കെ.പി.എ മജീദ്
ഡല്‍ഹിയല്‍ നിന്ന് കേരളത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ പദയാത്രാ സമരം പ്രഖ്യാപിച്ച ശേഷമാണ് സംസ്ഥാന സര്‍ക്കാറിന് ചെറിയൊരു ഇളക്കമുണ്ടായത്. എ.സി ടിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവാത്തതാണ് പ്രശ്നമെന്നും നോണ്‍ എ.സിക്ക് ശ്രമിക്കുമെന്നും പറയുന്ന മുഖ്യമന്ത്രി തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ പല സംഘടനകളും സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തതിനു നേരെ കണ്ണടക്കാനും അവരെ അപഹസിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെന്ന് എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. പഞ്ചാബ് സര്‍ക്കാര്‍ അവിടെയുള്ള മലയാളികളെ അവരുടെ ചെലവില്‍ കേരളത്തില്‍ എത്തിക്കാമെന്ന് മൂന്നു തവണയാണ് കത്തയച്ചത്. മുസ്ലിംലീഗിന്റെ പോഷക ഘടകമായ കെ.എം.സി.സിയും കോണ്‍ഗ്രസ്സുമെല്ലാം സ്വന്തം പണം മുടക്കി മലയാളികളെ തിരിച്ചെത്തിക്കാന്‍ തയ്യാറായപ്പോള്‍ അതിന് തുരങ്കം വെക്കാനാണ് സര്‍ക്കാര്‍ ശ്രമം.
നിരന്തര ആവശ്യങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള നോര്‍ക്ക രജിസ്ട്രേഷന് തുടങ്ങിയത്. മൂന്നു ദിവസങ്ങള്‍ കൊണ്ട് തന്നെ (മെയ് ഒന്നിന്) ഒരുലക്ഷം പേര് രജിസ്റ്റര്‍ ചെയ്തെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും ഇവരെ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സ്വന്തം റിസ്കില്‍ പാസുകളും സാങ്കേതികത്വവും പാലിച്ച് എത്തിയവരെ പോലും വാളയാര്‍ ഉള്‍പ്പെടെയുളള സംസ്ഥാനത്തെ ആറ് അതിര്‍ത്തികളിലും എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നമ്മള് കണ്ടു. നാലു ലക്ഷം പേര്‍ക്ക് ക്വാറന്റീന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ കരണം മറിയുന്നതിന്റെ യുക്തി എന്താണ്.
പാസില്ലാതെ വരുന്നവര്‍ക്ക് നിര്‍ബന്ധിത ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈനും അല്ലാത്തവര്‍ക്ക് ഹോം ക്വാറന്റൈനും ഏര്‍പ്പെടുത്തുക എന്നതിനപ്പുറം ഇക്കാര്യത്തില്‍ ഭീതിയുടെ ഒരാവശ്യവും ഇല്ല. രോഗ മേഖലയില്‍ നിന്നാവട്ടെ രോഗം ഉളളവരാവട്ടെ അല്ലാത്തവരാവട്ടെ മലയാളികള്‍ തിരിച്ചെത്തുമ്പോള്‍ ആശ്വാസം പകരുകയാണ് ഓരോരുത്തരുടെയും കടമ; സര്‍ക്കാറിന്റേയും. പക്ഷെ, ശവക്കൂനകള്‍ തീര്‍ക്കാന്‍ വന്നവരെന്ന് സംസ്ഥാന ഭരണം കയ്യാളുന്ന പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ അവരെ ആക്ഷേപിക്കുന്നത് ഞെട്ടലോടെയും സങ്കടത്തോടെയുമാണ് ശ്രവിച്ചത്.
വാളയാറില്‍ കുടിവെള്ളം പോലുമില്ലാതെ കഷ്ടപ്പെട്ടവര്‍ക്ക് ദാഹവും വിശപ്പും മാറ്റിയ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരെ അപരാധികളെ പോലെ പ്രചരിപ്പിച്ച് കൈകാര്യം ചെയ്യുന്ന സര്‍ക്കാറിന്റെ നിലപാടില്‍ സംശയമുണ്ട്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക നോണ്‍ സ്റ്റോപ്പ് കെ.എസ്.ആര്.ടി.സി സര്‍വ്വീസ് ഏര്പ്പെടുത്തായാല് എത്രായിരം മലയാളികള്‍ക്ക് വീടണയാമായിരുന്നു. ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ടവര്‍ക്ക് വീടണയാന്‍ സംസ്ഥാന സര്‍ക്കാറുകളുടെ ആവശ്യപ്രകാരം ആരംഭിച്ച ശ്രമിക്ക് ട്രെയിനുകള്‍ ആയിരത്തോളം സര്‍വ്വീസ് നടത്തിയെങ്കിലും ഒന്നു പോലും കേരളം ഉപയോഗപ്പെടുത്തിയില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്.
വിദേശത്തു നിന്ന് ആവശ്യപ്പെടുന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്നതില്‍ ഗുരുതര അലംഭാവം കാണിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു പതിപ്പാണ് വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ടു പോയവരോട് ദയയില്ലാതെ പെരുമാറുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനം. ചികിത്സക്കും പഠനത്തിനും ജോലിക്കുമായി പോയ പതിനായിരങ്ങളാണ് മാസങ്ങളായി രാജ്യത്തിന്റെ പലഭാഗത്തും ക്ലേശം അനുഭവിക്കുന്നത്. ആദ്യഘട്ട ലോക്ഡൗണിന് ശേഷം സ്വന്തം സംസ്ഥാനത്തേക്ക് എത്താന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്ന് എത്രയോ ഇതര സംസ്ഥാനക്കാര്‍ നാടണഞ്ഞു. ബംഗാള്‍ സര്‍ക്കാര്‍ പുതുതായി 100 പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയതില്‍ 28ഉം കേരളത്തില്‍ നിന്നാണ്. ഇരു സംസ്ഥാനങ്ങളിലെയും പാസും അനുമതിയും തുടങ്ങിയ എല്ലാ കടമ്പകളും കടന്ന് മെയ് ഒന്നു മുതല്‍ വടക്കോട്ട് എത്രയോ ട്രെയിനുകളില്‍ പോയപ്പോഴും കേരളീയര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും തീതിന്നു കഴിയുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നത് ആരോപണമല്ല, വസ്തുതയാണ്. പണവും ഭക്ഷണവും താമസ സൗകര്യവും ചികിത്സാ സംവിധാനങ്ങളും ഒന്നും ഇല്ലാതെ എത്രയെത്ര മലയാളികളാണ് നരകിക്കുന്നത്. കോവിഡ് അതിരൂക്ഷമായ മുംബൈ, പൂനെ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ കഴിയുന്ന മലയാളി തൊഴിലാളികള്‍ കണ്ണീര് കയത്തിലാണ്. സ്വന്തം വാഹനമുള്ളവര്ക്കോ ടാക്സി വിളിച്ചു വരുന്നവര്‍ക്കോ മാത്രമാണു നിലവില്‍ പാസ്. ഇതിനുള്ള സാമ്പത്തിക കരുത്ത് ഇല്ലാത്തവര്‍ക്ക് കേരളത്തില്‍ എത്തല്‍ തല്കാലം വൈകും. മരിക്കുന്നതിന് മുമ്പ് വീട്ടുകാരെയൊന്ന് കാണണം എന്നു പറഞ്ഞ് കരഞ്ഞ കോഴിക്കോട്ടെ യുവതിയുടെ വീഡിയോ ഒരുദാഹരണം മാത്രം.
സഹായം ചെയ്യേണ്ടത് ഇപ്പോഴാണ്. ഒറ്റപ്പെട്ടു പോകുന്ന ദുഃഖകരമായ അവസ്ഥയില്‍ തിരിഞ്ഞു നോക്കാത്തവര്‍ വ്യക്തിയായാലും സര്‍ക്കാറായാലും അവരുടെ നന്മകാംഷിക്കുന്നവരാകുമോ. ജന്മാവകാശം നിഷേധിച്ച് ദ്രോഹിക്കുന്നവരെ കുറിച്ച് എന്താണ് പറയുക. നൂറ്റാണ്ടുകളുടെ സാമൂഹ്യ നവോത്ഥാനങ്ങളുടെ തുടര്‍ച്ചയായി ഐക്യ കേരളം രൂപപ്പെട്ട ശേഷം വിവിധ സര്‍ക്കാറുകള്‍ വളര്‍ത്തിയെടുത്ത കേരള മോഡലിന്റെ മുഖത്തു കരിവാരിത്തേക്കുന്ന പിണറായി സര്‍ക്കാര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി പോയ പതിനായിരക്കണക്കിന് മലയാളികളെ ശത്രുക്കളെ പോലെ കാണുന്ന സംസ്ഥാന സര്‍ക്കാറിനെ കുറിച്ച് എന്തു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക. ഈ മഹാമാരിയുടെ കാലത്ത് ഇങ്ങനെയൊന്നും രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാറും പറയിപ്പിക്കുന്നില്ല.
കോവിഡ് മഹാമാരിയെ ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ അപ്പടി അനുസരിച്ച് മുന്നോട്ടു പോകുന്നുണ്ട്. ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും വിവാഹങ്ങളും ആഘോഷ വേളകളും വേണ്ടെന്നു വെച്ച് സാമൂഹ്യ അകലം പാലിച്ച് കോവിഡ് മഹാമാരിക്കെതിരെ മുഖംമൂടിയണിഞ്ഞ് വിട്ടു വീഴ്ചയില്ലാതെ പൊരുതുകയാണ് ഓരോരുത്തരും. ലോക് ഡൗണ്‍ പല ഘട്ടങ്ങളായി നീട്ടിയപ്പോഴും ആരും എതിരു പറഞ്ഞില്ല. കോവിഡുമായും ലോക്ഡൗണുമായും ബന്ധപ്പെട്ട വിഷയങ്ങളിലെ സംസ്ഥാന സര്‍ക്കാറിന്റെ അവഗണനപോലും നോക്കാതെ യു.ഡി.എഫ് എം.പിമാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ എത്രയോ മികച്ചതാണ്. മുസ്ലിംലീഗിന്റെ നാലു എം.പിമാരും ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ അഭിമാനമുണ്ട്. വടക്ക് രാഹുല്‍ ഗാന്ധി മുതല്‍ തെക്ക് ശശിതരൂര്വരെ യു.ഡി.എഫിന്റെ എല്ലാ എം.പിമാരും സംസ്ഥാന സര്‍ക്കാറിന് പോലും ചെയ്യാനാവാത്ത വിസ്മയകരമായ സേവനങ്ങളാണ് ചെയ്യുന്നത്. സര്‍ക്കാറിനൊപ്പം പ്രതിപക്ഷ കക്ഷികളും തങ്ങളുടേതായ പങ്ക് നിര്വ്വഹിക്കുന്നുവെന്നതില് സാമാന്യ ബോധമുളളവര്‍ക്ക് തര്‍ക്കം കാണില്ല. ലോകത്തെവിടെയുമുള്ള സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വവും ആത്മവിശ്വാസം ഉറപ്പാക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് ബാധ്യതയുള്ളതുപോലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരുടെ മേഖലയിലുള്ളവരിലും ഉത്തരവാദിത്വമുണ്ട്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ യോജിപ്പോടെ ഇതു കൈകാര്യം ചെയ്യാന്‍ ബാധ്യതപ്പെട്ടവരുമാണ്.
എന്നാല്‍, സര്‍ക്കാറിന്റെ പ്രഥമ പരിഗണന പ്രതിപക്ഷത്തെ ആക്രമിക്കലായി പരിണമിച്ചപ്പോള്‍ കോഴിക്കോട്ടും കാസര്‍ക്കോട്ടും ചികിത്സകിട്ടാതെ പലരും മരിക്കുന്നു. വയനാട്ടിലും കാസര്ക്കാട്ടും കോവിഡ് വ്യാപനം തടയുന്നതില്‍ ഗുരുത വീഴ്ചകളുണ്ടാവുന്നു. വിദേശത്തു നിന്നെത്തിയ നാമമാത്രമായ പ്രവാസികള്‍ക്ക് പോലും നില്ല നിലയിലുള്ള ക്വാറന്റൈന് അന്യമാവുന്നു. ഒരു സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട കരുതലും ജാഗ്രതയും അന്യമാകുന്നു. ജന്മനാട്ടിലേക്ക് മടങ്ങിയെത്തുകയെന്നുള്ള മലയാളികളുടെ അവകാശം പോലും സര്‍ക്കാര്‍ നിഷേധിക്കുന്നു. ഈ മനുഷ്യാവകാശ ധ്വംസനം അവസാനിപ്പിച്ച് അവരെ ഉള്‍ക്കൊളളലാണ് കരണീയം. അവര്‍ മലയാളികളാണ്; കൊലയാളികളല്ല.