ധനമന്ത്രിയുടെ കള്ളക്കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ രേഖയും

പി.പി മുഹമ്മദ്

പൊതുവിദ്യാലയങ്ങളില്‍ രണ്ടുമുതല്‍ പത്ത് വരെ ക്ലാസുകളിലായി അഞ്ചു ലക്ഷത്തോളം കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. ഇതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ആകെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയുണ്ടായി. 2016 വരെ ഈ എണ്ണം തുടര്‍ച്ചയായി കുറയുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളില്‍ 4,99,450 കുട്ടികള്‍ കുറയുകയാണുണ്ടായത്. (2020-21 സംസ്ഥാന നിയമസഭ ബജറ്റ് പ്രസംഗം) സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച 2020-21 ബജറ്റ് പ്രസംഗത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വികസന നേട്ടങ്ങളിലെ കുതിപ്പെന്ന ഭാഗമാണിത്.
പൊതുവിദ്യാഭ്യാസം വികസിച്ചെന്നും സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികള്‍ വര്‍ധിച്ചെന്നും അതോടെ അധ്യാപകരുടെ തസ്തികയും നിയമനവും കൂടിയെന്നും വിദ്യാഭ്യാസ സൗകര്യങ്ങള്‍ പുരോഗതിയലാണെന്നും ആകെപ്പാടെ ഹൈടെക് മയമാണെന്നുമൊക്കെ ധാരണയുണ്ടാക്കാന്‍ സര്‍ക്കാറും ബന്ധപ്പെട്ടവരും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചര ലക്ഷം കുട്ടികളെത്തി, 18,119 അധിക തസ്തിക ഉണ്ടാക്കി, കോടികള്‍ മുടക്കി സ്‌കൂള്‍ ഹൈടെക് സംവിധാനമൊരുക്കി. യജ്ഞം ലക്ഷ്യത്തിലെത്തിയെന്നും അവകാശപ്പെടുന്നു. മാത്രമല്ല 2016 വരെ ഈ എണ്ണം തുടര്‍ച്ചയായി കുറയുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാലയങ്ങളില്‍ 4,99,450 കുട്ടികള്‍ കുറയുകയാണുണ്ടായത്. ബജറ്റിലൂടെ വിദ്യാഭ്യാസ നേട്ടങ്ങള്‍ പറയാന്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് ഭരണകാല താരതമ്യവും മന്ത്രി നടത്തുന്നു.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ രേഖകള്‍ മന്ത്രി പറയുന്ന കണക്കുകളെല്ലാം നിഷേധിക്കുകയാണ്. അധ്യാപകരും കുട്ടികളും കുറഞ്ഞെന്നും മതിയായ കുട്ടികളില്ലാത്ത സ്‌കൂളുകളുടെ എണ്ണവും കൂടിയതായും രേഖകള്‍ പറയുന്നു. സംരക്ഷിത അധ്യാപകരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ 1970-71 അധ്യയന 8,41,163 കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഇത്രയധികം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വര്‍ഷം വേറെയില്ല. ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ ഏറ്റവും ഉയര്‍ന്ന കുട്ടികളുടെ എണ്ണമുണ്ടായത് 1991-92 അധ്യയന വര്‍ഷമാണ്. 59,07,005. ഇത്രയേറെ കുട്ടികള്‍ ഒരുമിച്ചിരുന്ന വര്‍ഷവും വേറെയില്ല. 1990-91 വര്‍ഷം 1,91,008 അധ്യാപകര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത് 1,48,361 ആയി ചുരുങ്ങി. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന പ്രവേശന കാലഘട്ടങ്ങള്‍. വിവിധ കാരണങ്ങളാല്‍ ഇതിനുമുമ്പും ശേഷവും തുല്യത നിലനിര്‍ത്താനായിട്ടില്ല.
വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷ ഭരണ കാലത്തുണ്ടാക്കുന്ന വിവാദങ്ങളും വികലമായ പരിഷ്‌കാരങ്ങളും കുട്ടികളുടെ കൊഴിഞ്ഞ്‌പോക്കിന് കാരണമായിട്ടുണ്ടെന്ന് പരിശോധിച്ചാലറിയാനാവും. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടെ കുട്ടികളടെയും അധ്യാപകരുടെയും എണ്ണം ഉയര്‍ന്നതായി അവകാശവാദമുണ്ട്. കുട്ടികളുടെ എണ്ണം പിടിച്ചുനിര്‍ത്താനായിട്ടുണ്ട്. എന്നാല്‍ കൂട്ടിയാല്‍ കിട്ടാത്ത കൂട്ടി പറയുന്ന കണക്കാണ് പ്രശ്‌നം.
18,119 അധിക അധ്യാപക തസ്തിക ഉണ്ടാക്കി. 13,255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുന്നുണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇത് രണ്ടും പൊരുത്തപ്പെടുന്നില്ല. 13,255 പ്രൊട്ടക്ടഡ് (സംരക്ഷിതരായ) അധ്യാപകര്‍ നിലവിലുള്ളപ്പോള്‍ എന്തിനാണ് 18,119 പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ചത്. മറ്റൊന്ന് നാല് വര്‍ഷംകൊണ്ട് അഞ്ചര ലക്ഷം കുട്ടികള്‍ സ്‌കൂളിലെത്തിയെന്നാണ്. കുട്ടികള്‍ കൂടിയാല്‍ സംരക്ഷിത അധ്യാപകരുടെ നിയമനം നടത്തണം. ബജറ്റ് പ്രസംഗത്തില്‍ പ്രൊട്ടക്ടഡ് അധ്യാപകരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. ധനമന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കണക്കുകള്‍ ശരിയാവുന്നില്ല. നേട്ടം പറയാണെങ്കിലും എണ്ണം കൂട്ടിയാല്‍ ശരിയാവേണ്ടതല്ലെ.
1990-91 മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തുന്ന കുട്ടികളുടെയും അധ്യാപകരുടെയും ഒന്ന് മുതല്‍ പത്ത് വരെയുള്ള ആകെ കുട്ടികളുടെയും എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2016 വരെ ഇത് തുടര്‍ന്നെന്നും മന്ത്രി അവകാശപ്പെടുന്നു.കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷം അതായത് 2011 മുതല്‍ 2016 വരെ 4,99,450 കുട്ടികള്‍ കുറവുണ്ടായെന്നും പറയുന്നു. അതിപ്പോള്‍ അഞ്ച് ലക്ഷത്തിലധികമാക്കാന്‍ സാധിച്ചതായും പറയുന്നു. ചുരുക്കത്തില്‍ കൊഴിഞ്ഞ്‌പോയ അഞ്ച് ലക്ഷം തിരിച്ചെത്തിച്ചു ഒപ്പം അഞ്ച് ലക്ഷം കുട്ടികള്‍ പുതുതായി ചേരുകയും ചെയ്തു. അതായത് പത്ത് ലക്ഷം കുട്ടികളെത്തിയെന്നര്‍ത്ഥം. 2015 ല്‍ 38,00,526 കുട്ടികളുണ്ടായിരുന്നു. ഇപ്പോഴത് 37,16,840 ആയി. ഇനി ഉത്തരം വ്യക്തമായി പറയാനാവും.
കൂട്ടിയാല്‍ കിട്ടാത്ത കണക്കുകളുടെ കളിയാണ് ബജറ്റെന്ന് പറയാറുണ്ട്്. അതുപോലെ കുട്ടികളുടെയും അധ്യാപകരുടയും കണക്കുമാക്കിയാലോ. കുട്ടികള്‍ കുറഞ്ഞത് അംഗീകരിക്കാനാവാതെ പക്ഷം പറഞ്ഞ് രക്ഷപ്പെടുന്നതിനെ മിറകടക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുമായി പ്രതിരോധിക്കാനാവും.
(1957 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശിച്ച കുട്ടികളുടെയും ജോലിചെയ്ത അധ്യാപകരുടെയും കണക്ക്)
വര്‍ഷം കുട്ടികള്‍ അധ്യാപകര്‍
2019-2020 37,16,840 1,48,361
2018-19 37,03,818 1,52,723
2017-18 36,80,740 1,61,951
2016-17 37,02,820 1,63,160
2015-16 37,63,169 1,64,207
2014-15 38,00,526 1,65,314
2013-14 38,48,067 1,69,851
2012-13 39,71,537 1,68,062
2011-12 42,35,285 1,66,939
2010-11 43,51,225 1,68,062
2009-10 44,57,756 1,71,036
2008-09 45,45,826 1,72,639
2007-08 46,26,411 1,74,978
2005-06 47,76,306 1,76,569 2000-01 52,19,052 1,82,186 1995-96 56,27,753 1,89,006
1990-91 59,01,101 1,91,008
1985-86 57,16,151 1,88,354
1980-81 56,02,953 1,75,434
1975-76 52,65,351 1,62,385
1970-71 47,99,532 1,42,305
1965-66 41,67,836 1,24,821
1960-61 32,70,301 1,08,857
1956-57 27,09,271 77,652
2016-17 കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകളുടെ എണ്ണം. ശതമാനം
സ്‌കൂള്‍ സര്‍ക്കാര്‍ 232 18.94
ഹൈസ്‌കൂള്‍ എയ്ഡഡ് 100 6.98
യു.പി സര്‍ക്കാര്‍ 461 52.93
യു.പി എയ്ഡഡ് 558 29.82
എല്‍.പി സര്‍ക്കാര്‍ 1896 72.98
എല്‍.പി എയ്ഡഡ് 2446 62.53
മൊത്തം
സര്‍ക്കാര്‍ 2589 55.16
എയ്ഡഡ് 3104 43.02
1957 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍.
വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനം
1956-57 5,51,896
1957-58 5,95,276
1960-61 5,95,276
1965-66 7,56,337
1970-71 8,00,470
1970-72 8,41,163
1975-76 6,54,149
1980-81 6,31,479
1985-86 6,30,639
1990-91 6,01,030
1995-96 5,19,048
2000-01 4,50,653
2005-06 4,25,353
2010-11 3,37,511
2015-16 3,06,310
2016-17 3,04,573
2017-18 3,16,023
2018-19 3,24,529
2019-20 3,16,796

SHARE