ഏത് സങ്കീര്‍ണസന്ധിയിലും ഉത്കൃഷ്ടമായ മനുഷ്യബന്ധത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെയും ഒരു മെയ്യും ഒരൊറ്റ മനസ്സുമായി നില്‍ക്കാനാവുന്ന മഹത്വത്തിന്റെയും മലയാളത്തനിമയൂറുന്ന ദൃശ്യം. അതായിരുന്നു എം.പി വീരേന്ദ്രകുമാര്‍ എന്ന സാക്ഷ്യം. എന്നും കൂടെയുണ്ടെന്ന സന്ദേശം.
പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, പൗരത്വം പോലും ചോദ്യം ചെയ്യപ്പെട്ട് ഒരു ജനസമൂഹം പലായനത്തിന്റെ ഭയമുഖങ്ങളുമായി തെരുവില്‍ പകച്ചുനില്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി അധികാരികളോടും അക്രമികളോടും ന്യായയുക്തി കൊണ്ടുതര്‍ക്കിച്ചും പ്രതിരോധിച്ചുംനിന്ന ശക്തനായ പടയാളിയാണ് ചരിത്രത്തിലേക്ക് നടന്നുമറഞ്ഞത്. ഒരു വീരേന്ദ്രകുമാറിനെ രാജ്യവും ജനതയും ആവശ്യപ്പെടുന്ന നിര്‍ണായക സന്ധിയില്‍ ആ ഉച്ചഭാഷിണി അഴിച്ചെടുത്തു കാലം.