ലോക വേദികളില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകരുന്നു

കെ. മൊയ്തീന്‍കോയ

പൗരത്വ ഭേദഗതി നിയമത്തിന്ന് എതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധവും വിമര്‍ശനവും വ്യാപകമാണ്. യു.എന്‍ സെക്രട്ടരി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടക്കത്തില്‍തന്നെ പ്രതിഷേധം പ്രകടിപ്പിച്ചു. മനുഷ്യാവകാശ കൗണ്‍സില്‍ മതപരമായ വിവേചനത്തിനെതിരെ അന്ന് തന്നെ ശബ്ദമുയര്‍ത്തി. ഭരണഘടനാവിരുദ്ധമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ കൂടി ഉള്‍പ്പെടുന്നതാണീ കൗണ്‍സില്‍. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള കമ്മിറ്റി സി.എ.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനും ഒ ഐ. സി.യും ഗള്‍ഫ് സഹകരണ കൗണ്‍സിലും നിയമത്തിനെതിരെ പല തവണ രംഗത്ത്‌വന്നു. യൂറോപ്പിലെ പ്രമുഖ രാജ്യങ്ങള്‍ സി.എ.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ലോകമെമ്പാടും സര്‍വകലാശാല കാമ്പസുകള്‍ വിവേചന നിയമത്തിനെതിരെ തെരുവിലിറങ്ങി. ചിന്തകര്‍, ബുദ്ധിജീവികള്‍ എന്നിവരും രംഗത്തിറങ്ങി. മാസങ്ങളായി പ്രതിഷേധം ആഞ്ഞടിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുംമാത്രം കുലുക്കമില്ല. ഇതിലിടക്കാണ് ഡല്‍ഹി കലാപവും. ബി.ജെ.പി നേതാക്കളുടെ ആഹ്വാനവും കേന്ദ്ര സര്‍ക്കാറിന്റെ മൗനാനുവാദവും കലാപത്തിന് പിന്നിലുണ്ടെന്ന യാഥാര്‍ത്ഥ്യം കേന്ദ്ര സര്‍ക്കാര്‍ എത്ര നിഷേധിച്ചാലും ലോകം വിശ്വസിക്കുന്നു. 50 വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. കോടികളുടെ നാശവും. നീതിന്യായ സംവിധാനത്തെ സ്വാധീനിക്കുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അമേരിക്ക ഉള്‍പ്പെടെ പ്രമുഖ ലോക രാഷ്ട്രങ്ങള്‍ ജനതക്ക് മുന്നറിയിപ്പ് നല്‍കുന്നു. 2019 ഡിസംബര്‍ 10ന് ലോക്‌സഭയും തുടര്‍ന്ന് രാജ്യസഭയും സി.എ.ബി പാസാക്കിയ ശേഷം ഉണ്ടായ സംഘര്‍ഷങ്ങളില്‍ എണ്‍പത് ദിവസങ്ങളില്‍ 80 ജീവനുകള്‍ നഷ്ടമായെങ്കിലും സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് ഇതൊക്കെ ‘ആഘോഷങ്ങള്‍’.
സുപ്രീംകോടതിയില്‍ ഹരജിക്ക് എതിരായ വാദം നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളില്‍ ഇന്ത്യയുടെ ഉറപ്പിന്റെ ലംഘനമാണീ സി.എ.എ എന്നാണ് യു.എന്‍ നിലപാട്. വലിയൊരു വിഭാഗത്തിന് പൗരാവകാശം നിഷേധിക്കുന്നതാണ് സി.എ.എ. അതിനാല്‍ സി.എ.എ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ജനീവ പ്രഖ്യാപനത്തിനും എതിരാണ്. യു.എന്‍ ഹരജി സുപ്രീം കോടതിയില്‍ നിലനില്‍ക്കുമെന്നാണ് വാദം. ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാല്‍ വിദേശ കക്ഷിക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ അധികാരമില്ലെന്നാണ് ഇന്ത്യന്‍ വാദം. പുതിയൊരു നിയമം ഉയരും. രാഷ്ട്രാന്തരീയ ശ്രദ്ധ ഇവിടെ പ്രകടമാവും. പൗരത്വ നിയമ ഭേദഗതിക്ക് വിവേചന നിയമത്തിന് എതിരെ സുപ്രീംകോടതിയില്‍ ഐക്യരാഷ്ട്ര സംഘടന ഹരജി സമര്‍പ്പിച്ചത് നയതന്ത്ര രംഗത്ത് കനത്ത പ്രഹരമായി. ലോക സമൂഹത്തില്‍ ഇന്ത്യന്‍ പ്രതിച്ഛായ തകര്‍ന്നടിഞ്ഞു. യു.എന്‍ ഇങ്ങനെയൊരു നീക്കം നടത്തിയത് ചരിത്രത്തില്‍ അത്യപൂര്‍വം. മുന്‍ ചിലി പ്രസിഡന്റും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യു.എന്‍ സ്ഥാനപതിയുമായ മിഷേല്‍ ബേഷ് ലൈറ്റ് ആണ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. വിഷയത്തില്‍ ഇടപെടാന്‍ മുഷ്യാവകാശ കൗണ്‍സില്‍ ആഗ്രഹിക്കുന്നതായും മനുഷ്യാവകാശ സംരക്ഷണത്തിനുള്ള യു. എന്‍ ജനറല്‍ അസംബ്ലി പ്രഖ്യാപനം അനുസരിച്ചാണ് ഈ നീക്കമെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ജനീവയില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നാണ് ഇന്ത്യക്ക് വിവരം ലഭിച്ചത്. നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമനിര്‍മ്മാണം നടത്തിയത് പാര്‍ലമെന്റ് ആണെന്നും വിദേശ മന്ത്രാലയം നിലപാട് വ്യക്തമാക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ വിദേശ കക്ഷിക്ക് നിയമ സാധുതയില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി.എ.എ പ്രശ്‌നം നയതന്ത്രരംഗത്ത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി കഴിഞ്ഞു. ലോക പ്രശസ്തരായ ഇക്കണോമിക് സ് ഇന്റലിജന്‍സ് യൂണിയന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ജനാധിപത്യ പദവിയില്‍ ഇന്ത്യ 51ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം കുറവ്. 370 ാം വകുപ്പ് എടുത്തുകളയല്‍, മുത്തലാഖ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ശേഷമാണ് ഈ വിലയിരുത്തല്‍. ലാവോസില്‍ ലോക സാമ്പത്തിക ഫോറം അമ്പതാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ സാമൂഹിക പദവി മാറ്റത്തില്‍ ഇന്ത്യ 76 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക പ്രശസ്ത ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദി ഇക്കണോമിസ്റ്റ് മാസികയുടെ ജനുവരി ലക്കം പുറത്തിറങ്ങയത് ‘അസഹിഷ്ണുത നിറഞ്ഞ ഇന്ത്യ’ എന്ന മുഖലേഖനത്തോടെയാണ്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ 26 രാജ്യങ്ങളില്‍ നിന്നുള്ള 154 എം.പിമാര്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചു. സി.എ.എ ജനങ്ങളെ ഭിന്നിപ്പിക്കുന്നു എന്നാണ് പ്രമേയത്തിന്റെ വിമര്‍ശനം. അമേരിക്ക ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍നിന്ന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന പ്രതിനിധി സംഘവും 370 ാം വകുപ്പ് പിന്‍വലിച്ചത് ശരിയല്ലെന്ന് കുറ്റപ്പെടുത്തുന്നു. ഡോണാള്‍ഡ് ട്രംപ് കശ്മീര്‍ പ്രശ്‌നത്തിന് മാധ്യസ്ഥ്യം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് മൂന്നാം തവണയും പ്രസ്താവന നടത്തുകയാണ്. അറബ് മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ബന്ധം അകലുകയാണ്. കഴിഞ്ഞവര്‍ഷം റിയാദില്‍ നടന്ന ഇസ്‌ലാമിക് രാഷ്ട്രസംഘടന (ഒ.ഐ.സി) ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ട രാഷ്ട്രമാണ് ഇന്ത്യ. പാക്കിസ്താന്റെ എതിര്‍പ്പ് സഊദി അവഗണിച്ചു. അവര്‍ ബഹിഷ്‌ക്കരിച്ചപ്പോഴും ഇന്ത്യയെ ഒഴിവാക്കാന്‍ തയാറായില്ല. എന്നാല്‍. സി.എ.എ, ഡല്‍ഹി കലാപം എന്നീ വിഷയങ്ങളില്‍ കടുത്ത പ്രതിഷേധം ഒ.ഐ.സി രേഖപ്പെത്തിയത് നിസ്സാരമല്ല. കുവൈത്ത് മന്ത്രിസഭ ഡല്‍ഹി കലാപം മുസ്‌ലിം വേട്ടയായി വിമര്‍ശിക്കുന്നു. ഇറാനും തുര്‍ക്കിയും കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു. അവരുടെ ഡല്‍ഹി സ്ഥാനപതിമാരെ വിളിച്ചുവരുത്തി നമ്മുടെ പ്രതിഷേധം അറിയിക്കുക പതിവായി. ലോക സമൂഹം എതിരായ വിമര്‍ശനം നടത്തുമ്പോള്‍, സി.എ.എക്കും ഡല്‍ഹിയിലെ മനുഷ്യക്കുരുതിക്കും എതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍, ആരുണ്ട് നമുക്കൊപ്പം. യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. ഫാസിസ്റ്റ് പരക്കംപാച്ചിലിന് അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. ചരിത്രം നല്‍കുന്ന അനുഭവപാഠം അതാണ്.

SHARE