മതത്താല്‍ വിഭജിക്കുന്നവര്‍ക്കെതിരെ മതനിരപേക്ഷതയുടെ കാവല്‍

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഡല്‍ഹിയില്‍ നിന്നുള്ള പുതിയ കാഴ്ചകള്‍ കാണാന്‍ ഒരു ഇന്ത്യക്കാരന്റെ ഹൃദയം പാകമല്ല. ഹൃദയഭേദകമായ ആ കാഴ്ചകള്‍ക്കുപിന്നിലെ മുറിവുണങ്ങാന്‍ എത്രകാലം കാത്തിരിക്കണം. സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും മാനവിക മൂല്യങ്ങളുടേയും ഭൂതകാല മുദ്രകളാല്‍ സമ്പന്നമാണ് ഡല്‍ഹി. മതേതരത്വം കൈവിടാത്ത ആ പാരമ്പര്യം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് ഫലത്തിലും അഭിമാനം തോന്നി. വര്‍ഗീയതയോടും വെറുപ്പിന്റെ രാഷ്ട്രീയത്തോടും ഡല്‍ഹി അകലം പാലിക്കുന്ന കാഴ്ചകള്‍ ഈ ഫാസിസ്റ്റ് കാലത്തും ഇന്ത്യയുടെ ആത്മാവിനു നല്‍കിയ ആനന്ദം പ്രതീക്ഷയുടേതായിരുന്നു. പക്ഷേ സ്‌നേഹവും സാഹോദര്യവും മത നിരപേക്ഷ പൈത്യകവുംകൊണ്ട് ധന്യമായ ഡല്‍ഹി എന്ന പേരിനൊപ്പം കലാപം എന്ന കെട്ട വാക്കും ചേര്‍ത്തെഴുതേണ്ടിവന്നതിലുള്ള സാഹചര്യങ്ങള്‍ ഇന്ത്യയുടെ വര്‍ത്തമാനത്തിന്റെ വികൃതമുഖമാണ് ദൃശ്യമാകുന്നത്. ഒന്നിച്ചുനിന്ന മനുഷ്യരെ ഓരോ തുരുത്താക്കിമാറ്റിയവരുടെ നിഗൂഡമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ ഇനിയും തിരിച്ചറിയാന്‍ വൈകിക്കൂടാ. അത്തരം തിരിച്ചറിവുകള്‍ ഡല്‍ഹിയില്‍ നിന്നുതന്നെ ഉണ്ടാകുന്നു എന്ന ശുഭകരമായ വാര്‍ത്തകള്‍ ഇന്ത്യയുടെ ജൈവികമായ ഗുണം മതേതരത്വമാണ് എന്ന ബോധ്യത്തെ ശക്തിപ്പെടുത്തുന്നു.
മതേതരത്വം ഇന്ത്യയില്‍ ജൈവികമായി തഴച്ചുവളര്‍ന്ന ഒന്നാണ്. വര്‍ഗീയതയാവട്ടെ കൃത്രിമമായി ഉത്പാദിപ്പിച്ച വിഷച്ചെടിയും. ഭരണ ഘടനയില്‍ രേഖപ്പെടുത്തിയ മതേതരത്വം എന്ന ആശയത്തെ നമ്മുടെ തെരുവുകള്‍ ഏറ്റെടുത്തതല്ല. മതേതരത്വം തെരുവുകളിലെ മനുഷ്യ ഹൃദയങ്ങളില്‍ നിന്നും ഭരണഘടനയിലേക്ക് നാം സ്വീകരിച്ചതാണ്. ഭൂരിപക്ഷാധികാരത്തിന്റെ ഉന്മാദത്തില്‍ ഭരണഘടനയെ വികൃതമാക്കാന്‍ ശ്രമിച്ചാലും ഇന്ത്യന്‍ തെരുവുകള്‍ അതിന്നു സമ്മതിക്കില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണ് മതത്തിന്റെ പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്നെതിരെ തെരുവുകളില്‍നിന്നുയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍. നോട്ട് നിരോധനം, കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം തുടങ്ങി ജനങ്ങളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ പിടിപ്പുകേടിനാല്‍ സംഭവിക്കുമ്പോഴും പ്രതികരിക്കാന്‍ അലസത കാണിച്ച ജനങ്ങള്‍ മതനിരപേക്ഷതക്കും സമത്വത്തിനുമെതിരെ ഭരണകൂടം ഭിന്നിപ്പിന്റെ ഇരുണ്ട നിയമങ്ങളുമായി വന്നപ്പോള്‍ നഗര ഗ്രാമ ഭേദമന്യേ വിദ്യാര്‍ത്ഥികള്‍ മുതല്‍ വയോധികര്‍ വരെ സമരത്താല്‍ തെരുവിലിറങ്ങി. ഉള്ളില്‍ തറച്ചിറങ്ങുന്ന കൊടും ശൈത്യത്തിലും രാജ്യ തലസ്ഥാനം സമര ചൂടില്‍ വെന്തുരുകി. ഈ സമരങ്ങളാണ് ഇന്ത്യയുടെ ജൈവിക ഗുണം. പുറം തള്ളലിനെതിരെ ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയമാണ് ഈ സമരം. ഉള്‍ക്കൊള്ളലാണ് മനുഷ്യഗുണം, പുറംതള്ളല്‍ മൃഗ ഗുണമാണ് എന്ന് ഉദ്‌ഘോഷിച്ച വിവേകാനന്ദ സ്വാമികളുടെ നാട് ഇത്തരം പുറംതള്ളലിനെതിരെ സമരങ്ങളാല്‍ ശബ്ദമുഖരിതമാണ്.
ഡല്‍ഹിയിലെ ഹൃദയം നുറുങ്ങുന്ന തപിക്കുന്ന കലാപത്തിന്റെ കാഴ്ചകള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ കുളിര്‍മയുള്ള കാഴ്ചകളും കാണാന്‍ കഴിഞ്ഞു. പ്രതീക്ഷകള്‍ അറ്റുപോയിട്ടില്ല എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍. കലാപകാരികളില്‍നിന്നും മുസ്‌ലിം സമൂഹത്തെ രക്ഷപ്പെടുത്താന്‍ സ്വയം അക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ് സമുദായത്തിലെ കരുണ വറ്റാത്ത മനുഷ്യര്‍. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുസ്‌ലിം സഹോദരങ്ങള്‍ക്കുവേണ്ടി ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനും ഭക്ഷണമൊരുക്കാനും പരിചരിക്കാനും ചേര്‍ന്നുനില്‍ക്കുന്ന ഹിന്ദു സിഖ് സഹോദരന്‍മാര്‍ നമ്മുടെ മതേതരത്വത്തിന്റെ കാവലാണ്. കലാപ ബാധിത പ്രദേശങ്ങളിലൂടെ മുസ്‌ലിംലീഗ് ദേശീയ നേതൃത്വത്തോടാപ്പമുള്ള യാത്രക്കിടയില്‍ കണ്ട ചില കാഴ്ചകള്‍ ഭാരതീയന്റെ മത വിശ്വാസത്തിനകത്ത് മതേതരത്വവും സാഹോദര്യവും നിറംമങ്ങാത്ത സത്യമാണെന്ന് ബോധ്യപ്പെടും.
ഡല്‍ഹി വിക്ടോറിയാ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ക്ലാസ ്മുറികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് മതേതരത്വത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ദേശീയ നേതാക്കളുടെ ചിത്രങ്ങളാണ്. ആ ചിത്രങ്ങള്‍ പറയുന്നുണ്ട് നമ്മുടെ മതേതരത്വത്തിന്റെ ആഴവും പരപ്പും. 1857 ല്‍ വൈദേശികാധിപത്യത്തിനെതിരെ സംഘടിതമായ ചെറുത്തുനില്‍പ്പു നടത്തിയ ഒന്നാം സ്വാതന്ത്ര്യസമരം അരങ്ങേറിയതും ഡല്‍ഹിയിലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വഴിത്തിരിവായി മാറിയ ഈ സമരത്തിന്റെ പ്രധാന പ്രത്യേകത ജാതി മത ഭേദങ്ങള്‍ക്കപ്പുറം ഇന്ത്യക്കാര്‍ ഒരുമിച്ച്‌നിന്ന് പോരാടിയെന്നതാണ്. വിവിധ ജാതി, മത, ഭാഷ, സംസ്‌കാര വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഒരു ജനത സ്വന്തം രാജ്യം വൈദേശിക ശക്തികളില്‍ നിന്നു മോചിപ്പിക്കാന്‍ ഒരുമിച്ച്‌നിന്നു പോരാടിയതിലൂടെ രൂപംകൊണ്ടതാണ് ഇന്ത്യന്‍ ദേശീയത. ഈ വൈവിധ്യങ്ങളെ എല്ലാം തച്ചുടച്ച് ഏക ശിലാ രൂപമാക്കിമാറ്റാനുള്ള കപട ദേശീയവാദത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലും സമരങ്ങളിലും ബഹുസ്വരതയുടെ ഈ വൈവിധ്യം ദര്‍ശിക്കാനാവും. യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിന്റെ ഭിന്നിപ്പുകളിലല്ല പ്രതിഷേധ സമരങ്ങളിലാണ് യഥാര്‍ത്ഥ ദേശീയ ബോധം കാണാനാവുക. അതിഥികളോടുള്ള ഭാരതീയന്റെ സാംസ്‌കാരിക ബോധത്തിന്റെ സുവര്‍ണ്ണ മുദ്രയാണ് ‘അഥിതി ദേവോ ഭവ:’ എന്ന തിരു വചനം. തുറന്ന മനസ്സോടെ അതിഥിയെ സ്വീകരിച്ച പാരമ്പര്യം ഇന്ത്യയുടെ സവിശേഷതയാണ്. എന്നാല്‍ വംശീയതയും വര്‍ണ വിവേചനവും കൊണ്ട് കുപ്രസിദ്ധനായ ഒരാളെ പൗരത്വ ഭേദഗതി നിയമത്തിലൂടെ വംശീയത തളംകെട്ടിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അതിഥിയായി സല്‍ക്കരിച്ചതിനുപിന്നിലെ യുക്തി എന്താണെന്ന് മനസ്സിലാവും. ട്രംപും മോദിയും പരസ്പരം പുകഴ്ത്തി പറയുന്നതിനിടയില്‍ പൂഴ്ത്തിവെച്ച ചിലതുണ്ടായിരുന്നു. നമസ്‌തേ ട്രംപിന് മുന്നോടിയായി ചേരികളെ മറച്ച മതിലുകളും ഡല്‍ഹിയിലെ കലാപവും നിഷ്‌ക്രിയരായ നിയമപാലകരും വിദേശ മാധ്യമങ്ങള്‍ക്ക് ഇന്ത്യയെ ഇകഴ്ത്താനുള്ള ചേരുവകളായി. മീഡിയകളിലൂടെ ലോക രാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയെ അപമാനിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു ഭരണകൂടം. മോദി ട്രംപ് പരസ്പര പുകഴ്ത്തിപറച്ചിലിനിടയില്‍ രാജ്ഘട്ടില്‍ സന്ദര്‍ശന പുസ്തകത്തില്‍ ഗാന്ധിജിയെ കുറിച്ച് ട്രംപ് ഒന്നും എഴുതിയില്ല എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓര്‍ത്തത് ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന വ്യക്തിപ്രഭാവത്തിന്റെ ഉടമയായ രാഷ്ട്രപിതാവിനെക്കുറിച്ച് അല്‍പന്‍മാര്‍ ഒന്നും എഴുതാതിരിക്കുന്നതാണ് മഹത്വം. ഗാന്ധി, നെഹ്‌റു, അംബേദ്കര്‍ തുടങ്ങിയ രാഷ്ട്ര ശില്‍പികളോ, സ്വാമി വിവേകാനന്ദനെ പോലെയുള്ള ആത്മീയ ജ്യോതിസുകളോ സംഘ്പരിവാറിന് മാതൃകാപുരുഷന്മാരല്ല. കാരണം ഇവരൊക്കെ മാനവിക സന്ദേശം ഉയര്‍ത്തിപ്പിടിച്ചവരാണ്. മാനവികതയില്ലാത്ത കപട ദേശീയതയുടെ വാക്താക്കള്‍ക്ക് ഇവര്‍ അസ്വീകാര്യരാകുന്നതില്‍ അല്‍ഭുതമില്ല.
യാദൃച്ഛികമായിരുന്നില്ല ആസൂത്രിതമായിരുന്നു ഡല്‍ഹി കലാപം. ഭീഷണികളും കലാപാഹ്വാനങ്ങളും തുടര്‍ച്ചയായി ഉണ്ടായപ്പോഴും ഭരണകൂടം മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. കലാപം പൊട്ടിപുറപ്പെട്ടപ്പോഴും ആ മൗനത്തിന്റെ തുടര്‍ച്ചയിലായിരുന്നു ഭരണകൂടം. കലാപ സമയത്ത് പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു എന്ന ഐക്യരാഷ്ട്ര സഭ കമ്മീഷന്‍ ആരോപിക്കുന്നു. മാനദണ്ഡങ്ങളോ മാനവിക മൂല്യങ്ങളോ പാലിക്കാതെ പൗരത്വഭേദഗതി നിയമത്തില്‍ മൂന്നു രാജ്യങ്ങളും ആറു മതങ്ങളേയും തെരഞ്ഞെടുക്കലിന്റെ യുക്തി എന്ത്.? എന്ന ചോദ്യത്തിന് യുക്തിരഹിതമായ പല ന്യായങ്ങളും നിരത്തുമ്പോഴും പിന്നിലെ ഹിഡണ്‍ അജണ്ട ഹിന്ദുത്വ രാഷ്ട്രത്തിനായി മുറവിളി കൂട്ടിയ സംഘ്പരിവാര്‍ ആചാര്യന്മാര്‍ നിശ്ചയിച്ചു നല്‍കിയ ആഭ്യന്തര ശത്രുക്കളില്‍ ആദ്യം എണ്ണിയ മുസ്‌ലിംകളെ നിയമപരമായി വംശഹത്യ നടത്തുക എന്നതാണെന്ന് മതേതര ഇന്ത്യ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് ഇന്ത്യയെ സമരത്തിന്റെ തീക്ഷ്ണതയില്‍ എത്തിച്ചത്.
ലോകത്തിലെ തന്നെ ചരിത്ര പ്രാധാന്യമുള്ള നഗരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഡല്‍ഹിയിലെ കലാപത്തിലൂടെ ഇന്ത്യക്ക് ഏറ്റ മുറിവുണക്കാന്‍ പ്രാഥമികമായി ഇരകളാക്കപ്പെട്ടവര്‍ക്ക് നീതിയും സമാധാന ജീവിതവും തരിച്ചുനല്‍കാന്‍സാധ്യമാവണം. തകര്‍ന്നുപോയ കെട്ടിടങ്ങള്‍ക്കൊപ്പം തകര്‍ന്ന ഹൃദയങ്ങളും പുനര്‍നിര്‍മ്മിച്ചെടുക്കണം. വേട്ടക്കാരേയും ആസൂത്രകരേയും നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതും നീതിയാണ്. മതത്താല്‍ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതനിരപേക്ഷതയാല്‍ കാവലിരിക്കാം.
മത നിരപേക്ഷതയുടെ കാവല്‍ക്കാരുടെ സംഗമമാണ് പൗരത്വ ഭേദഗതി നിയമത്തിന്നെതിരെയുള്ള സമരങ്ങള്‍. പ്രത്യേകിച്ച് ഡല്‍ഹിയില്‍നിന്ന് തുടങ്ങി രാജ്യമാകെ പടര്‍ന്ന ഷാഹിന്‍ബാഗ് സ്‌ക്വയറുകള്‍. ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നതാണീ സമരം. ഈ സമരത്തോട് ഭരണകൂടം സ്വീകരിച്ച സമീപനങ്ങള്‍ ജനാധിപത്യ മര്യാദകളുടെ ലംഘനമായിരുന്നു. ആദ്യം സമരത്തെ മുസ്‌ലിം പ്രശനമെന്ന് വിളിച്ച് അവഗണിച്ചു. പിന്നീട് സമരക്കാര്‍ക്കുനേരെ കുപ്രചാരണങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞു. (പാകിസ്താന്‍, ഭീകരത തുടങ്ങിയ സ്ഥിരം ചേരുവകള്‍ ചേര്‍ത്തായിരുന്നു കുപ്രചരണം) പിന്നീട് സമരക്കാര്‍ക്കു നേരെ വെടിവെക്കണം എന്ന ആഹ്വാനമുണ്ടായി (മൂന്ന് കേന്ദ്രങ്ങളില്‍ വെടിവെച്ചു) പിന്നീട് കലാപാഹ്വാനമുണ്ടായി. ശേഷം ഡല്‍ഹിയില്‍ കലാപം. ഗാന്ധിജിയുടെ വാക്കുകള്‍ വല്ലാത്ത ആത്മ വിശ്വാസം നല്‍കുന്നു. ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും. പിന്നെ പരിഹസിക്കും. പിന്നെ പുഛിക്കും. പിന്നെ അക്രമിക്കും. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം. സമരഭൂമിയില്‍ ഉറച്ചുനില്‍ക്കുക, വിജയം അകലെയല്ല.

SHARE